22 Dec 2012

എന്റെ ഹിമാലയൻ യാത്ര-9.



പ്രഫുല്ലൻ  തൃപ്പൂണിത്തുറ


ഹരിദ്വാർ പുനസന്ദർശനം -ത്രിവേണീസംഗമസ്നാനം


    ഹിമാലയയാത്ര കഴിഞ്ഞ്‌ രാത്രി 8നു, വീണ്ടും യാത്ര തുടങ്ങിയ ഹരിദ്വാറിലെ അയ്യപ്പക്ഷേത്രത്തിൽ ഞങ്ങൾ മടങ്ങിയെത്തി. അവിടെ ലഭിച്ച ചൂടുള്ള കേരളശൈലിയിലുള്ള ഭക്ഷണവും കഴിച്ച്‌ സുഖമായുറങ്ങി.
    പിറ്റേന്ന്‌ 29.9.2011ൽ പുലർച്ചേ ജോബുസാറുമൊന്നിച്ച്‌, അഴുക്കാകാത്ത പവിത്രമായ ഗംഗാ നദിയിലെ സ്നാനത്തിനായി വീണ്ടും ഇറങ്ങി. ഒന്നു മുങ്ങി നിവരുമ്പോൾ സർവ്വക്ഷീണവും മാറുന്ന ഗംഗാസ്നാനം വീണ്ടും അനുഭവിച്ചു.
    സ്നാനം കഴിഞ്ഞെത്തിയപ്പോൾ ഗോതമ്പുനുറുക്കുകൊണ്ടുള്ള ഉപ്പുമാവും സാമ്പാറുമായിരുന്നു പ്രഭാതഭക്ഷണം. കുറേനാൾക്കുശേഷം ഒരു പ്രത്യേകസ്വാദോടെ ആസ്വാദ്യതയോടെ അതുകഴിച്ചു. അതുപോലെത്തന്നെ ഉച്ചയ്ക്ക്‌ കേരളത്തിൽ ലഭിക്കുന്നപോലുള്ള ഊണും കഴിച്ച്‌ പൂർണ്ണമായി വിശ്രമിച്ചു. വെയിലാറിയപ്പോൾ ഹരിദ്വാറിലെ തിരക്കുള്ള തെരുവുകളിലൂടെയും മാർക്കറ്റുകളിലൂടെയും വീണ്ടും സഞ്ചരിച്ചു. പട്ടുശീലത്തരങ്ങളും തണുപ്പിനെ അതിജീവിക്കുന്ന പുതപ്പുകളും വസ്ത്രങ്ങളുൾപ്പെടെ എന്തും അവിടെ ന്യായമായ വിലയ്ക്കു ലഭിയ്ക്കുമെന്നും അനുഭവപ്പെട്ടു. കൂട്ടത്തിൽ ഞാൻമാത്രം മുണ്ടുടുത്തതിനാൽ പലരുമെന്ന കേരളീയനെന്നു തിരിച്ചറിഞ്ഞു. തിരിച്ചറിഞ്ഞവർ പാന്റുധാരികളായതിനാൽ അവർ സ്വയം പരിചയപ്പെടുത്തുന്നതുവരെ അവർ കേരളീയരാണെന്നു എനിക്കൊട്ടുമനസ്സിലായുമില്ല. ഏതായാലും പരസ്പരം മലയാളത്തിൽ സംസാരിച്ചപ്പോൾ ഒരു പ്രത്യേകസുഖം അനുഭവപ്പെട്ടു. ഒരു ഗൃഹാതുരത്വവും! ഹരിദ്വാറിൽ കൂലിപ്പണിക്കാർ മുതൽ ഡ്രൈവർമാർ മുതൽ വൻവ്യവസായികൾവരെ ഹോട്ടലുടമകൾ വരെ ഒരു വലിയ ജനസംഖ്യ മലയാളികളുടേതായുണ്ട്‌ എന്ന്‌ ഞാൻ തിരിച്ചറിഞ്ഞു.
    പ്രസിദ്ധമായ 'ഹർകി പ്രിയിലെ' ആസ്വാദ്യകരവും ദൈവീകവുമായ ഗംഗാതീര ദീപാരാധനയിൽ വീണ്ടും പങ്കെടുത്തു. ഗംഗാദേവിയുടെ ഒരു ചെറിയ നീർച്ചാൽ മനസ്സിലേക്കു ഒഴുകിയെത്തിയപോലെ ഒരപൂർവ്വ അനുഭവം!
    പിറ്റേന്നു 30നു രാവിലെ ഹരിദ്വാറിലുള്ള ക്ഷേത്രങ്ങളും പ്രസിദ്ധമായ തീർത്ഥാടനകേന്ദ്രങ്ങളും സന്ദർശിയ്ക്കാൻ ഉഷാറോടെ പുറപ്പെട്ടു.
    ശ്രീശങ്കരാചാര്യമഹാക്ഷേത്രം, ഗീതാമന്ദിർ, മെർക്കുറി ശിവലിംഗക്ഷേത്രം (150 കി.ഗ്രാമാണു വിഗ്രഹത്തിന്റെ തൂക്കം) ദക്ഷപ്രജാപതികേന്ദ്രം, പാവൻ ധാം ഗ്ലാസുമന്ദിർ, ഒരു പുരാണ പ്രദർശനം തന്നെ ഒരുക്കിയിട്ടുള്ള ഇന്ത്യൻ ടെമ്പിൾ, (ശൂർപ്പണഖയുടെ മൂക്കുമുറിയ്ക്കുന്നതും, ഹനുമാൻ മൃതസഞ്ജീവനി കൊണ്ടുവരുന്നതും തുടങ്ങി ഒട്ടേറെ അപൂർവ്വ ദൃശ്യങ്ങളുണ്ടിവിടെ) ശ്രീരാമക്ഷേത്രം, ശ്രീസദ്ഗുരു ദേവക്ഷേത്രം, വൈഷ്ണവ ദേവീക്ഷേത്രം, ഭാരത്ത്‌ മാതാ ക്ഷേത്രം തുടങ്ങിയവ തീർത്ഥാടകർക്കു വേണ്ടി വളരെ ശ്രദ്ധാപൂർവ്വം ക്രമമായി ഒരുക്കിയിരിയ്ക്കുന്നതു കണ്ടു.
    ഹരിദ്വാറിലെ രണ്ടാം സന്ദർശനത്തിനും വിശ്രമത്തിനും ശേഷം ത്രിവേണിസംഗമം കാണാനായി അലഹാബാദിലേയ്ക്കു യാത്രതിരിച്ചു.

