Skip to main content

നോവൽ/കുലപതികൾ[4]
സണ്ണി തായങ്കരി 
പുൽനാമ്പുകളിൽ
മഞ്ഞുതുള്ളികൾ സ്ഫടികംപോലെ വെട്ടിത്തിളങ്ങിയപ്പോൾ അബ്രാഹവും ഭൃത്യന്മാരും പാരാൻ മരുഭൂമിയുടെ അതിർത്തിയിലെത്തി. രാത്രിയിൽ മഞ്ഞ്‌ നനച്ചിട്ട മണൽവിരിപ്പിൽ കഴുതകളുടെ കുളമ്പുകൾ ചിത്രങ്ങൾ നെയ്ത്മുന്നേറി. പ്രകാശം വളർന്നുവികസിച്ചപ്പോൾ മരുഭൂമിയുടെ വന്യത മനുഷ്യരെയും കഴുതകളെയും ആക്രമിച്ചുതുടങ്ങി.
മധ്യാഹ്നത്തിലേയ്ക്കുള്ള പാതയിൽ അഗ്നിച്ചിറകുകൾ വിടർന്നു. പൊടുന്നനെ മണൽക്കാറ്റും എവിടെനിന്നോ പ്രത്യക്ഷപ്പെട്ടു. ചുറ്റിയടിച്ച മണൽക്കാറ്റ്‌ തെറുത്തുകൊണ്ടുപോയ മൺപായകൾ വിദൂരങ്ങളിൽ വിരിച്ചു. മണൽപ്പുറ്റുകൾ നെരിപ്പോടിലെ ഉമിത്തീപോലെ  ജ്വലിച്ചു. കുളമ്പുകൾ ചുട്ടുപൊള്ളിയപ്പോൾ കാലുകൾ വേഗം വലിച്ചുവെച്ചു, കഴുതകൾ.
മധ്യാഹ്നചൂടിന്റെ അധീശത്വം വൃദ്ധനായ അബ്രാഹത്തെ അസ്വസ്ഥനാക്കുന്നത്‌ ഏലിയേസർ ദുഃഖത്തോടെ അറിഞ്ഞു. കൈവശം വെള്ളവും ഭക്ഷണവും നന്നേകുറവ്‌. എല്ലാവർക്കും തികയില്ല. ദാസന്മാർ ഭക്ഷിക്കാതെ യജമാനൻ ഒരുതുള്ളി വെള്ളംപോലും ഇറക്കില്ലെന്ന്‌ അയാൾക്ക്‌ നിശ്ചയമുണ്ട്‌.
"അങ്ങേയ്ക്ക്‌ വിശപ്പും ദാഹവും കലശലായുണ്ട്‌. ക്ഷീണവും കൂടിയിരിക്കുന്നു. കഴുതയെ നിർത്തട്ടെയോ?" ഏലിയേസർ അനുവാദത്തിനായി കാത്തു.
"ഭക്ഷണം തികയില്ലല്ലോ?"
"അങ്ങ്‌ ഭക്ഷിച്ചാലും. ഈ ചൂട്‌ അങ്ങേയ്ക്ക്‌ താങ്ങാനാവില്ല."
"നമുക്കെല്ലാവർക്കും വേണ്ട ഭക്ഷണം കർത്താവ്‌ തരും."
വിശക്കുന്ന ദാസർക്ക്‌ ഭക്ഷണം കൊടുക്കാതെ യജമാനൻ ഭക്ഷിക്കുകയെന്നത്‌ അചിന്ത്യം. കർത്താവിനെതിരായ പാപമാണത്‌. വിശന്നു മരിച്ചാലും അദ്ദേഹമത്‌ ചെയ്യില്ല.
അബ്രാഹത്തിന്റെ ക്ഷീണിച്ച കണ്ണുകൾ ദൂരെ, പരിധിയില്ലാതെ പരന്നുകിടക്കുന്ന മണൽക്കാടുകളിലായിരുന്നെങ്കിലും വാക്കുകളിൽ പ്രതീക്ഷയുടെ നിറവുണ്ടായിരുന്നു.
"കർത്താവ്‌ കാരുണ്യവാനാണ്‌. തന്റെ മക്കൾക്കായി മഞ്ഞും മഴയും വസന്തവും നൽകുന്നവൻ. അവർക്കായി മണ്ണിൽനിന്ന്‌ ഫലം പുറപ്പെടുവിക്കുന്നവൻ. ഇരുവുപകൽ ഭേദമന്യേ ആ മിഴികൾ മക്കളെ വീക്ഷിക്കുന്നുണ്ട്‌."
