23 Nov 2012

നോവൽ/കുലപതികൾ-3


സണ്ണി തായങ്കരി 


ഭൃത്യന്മാരാൽ അനുഗതനായി അബ്രാഹം ഭവനത്തിലേയ്ക്കുള്ള മടക്കയാത്ര ആരംഭിച്ചു. ഏലിയേസറിന്റെ കഴുത യജമാനന്റെ കഴുതയ്ക്ക്‌ തൊട്ടുപിന്നിൽ അകമ്പടിയായി ഉണ്ടായിരുന്നു. അയാൾക്ക്‌ പുറകിൽ മറ്റ്‌ ഭൃത്യന്മാരുടെ കഴുതകൾ യാത്രയ്ക്കാവശ്യമുള്ള സാധനസാമഗ്രികളുമായി പിൻചെന്നു.
മടക്കയാത്രയിൽ അബ്രാഹത്തിൽ പുതിയൊരുണർവ്വ്‌ പ്രകടമായിരുന്നു. മക്പലായിലെ ഗുഹയിൽ സാറാ യജമാനത്തിയുടെ കല്ലാര്റയ്ക്കുസമീപം യജമാനൻ ആരോടോ സംസാരിക്കുന്നത്‌ കണ്ടതാണ്‌. എന്നാൽ ഗുഹയിൽ മറ്റാരും ഉണ്ടായിരുന്നില്ലതാനും. അദ്ദേഹം വരുന്നതറിഞ്ഞ്‌ ഹിത്യനായ എബ്രോൺ തന്ത്രങ്ങളുപയോഗിച്ച്‌ കല്ലാര്റയുടെ പേരിൽ ഏതാനും ഷെക്കൽ വെള്ളികൂടി കൈക്കലാക്കാനുള്ള ശ്രമം നടത്തുകയാണെന്നാണ്‌ ആദ്യം കരുത്തിയത്‌. എബ്രോൺ കൗശലക്കാരനായ കുറുക്കനാണെന്നാണല്ലോ കേഴ്‌വി. പക്ഷേ, ഗുഹയാകമാനം നോക്കിയിട്ടും ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല. അപ്പോൾ യജമാനന്‌ സമനില തെറ്റിക്കാണുമോയെന്നുപോലും സംശയിച്ചു. സുബോധമുള്ള ആരെങ്കിലും തനിയെ ഇരുന്ന്‌ സംസാരിക്കുമോ?
ഏതായാലും ഗുഹയിൽനിന്ന്‌ പുറത്തുകടന്ന അദ്ദേഹത്തിന്‌ നഷ്ടപ്പെട്ട ആത്മവിശ്വാസം തിരികെ കിട്ടിയിരിക്കുന്നു! ദുഃഖത്തിന്റെയും ഏകാന്തത്തയുടെയും കനത്ത കാർമേഘം മൂടിനിന്ന കണ്ണുകളിൽ പ്രത്യാശയുടെ തിളക്കമുണ്ടിപ്പോൾ. എന്തിന്‌, നടത്തത്തിലുള്ള ആ ഏന്തൽപോലും അപ്രത്യക്ഷമായതുപോലെ! ഊന്നുവടി ഒരലങ്കാരം മാത്രമായി. ഒരു പക്ഷേ, ദൈവത്തിന്റെ മാലാഖ പ്രത്യക്ഷപ്പെട്ടു കാണുമോ?  മാലാഖയോടാകുമോ യജമാനൻ ദീർഘനേരം സംസാരിച്ചിരിക്കുക? തന്റെ കണ്ണുകൾക്ക്‌ മാലാഖ ഇതുവരെ ഗോചരമായിട്ടില്ലല്ലോ. ഏതായാലും മക്പലായിലേയ്ക്കുള്ള യാത്ര സാർഥകമായെന്ന്‌ അയാൾക്കുതോന്നി.
