ഒരു നുണക്കഥ

ഗോകുൽ ഉണ്ണിത്താൻ

ഇന്നലെ ഇറങ്ങിയപ്പോഴേ പറഞ്ഞതാണ് രാവിലെ മീറ്റിംഗ് ഉണ്ട് നേരത്തെ വരണം എന്ന്... നേരത്തേ പറഞ്ഞത് കൊണ്ടോ എന്തോ ഇന്ന് നന്നായി താമസിച്ചാണിറങ്ങിയിരിക്കുന്നത്. എന്തെങ്കിലും ഒരു കാരണം പറഞ്ഞേ ഒക്കു, അല്ലാതെ വേറെ വഴിയില്ല. മനസ്സ് നിറയെ  ഓഫീസില്‍ പറയുവാന്‍ വേണ്ടി പഴുതുകളില്ലാത്ത കള്ളങ്ങള്‍ ഒരുക്കുന്നതിന്‍റെ ചിന്തകളാണ്... ഇത് കേട്ട നിങ്ങള്‍ വിചാരിക്കും ഓഫീസില്‍ ആദ്യമായ് താമസിച്ചു ചെല്ലുന്നതായിരിക്കും എന്ന്. എന്നാല്‍ അങ്ങനെയല്ല.... ഇതൊരു പതിവ് രീതി തന്നെയാണ്, അതുകൊണ്ട് പറയുന്ന കള്ളം ഓഫീസിലുള്ളവര്‍ അപ്പാടെ വിശ്വസിച്ചു കളയും എന്ന ഒരു പ്രതീക്ഷയും ഇല്ല... എങ്കിലും രാവിലെ എഴുന്നേല്‍ക്കാന്‍ താമസിച്ചു, കിടന്നുറങ്ങിപ്പോയ്, വണ്ടി ലേറ്റ് ആയ്, എന്നൊക്കെ ഉള്ള സ്ഥിരം പല്ലവികള്‍ ഏറ്റു പറയുന്നതിലും ഭേദം എന്തെങ്കിലും സാഹസിക കഥകള്‍..., അല്ലെങ്കില്‍ വല്ല രക്ഷപെടുതലുകളുടെയും കഥകള്‍..., അതുമല്ലെങ്കില്‍ അങ്ങനെ വല്ല ഹീറോയിസവും തുളുമ്പുന്ന കഥകള്‍ പറയുന്നതല്ലേ എന്ന ഒരു വെടക്കുചിന്ത എന്‍റെ മനസ്സില്‍ ഉണ്ടായ്‌. ഒരല്‍പം ഫ്രീ ലാന്‍സിങ്ങും മറ്റു ചില പ്രോജെക്ടുകളുടെ ക്ലൈന്‍സിനേം ഒക്കെ കൈകാര്യം ചെയ്തിട്ടുള്ളതുകൊണ്ട് നാവിനിപ്പോള്‍ നന്നായി കളവു വഴങ്ങും ഒപ്പം മുഖത്തിനും... ഇപ്പൊ വന്നു വന്നു ചിന്തിക്കുന്നതിലും അത് പ്രതിഫലിച്ചു തുടങ്ങിയിരിക്കുന്നു....
 

ഒരഞ്ചു മിനുട്ടില്‍ കൂടുതല്‍ കാക്കേണ്ടി വന്നു ഓഫീസിലേക്കുള്ള ബസ്‌ കിട്ടാന്‍. പതിവ് ബസ്‌ അല്ല, ഏതോ സമയം തെറ്റി വന്ന ബസ്‌.! എന്നെ പോലെ തന്നെ എന്തൊക്കെ വന്നാലും, ഈ ഭൂമി തന്നെ ഇല്ലാതായാലും ശരി കൃത്യ സമയം എന്നൊന്നുണ്ടെങ്കില്‍ അതണുവിട പാലിക്കാത്ത ഒരു പാവം ബസ്‌ .... പുറകിലുള്ള ഏതോ ഒരു ബസ്സിനിട്ടു പണിയും കൊടുത്തു കൊണ്ടുള്ള വരവാണ് എന്ന് റോഡ്‌ നിറഞ്ഞുള്ള അതിന്‍റെ വരവും വേഗതയും കണ്ടാലെ അറിയാം....