മണൽക്കാടുകളെയും ചീറിയടിച്ച മണൽക്കാറ്റിനെയും ചുട്ടുപൊള്ളിക്കുന്ന ഉച്ചച്ചൂടിനേയും ആയാസപ്പെട്ടു പൈന്തള്ളി കഴുതകൾ മുന്നേറി. പാരാൻ മരുഭൂമിയുടെ മധ്യഭാഗത്തുള്ള പർവത താഴ്‌വരയിൽ എത്തിപ്പെട്ടപ്പോൾ മുന്നോട്ട്‌ വിരൽചൂണ്ടി ഒരു ഭൃത്യൻ ആഹ്ലാദത്തോടെ വിളിച്ചുപറഞ്ഞു-
"അതാ, അവിടെയൊരു ഗ്രാമത്തിന്റെ ലക്ഷണങ്ങൾ കാണുന്നുണ്ട്‌."
"ഈ മണലാരണ്യത്തിൽ ഗ്രാമമോ? നീ ദിവാസ്വപ്നം കാണുകയാണ്‌." മറ്റൊരു ഭൃത്യൻ കളിയാക്കി.
ഏലിയേസർ നെറ്റിക്കുമുകളിൽ കൈപ്പത്തിവച്ച്‌ സസൂക്ഷ്മം നോക്കി. ശരിയാണ്‌. അങ്ങകലെ ഈന്തപ്പനകൾ വളർന്നുനിൽക്കുന്നു. സൂര്യന്റെ ഉഗ്രതാപത്തെ തടഞ്ഞുനിറുത്തി അത്‌ പാരാനിൽ നിഴലിന്റെ കുളിർമ്മ സൃഷ്ടിക്കുന്നുണ്ടാവണം. അതിനുമപ്പുറം പൊട്ടുകൾപോലെ കാണുന്നത്‌ കൂടാരങ്ങളാവാം. മനുഷ്യൻ അവിടെ അധിവസിക്കുന്നുണ്ടെന്നതിന്‌ മതിയായ തെളിവ്‌. ഹാവൂ... ആശ്വാസമായി. യജമാനന്‌ വെള്ളവും ഭക്ഷണവും ഉടനടി കൊടുത്തേ മതിയാകൂ. അല്ലെങ്കിൽ ഈ മണൽക്കാട്ടിൽ ധനികരിൽ ധനികനായ തന്റെ യജമാനൻ...
പ്രത്യാശ മനസ്സിൽ കുളിർമ പകർന്നെങ്കിലും അടുത്ത ക്ഷണം മണലാരണ്യത്തിലെ കൊടുങ്കാറ്റ്‌ മണൽത്തരിയെ എന്നപോലെ പറത്തിക്കൊണ്ടുപോയി. ഈജിപ്തിലെ വ്യാപാരികൾ പറഞ്ഞതനുസരിച്ച്‌ അത്‌ ഇസ്മായേലിന്റെ താവളമാകാനേ തരമുള്ളു. അയാൾ തന്റെ യജമാനനോട്‌ ഏതുവിധമാകും വർത്തിക്കുക? അവനിൽനിന്ന്‌ നല്ലതൊന്നും പ്രതീക്ഷിക്കുക വയ്യ. പകയുടെ മൂർത്തരൂപമാണവൻ. പ്രതികാരമാണ്‌ അവന്റെ ലക്ഷ്യം. മുൻപിൻ ആലോചിക്കാതെ വെട്ടൊന്ന്‌ മുറി രണ്ട്‌ എന്ന പ്രകൃതവും!
ഏലിയേസർ യജമാനനെ ശ്രദ്ധിച്ചു. ഇവ്വിധമായ ചിന്തകളൊന്നും അദ്ദേഹത്തിലില്ല. മാത്രമല്ല, ആ കണ്ണുകളിലെ തിളക്കം അടുത്തകാലത്തൊന്നും കാണാത്തത്താണ്‌. വേർപിരിഞ്ഞ കടിഞ്ഞൂൽപുത്രനെ ഒരു നോക്കുകാണാൻ ഏതു പിതാവാണ്‌ ആഗ്രഹിക്കാത്ത്‌? അവന്‌ ജന്മമേകിയ സ്ത്രീയേയും. വിരഹദുഃഖം അനുഭവിച്ചവർക്കേ അതിന്റെ നീറ്റലും പുകച്ചിലും അറിയൂ. സാറാ യജമാനത്തിയുടെ വേർപാട്‌ അതിന്‌ ആക്കം കൂട്ടിയിട്ടുണ്ടാവണം.