അലഹബാദിലെ ത്രിവേണി സംഗമം
    രണ്ടിനു രാവിലെ ചരിത്ര പ്രസിദ്ധമായ അലഹാബാദിൽ ഞങ്ങളുടെ തീവണ്ടി എത്തിച്ചേർന്നു. രാവിലെ ഒമ്പതിനു പ്രയാഗയിൽ ഗംഗായമുനാസരസ്വതി സംഗമത്തിൽ പിതൃതർപ്പണം നടത്തി. അവിടെ ഗംഗയും യമുനയും മാത്രം സംഗമിയ്ക്കുന്നതാണു നാം കാണുന്നത്‌. വടക്കു നിന്നും ഒഴുകിയെത്തുന്ന ഗംഗാനദിയും പടിഞ്ഞാറു നിന്നും വരുന്ന യമുനാ നദിയും ഒത്തുചേരുന്ന ദൃശ്യചാരുത ഏതൊരു തീർത്ഥാടകന്റെയും മനസ്സിൽ ഒരു പ്രത്യേക നിർവൃതിയുടെ മഴവില്ലു വിരിയ്ക്കുന്നു. കറുത്തിരുണ്ട യമുനയും തെളിഞ്ഞ്‌ വെള്ളയും നീലിമയുമാർന്ന ഗംഗയും സംഗമിയ്ക്കുന്ന ഇവിടെ ഓരോന്നിന്റെയും നിറവ്യത്യാസം പ്രത്യേകം പ്രകടമാണ്‌.
    നമുക്കു ദൃശ്യമാകാത്ത സരസ്വതി നദി ഭൂമിയ്ക്കടിയിലാണെന്നാണു സങ്കൽപം. എന്നാലും ത്രിവേണീ സംഗമഘട്ടം ഭാരതത്തിലെ പ്രധാനപ്പെട്ട പുണ്യതീർത്ഥമായി കണക്കാക്കപ്പെടുന്നു. രജപുത്താന മരുഭൂമിയിൽ വച്ച്‌ വരണ്ടുപോയ സരസ്വതീ നദി അന്തർവാഹിനിയായി ഇവിടെ ഒഴുകിയെത്തി ത്രിവേണീസംഗമത്തിൽ ലയിയ്ക്കുന്നുവേന്നാണു വിശ്വാസം. മഹാഭാരതയുദ്ധക്കെടുതികൾ കണ്ടു മനംനൊന്തു സരസ്വതീ നദി അന്തർവാഹിനിയായെന്നും പുരാണമുണ്ട്‌. ഏതായാലും അയ്യായിരംവർഷങ്ങൾക്കു മുമ്പ്‌ സരസ്വതീ നദി ഇവിടെ ഒഴുകിയിരുന്നതിനു പുരാണത്തിലെ പല കഥകളും സാക്ഷിയാണ്‌.
    12 വർഷത്തിലൊരിയ്ക്കൽ പൂർണ്ണകുംഭമേളയും ആറു വർഷം കൂടുമ്പോൾ അർദ്ധകുംഭമേളയും നടക്കുന്ന പുണ്യനഗരിയാണ്‌ പ്രയാഗ്‌.