 അധികം ആളുകളില്ല രണ്ടു മൂന്നു സീറ്റുകള്‍ കാലി ആണ്. സൈഡ് സീറ്റു നോക്കി ഞാനിരുന്നു. അങ്ങിനെ റോഡിലും റോഡ്‌ സൈഡിലുമായ് ഉള്ളവരെ വിറപ്പിച്ചു കൊണ്ട് ആ പാവം സമയം തെറ്റി വന്ന  ബസ്‌ യാത്ര തുടങ്ങി. ടിക്കറ്റെടുത്തത്തിനു ശേഷം ഞാന്‍ എന്‍റെ അതിസങ്കീര്‍ണമായ ചിന്തകളിലേക്കും വ്യാപ്രതനായ്.. സങ്കീര്‍ണത എന്ന് പറയുമ്പോള്‍, ഒരു കള്ളം മെനഞ്ഞെടുക്കുവാന്‍ വേണ്ടി എന്‍റെ ജീവിതത്തില്‍ ഇത്രയും സര്‍ഗ വേദന അനുഭവിച്ചിട്ടുള്ള ഒരു സന്ദര്‍ഭവും ഉണ്ടായിട്ടില്ല എന്ന് തന്നെ പറയേണ്ടി വരും..

ഓഫീസിലേക്കുള്ള സമയവും ദൂരവും കുറഞ്ഞു കുറഞ്ഞു വരുന്നു... പാവം ഭ്രാന്ത് പിടിച്ച ബസ്‌ ആണെങ്കില്‍ ഒടുക്കത്തെ സ്പീടിലും.... അതിനനുസരിച്ച് എന്‍റെ ചിന്തയുടെ വേഗതയും കൂടി.... മനസ്സ്,  പഴയ സിനിമാക്കഥകളിലും വായിച്ച പുസ്തകങ്ങളിലുമൊക്കെയ്യായ് അരിച്ചു പെറുക്കുകയാണ് ഒരു കാരണത്തിന് വേണ്ടി... വയറിളക്കം, തലവേദന, ചേട്ടന് വയ്യ, അമ്മൂമ്മേം കൊണ്ട് ഹോസ്പിറ്റലില്‍, അച്ഛന് മരുന്ന് വാങ്ങല്‍ എന്ന് വേണ്ട കൂട്ടുകാരന്‍റെ ചേട്ടന്‍റെ അമ്മാവന്‍റെ ഉപ്പൂപ്പാന്‍റെ  അനുജത്തീടെ കല്യാണം വരെ കാരണമാക്കിട്ടുണ്ട്.... എന്തെങ്കിലും പുതിയതൊന്നു  കണ്ടു പിടിച്ചേ പറ്റു.... അത്രയും ശക്തമായതോന്നു.... കാരണം അത്രയ്ക് താമസിച്ചേ!!!  ഇപ്പൊ മനസ്സിലായില്ലേ.... ആ സര്‍ഗ വേദന..... അതെത്ര ആഴത്തിലുള്ളതാണ് എന്ന്....

പെട്ടന്നായിരുന്നു ആ ബ്രയ്ക്!!! ആലോചിച്ചു തലനിറച്ചു വച്ചിരിക്കുന്ന കള്ളങ്ങളുടെ ഭാരം കൊണ്ടോ എന്തോ ചെന്നിടിച്ചത് മുന്നിലെ സീറ്റിന്‍റെ ഹാന്‍ഡില്‍ബാറില്‍.... ചുറ്റുപാടും ചെറുതായൊന്നു കറങ്ങി എന്ന് തോന്നുന്നു... ചില നക്ഷത്ര പകര്‍ച്ചകളും കണ്ടു (എണ്ണാന്‍ പറ്റിയില്ല ). നെറ്റിയും തിരുമ്മിക്കൊണ്ട് നേരെ അടുത്തിരുന്നവനെ നോക്കി... ഹൊ! സമാധാനം! ആശ്വാസം! അവനും നെറ്റി തിരുമ്മുകയാണ്, എനിക്ക് മാത്രമല്ല അവനും കിട്ടി... ! എന്താണ് സംഭവിച്ചതെന്നറിയുന്നതിനു മുന്‍പ് ഒരു കുട്ടിയുടെ കരച്ചിലും കേട്ടു. കരച്ചിലിന്‍റെ ശബ്ദം ഉയര്‍ന്നുയര്‍ന്നു വരുന്നു ഒപ്പം ആ അമ്മയുടെയും.... ബ്രയ്കിന്‍റെ ആഘാതത്തില്‍ മുന്‍ സീറ്റിലെ ഒരമ്മയുടെ ഒക്കത്തിരുന്ന  കൈ കുഞ്ഞ് വഴുതി വീണു.... സീറ്റിനു ചുറ്റും കൂടി നിന്ന ആളുകളെ വകഞ്ഞു മാറ്റി ഞാന്‍ നോക്കുമ്പോള്‍ അമ്മയുടെ കൈയ്യിലിരിക്കുന്ന ആ കുഞ്ഞിന്‍റെ നെറ്റി പൊട്ടി ചോര ഒഴുകുന്നു.

