അക്ഷരരേഖ


       ആർ.ശ്രീലതാ വർമ്മ

ഒരു ഗാനം കൂടി
            സംഗീതനിർഭരമാണ് ലോകം.കാറ്റിനും കടലിനും മഴയ്ക്കും മാത്രമല്ല വെയിലിനും നിലാവിനും സംഗീതമുണ്ട്.ഈണവും താളവും ഇഴചേർന്ന ഒരു സംഗീതികയാണ് മനുഷ്യജീവിതം.സ്വരക്രമത്തിലെ ആരോഹണാവരോഹണത്തിനു തുല്യമായി ജനിമൃതികൾ,ഉയർച്ച താഴ്ചകൾ,ദേശ,കാല,ഭാഷാസംസ്കാരങ്
ങൾക്കതീതമായി ആസ്വദിക്കാൻ കഴിയുന്ന ഒന്നാണ് സംഗീതം.മറ്റൊരു വിധത്തിൽ പറഞ്ഞാൽ സംഗീതത്തിന്റെ ഭാഷ സാർവലൗകികമാണ്.മനസ്സിനെ ഇത്രയേറെ സ്വാധീനിക്കാൻ കഴിയുന്ന മറ്റൊരു കലയും ഇല്ല.
    ദൃശ്യമാധ്യമങ്ങൾക്കും ഡിജിറ്റൽ സംസ്കൃതിക്കും മുൻപ് വിനോദോപാധി എന്ന നിലയിൽ ശ്രവ്യമാധ്യമമായ റേഡിയോയ്ക്ക് സമഗ്രാധിപത്യമുണ്ടായിരുന്ന ഒരു കാലം.അന്ന് ചലച്ചിത്രഗാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള സംഗീതപരിപാടികൾ കേൾക്കാനാണ് ജനം ഏറ്റവുമധികം കാതോർത്തിരുന്നത്.ഓർമ്മവച്ച കാലം മുതൽ പാടിയും പറഞ്ഞും റേഡിയോ വീട്ടിലെ ഒരംഗം തന്നെയായിരുന്നു.ചലച്ചിത്രഗാനങ്ങളുടെ അനന്തമായ ഒരു പ്രവാഹമാണ് അന്ന് മനസ്സിലേക്ക് ഒഴുകിയെത്തിയത്.കേട്ടഗാനവും കേൾക്കാത്ത ഗാനവും ഒരുപോലെ മധുരതരമായിത്തീർന്ന ഒരു സുവർണയുഗമായിരുന്നു അത്.മലയാളിയുടെ ശ്രവ്യസംസ്കാരത്തെ രൂപപ്പെടുത്തുന്നതിൽ ഈ ടെലിവിഷൻ പൂർവയുഗത്തിനുണ്ടായിരുന്ന പങ്ക് നിർണായകമാണ്.
               ഇന്ന് നാം തിരക്കുകൾക്ക് നടുവിലാണ്.സ്വസ്ഥമായി ഇരുന്ന് പാട്ടുകേൾക്കാൻ കഴിയാത്ത സ്ഥിതി.ഐ പോഡ് വഴി,അല്ലെങ്കിൽ മൊബൈൽ ഫോൺ വഴി പാട്ട് കേൾക്കുന്നവരെ കൂടുതലും കണ്ടുമുട്ടുക യാത്രാവേളകളിലാണ്.പണിത്തിരക്കുകളിൽ നട്ടംതിരിയുമ്പോൾ,അടുക്കളയുടെ മൂലയിൽ സ്ഥിരമായി സ്ഥാനമുറപ്പിച്ചിട്ടുള്ള മ്യൂസിക് സിസ്റ്റം എന്നെ സംബന്ധിച്ച് ഏറെ സന്തോഷകരമാണ്.പ്രഷർ കുക്കറിന്റെ ഉച്ചത്തിലുള്ള വിസിലുകൾക്കിടയിലും നിലച്ചുപോകാതെ അലയടിക്കുന്ന ഗാനതരംഗങ്ങൾ അന്തരീക്ഷത്തിൽ പടർത്തുന്ന ലാഘവത്വം ഒന്നു വേറെയാണ്.
              സംഗീതസംബന്ധിയായ റിയാലിറ്റി ഷോകളിൽ സംഗീതാഭിരുചി,സംഗീതാഭിമുഖ്യം,സംഗീതവൈദഗ്ധ്യം ഇവയെല്ലാം എങ്ങനെ പരിചരിക്കപ്പെടുന്നു എന്നത് വേറിട്ട നിരീക്ഷണങ്ങൾക്ക് വിധേയമാക്കേണ്ട വിഷയങ്ങളാണ്.മനസ്സിനെ സാന്ത്വനിപ്പിക്കാനോ,ഉദാത്ത തലങ്ങളിലേക്ക് നയിക്കാനോ കഴിയുന്ന യാതൊന്നും ഇത്തരം മത്സരവേദികൾ കാഴ്ചവയ്ക്കുന്നില്ല എന്നതാണ് യാഥാർഥ്യം.വൈവിധ്യ വൈചിത്ര്യങ്ങൾക്കായി പരക്കം പായുന്നതിനിടെ സംഗീതത്തിന്റെ തനിമയും ഹൃദയഹാരിത്വവും ചോർന്നുപോകുന്നത് കഷ്ടമാണ്.റിയാലിറ്റി ഷോകളിൽ ആക്രോശങ്ങളും അട്ടഹാസങ്ങളും ഓരിയിടലുകളും നിറച്ച്,ക്രുദ്ധമായ മുഖഭാവത്തോടെ പല മത്സരാർഥികളും പോരിലേർപ്പെടുന്നതു പോലെ പാടുന്നത് കണ്ടിട്ടുണ്ട്,സംഘർഷങ്ങൾ ഇല്ലാതാക്കാൻ കഴിയുന്ന സംഗീതത്തെ ഇങ്ങനെ സംഘർഷഭരിതമായി സമീപിക്കുന്നുവല്ലോ  എന്ന് അദ്ഭുതപ്പെട്ടിട്ടുണ്ട്.

