കർമ്മഭക്തി


ചെമ്മനം ചാക്കോ

മകരം പിറക്കുമ്പോൾ
ക്കത്തിടും വിളക്കിന്റെ
മഹിമയ്ക്കടിപ്പെട്ടു
ശബരിക്കുന്നിൻമോളിൽ
ശരണം വിളിച്ചെത്തീ
ലക്ഷമാളുകൾ, ശാസ്താ-
വരുളും വരം വാങ്ങി
പ്പോരുവാ,നയ്യപ്പന്മാർ!
തലമേലിരുമുടി-
ക്കെട്ടിലുണ്ടരി, കൊച്ചു
കലവും കറിക്കോപ്പും
തേങ്ങയും ചമ്മന്തിയും.
തിക്കുകൾ തിരക്കുകൾ,
ഭക്തരത്യാവേശത്താൽ
ദിക്കുകൾ പൊട്ടും മട്ടിൽ
വിളിക്കും വിളികളും!

2
ധർമ്മശാസ്താവിന്നൊരു
ബുദ്ധിതോന്നുന്നു-ജനം
കർമ്മഭക്തരായ്ത്തീർന്നാ-
ലെത്ര നന്നവർക്കെല്ലാം?
പുലിതൻ മോളിൽദ്ദേവൻ
ദർശനം നൽകീ, ഭക്തർ
മലമേൽ കടൽപോലെ-
യിരമ്പി സ്തുതിക്കായ്‌!
അരുളിച്ചെയ്തദ്ദേഹം:
'മക്കളേ, വരുംകൊല്ലം
വരുമ്പോളോരോ തൂമ്പാ-
കൊണ്ടുപോരണം നിങ്ങൾ;
വിള നൽകുവാൻ കൊതി
ച്ചെത്രമേൽക്കിടക്കുന്നു
നിലമെൻ ചുറ്റും; കന്നി-
മണ്ണിനെ ത്യജിക്കാമോ?
ഒരു നാഴിക വീതം
കിളച്ചേ മടങ്ങാവൂ
വരുവോരെല്ലാ, മവർ-
ക്കെന്റെ മംഗളം നിത്യം!'

3
കർമ്മത്തിൻ നവയുഗം
കാണുവാൻ കൊതിച്ചോരു
ധർമ്മശാസ്താവിൻ മോഹ-
മാകവേ തകർന്നുപോയ്‌!
പുലിയെക്കാളും മർത്ത്യൻ
വേലയെപ്പേടിക്കുന്നു;
മലകേറുവാനാരും
വന്നീല പിറ്റേ വർഷം!

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