ഇങ്ങനെയാണത്

ഗീത ശ്രീജിത്ത്

അര്‍ദ്ധരാത്രികളിലാണ്‌ വാക്കുകള്‍ ചരട്പൊട്ടിയ
പട്ടങ്ങള്‍ പോലെ പറന്നു നടക്കുന്നത്.
വിസ്മൃതികളിൽ നിന്ന് സ്മൃതികളെ  പിടിച്ചുകൊണ്ടുവന്നു
മുന്നില്‍ നിര്‍ത്തി,
'കഥയാക്കൂ' 'കവിതയാക്കൂ' എന്നൊക്കെ പറയും.
എഴുത്ത് സ്വയം സ്നേഹം പോലെയാണെന്ന് പറഞ്ഞ കൂട്ടുകാരനെ ഓര്‍ക്കും.
ഓരോ സ്മ്രിതികളിലും ഞാന്‍ എന്നെ നിറച്ച്
അനേകം സ്വയങ്ങളായി, എന്നെത്തന്നെ സ്നേഹിച്ചുസ്നേഹിച്ചങ്ങനെ ഇരിക്കും.
...
ചരിത്രങ്ങളില്‍, പുരാണങ്ങളില്‍, അറിയാത്ത വഴികളില്‍ ഒക്കെ
വടിവൊത്തു നടന്നവരെ പിടിച്ചുകൊണ്ടുവന്നു കരിക്കോലം കെട്ടിക്കുന്നു.
വൃത്തങ്ങളും താളങ്ങളും അലങ്കാരങ്ങളും ഇല്ലാതെ
വാക്കുകളെ നഗ്നനൃത്തം ചെയ്യിക്കുന്നു.
പഥങ്ങള്‍ അപഥങ്ങളാകുന്നതും,
വാഴ്വുകള്‍ വീഴ്ചകളാകുന്നതും
കണ്ടറിഞ്ഞഭിരമിച് ..
കണ്‍പോളകൾക്കുള്ളിലെ  ഉറക്കാതെ കരണ്ട് തിന്നുന്ന
ഉറുമ്പിനെ  കൈകള്‍കൊണ്ട് ഞെരിച്ചു കൊന്നും പകലാക്കുന്നു.
വിശ്വസിക്കൂ , ഞാനും ഒരെഴുത്തുകാരി
ഒരേ സമയം ഒരു നിസ്വനെയും
ഒരു യാത്രികനെയും, ഒരു ചിത്രകാരനെയും
കവിയെയും പിന്നെയൊരു വിഡ്ഢിയെയും
ഒരേപോലെ സ്നേഹിക്കുന്നവള്‍.
മറവിയുടെ പൊട്ടക്കലങ്ങളില്‍ വണ്ടുകള്‍
മത്സരിച്ചു തിന്നു പൊള്ളയാക്കിയ
അരിമണിക്കൂടുകള്‍ തേടിപ്പോകാന്‍ എന്നെ സഹായിക്കുന്നവര്‍..

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?