യജമാനന്റെ സുഖദുഃഖങ്ങൾ സ്വന്തമെന്നുകരുതി ഒരു നിഴൽപോലെ ഒപ്പം കൂടിയിട്ട്‌ എത്ര സംവത്സരങ്ങൾ പിന്നിട്ടു! അദ്ദേഹത്തിന്റെ ഉയർച്ച താഴ്ചകളിൽ ഏറ്റവുമധികം സന്തോഷിക്കുകയും ദുഃഖിക്കുയും ചെയ്തത്‌ സാറാ യജമാനത്തി കഴിഞ്ഞാൽ താനല്ലാതെ മറ്റാരാണ്‌?
അബ്രാഹത്തിന്‌ ഏലിയേസറിനോടും തീരാത്ത കടപ്പാടുണ്ട്‌. അല്ലെങ്കിൽ അളവറ്റ സ്വത്തുക്കളുടെ മാത്രമല്ല, സ്വഭവനത്തിന്റെയും പൂർണ ചുമതല കേവലമൊരു ഭൃത്യനെ ഏൽപ്പിക്കുമോ?
'ഏലിയേസറെ'യെന്ന്‌ വിളിച്ചുകൊണ്ട്‌ കഴുതയുടെ വേഗതകുറച്ചു, അബ്രാഹം.
"യജമാനനെ... അടിയൻ..." അയാൾ അബ്രാഹത്തിന്റെ തലയെടുപ്പുള്ള ഇരുനിറമുള്ള കഴുതയുടെ അടുത്തെത്തി തലകുനിച്ചു.
"ഇസ്മായേലിന്റെ വാസസ്ഥലം എവിടെയാണ്‌...?"
യജമാനന്‌ ഇസ്മായേലിനോടുള്ള സ്നേഹത്തിന്റെ ആഴം ബോധ്യമുണ്ട്‌. എന്നാലും ഒരിക്കലും അവനെപ്പറ്റി അദ്ദേഹം അന്വേഷിച്ചിട്ടില്ല. എല്ലാം ഉള്ളിൽ ഒതുക്കുകയായിരുന്നു. യജമാനത്തിയായ സാറായ്ക്ക്‌ അത്‌ ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്നദ്ദേഹം ശങ്കിച്ചിരിക്കും.
"പാരാൻ മരുഭൂമിയിലെങ്ങോ താവളമടിച്ചിട്ടുണ്ടെന്നാണ്‌ കേട്ടത്‌."
"പാരാൻ മരുഭൂമി മാമ്രേയുടെ പശ്ചിമപ്രദേശത്തെ പീഠഭൂമിക്ക്‌ അപ്പുറമല്ലേ?"
"അതേ യജമാനനേ. അവിടെ ഇസ്മായേൽ ഈജിപ്തുകാരനായ ബോതേലുമായി ചേർന്ന്‌ എന്തൊക്കെയോ ചെയ്യുന്നുവത്രേ." ഹാഗാറിന്റെ ചാർച്ചക്കാരായ ഈജിപ്തിലെ വ്യാപാരികളിൽനിന്ന്‌ ഏലിയേസർ ഇസ്മയേലിനെപ്പറ്റിയുള്ള കാര്യങ്ങൾ മനസ്സിലാക്കിയിരുന്നു.
"അവനിപ്പം ഒത്ത ഒരാളായിക്കാണും. ഇസഹാക്കിനേക്കാളും പണ്ടേ അവന്‌ തടിമിടുക്ക്‌ കൂടുതലുണ്ട്‌." 
"അതെയതെ. പാരാൻ മരുഭൂമിയും സമതലപ്രദേശങ്ങളും ഇസ്മായേൽ കയ്യടക്കിവച്ചിരിക്കുന്നു. വില്ലാളി വീരനായി ഈജിപ്തിൽ പേരെടുത്തു. കവിണപ്രയോഗത്തിൽ ഇസ്മായേലിനെ വെല്ലാൻ പുതിയൊരാൾ ജനിക്കണമെന്നാണ്‌ സംസാരം."
"ഓഹോ. അവനത്രയ്ക്ക്‌ കേമനോ?"