കുട്ടി ഏങ്ങലടിച്ചു കരയുന്നു... ചുറ്റും കൂടി നില്‍ക്കുന്നവര്‍ പരസ്പരം നോക്കുകയാണ്... പെട്ടന്ന് ആ കുട്ടിയെ ആശ്പത്രിയിലെത്തിക്കണം അതെല്ലാവര്‍ക്കും അറിയാം പക്ഷെ ആര് കൊണ്ട് പോകും ? അതാണ്‌ ആ നോട്ടത്തിന്‍റെ അര്‍ത്ഥം. എല്ലാവര്‍ക്കും അവരവരുടെ തിരക്കുകള്‍... അവരവരുടെ ലോകം... അവരവരുടെ ജീവിതം... വേറെ ആരുമില്ലല്ലോ അതില്‍.... ദാ... അങ്ങനെയൊരു നോട്ടം എന്‍റെ മുഖത്തേക്കും. അതി വിദഗ്ദ്ധമായ് ആ നോട്ടത്തില്‍ നിന്നും ഞാനും എന്‍റെ മുഖം മാറ്റി... നോക്കിയത് ചോരയില്‍ കുളിച്ചു ഏങ്ങലടിച്ചു കരയുന്ന ആ കൈകുഞ്ഞിന്‍റെയും, കുഞ്ഞിനെ വാരിയെടുത്ത് എന്ത് ചെയ്യണം എന്നറിയാതെ അങ്കലാപ്പോടെ, വെപ്രാളത്തോടെ കരയുന്ന ആ ആമ്മയുടെയും മുഖത്തെക്ക്.. മനസ്സൊന്നു പിടഞ്ഞു.... "ഡാ വേഗം അവരെ അശ്പത്രിയിലെത്തിക്ക് " എന്ന് മനസ്സ് പറയുന്നു... പക്ഷെ ശരീരം അനങ്ങിയില്ല... ഞാന്‍ അവിടെ തന്നെ നിന്നു... ഒരു തരം അപകടകരമായ നിസ്സംഗത... എന്ത് ചെയ്യണം എന്നറിയാത്ത ഒരുപക്ഷെ അറിയുമെങ്കിലും ഒന്നും ചെയ്യാനാവാതെ നില്‍ക്കുന്ന ഈ ഒരു നിമിഷം. ഇത് പുതുതല്ല പല സന്ദര്‍ഭങ്ങളില്‍...  ഒരിക്കലെങ്കിലും ഈ ഒരു നിമിഷത്തെ പൊട്ടിച്ചെറിയാന്‍ സാധിച്ചിരുന്നുവെങ്കില്‍ ഞാനുമൊരു മനുഷ്യനായേനെന്നെനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. അപ്പോള്‍... ഇക്കൂട്ടത്തില്‍ മനുഷ്യരാരുമില്ലെ...?

പക്ഷെ അങ്ങിനെ  അധിക സമയം കാക്കേണ്ടി വന്നില്ല മനുഷ്യന്മാരും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു.. കണ്ടക്ടറും യാത്രക്കാരനായ ഒരു ചെറുപ്പക്കാരനും. കണ്ടക്ടര്‍ ആ അമ്മയുടെ കയ്യില്‍ നിന്നും കുട്ടിയെ വാങ്ങി,ഉടന്‍ തന്നെ ചെറുപ്പക്കാരന്‍ ചാടി ഇറങ്ങി ഒരു കാര്‍ കൈ കാട്ടി നിര്‍ത്തിച്ചു... ഒരു പുത്തന്‍ ഫിയസ്റ്റ!  ആ കാറില്‍ ഉള്ളതും മനുഷ്യന്‍ തന്നെ.... ആ ചെറുപ്പക്കാരനും കാറുകാരനും കൂടി അമ്മയെയും കുട്ടിയേയും കൊണ്ട് ആശുപത്രിയിലേക്ക് പാഞ്ഞു....

