കവിത ജ്വലിക്കുമ്പോള്‍


രജീഷ് പാലവിള

---------------------------------------------
ദന്തഗോപുരങ്ങളില്‍ മരുവി,ദിവാസ്വപ്ന-
ഗന്ധബിംബങ്ങള്‍ക്കൂട്ടി പുളകംകൊള്ളുവാനും..

ചിന്തയിലനുവേലം തന്നെത്താന്‍ നിരൂപിച്ച്
ചന്തത്തില്‍ ചമത്ക്കാരം വരുത്തി രസിക്കാനും ..

പ്രണയോജ്ജ്വലമായ ജീവിതരംഗങ്ങള്‍തന്‍
മധുരസ്മൃതികളില്‍ മലര്‍ന്നു കിടക്കാനും ..

മാനസഭാവാന്തര ശീലവൈകല്യങ്ങളെ
സാഹസമാക്കി സ്വയ,മുയര്‍ത്തിക്കാണിക്കാനും ..

അപഥസഞ്ചാരത്താല്‍ ബുദ്ധിയില്‍ നുരയ്ക്കുന്ന
ലഹരിയ്ക്കിളനീരിന്‍ മധുരം പകരാനും ..

ആത്മഹര്‍ഷങ്ങള്‍പാടി,യപദാനങ്ങള്‍ വാഴ്ത്തി
ആയിരംപൊയ്മുഖങ്ങള്‍ നിറംതേച്ചൊരുക്കാനും ..

തകര്‍ന്ന കിനാക്കള്‍തന്‍വളപ്പൊട്ടുകള്‍വാരി-
പ്പുണര്‍ന്നു കുടുകുടെ കണ്ണുനീരൊഴുക്കാനും ..

ലോകമേ !യെനിക്കൊട്ടു കൊതിയില്ലിടറാതെ
മാനവികതയ്ക്കായി പാടുവാന്‍ വരുന്നു ഞാന്‍ !

ചുറ്റിലും ദാരിദ്യത്തില്‍ രേഖനീണ്ടിഴയുമ്പോള്‍
പറ്റുകില്ലെനിക്കൊരു പൂവിനെ തലോടുവാന്‍ !

ഏതുനേരവുമേതോ ഗൂഢമാംവിഷാദത്തിന്‍
തീയിലേക്കെന്നെത്തള്ളി കവിത ജ്വലിക്കുന്നു !

വിഫലസ്വപ്നാടന വികൃതവിലാസത്തിന്‍
മതിവിഭ്രമംവിട്ടു മണ്ണില്‍ഞാ,നുണരുന്നു !!

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?