"പക്ഷേ, എത്തിപ്പെട്ട ദേശത്ത്‌ ആർക്കുമത്ര മതിപ്പില്ലത്രേ."
"അവന്റെ നിഷേധ സ്വഭാവമായിരിക്കും കാരണം?"
"കയ്യൂക്കും കായബലവുംകൊണ്ട്‌ എല്ലാവരെയും കീഴടക്കി. പാരാനിലെ 'കനിവറ്റ സിംഹ'മെന്നാണ്‌ വിളിപ്പേര്‌. ഇസ്മായേലിന്‌ കീഴടങ്ങാത്തവർക്ക്‌ അവിടെ ജീവിക്കാനാവില്ല. പാരാനിലൂടെ കടന്നുപോകുന്നവർ ഇസ്മായേലിന്‌ കപ്പംകൊടുക്കണമെന്ന അലിഖിത നിയമംതന്നെയുണ്ട്‌."
പിന്നീട്‌ ഏറെനേരം അബ്രാഹം ശബ്ദിച്ചില്ല. അദ്ദേഹത്തിന്റെ ഉള്ളം വീണ്ടും സംഘർഷഭരിതമായിരിക്കുന്നുവേന്ന്‌ ഏലിയേസറിനുതോന്നി.
"ഇനി നമ്മുടെ യാത്ര പാരാൻ മരുഭൂമിയിലൂടെയാകട്ടെ." ഏറെനേരത്തെ മൗനത്തിനുശേഷം യജമാനന്റെ പൊടുന്നനെയുള്ള നിർദേശം കേട്ട്‌ ഏലിയേസർ അമ്പരന്നു.
"പ്രഭോ ക്ഷമിച്ചാലും. മാർഗവ്യതിയാനം യാത്ര ദുഷ്കരമാക്കും. ഭക്ഷണപാനീയങ്ങൾ അധികമൊന്നും ശേഷിച്ചിട്ടില്ല. പാരാൻ മരുഭൂമി കടക്കുവോളം ശക്തമായ മണൽക്കാറ്റിനെയും നേരിടേണ്ടി വരും. ഒപ്പം ഇസ്മായേലിനുള്ള കപ്പം..."
ആ വാദമുഖങ്ങളൊന്നും അബ്രാഹം ഗൗനിച്ചില്ല. യാത്രാവ്യൂഹത്തിന്റെ ദിശ മാറ്റപ്പെട്ടു. മാമ്രേയുടെ പശ്ചിമദേശത്തെ പീഠഭൂമിയെ ലക്ഷ്യമാക്കി കഴുതകൾ നീങ്ങി.
ഇസ്മായേലിനെ സംബന്ധിക്കുന്ന വാർത്തകളൊന്നും ശുഭകരമല്ലല്ലോയെന്ന്‌ അബ്രാഹം ദു:ഖത്തോടെ ഓർത്തു.തെമ്മാടിയുടെയും പരുക്കൻ മനുഷ്യന്റെയും പരിവേഷം അവനിൽ ആരൊക്കെയോ ചാർത്തിക്കൊടുത്തിരിക്കുന്നു. ഒരു പക്ഷേ, അതിന്റെ കാരണക്കാരൻ താൻതന്നെയാകും. അത്‌ മാറ്റിയെഴുതണം. അതിനുള്ള പോംവഴിയാണ്‌ സാറാ നിർദേശിച്ചതു. പ്രണാശത്തിലേയ്ക്ക്‌ അവനെ തള്ളിവിട്ടുകൂടാ.
"ഇസ്മായേലിന്‌ വിവാഹപ്രായം കഴിഞ്ഞു."
ഇപ്പോഴും യജമാനൻ ഇസ്മായേലിൽതന്നെ ചുറ്റിത്തിരിയുകയാണ്‌. ആ മനം മുഴുവൻ മകനാണ്‌. മറച്ചുവച്ച രഹസ്യം ഇവിടെ അനാവൃതമാക്കിയേ പറ്റു. ഇനി അജ്ഞത നടിക്കുന്നത്‌ യജമാനോടുള്ള അവിശ്വസ്തത്തയാകും.