നിമിഷ നേരങ്ങള്‍ കൊണ്ട് ആ സീന്‍ അവസാനിച്ചു.... കൂടി നിന്നവര്‍ ഡ്രൈവറുടെയും കുറുക്കു ചാടിയവന്‍റെയും അശ്രദ്ധയെ പഴിച്ചു കൊണ്ടും പിറുപിറുത്തുകൊണ്ടും തങ്ങളുടെ സീറ്റുകളിലേക്ക് മടങ്ങി, കൂടെ ഞാനും. പക്ഷെ അപ്പോഴും എന്‍റെ അന്ധാളിപ്പ് മാറിയിട്ടുണ്ടായിരുന്നില്ല... സീറ്റിലെത്തി ഒരല്പം സമയം എടുത്തു പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തുവാന്‍. അതുവരെ അവ്യക്തമായ്‌ കേട്ടിരുന്ന പിറുപിറുക്കലുകളും വണ്ടിയുടെ ശബ്ദവും ഒക്കെ പതുക്കെ എന്‍റെ ബോധത്തിലേക്ക്‌ തിരിച്ചെത്തി.

ബസ്‌ വീണ്ടും യാത്ര തുടങ്ങി, യാത്രക്കാര്‍ കൈകാര്യം ചെയ്യും എന്ന് പേടിച്ചിട്ടോ എന്തോ!  ഇപ്പോള്‍ പഴയ ആ വേഗത ഇല്ല. എന്‍റെ ചിന്ത വീണ്ടുമാസംഭവത്തിലേക്കെത്തി, കട്ടി മീശയും നിറയെ താടിയും ഉള്ള ആ ചെറുപ്പക്കാരന്‍റെ മുഖവും  പ്രവൃത്തിയും മനസ്സില്‍ പതിഞ്ഞുപോയിരികുന്നു. ആര്‍ക്കും ആദരവ് തോന്നുന്ന  പ്രവൃത്തി .

ഹോണ്‍ മുഴക്കി പാഞ്ഞു പോയ ട്രെയിനിന്‍റെ ശബ്ദം കേട്ടാണ് ഞാന്‍ വീണ്ടും ചിന്തയില്‍ നിന്നുണര്‍ന്നത്‌. ഓവര്‍ ബ്രിഡ്ജ് എത്തിയിരിക്കുന്നു. വരുന്ന മൂന്നാമത്തെ സ്റ്റോപ്പില്‍ ഇറങ്ങി ഒരു 250 മീറ്റര്‍ നടന്നാല്‍ ഓഫിസായ്. ദൈവമേ!! ഓഫീസ് എത്താറയ്‌! ഇനിയും എന്ത് കള്ളം പറയണം എന്ന് കിട്ടുന്നില്ല. വീണ്ടും ടെന്‍ഷന്‍.. എന്തെങ്കിലും കാര്യമായ കാര്യം പറഞ്ഞേയോക്കു അല്ലാതെ  നില്‍ക്കകള്ളി ഇല്ലാത്ത അവസ്ത്ഥ! മനസ്സ് വീണ്ടും കള്ളത്തരങ്ങളുടെ പറുദീസയും തേടി യാത്ര പുറപ്പെടുവാന്‍ ഒരുങ്ങി പക്ഷെ വേണ്ടി വന്നില്ല! തൊട്ടു മുന്‍പ് നടന്ന സംഭവത്തില്‍ അവന്‍ ഉടക്കി. അതില്‍ രക്ഷപെടുത്തിയ ചെറുപ്പക്കാരന്‍ എന്ന കഥാപാത്ത്രത്തെ മാറ്റി എന്നെ തന്നെ പ്രതിഷ്ട്ടിച്ച് യജമാന സ്നേഹം കാട്ടി.