    ഇന്നു ജനബാഹുല്യവും നഗരവൽക്കരണവും മൂലം സംഗമതീരം മുഴുവൻ അഴുക്കും ചെളിയും മാലിന്യങ്ങളും തളം കെട്ടി കിടക്കുന്നു. തീരത്തിലൊന്നും സ്നാനകർമ്മാദികൾ നടത്തുന്നതിനു സൗകര്യമില്ലാത്തതിനാൽ നദീ മധ്യത്തിലെ സംഗമസ്ഥാനത്ത്‌ വള്ളത്തിലും ബോട്ടിലുമെത്തി സ്നാനം ചെയ്ത്‌  പിതൃതർപ്പണം ചെയ്തു തീർത്ഥാടകർ തീരത്തേയ്ക്കു മടങ്ങുന്നു.
    ഇവിടെ ഒത്തുചേരുന്ന ഗംഗയും യമുനയും കാശിയെ ലക്ഷ്യമാക്കി പ്രവഹിയ്ക്കുന്നു.
    പ്രയാഗിലെ ഗംഗാ യമുനാ സംഗമഘട്ടത്തിന്റെ അലൗകിക ഭംഗി കണ്ട്‌ അക്ബർ ചക്രവർത്തി ഈ പ്രദേശത്തിനെ 'ദൈവസങ്കേതം' എന്ന്‌ അർത്ഥംവരുന്ന 'ഇലഹബാദ്‌ എന്നു വിളിച്ചു. മത വൈരാഗ്യം ഇല്ലായ്മ ചെയ്യുന്നതിന്നായി അക്ബർ 1684-ൽ സർവ്വമതസാരങ്ങളും സ്വാംശീകരിച്ച്‌ 'ദിൻഇലാഹി' എന്ന മതം ഇവിടെ സ്ഥാപിച്ചു. ഇങ്ങിനെയാണ്‌ ഇലാഹബാദ്‌ ഉണ്ടായതെന്നും അതു പിന്നീട്‌ അലഹാബാദ്‌ ആയിത്തീർന്നു വേന്നും പറയപ്പെടുന്നു. ഇവിടെ സംഗമതീരത്തും അശോക ചക്രവർത്തി നിർമ്മിച്ച ഒരു കോട്ടയുണ്ട്‌. അക്ബർ ചക്രവർത്തി അതു പുതുക്കിപ്പണിതു. ബ്രട്ടീഷ്‌ ഭരണകാലത്ത്‌ ഇതൊരു ആയുധപ്പുരയായി ഉപയോഗപ്പെടുത്തിയിരുന്നു. കോട്ടയ്ക്കുള്ളിൽ ഒരു ഗുഹാക്ഷേത്രവുമുണ്ട്‌.
    പല സംസ്കാരങ്ങളും പുതിയ നാഗരീകതയും കൊണ്ടു വരുന്ന അന്യസംസ്ഥാനക്കാരെയും വിദേശികളെയും അലഹബാദിലേയ്ക്കെത്തിയ്ക്കുന്ന എക്സ്പ്രസ്സ്‌ തീവണ്ടികൾ ചൂളം വിളിച്ചു കുതിച്ചുപായുന്നത്‌ നദീ തീരത്തു നിൽക്കുമ്പോൾ വളരെയകലത്തിൽ കണ്ടു. തീർത്ഥാടകരുടെ ഇടയിലൂടെ അൽപവസ്ത്രധാരികളായ ഭസ്മത്തിൽ മുങ്ങിയ സന്യാസിമാരെയും, ഭക്ഷണത്തിനും വസ്ത്രത്തിനും യാചിയ്ക്കുന്ന നിരവധി പാവങ്ങളെയും കണ്ടു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...