"ഇസ്മായേലിന്റെ വിവാഹവും കഴിഞ്ഞിരിക്കുന്നു യജമാനനെ..."
അതൊരു ഷോക്കായിരുന്നു, അബ്രാഹത്തിന്‌. നിനച്ചിരിക്കാതെ കിട്ടിയ ഒരടി. അതിൽ അദ്ദേഹം പുളയുകതന്നെ ചെയ്തു. മരുഭൂമിയിൽ നിർദ്ദയം ഉപേക്ഷിച്ചെങ്കിലും നിറഞ്ഞ വേദനയായി അവനും അമ്മയും എന്നും ഹൃദയത്തിലുണ്ടായിരുന്നു. എന്നിട്ടും...
"ഈജിപ്തുകാരൻ ബോതേലിന്റെ സഹോദരിയെ ഹാഗാർതന്നെയാണ്‌ ഇസ്മായേലിന്‌ ഭാര്യയായി തെരഞ്ഞെടുത്തത്‌."
"...ഇസ്മായേലിന്‌ മോശൊപ്പൊട്ടോമിയായിൽനിന്ന്‌... ഈ ഈജിപ്തുകാരിപ്പെണ്ണിനെ അവനെങ്ങനെ... എന്റെ പാരമ്പര്യം..." അർത്ഥശൂന്യമായ പദപ്രഹേളികകൾ സ്വയം നിർമിച്ചെടുക്കുകയാണ്‌ ആ വൃദ്ധമനസ്സ്‌.
പിതാവിന്റെ ആഗ്രഹങ്ങൾക്ക്‌ ഒരിക്കലും ഇസ്മായേൽ നിന്നുകൊടുക്കില്ലെന്ന്‌ യജമാനന്‌ അറിയാം. എന്നിട്ടും... നടക്കാത്ത കാര്യങ്ങൾ ആലോചിച്ച്‌ മനസ്സിനെ പുണ്ണാക്കുക ഈയിടെയായി അദ്ദേഹത്തിന്റെ പതിവായിരിക്കുന്നു.
"കടിഞ്ഞൂൽ പുത്രനായ അവന്‌ സ്വന്തം വിവാഹത്തെക്കുറിച്ചെങ്കിലും പിതാവിനോട്‌ ആലോചിക്കാമായിരുന്നു. ഹാഗാറിനും." അസ്വസ്ഥമായ ഹൃദയത്തിന്റെ നെരിപ്പോടിൽനിന്ന്‌ ബഹിർഗമിക്കുന്നതൊക്കെയും വ്യഥകളുടെ പരിച്ഛേദമാകുക സ്വാഭാവികം. മുറിവുകളുടെയും അത്‌ സൃഷ്ടിക്കുന്ന വേദനയുടെയും ഭൂമിക അതിരുകളില്ലാതെ ഉയരുകയാണ്‌ ആ തപ്തഹൃദയത്തിൽ.
"കടിഞ്ഞൂൽ പുത്രാവകാശവും ധർമപത്നി പദവിയും അങ്ങ്‌ അവർക്കും നൽകിയില്ലല്ലോ." ഏലിയേസറിന്റെ ഓർമ്മപ്പെടുത്തൽ. അത്‌ ശരിയാണെണ്ണമട്ടിൽ അബ്രാഹം തലയാട്ടി.
"അതെന്റെ തീരുമാനമായിരുന്നില്ല. കർത്താവ്‌ ആജ്ഞാപിച്ചു, ഞാൻ അനുസരിച്ചു."