ആ പിഞ്ചു കുഞ്ഞിനെ രക്ഷിക്കാന്‍ സമയോജിതാമായ് ഇടപെട്ടത് കൊണ്ട് മാത്രം താമസിച്ചു വന്ന എനിക്ക് നേരെ നീളുന്ന കണ്ണുകളില്‍ ഞാന്‍ കണ്ടത് ആദരവും ബഹുമാനവും പക്ഷെ എന്നെ അടുത്തറിയുന്ന കണ്ണുകളില്‍ ഞാന്‍ കണ്ടത് സംശയവും! ചെറുതായ് ഒന്ന് ചൂളിപ്പോയ് പക്ഷെ ഞാന്‍ അത് മുഖത്ത് കാട്ടിയില്ല... ഓഫീസില്‍ എന്‍റെ പ്രവൃത്തി സംസാരമായ്. ആ കള്ളം അങ്ങനെ പടരുന്നത്‌ എന്നെ ലേശം ആലോസരപ്പെടുത്തിയെങ്കിലും മറ്റുള്ളവരുടെ ബഹുമാനത്തോടെ ഉള്ള നോട്ടം കാണുമ്പോള്‍ ഞാന്‍ എവറസ്റ്റ് കീഴടക്കിയോ എന്നൊരു സംശയം എന്‍റെയുള്ളില്‍ അറിയാതെ തോന്നിപ്പോയ്‌... എല്ലാവരും അഭിനന്ദിക്കുന്നു എന്തോ നല്ല കാര്യം ഞാന്‍ ചെയ്തത്രേ...
അങ്ങനെ വെയിലുറച്ചുകഴിഞ്ഞിട്ടും എവറസ്റ്റ് കൊടുമുടിയില്‍ നിന്നിറങ്ങാന്‍ ഞാന്‍ കൂട്ടാക്കിയില്ല.. സമയം  പതിനൊന്നരയോടടുത്തു. ഞങ്ങളുടെ CEO -യും എത്തി. അപ്പോഴാണ്‌ ആ വിവരം എന്‍റെ ചെവിയിലെത്തിയത്. എല്ലാവരും കൂടി ച്ചേര്‍ന്നു ഒരു മീറ്റിംഗ് വിളിച്ചു ചേര്‍ത്ത് എന്നെ അഭിനന്ദിക്കാന്‍ പോവാത്രേ ! ദൈവമേ ഞാന്‍ പറഞ്ഞത് മൊത്തം കള്ളം! ദെ അതിന്റെ പേരില്‍ പത്ത് നൂറ്റമ്പത് പേരെ വിളിച്ചു ചേര്‍ത്ത് മീറ്റിങ്ങും അഭിനന്ദനവും! ഒന്ന് വിറച്ചു! അതൊഴിവാക്കാന്‍ ഞാനാവുന്നത്ര ശ്രമിച്ചു. പക്ഷെ നടന്നില്ല, മണ്ണാങ്കട്ട! എങ്ങാനും, ആ സംഭവം കണ്ട ആരെങ്കിലും ഉണ്ടെങ്കില്‍ തീര്‍ന്നു... പരസ്യമായ് അതവര്‍ മീടിങ്ങിനിടയില്‍ പറഞ്ഞാല്‍... പിന്നെ.... ഓര്‍ക്കാന്‍ കൂടി വയ്യ...

മടിച്ചു നിന്ന എന്നെയും വലിച്ചു കൊണ്ട് അവര്‍ കോണ്‍ഫറന്‍സ് റൂമില്‍ എത്തി. എല്ലാവരും അവിടെയുണ്ട് CEO യും, PM ഉം, TL ഉം, സഹ പ്രവര്‍ത്തകരും എല്ലാവരും.എനിക്കുള്ള അഭിനന്ദനവും, ഇത്തരം പ്രവൃത്തികള്‍ ആലോചിച്ചു നില്‍ക്കാതെ ചെയ്യേണ്ടതിന്‍റെ ആവശ്യകതയും ജീവന്‍റെ വിലയും ഒക്കെ പറഞ്ഞു ഒരു  പത്ത് മിനിറ്റ് മീറ്റിംഗ്. ജീവന് വിലയുണ്ടോ?  പിന്നേ... മാര്‍കെറ്റില്‍ പല വിലയല്ലെ.. കോഴി ജീവന് കിലോ ഇത്ര! ആട് ജീവന് കിലോ ഇത്ര! ഓ..! അപ്പൊ ജീവന് കിലോ കണക്കാണല്ലേ! എനിക്കെന്‍റെയോരോ നിമിഷത്തിനും മണിക്കൂറുകളുടെ വിലയായിരുന്നു. ഒടുവില്‍ CEO യും സംസാരിച്ചു കഴിഞ്ഞു, മീറ്റിംഗ് പിരിഞ്ഞു, ഓരോരുത്താരായ് കോണ്‍ഫറന്‍സ് റൂമിന് വെളിയിലേക്കിറങ്ങിത്തുടങ്ങി... ഒന്നും സംഭവിച്ചില്ല...