അവർ മലയടിവാരത്തിൽ എത്തുംമുമ്പ്‌ എണ്ണമറ്റ ഒട്ടകങ്ങളുടെ ഒരുപടതന്നെ അവർക്കെതിരെവന്ന്‌ താഴ്‌വാരത്തിൽ നിലയുറപ്പിച്ചു. തടിച്ച വില്ലാളിവീരന്മാരായിരുന്നു അവർ. കല്ലും കവിണയും അമ്പും വില്ലും അവരുടെ കൈവശമുണ്ടായിരുന്നു. രക്ഷപ്പെടാനുള്ള പഴുതുകളൊന്നും ശേഷിച്ചിട്ടില്ലെന്ന്‌ ഭൃത്യന്മാർക്ക്‌ ബോധ്യമായി. ഭയപ്പെട്ട്‌ അലറിവിളിച്ച ഭൃത്യന്മാരെ അബ്രാഹം ധൈര്യപ്പെടുത്തി.
"നിർഭയരായിരിക്കുവിൻ. ദൈവം നമ്മോടുകൂടെയുണ്ട്‌. ഒരാപത്തും വരില്ല."
"യജമാനനെ... ആ കാട്ടുചെന്നായ്ക്കള്‌ നമ്മളെ വകവരുത്തും. അവരുടെ കയ്യിൽ ആയുധങ്ങളുമുണ്ട്‌. കൊള്ളയടിക്കാൻ കൈവശമൊന്നുമില്ലാത്തതിനാൽ നമ്മളെയവർ പിച്ചിച്ചീന്തും."
"ഒന്നും സംഭവിക്കില്ല. അത്‌ ഇസ്മായേലിന്റെ അംഗരക്ഷകരാണ്‌."
പറഞ്ഞുതീരും മുമ്പ്‌ കവിണയിൽനിന്ന്‌ പാഞ്ഞുവന്ന ഒരു കല്ല്‌ ഏലിയേസറിന്റെ കഴുതയുടെ പള്ളയ്ക്കുകൊണ്ടു. പ്രാണവേദനയോടെ അലറിക്കരഞ്ഞ കഴുത ഏലിയേസറിനൊപ്പം ചുട്ടുപഴുത്തമണ്ണിൽ വീണു. കല്ല്‌ കഴുതയുടെ പള്ളതുളച്ച്‌ ഉള്ളിൽ പ്രവേശിച്ചിരുന്നു. കല്ലുകയറിയ മുറിവിലൂടെ ചോര ചീറ്റി. ചൊരിമണൽ അത്‌ വലിച്ചുകുടിച്ചു. കഴുതയുടെ കരച്ചിൽ നേർത്തുനേർത്ത്‌ ഇല്ലാതായി. പിന്നെ സാവധാനം തല മണ്ണിൽ പൂഴ്ത്തി നിശ്ചലമായി.
അപ്രതീക്ഷിതമായ ആക്രമണത്തിൽ അബ്രാഹം പകച്ചുപോയി. നിമിഷാർധത്തിൽ മുന്നിൽ പ്രത്യക്ഷപ്പെട്ട ആജാനബാഹുവിനെ സാകൂതം നോക്കി. ഇരുനിറമുള്ള ആ വില്ലാളിവീരന്റെ ഓരോ അംഗങ്ങളെയും അബ്രാഹത്തിന്റെ കണ്ണുകൾ വാത്സല്യപൂർവം തലോടി. എത്രയോ നാളുകളായി കാണാൻ കൊതിച്ച മുഖം...!
'ഇസ്മായേൽ... എന്റെ മകൻ ഇസ്മായേൽ...' അബ്രാഹത്തിന്റെ മനം മുരണ്ടു. ഹൃദയം വാത്സല്യത്തിന്റെ സ്വർണച്ചാമരം വീശി. കനലുരുക്കുന്ന ചൂടിൽ അത്‌ സുഗന്ധം കോരിച്ചൊരിഞ്ഞ കുളിർകാറ്റായി. അകലെ നിലകൊണ്ട അവന്റെ ശിരസ്സിൽ സ്പർശിക്കാൻ കർത്താവ്‌ തനിക്ക്‌ ആയിരം കൈകൾ തന്നില്ലല്ലോയെന്ന്‌ ഒരു നിമിഷം കുണ്ഠിതപ്പെട്ടു.
