മാ നിഷാദ !

ഷീബ തോമസ്

പാല്‍മണം മാറാതെ
 പാല്‍പുഞ്ചിരി മാഞ്ഞുപോയ,
അരുമയായൊരു കുഞ്ഞുമുഖം
ചരിഞ്ഞും തിരിഞ്ഞും മറിഞ്ഞും,
പലകോണില്‍നിന്നുമൊപ്പിയെടുത്ത്
നിന്റെ ക്യാമറയ്ക്കുള്ളിലാക്കല്ലേ.

കഴുകന്മാരാണു ചുറ്റും
കൊത്തിക്കീറിത്തിന്നുവാന്‍
ആര്‍ത്തുചിരിക്കുവാന്‍.
ആ കുഞ്ഞുമുഖമെടുത്തച്ചുകൂടത്തിലിട്ട്
ഒതുക്കി മെരുക്കി
അതിനു ചുറ്റുമൊരു
പീഡനക്കഥയെഴുതി
കോപ്പികള്‍ കൂട്ടി
കടലാസുമച്ചടിമഷിയും കൊണ്ടൊരു
പണം കായ്ക്കുന്ന മരമുണ്ടാക്കാന്‍
കോപ്പുകൂട്ടി കാത്തിരിക്കുന്ന
കച്ചവടക്കണ്ണു മാത്രമുള്ള
കഴുകന്മാരാണു ചുറ്റും.

വിശക്കുമ്പോളിത്തിരി 
പൈമ്പാലു വേണം
പിന്നെ, ഓടിക്കളിക്കാനൊരു 
മുറ്റവും, കളിയാടാനൊരൂഞ്ഞാലും.
കൈലേസുകൊണ്ടൊരു 
കുഞ്ഞിപ്പാവയുണ്ടാക്കി
തോളിലിട്ടുറക്കുന്നവള്‍
കരയല്ലേ, യെന്നു ചൊല്ലി
ഒപ്പം വിതുമ്പുന്നവള്‍.

കരുണകാട്ടണം, കാട്ടാളാ
കഴുകന്മാരാണവള്‍ക്കു ചുറ്റും
പീഡനമെന്തെന്നറിയാത്ത,
പീഡനകഥയിലെ ആ കുഞ്ഞുനായിക
ഇനിയും ജീവിച്ചോട്ടെ
പിഴച്ചെന്നു ചാപ്പകുത്തി, അവളെ
അറവുശാലയിലേയ്ക്കയക്കല്ലേ.

നിന്റെ ക്യാമറക്കണ്ണൊന്നടയ്ക്കുമോ, കാട്ടാളാ
കഴുകന്മാരാണവള്‍ക്കു ചുറ്റും
പാവം, ജീവിച്ചോട്ടെ, യെവിടെങ്കിലും.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