"യജമാനനെ... അങ്ങ്‌ ദൈവത്തിനു കീഴ്‌വഴങ്ങി. അതുകൊണ്ട്‌ അവിടുന്ന്‌ അങ്ങയെ അനുഗ്രഹിച്ചു. ഇസ്മായേലിനെയും ഹാഗാറിനെയും അവരുടെ വഴിക്കുവിടുകതന്നെ ഉചിതമെന്ന്‌ അടിയനുതോന്നുന്നു. ഇസ്മായേൽ അങ്ങിൽനിന്നും അങ്ങയുടെ പാരമ്പര്യത്തിൽനിന്നും ഇനി മടങ്ങിവരാനാവാത്തവിധം അകന്നുപോയിരിക്കുന്നു."
"പുത്രാവകാശത്തിൽ അവനെയും പങ്കുകാരനാക്കിയാലോ?"
പെട്ടെന്നുള്ള ആ ചോദ്യത്തിനുമുമ്പിൽ ഏലിയേസർ നിശബ്ദനായി.
"കരുണാമയനായ എന്റെ ദൈവം എന്നെ വലിയ സമ്പത്തിന്‌ ഉടമയാക്കി. പക്ഷേ, എന്റെ വംശ പരമ്പര വേർപിരിഞ്ഞ്‌ യുദ്ധം ചെയ്താൽ... എല്ലാം തകർന്നടിയില്ലേ? കടിഞ്ഞൂൽപുത്രാവകാശം ഇസ്മായേലിനുകൊടുത്താൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന വൻവിപത്തിനെ ഒഴിവാക്കാൻ സാധിക്കും." 
ഏലിയേസറിന്റെ മറുപടിക്കായി കാത്തെങ്കിലും അയാൾ മന:പൂർവം നിശബ്ദത തുടർന്നതേയുള്ളു.
"നീയെന്താണ്‌ ഒന്നും മിണ്ടാത്തത്‌?"
"യജമാനനേ... ഞാനാര്‌? അങ്ങയുടെ കേവലമൊരു ദാസൻ. അങ്ങയെ ശുശ്രൂഷിക്കുകയും  കൽപനകൾ പാലിക്കുകയും മാത്രമാണ്‌ എന്റെ ജീവിത സാഫല്യം."
അത്‌ അബ്രാഹത്തെ നോവിച്ചു. ഏലിയേസറിനെ കേവലമൊരു ദാസനായി കാണുകയോ? യൗവനം മുതൽ ഒപ്പം കൂടിയ വിശ്വസ്തനാണവൻ. നിഴൽപോലെ എപ്പോഴും കൂടെയുണ്ടായിരുന്നു. ദൈവം തുണയായി തന്നവൾ പോയിട്ടും ഉപേക്ഷിച്ചു പോകാത്തവൻ...
"നീയെനിക്ക്‌ വെറുമൊരു ഭൃത്യനല്ല. എനിക്കുള്ള സകലത്തിന്റെയും കാവൽക്കാരനാണ്‌. എനിക്കും എന്റെ ഭവനത്തിനും നീയാണ്‌ സംരക്ഷകൻ. അതിലുപരി എനിക്കു നീ സഹോദരനെപോലെയാണ്‌."
ഏലിയേസറിനെ ഒരു മറുപടി കൊടുക്കേണ്ട വിഷമവൃത്തത്തിൽ കൊണ്ടെത്തിക്കുകയായിരുന്നു അബ്രാഹം.
"എന്റെ യജമാനനെ... അങ്ങെന്തിന്‌ സ്വയംകുത്തി നോവിക്കുന്നു? ഹാഗാറിനെയും ഇസ്മായേലിനെയും കുറിച്ച്‌ അങ്ങയേക്കാൾ വ്യാകുലത കർത്താവിനാണ്‌. അവിടുന്ന്‌ അവരുടെ കാര്യത്തിൽ ശ്രദ്ധാലുവാണ്‌. ആ തിരുഹിതമറിയാൻ അങ്ങ്‌ ശ്രമിക്കു..."