എന്റെ കടിഞ്ഞൂൽപുത്രൻ, ഇസ്മായേൽ, നീയെത്രയോ വളർന്നിരിക്കുന്നു! എന്തൊരു തലയെടുപ്പ്‌!! കൈകാലുകളിലും വിരിഞ്ഞമാറിലും ഉരുണ്ടുകളിക്കുന്ന ഉറച്ച മസിലുകൾ... ഭൂമിയിലെ ഏതു ബലവാനെയും അവൻ കരബലത്താൽ നിഷ്പ്രഭനാക്കും.
എങ്കിലും എന്തോ ഒരു കുറവ്‌ സ്വത്വത്തെ അപൂർണ്ണമാക്കുന്നതുപോലെ... മഹിതമായ തന്റെ പാരമ്പര്യത്തിന്റെ അഭാവമോ...? അപരിചിതത്വത്തിന്റെ ഗഹനതയോ...?
ഒന്നിലും കൂസാത്ത ഇസ്മായേലും പിതാവിനെ മുഖാമുഖം കണ്ടപ്പോൾ അമ്പരന്നുപോയി. ജന്മം നൽകി, നിർദയം ഉപേക്ഷിച്ചവനെങ്കിലും ആ രക്തമാണ്‌ തന്നിലോടുന്നത്‌. ആ പാദങ്ങൾ തൊട്ടുവന്ദിച്ചാലോ? പിതാവിന്റെ മുന്നിൽ ശിരസ്സ്‌ നമിക്കുന്നതിൽ എന്താണ്‌ തെറ്റ്‌? അപ്പോൾ വിറയാർന്ന ആ കൈകൾ തന്റെ ശിരസ്സിൽ... പിതാവിന്റെ അനുഗ്രഹം പുത്രന്‌ എത്ര വിലപ്പെട്ടതാണ്‌...
അപ്പോൾതന്നെ അത്തരം വൈകാരിക ചിന്തകളെ ഗർവോടെ പറിച്ചെറിഞ്ഞ്‌ ഹൃദയം കൂടുതൽ കഠിനമാക്കി, ഇസ്മായേൽ. എന്തിനുവേണം ആ അനുഗ്രഹം? അയാൾ തനിക്ക്‌ ആരാണ്‌? കടിഞ്ഞൂൽ പുത്രനായിട്ടും ദാസിയിൽ ജനിക്കുകമൂലം അവകാശം നിഷേധിച്ചു. ദാസിയിൽ ജനിച്ചതു ആരുടെ കുറ്റം? ഒരു പിതാവിന്റെ സ്നേഹവാത്സല്യങ്ങൾ എന്തുകൊണ്ട്‌ നിഷേധിച്ചു? ആദ്യഭാര്യയിൽ പുത്രനുണ്ടായപ്പോൾ തന്നെയും അമ്മയേയും ഒരു സഞ്ചി വെള്ളവും ഏതാനും അപ്പക്കഷണങ്ങളുംതന്ന്‌ നിഷ്കരുണം മരുഭൂമിയിലേക്ക്‌ വലിച്ചെറിഞ്ഞ ദുഷ്ടൻ... കാരണമോ, കുഞ്ഞനുജനായി ഏറെ സ്നേഹിച്ച ഇസഹാക്കിനൊപ്പം കളിച്ചുപോൽ! ദാസിയുടെ മകന്റെകൂടെ യജമാനത്തിയുടെ മകൻ വളർന്നാൽ അവകാശം കൊടുക്കേണ്ടിവരില്ലേയെന്ന ദുഷ്ടചിന്ത... കടിഞ്ഞൂൽ പുത്രന്‌ ഇരട്ടി അവകാശത്തിന്‌ അർഹതയുണ്ടല്ലോ.
ഇസ്മായേലിനെ പരുക്കനും നിഷേധിയും പ്രതികാരദാഹിയുമാക്കിയത്‌ ആരാണ്‌? ജീവിത വ്യാമോഹങ്ങളുടെ സ്വപ്നഭൂമിയിൽനിന്ന്‌ പുറന്തള്ളപ്പെട്ടവന്‌ യാതനയും വേദനയും അവഗണനയും മാത്രമായിരുന്നല്ലോ കൈമുതൽ. സഹനങ്ങളുടെ ഊഷരഭൂമിയെ ജീവിതത്തട്ടകമാക്കുമ്പോൾ വിദ്വേഷത്തിന്റെ പാഞ്ചജന്യം മുഴക്കുവാൻ പ്രേരിപ്പിച്ചതു വിധിയോ വിധാതാവോ... അതോ ജന്മംനൽകിയ ഈ പിതാവുതന്നെയോ...?