കോണ്‍ഫറന്‍സ് റൂം രണ്ടാം നിലയിലാണ്, ഞങ്ങള്‍ റൂമില്‍ നിന്നു വെളിയില്‍ ഇറങ്ങി വരാന്തയില്‍ എത്തി. ഓഫീസ് ബോയ്‌ ഒരു ട്രേയില്‍ ലഡ്ഡു വിതരണം നടത്തുന്നുണ്ട്. അവിടെ നിന്നു നോക്കിയാല്‍ താഴെ ഓഫീസിനു മുന്‍വശവും റോഡും ഒക്കെ കാണാം.  ഇറങ്ങി വരുന്നവരില്‍ പലരും  എന്നെ നോക്കി ചിരിക്കുന്നു, കൈതരുന്നു, ചിലര്‍ തോളത്തു തട്ടി അഭിനന്ദിക്കുന്നു. ശരിക്കും പറഞ്ഞാല്‍ കള്ളം പറഞ്ഞതിന്‍റെ കുറ്റബോധമൊക്കെ ഇപ്പോളെന്നെവിട്ടു പോയ്പ്പോയ്. അങ്ങനെ ഒരു കള്ളം പറഞ്ഞില്ലായിരുന്നു എങ്കില്‍ ഇന്നൊന്നും സംഭാവിക്കില്ലായിരുന്നു പക്ഷെ പറഞ്ഞത് കൊണ്ട് എന്തൊക്കെ നേട്ടങ്ങള്‍ ഉണ്ടായ്‌. ഓ അല്ലേലും ഇക്കാലത്ത് കള്ളത്തരങ്ങള്‍ ഒന്നും ഇല്ലാതെ ജീവിക്കാന്‍ പറ്റുകേല എന്ന് പറയുന്നത് നെരാന്ന തോന്നണേ... അല്ലെ... ഇതെങ്ങനെ കള്ളമാകും നടന്നതല്ലെ... പിന്നെ ഒരു കഥാപാത്രത്തെ മാറ്റി പകരം ഞാന്‍ ആണെന്ന് പറഞ്ഞു അതത്ത്ര വല്യ തെറ്റൊന്നുമല്ലല്ലോ ...

ഇങ്ങനെ ഓരോന്നാലോചിച്ച്, ചെയ്ത വൃത്തികേടിനേയും ന്യായികരിച്ചു കൊണ്ട്   ഞാന്‍ നിന്നപ്പോള്‍, ഒരു ഷേക്ക്‌ ഹാന്‍ഡ്‌, നനുത്ത മൃദുത്വമാര്‍ന്ന കൈകള്‍. ആരാണെന്നറിയാന്‍ ആകാംഷയോടെ  ഞാന്‍ ആ കൈകളുടെ ഉടമസ്ഥന്‍റെ മുഖത്തേക്ക് നോക്കി. ഞങ്ങളുടെ CEO. ചിരിച്ചു സന്തോഷമാര്‍ന്ന മുഖത്ത് നിന്നും ചോരത്തുള്ളികള്‍ പോടിയുന്നുണ്ടോ എന്ന് തോന്നി പോകും അത്രയും ഉര്‍ജ്വസ്വല്ലതയാര്‍ന്ന മുഖം. ആരെയും കീഴടക്കാന്‍ കെല്‍പ്പുള്ള നോട്ടം... തൂവെള്ള ഷര്‍ട്ടും കറുത്ത പാന്‍സും ഷൂവും, ആര്‍ക്കും ബഹുമാനം തോന്നി പോകുന്ന കാഴ്ച്ച. വളരെ ഫോര്‍മലായ് തന്നെ ഞാന്‍ ഒരു നന്ദി പറഞ്ഞു!