ഏലിയേസർ പറഞ്ഞതാണ്‌ ശരി. വെറുതെ ഓരോന്ന്‌ നിനച്ചുകൂട്ടുകയാണ്‌. കർത്താവിന്റെ ആജ്ഞയനുസരിച്ച താനെന്തിന്‌ നീതിബോധത്തെപ്പറ്റി ഉത്ക്കണ്ഠപ്പെടണം? നീതിയെ ഉടയാടയായി ധരിച്ചവനാണ്‌ അവിടുന്ന്‌. പദ്ധതിയനുസരിച്ച്‌ വിളിക്കപ്പെട്ട താൻ ആ വഴിയിലൂടെ നീങ്ങുക മാത്രമാണ്‌ ചെയ്തത്‌. കർത്താവിന്റെ വചനങ്ങളാണ്‌ എന്നും തന്റെ പാതയിലെ വെളിച്ചം.
അപ്പോൾ സാറാ ആവശ്യപ്പെട്ടതോ? ഇസഹാക്കിന്റെ ജീവനുവേണ്ടി ഇസ്മായേലിന്‌ കടിഞ്ഞൂൽ പുത്രാവകാശം കൊടുക്കണമെന്ന്‌. സാറാമൂലമാണല്ലോ നിരാലംബരായ അവരെ താൻ ഉപേക്ഷിച്ചതു. നീതി നിഷേധിച്ചവർക്ക്‌ അത്‌ പരിഹരിക്കാനുള്ള കടമയില്ലേ?
പാരാൻ മരുഭൂമിയോട്‌ ചേർന്നുകിടക്കുന്ന പീഠഭൂമിയിൽ ഇരുൾനിറഞ്ഞു. ഇനി മുന്നോട്ടുള്ള യാത്ര ദുർഘടം പിടിച്ചതാകുമെന്ന്‌ ഭൃത്യൻ അബ്രാഹത്തിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം ഈന്തപ്പനകൾ തലയുയർത്തിനിന്ന വയൽക്കരയിൽ അവർ അന്നത്തെ യാത്ര അവസാനിപ്പിച്ചു. ആകാശത്തിൽനിന്നും പുറപ്പെട്ടുവന്ന അരണ്ട വെളിച്ചത്തിൽ അവരവിടെ താത്കാലിക കൂടാരങ്ങൾ തീർത്തു. അപ്പവും വീഞ്ഞും പങ്കിട്ടു.
ആ രാത്രയിൽ അബ്രാഹം ഒരു വിചിത്രസ്വപ്നം കണ്ടു.
രണ്ടുയുവാക്കൾ മുട്ടുകുത്തി കൈകൾ വിരിച്ചു പ്രാർഥിക്കുന്നു. ആകാശത്തുനിന്ന്‌ രണ്ടുരൂപങ്ങൾ ഇറങ്ങിവന്നു. ആദ്യത്തേതിന്‌ കൂരിരുട്ടിന്റെ കറുപ്പും രണ്ടാമത്തേതിന്‌ മഞ്ഞിന്റെ ധവളനിറവുമായിരുന്നു. ആ രൂപങ്ങൾ യുവാക്കളിലേയ്ക്ക്‌ ഇറങ്ങിപ്പോയി.
പ്രഭാതത്തിൽ അവരിലൊരാൾ വയലിലേയ്ക്കുപോയി. അവന്റെ മുഖം ഏതോ ഭീകരജീവിയിടേതുപോലെ... ഭൂമിയുടെ അതിർത്തിയോളം നീണ്ട ഗോതമ്പുവയലിൽ വിളഞ്ഞുമുറ്റിയ ഗോതമ്പുകതിരുകൾ ഭാരത്താൽ തലകുനിച്ചുനിന്നു.