എല്ലാം കഴിഞ്ഞിട്ടിപ്പോൾ വഴിതെറ്റി വന്നിരിക്കുന്നു! എന്തിനാവും ഇപ്പോൾ ഈ പുറപ്പാട്‌? ധർമപത്നിയുടെ വേർപാട്‌ ഒരു വിചിന്തനത്തിന്‌ പ്രേരിപ്പിച്ചിരിക്കുമോ? ഇനി അരുതെന്നുപറയാൻ ആളില്ലല്ലോ.
വേണ്ടാ. തിരസ്കൃതനെന്ന പദവിതന്നെ ധാരാളം. പിതാവിന്റെയും പുത്രന്റെയും ആ പഴയ കണക്കുപുസ്തകം തിരസ്കൃതനായ താനെന്നേ അടച്ച്‌ മുദ്രവെച്ചുകഴിഞ്ഞു. ആരുടെയും സഹായമില്ലാതെ തന്റേതായ വഴികൾ തെരഞ്ഞെടുത്തു. ഒരിക്കൽ ഹൃദയത്തിൽ തറച്ചുകയറിയ വിദ്വേഷത്തിന്റെ മുള്ള്‌ ജീവിതപന്ഥാവിൽ എന്തിനെയും അതിജീവിക്കാനുള്ള, പ്രതിരോധങ്ങളെ തകർത്ത്‌ തരിപ്പണമാക്കാനുള്ള ജീവേച്ഛയായി വളർന്നിരിക്കുന്നു.
"ഞങ്ങൾ ഇവരെ കൊള്ളയടിക്കട്ടോ?"
ഈ സമയമത്രയും നിഷ്ക്രിയനായിനിന്ന സംഘത്തലവൻ ഇസ്മായേലിന്റെ കൽപനക്കായി കാത്തു. ണല്ലോരു കോളൊത്തുവന്ന സന്തോഷമായിരുന്നു അയാൾക്ക്‌. ഇസ്മായേൽ സംഘത്തലവനുനേരെ തിരിഞ്ഞു.
"ആരാണ്‌ ഇവർക്കുനേരെ കല്ലെയ്തത്‌?"
കവിണ പ്രയോഗിച്ച മല്ലൻ പാരിതോഷികം കിട്ടുമെന്ന പ്രതീക്ഷയിൽ മുമ്പോട്ടുചെന്നു. തൽക്ഷണം ഒരട്ടഹാസത്തോടെ ഇസ്മായേൽ അവന്റെ കഴുത്തിനുപിടിച്ച്‌ പൊക്കി മൂന്നുവട്ടം കറക്കി, ഒരേറ്‌. കവിണയിൽനിന്ന്‌ കല്ലുചെന്നുപതിച്ച ദൂരത്തിൽ അയാൾ ഒരു ഭീമൻ പാറയിൽ പതിച്ചു. ഒന്നു ഞരങ്ങി, പിടച്ച്‌, ചലനമറ്റു. ഞെട്ടിത്തരിച്ചുനിന്ന സംഘത്തലവനോട്‌ ഇസ്മായേൽ ആജ്ഞാപിച്ചു-
"ചത്ത കഴുതയുടെയും ഈ നെറികെട്ടവന്റെയും ശവങ്ങൾ ഒരേകുഴിയിൽ അടക്കം ചെയ്തേക്കു."
തലവൻ ശിരസ്സുനമിച്ചു.
"ചത്ത കഴുതയ്ക്കുപകരം തടിമിടുക്കുള്ള പത്തുകഴുതകളെ കൊടുത്തേക്ക്‌."
അബ്രാഹത്തിന്റെ മുഖം ഒരിക്കൽക്കൂടി കാണാൻ ആഗ്രഹിക്കാതെ തിരിഞ്ഞുനടക്കുമ്പോൾ ആ കനത്ത സ്വരം വീണ്ടും കേട്ടു-
"അതിഥികൾക്ക്‌ ഭക്ഷണപാനീയങ്ങൾ നൽകി, വിശ്രമസൗകര്യം ചെയ്തുകൊടുത്ത്‌ യാത്രയാക്കുക..."