 "രാവിലെ ഇറങ്ങിയപ്പോള്‍ താടിം മീശേം ഒക്കെ ഉണ്ടായിരുന്നല്ലോ ഇവിടെ വന്നു കഴിഞ്ഞു ക്ലീന്‍ ഷേവ് ചെയ്തോ ?" ചിരിച്ചു കൊണ്ടുള്ള ആ ചോദ്യം കേട്ട് , മനസിലായില്ല എന്ന ഭാവത്തില്‍ ഞാനാമുഖത്തേക്ക് നോക്കിയപ്പോള്‍, ചിരിച്ചുകൊണ്ടുതന്നെ കണ്ണുകള്‍ അടച്ചു കാണിച്ചിട്ട് കാബിനിലേക്ക്‌ കയറിപ്പോയ്. എനിക്കൊന്നും മനസ്സിലായില്ല... എന്താണങ്ങനെ പറഞ്ഞത്? എന്തോ ഉന്നം വെച്ച് പറഞ്ഞതാണ് അതുറപ്പ്‌! 

എന്താണ് പറഞ്ഞതെന്ന് മനസ്സിലാകാതെ നില്‍ക്കുമ്പോള്‍ ഓഫീസ് ബോയ്‌ കാലിയാകാറായ ട്രേയില്‍ ലഡ്ഡുവുമായ് എത്തി.  ഞാന്‍ അയാളുടെ മുഖത്തേക്ക് നോക്കി. പറഞ്ഞു മടുത്തു ഇനിയുമെന്നെക്കൊണ്ട് പറയിപ്പിക്കല്ലേ എന്ന ദയനീയ സ്വരത്തില്‍ അയാള്‍ "CEO പുതിയ കാര്‍ എടുത്തു അതിന്‍റെ ചിലവാ... ദെ അതാ വണ്ടി.  " അയാള്‍ ചൂണ്ടി കാട്ടിയടത്തെക്ക് ഞാന്‍ നോക്കി... രണ്ടാം നിലയില്‍ നിന്നു ഓഫീസ്  മുറ്റത്തേക്ക്‌ നോക്കിയപ്പോള്‍ എനിക്ക് ശരിക്കും ഒരു വിറയല്‍ അനുഭവപ്പെട്ടു.... ഭൂമി മൊത്തത്തില്‍ കറങ്ങുന്നതുപോലെ, വെയില്‍ ഇല്ലഞ്ഞിട്ടു പോലും ഞാന്‍ വിയര്‍ത്തു. B P കൂടിയതോന്നുമല്ല ഓഫീസ് മുറ്റത്തു ദെ കിടക്കുന്നു ഒരു പുത്തന്‍ ഫിയസ്റ്റ!  ആ കുട്ടിയേയും കൊണ്ട് പോയ അതെ കാര്‍!! . മനസ്സില്‍ വെട്ടിയത് വെള്ളിടിയാണോ കണ്ണൂരിലെ വടിവാളാണോ എന്നൊന്നും എനിക്കറിയില്ല... എന്തായാലും കൊണ്ടത്‌ സ്ഥാനത്ത് തന്നെയാ... ആ അമ്മയുടെയും കുട്ടിയുടെയും താടിയുള്ള ചെറുപ്പക്കാരന്‍റെയും ഒക്കെ മുഖം ആ ഒരു നിമിഷത്തില്‍ മനസ്സില്‍ നിറഞ്ഞു.കുറച്ചു നേരത്തേക്ക് എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ! ബസ്സില്‍ വച്ചുണ്ടായ അതെ അവസ്ഥ!.

എന്തൊക്കെ ആയാലും ശരി  ഈ ഒരു സംഭവത്തിനു ശേഷം കുറെ ഗുണങ്ങള്‍ ഉണ്ടായ്‌. താമസിച്ചു ഓഫീസില്‍ ചെല്ലുന്നത് നിര്‍ത്തി,  സത്യസന്ധന്‍ ആയില്ലെങ്കിലും! വെറുതെ കള്ളം പറയുന്നതു നിര്‍ത്തി, ഒരപകടം ഉണ്ടായാല്‍ സഹായിക്കാന്‍ പഠിച്ചു. പക്ഷെ കാര്യമിതിപ്പോ ഇങ്ങനൊക്കെയാണെങ്കിലും എന്നെ അടുത്തറിയാവുന്ന സുഹൃത്തുക്കള്‍ പറയുന്നതു ഇത് ഇങ്ങനെ എത്ര നാള്‍ ഉണ്ടാകും എന്നത്  കണ്ടറിയാം എന്നാണ്!

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