ഉച്ചച്ചൂടിൽ കഠിനാദ്ധ്വാനം ചെയ്യുന്ന അടിമകളുടെമേൽ അവൻ ശകാരവർഷം ചൊരിഞ്ഞു. ജോലിക്കള്ളന്മാരെന്നുവിളിച്ച്‌ ചാട്ടവാർകൊണ്ട്‌ മർദ്ദിച്ചു. അവരുടെ ദീനരോദനം ഗോതമ്പുകതിരുകൾ ഏറ്റുവാങ്ങി. അവൻ ഊക്കോടെ മർദനം തുടർന്നു. അവന്റെ അട്ടഹാസം ചക്രവാളസീമകളെ വിറകൊള്ളിച്ചു. പേടിച്ചരണ്ട്‌ ആകാശമേലാപ്പിൽനിന്ന്‌ താഴ്‌ന്ന്‌ പറന്ന പരുന്തിനേയും കഴുകനേയും അവൻ അമ്പെയ്തുവീഴ്ത്തി. പിന്നീടവൻ പാതി പതിരായ ഗോതമ്പുകതിരുകൾ കണ്ടെത്തി കൊയ്തെടുത്ത്‌ ഒരു കറ്റയുണ്ടാക്കി.
പിന്നെ കണ്ടത്‌ ആടുമാടുകളെ മേയിച്ചുകൊണ്ട്‌ പുൽമേടുകളിലേയ്ക്ക്‌ പോകുന്ന രണ്ടാമത്തെ യുവാവിനെയാണ്‌. അവൻ സ്നേഹത്തോടെ തന്റെ ആടുകളെ നയിച്ചു. മുടന്തിനടന്ന ആട്ടിൻകുട്ടിയെ കയ്യിലെടുത്ത്‌ തലോടി. നടക്കാനാവാത്തതിനെ തോളിലിട്ടു. അവയോരോന്നിനോടും സ്നേഹത്തിന്റെ ഭാഷയിൽ സംസാരിച്ചു. പകലിനെ വിയർപ്പിൽമുക്കി ശ്വാസം മുട്ടിക്കുന്ന കത്തുന്ന ചൂടിനോടും ജീവജാലങ്ങളെ തലോടി ആശ്വസിപ്പിക്കുന്ന കാറ്റിനോടും കിളികളോടും പൂക്കളോടും പുൽച്ചെടികളോടും അവൻ കുശലംപറഞ്ഞു. ആ മുഖം പ്രകാശത്തെ പ്രസരിപ്പിച്ചു. അവന്റെ പാദവിന്യാസത്തിൽ മൺതരികൾ കോരിത്തരിച്ചു. ആ കണ്ണുകളിൽ സ്നേഹത്തിന്റെ തിളക്കവും സഹനത്തിന്റെ സൗമ്യതയും ഉൺമയുടെ ഉത്തുംഗതയും കണ്ടു. അവൻ തന്റെ ആട്ടിൻകൂട്ടത്തിൽനിന്ന്‌ തടിച്ചുകൊഴുത്ത ഒരു കടിഞ്ഞൂൽ ആട്ടിൻകുട്ടിയെ തെരഞ്ഞെടുത്തു.
ഗോതമ്പുമണികളേക്കാൾ കൂടുതൽ പതിരുള്ള കറ്റയും തടിച്ചുകൊഴുത്ത ആട്ടിൻകുട്ടിയും രണ്ടുപ്രതീകങ്ങളായി അബ്രാഹത്തിന്റെ കൂടാരവാതുക്കൽ കിടന്നു. അടുത്ത ക്ഷണം സ്വർഗത്തിൽനിന്ന്‌ ഒരു ദൂതൻ ഇറങ്ങിവന്ന്‌ ആട്ടിൻകുട്ടിയെ കൈകളിലേന്തി അപ്രത്യക്ഷണായി. എവിടെനിന്നോ ആർത്തലച്ചുവന്ന കാറ്റിൽ ഗോതമ്പുകറ്റ പറന്നുപോയി. പിന്നെയത്‌ വിജനതയിൽ ചിന്നിച്ചിതറി കത്തിയമർന്നു.
