23 Oct 2012

അക്ഷരരേഖ


ഡോ.ആർ.ശ്രീലതാവർമ്മ

എന്റെ മാനിഫെസ്റ്റോ 
    നിരന്തരം പരിണാമങ്ങൾക്ക്‌ വഴിപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ്‌ മനുഷ്യജീവിതം. ചലനാത്മകതയാണ്‌ അതിന്റെ അടിസ്ഥാനസ്വഭാവം. സാഹിത്യവും മറ്റു കലകളും സാമൂഹികജീവിതത്തിന്റെ ഉപരിഘടനയെ നിർണ്ണയിക്കുന്നു. സമൂഹത്തിന്റെയും കലകളുടെയും പരസ്പരബന്ധം സംഘർഷങ്ങളും സമന്വയങ്ങളും നിറഞ്ഞ അനുസ്യൂതമായ പ്രക്രിയയാണ്‌. ഈ വസ്തുതകളെല്ലാം ശക്തമായി അനുസ്മരിപ്പിക്കുന്നു എം.കെ.ഹരികുമാറിന്റെ 'എന്റെ മാനിഫെസ്റ്റോ' എന്ന പുസ്തകം.
    ഒരു വസ്തുവും പുതുതായി ഉണ്ടാകുന്നില്ല. മുമ്പ്‌ നിലനിന്നിരുന്നത്‌ പരിണാമവിധേയമാകുന്നു. അനാദിയായ സത്യത്തിന്റെയും സനാതനത്വത്തിന്റെയും സ്ഥിതി എല്ലാ വസ്തുക്കളുടെയും സത്തയിലുണ്ട്‌ എന്നുള്ളതാണ്‌ അദ്വൈതസിദ്ധാന്തം മുന്നോട്ടുവയ്ക്കുന്ന ആശയം. എന്നാൽ ഓരോ വസ്തുവും പുതുതായി ജനിക്കുന്നു എന്നും, എഴുത്തുകാരനാണ്‌ ഈ പുനർനിർമ്മിതി സാധ്യമാക്കുന്നതെന്നുമുള്ള പുതിയ കാഴ്ചപ്പാട്‌'എന്റെ മാനിഫെസ്റ്റോ' എന്ന പുസ്തകത്തിൽ എം.കെ.ഹരികുമാർ അവതരിപ്പിക്കുന്നു. നവാദ്വൈതം എന്നാണ്‌ തന്റെ കാഴ്ചപ്പാടിന്‌ ഹരികുമാർ പേര്‌ നൽകുന്നത്‌. ഓരോ വസ്തുവിന്റെയും സത്തയെ ചലനാത്മകമായും കാലാതീതമായും പരിവർത്തിപ്പിക്കലാണ്‌ പുനർനിർമ്മാണം
.
    ഈ നവാദ്വൈതത്തിന്റെ സ്വാധീനം 'എന്റെ മാനിഫെസ്റ്റോ' എന്ന പുസ്തകത്തിലെ ലേഖനങ്ങളിലെല്ലാം വ്യക്തമാണ്‌. 'ആലോചന','മനനം','കാഴ്ച' എന്നിങ്ങനെ മൂന്ന്‌ ഭാഗങ്ങളായാണ്‌ ഈ പുസ്തകം സംവിധാനം ചെയ്തിരിക്കുന്നത്‌. ആദ്യഭാഗത്തെ 'ആലോചന'യിൽ തത്ത്വപരതയ്ക്കും രണ്ടാംഭാഗമായ 'മനന'ത്തിൽ മുൻപറഞ്ഞ താത്ത്വികതയുടെ പ്രയോഗത്തിനും മൂന്നാം ഭാഗമായ 'കാഴ്ച'യിൽ നിരീക്ഷണങ്ങൾക്കും യഥാക്രമം മുൻതൂക്കം കൊടുത്തുകൊണ്ടുള്ള അവതരണമാണ്‌ ഗ്രന്ഥകാരൻ അവലംബിച്ചിട്ടുള്ളത്‌. മനനം എന്ന രണ്ടാം ഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള സ്വയംനിരാസം എന്ന ലേഖനം സമകാലിക ചിന്താസന്ദർഭങ്ങളിൽ വളരെ ശ്രദ്ധയോടെ വായിക്കപ്പെടേണ്ടതാണ്‌. 