അബ്രാഹം 'മകനേ' യെന്ന്‌ വിളിക്കാൻ ശ്രമിച്ചതാണ്‌. പക്ഷേ, ശബ്ദം പുറത്തുവന്നില്ല.  അപ്പോഴേയ്ക്കും ഇസ്മായേൽ അപ്രത്യക്ഷണായിക്കഴിഞ്ഞിരുന്നു.
ഏലിയേസറിന്‌ തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. പിതാവ്‌ മകനോടുള്ള സ്നേഹം ഇടനെഞ്ചിൽ സൂക്ഷിക്കുംപോലെ പരുക്കനായ ഈ മകനും പിതാവിനോടുള്ള ആദരവ്‌ ഒരമൂല്യനിധിപോലെ കാക്കുന്നുവേന്നതിന്റെ തെളിവല്ലേ ഇത്‌? തന്റെ ഉത്കണ്ഠകൾ അസ്ഥാനത്തായിരുന്നുവേന്ന്‌ അയാൾക്കുതോന്നി.
അബ്രാഹത്തിന്റെ ആനന്ദത്തിന്‌ അതിരില്ലായിരുന്നു. എന്തെല്ലാം ദുഷ്ചിന്തകളായിരുന്നു. കാണുന്നമാത്രയിൽ ആട്ടിപ്പായിക്കുമെന്നാണ്‌ കരുത്തിയത്‌. പക്ഷേ, അറിയാതെപോലും തന്നെ ദ്രോഹിച്ചവനെ അവൻ നിഷ്കരുണം വധിച്ചില്ലേ?  മാത്രമോ, കഴുതയുടെ പിണത്തിനൊപ്പമല്ലേ കവിണപ്രയോഗം നടത്തിയവന്റെ ശവമടക്കാൻ കൽപിച്ചതു? അതിലൂടെ പിതാവിനോടുള്ള സ്നേഹവും ബഹുമാനവും ഉറക്കെ പ്രഖ്യാപിക്കുകയല്ലേ അവൻ ചെയ്തത്‌?
ഇസ്മായേൽ പരുക്കനാണെന്നതു ശരിതന്നെ. നന്നേ ചെറുപ്പം മുതൽ അവൻ അങ്ങനെയായിരുന്നു. എന്തെല്ലാം തിക്താനുഭവങ്ങളിലൂടെയാണ്‌ അവൻ കടന്നുപോയത്‌. എത്ര അഗ്നിപരീക്ഷണങ്ങളെ നേരിട്ടു. നിന്ദ, അവഹേളനം, അനാഥത്വം ഇതൊക്കെയല്ലേ അവന്‌ ലഭിച്ചിട്ടുള്ളു. ഇസഹാക്കിന്റെ ജനനശേഷം അവനെ ലാളിക്കാൻ സാധിച്ചിട്ടില്ല. ആഗ്രഹമുണ്ടായിരുന്നെങ്കിലും സാറാ അതിന്‌ സമ്മതിച്ചിട്ടില്ല. മരണശേഷമെങ്കിലും അവളത്‌ തിരിച്ചറിയുന്നു!
ഒരിക്കലെങ്കിലും 'മകനേ'യെന്ന്‌ വിളിക്കാമായിരുന്നു. ചേർത്തുനിർത്തി പിതൃനിർവിശേഷമായ വാത്സല്യത്തോടെ ആ ശിരസ്സിൽ തലോടാമായിരുന്നു. ഒരുപക്ഷേ, അതോടെ അവന്റെ പകയും വിദ്വേഷവും ഒലിച്ചുപോയേനെ. തനിക്കതിനുകഴിഞ്ഞില്ല. ദുരഭിമാനമാണ്‌ നാവിനെ തളർത്തിയത്‌.
സംഘത്തലവൻ അടുത്തെത്തി അബ്രാഹത്തിനെ താണുവണങ്ങി. ആദരവോടെ കൂടാരത്തിലേയ്ക്ക്‌ അവർ ആനയിക്കപ്പെട്ടു.
മണൽക്കാടുകളിൽ ചുറ്റിയടിച്ച കാറ്റിന്റെ ദിശമാറിത്തുടങ്ങി. ഈന്തപ്പനക്കുടകളുടെ നിഴൽ പൂർവദിക്കിലേയ്ക്ക്‌ ഒഴുകിപ്പരന്നു. ക്രമേണ വ്യക്തത്ത നഷ്ടപ്പെട്ട്‌ രാക്ഷസക്കൂട്ടങ്ങളുടെ ഭീകരചിത്രങ്ങളായി രൂപാന്തരം പ്രാപിച്ചു.

തുടരും

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…