അടുത്ത ദൃശ്യം ഏറെ ഭയാനകമായിരുന്നു. ഭീകരമുഖമുള്ള യുവാവിന്റെ തലയിൽ വലിയ കൊമ്പുകൾ മുളച്ചിരുന്നു. വായിൽനിന്ന്‌ കൂർത്തുവളഞ്ഞ ദംഷ്ട്രകൾ തള്ളിനിന്നു. അതിൽനിന്നും രക്തം ഇറ്റിറ്റുവീണു. അവന്റെ കയ്യിൽ രക്തംപുരണ്ട കത്തി. വയലിനെ നനച്ചൊഴുകുന്ന മനുഷ്യരക്തം. ആ രക്തക്കളത്തിൽ ആട്ടിടയന്റെ മൃതദേഹം. ആകാശത്തിലേക്ക്‌ തുറിച്ച കണ്ണുകൾ  നീതിക്കുവേണ്ടി ഭൂമിയിൽ കേഴുന്ന കണ്ണുകളുടെ പ്രതീകമായി.
ഉറക്കത്തിൽനിന്ന്‌ ഞെട്ടിയുണർന്ന അബ്രാഹത്തിന്‌ സ്വപ്നത്തിന്റെ പൊരുൾ മനസ്സിലായില്ല. കൊഴുത്ത ആട്ടിൻകുട്ടിയും പതിരുനിറഞ്ഞ കറ്റയും നല്ലവനായ ആട്ടിടയനും നിർദ്ദയനായ കൃഷിക്കാരനും അസ്വസ്ഥചിത്രങ്ങളായി.
കിഴക്ക്‌ പർവതനിരകളെ ചൂഴ്‌ന്നുനിന്ന ഇരുട്ടിനുമേൽ പ്രകാശത്തിന്റെ ദുർബലമായ കരങ്ങൾ തഴുകിത്തുടങ്ങിയപ്പോൾ ഒരു രാത്രി അപഹരിച്ച സമസ്യയ്ക്ക്‌ ഉത്തരം കണ്ടെത്തിയതുപോലെ അബ്രാഹം ഝടുതിയിൽ കിടക്കവിട്ടെഴുന്നേറ്റു. പൂർവദിക്കിലേയ്ക്ക്‌ തിരിഞ്ഞ്‌ കൂടാരത്തിനുള്ളിലെ പുല്ലും പാറക്കഷ്ണങ്ങളും നിറഞ്ഞ നിലത്ത്‌ മുട്ടുകുത്തി കൈകൾ വിരിച്ച്‌ പ്രാർഥിച്ചു-
'...ആകാശത്തിന്റെയും ഭൂമിയുടെയും പരിപാലകനായ ദൈവമേ, കായേന്റെയും ആബേലിന്റെയും പ്രതിരൂപങ്ങൾ അവിടുന്നെനിക്ക്‌ കാണിച്ചുതന്നതിന്റെ പൊരുളെന്താണ്‌? സാറാ പറഞ്ഞതുപോലെ  ഇസ്മായേലും ഇസഹാക്കും നിത്യശത്രുക്കളായി മാറുമോ? അവർ പുതിയ കായേനും ആബേലുമായി തീരുമോ? എന്റെ നിയന്താവേ, ഇനിയൊരു സഹോദരഹത്യ അവിടുത്തെ ദാസന്‌ താങ്ങാനാവുമോ? വാർധക്യം ബലഹീനമാക്കിയ എന്റെ മനസ്സിനും ശരീരത്തിനും അത്‌ ദർശിക്കാനാവില്ലല്ലോ. ഞാനെന്റെ സഹോദരന്റെ കാവൽക്കാരനാണോയെന്ന്‌ ഇനിയൊരിക്കലും ആരും ചോദിക്കാൻ ഇടവരുത്തരുതേ...'
സ്വീകാര്യവും അസ്വീകാര്യവുമായ കാഴ്ചകൾ സ്വപ്നത്തിൽ കാണപ്പെട്ട സ്ഥലത്ത്‌ കർത്താവിനാൽ പ്രണോദിതനായി അബ്രാഹം ഒരു കല്ല്‌ സ്ഥാപിച്ചു. 'എന്റെ മക്കളുടെ ജീവൻ അങ്ങയുടെ കൈകളിലാണ്‌' എന്നർത്ഥം വരുന്ന പേരും അതിന്‌ നൽകി. 

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...