'സ്വയം നിരസിക്കാനുള്ള തരത്തിൽ തത്ത്വബോധത്തെ വികസിപ്പിച്ചില്ലെങ്കിൽ ഏത്‌ ആശയവും മൗലികവാദമായിത്തീരും' (പുറം -57) എന്ന ചിന്ത അവതരിപ്പിച്ചുകൊണ്ടാണ്‌ പ്രസ്തുത ലേഖനം തുടങ്ങുന്നത്‌. സ്വയം സ്വീകരിക്കുക അഥവാ അംഗീകരിക്കുക എന്നതാണ്‌ ഇന്ന്‌ എവിടെയും ഏറ്റവും കവിഞ്ഞ രീതിയിൽ നടക്കുന്നത്‌. പ്രതിപക്ഷ ബഹുമാനമില്ലാതെ സ്വന്തം ശാഠ്യങ്ങളിൽ മാത്രം ഉറച്ചുനിൽക്കുക വഴി ശരിയായ കാഴ്ചപ്പാടുകളിലെത്തിച്ചേരാൻ കഴിയാതെപോകുന്നു എന്നതാണ്‌ ഇതിന്റെ ദുഷ്ഫലം. അതുകൊണ്ടു തന്നെ സ്വയം നിരസിച്ചും യുക്തിയ്ക്കും വസ്തുനിഷ്ഠതയ്ക്കും മുൻതൂക്കം നൽകിയും ചിന്തകളെ നവീകരിച്ചും കൊണ്ടു മാത്രമേ സാഹിത്യത്തിലും മുന്നേറാൻ കഴിയുകയുള്ളൂ.
    'അർത്ഥവത്തായ ആശയങ്ങളുടെ ശൂന്യത' എന്ന ലേഖനത്തിൽ 'ഖസാക്കിന്റെ ഇതിഹാസ'ത്തിന്റെ വേറിട്ടൊരു വായനകാണാം. സ്വതന്ത്രമാകാൻ മോഹിക്കുന്ന പ്രകൃതിയെ ഖസാക്കിലെ ഓരോ വരിയിലും ഹരികുമാർ തിരിച്ചറിയുന്നു. 'സൗന്ദര്യത്തിന്റെ എഞ്ചിനിയറിംഗ്‌' എന്ന ശീർഷകത്തിൻ കീഴിലും ഖസാക്ക്‌ നൽകുന്ന സൗന്ദര്യാനുഭൂതികളുടെ സൂക്ഷ്മാന്വേഷണം കാണാം. നിലനിൽപിന്റെ നിസ്സഹായതകളിൽ നിന്ന്‌ സ്വയംനിരാസത്തിലൂടെ മുക്തിനേടി അനേകം ജന്മവാസനകളോടെ രൂപാന്തരങ്ങളിലേക്കു സഞ്ചരിക്കുന്ന വസ്തുപ്രതിഭാസമായി ജലത്തെ വിവരിക്കുന്ന ലേഖനമാണ്‌ ജലാത്മകത. മനുഷ്യവർഗത്തിന്റെ നിലനിൽപിനുള്ള അവശ്യവസ്തുവായ ജലത്തെ ശാസ്ത്രീയമായും പ്രാതിഭാസികമായും വിവരിക്കാൻ ഹരികുമാറിന്‌ കഴിയുന്നു.
    പ്രപഞ്ചത്തെയും ജീവിതത്തെയും കുറിക്കുന്ന അവബോധം നൽകുന്നതിൽ ഭാവനയ്ക്കുള്ള സ്ഥാനം നിർണായകമാണ്‌. മാറിയ കാലത്തിൽ ഭാഷയെയും ചിന്തയെയും മറ്റെല്ലാ വ്യവഹാരങ്ങളെയും പലതരം ആവേഗങ്ങൾ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു. അങ്ങനെ പലതരം അവബോധങ്ങളുടെ ഒരു വലിയ കലർപ്പു തന്നെ ഉണ്ടാകുന്നു. 'അവബോധത്തിന്റെ ഗുണിതങ്ങൾ' എന്ന ലേഖനത്തിലാണ്‌ മേൽപ്പറഞ്ഞ ചിന്ത അവതരിപ്പിച്ചിട്ടുള്ളത്‌.
    ഇങ്ങനെ ഏതു തരത്തിലും പുതുമയാർന്ന ആശയങ്ങളും അന്വേഷണരീതികളും അവതരിപ്പിച്ചിട്ടുള്ള 'എന്റെ മാനിഫെസ്റ്റോ' എന്ന പുസ്തകം യുക്തിപരതയുടെ കാര്യത്തിൽ പുലർത്തുന്ന സൂക്ഷ്മത എടുത്തുപറയേണ്ടതാണ്‌. ഏതൊരു വാദവും ആശയവും യുക്തിസഹമായും വ്യക്തമായും അവതരിപ്പിക്കുന്നതിൽ ഗ്രന്ഥകാരൻ ബദ്ധശ്രദ്ധനാണ്‌. ഡോ.ചാത്തനാത്ത്‌ അച്യുതുനുണ്ണി, ഡോ.യാക്കോബ്‌ മാർ ഐറേനിയോസ്‌, ഫാ.ഡോ.കെ.എം.ജോർജ്‌ എന്നിങ്ങനെ വിവിധ കർമ്മമണ്ഡലങ്ങളിൽ തനത്‌ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള പ്രഗത്ഭരുടെ പ്രൗഢങ്ങളായ അവതാരികകൾ ഈ ഗ്രന്ഥത്തിന്‌ മുതൽ കൂട്ടാകുന്നു. തൃശൂർ ഗ്രീൻ ബുക്സ്‌ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ വില 85 രൂപ.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...