          ഒരു ദിവസം ഒരു പാട്ടെങ്കിലും കേൾക്കാത്തവരുണ്ടോ?ഇല്ല എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം.കാരണം,മനുഷ്യമനസ്സിനെ ആർദ്രമാക്കാൻ സംഗീതത്തിനു കഴിയുന്നതുപോലെ മറ്റൊന്നിനും കഴിയില്ല.കേൾക്കുന്നത് ഏതുതരം സംഗീതമായാലും അത് നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്നു,സ്വാധീനിക്കുന്നു.ഭാഷയ്ക്കും ദേശത്തിനും സംസ്കാരത്തിനും അതീതമായി സംഗീതം ആസ്വദിക്കപ്പെടുന്നു.ചില പാട്ടുകൾ സമുദ്രത്തിന്റെ ആഴങ്ങളെ ഓർമ്മിപ്പിക്കുന്നു.മറ്റ് ചിലത് പ്രഭാതകാന്തിയും നക്ഷത്രശോഭയും പകരുന്നു.ഭാവനയുടെ ഉത്തുംഗ ശൃംഗങ്ങളിലേക്ക് ശ്രോതാക്കളെ കൂട്ടിക്കൊണ്ടു പോകുന്നു.സമയക്കുറവിനീക്കുറിച്ചുള്ള നമ്മുടെ പരാതികൾക്ക് ഒരിക്കലും അവസാനമില്ല.എങ്കിലും ചില മാത്രകളിൽ നമ്മൾ സംഗീതത്തിൽ ജീവിക്കുന്നു,അടുത്ത ഗാനത്തിനായി കാതോർത്ത്,കാത്തുകാത്ത്.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