22 Dec 2012

എഴുത്തുകാരന്റെ ഡയറി

 സി.പി.രാജശേഖരൻ

ഒരു നവംബറിൽ തീരുന്ന മലയാളം


    ഇല്ല; നവംബർ മുഴുവനും ഇല്ല. കേവലം നവംബർ ഒന്നുമാത്രം ആഘോഷിച്ചു തള്ളിക്കളയുന്ന മലയാളമാണ്‌ നമ്മുടേത്‌. പ്രസംഗമണ്ഡപങ്ങളിൽ കയറിയാൽ മലയാള സ്നേഹം എല്ലാവരുടേയും കഴുത്തിനുമീതെ വഴിഞ്ഞൊഴുകി, തുള്ളി തുളുമ്പുകയാണ്‌. ഈ തുള്ളി തുളുമ്പുന്ന കക്ഷികളുടെയൊക്കെ വീട്ടിൽചെന്ന്‌ അവിടുത്തെ മലയാളം ഒന്ന്‌ പരീക്ഷിയ്ക്കേണ്ടതാണ്‌. മലയാളത്തിന്‌ ക്ലാസ്സിക്‌ പദവിയും ശ്രേഷ്ഠഭാഷാപദവിയും തേടിപ്പോകുന്ന മലയാള മല്ലന്മാരുടെ ശ്രദ്ധയ്ക്ക്‌ ഒരു ചെറിയ കാര്യം പറയട്ടെ.  മിനിമം ചെയ്യാൻ പറ്റുന്ന ഒരു കാര്യമുണ്ട്‌ ടിവിയിലും മറ്റ്‌ റേഡിയോ ഫോണിൻ പരിപാടിയിലും പങ്കെടുക്കുന്ന മലയാള സാഹിത്യവല്ലഭന്മാരും നേതാക്കളും മലയാലം കൊഞ്ചിപറയുന്ന ഈ പെൺകൊടിമാരുടെ ചെകിടത്ത്‌ ഒന്ന്‌ പൊട്ടിച്ചിട്ട്‌ പോരാൻ പറ്റുമോ. ഇവളുമാരുടെ തന്തയും തള്ളയുമെല്ലാം 'മലയാലം ക്ലാശിക്കാണോ' വീട്ടിലും സംസാരിയ്ക്കുന്നത്‌ എന്ന്‌ അന്വേഷിയ്ക്കണം. മലയാളം സർവ്വകലാശാലയ്ക്കും വിശ്വമലയാളോത്സവത്തിനും കൊടിപറത്തി നടക്കുന്നവർ ഏതു കോടികളുടെ പുറകെയാണോവോ കണ്ണുംനട്ടിരിയ്ക്കുന്നത്‌. സ്വന്തം വീട്ടിലെ കുഞ്ഞുങ്ങളെ മലയാളം വായിയ്ക്കാനും എഴുതാനും പഠിപ്പിയ്ക്കാത്ത ആർക്കൊക്കെയാണാവോ ഇനി മലയാള സർവ്വകലാശാലാ എമിററ്റസ്സ്‌ പദവി നൽകാൻ പോകുന്നത്‌ എന്നും അറിയില്ല.
    സർക്കാരിനെ ഒരു വലിയ വെളളാനയായിക്കണ്ട്‌ വെള്ളാനകളെക്കൊണ്ട്‌ എല്ലാ സാഹിത്യസാംസ്കാരിക സദസ്സും നിശ്ചയിക്കുന്നഒരു പറ്റം ഉദരംഭരികളാണ്‌ എല്ലാരംഗത്തും ഇന്ന്‌ വിലസുന്നത്‌.മലയാള സർവ്വകലാശാലയിൽ മലയാളം മാത്രം പഠിപ്പിച്ചാൽ മതിയെന്ന്‌ ഈയുള്ളോനും നിർബന്ധിക്കുന്നില്ല പക്ഷേ, അവിടെ തുടങ്ങുന്ന ഏതൊരു കാര്യവും മലയാള ഭാഷയ്ക്ക്‌ പരോക്ഷമായെങ്കിലും ഗുണം ചെയ്യുന്നവയായിരിക്കണം. മലയാളസാഹിത്യത്തേയും ഭാഷയേയും വിവർത്തനം ചെയ്യുന്ന മറ്റ്‌ ഭാഷാ ഡിപ്പാർട്ടുമന്റുകളാണ്‌ വേണ്ടത്‌. അല്ലാതെ അത്‌ മറിച്ചാകരുത്‌. മറ്റ്‌ ഭാഷാകൃതികളെ മലയാളത്തിലേയ്ക്ക്‌ കൊണ്ടുവരുമ്പോഴും അത്‌ നമ്മുടെ ഭാഷയ്ക്ക്‌ എത്രഗുണം ചെയ്യും എന്ന്‌ ആലോചിയ്ക്കണം.
    ഇന്ത്യയിലേയും കേരളത്തിലേയും ഈ ദുർഗ്ഗതി രാഷ്ട്രീയധമന്മാരെക്കൊണ്ട്‌ മാത്രമല്ല, സാംസ്കാരികാധമന്മാരെക്കൊണ്ട്‌ കൂടി വന്നുചേർന്നതാണ്‌. മറ്റൊരു നാട്ടിലും ഭാഷയിലും ഇല്ലാത്തത്ര കുതികാൽ വെട്ടും താൻപോരിമയും മലയാളത്തിലുണ്ട്‌. ചാനലുകൾ ഊതിവീർപ്പിച്ച ബലൂണുകളാണ്‌ എല്ലാ കസേരകളിലും മേലാളായിച്ചമഞ്ഞിരിയ്ക്കുന്നത്‌
. എഴുത്തും വായനയും ഗുരുത്വത്തോടെ വിതരണം ചെയ്യുകയും ചെയ്യുന്ന അനേകം നിസ്വാർത്ഥർ ഈ ഭാഷാ ദേശത്തുണ്ട്‌. അവരെല്ലാം മൗനികളായിരിയ്ക്കുന്നു. ഭാഷാ സ്നേഹികളായ എഴുത്തുകാരും കവികളും കഥാകാരന്മാരുമൊന്നും ഈന്ന്‌ ഒന്നിലും മുൻനിരയിലില്ല. അർത്ഥമില്ലാതെ പലതും പറഞ്ഞുപറഞ്ഞ്‌ ചവച്ചരച്ച്‌ ചർവ്വിതചർവ്വണം നടത്തുന്ന ഡിക്ഷൻ പാനലിന്റെ കയ്യിലാണ്‌ നാളത്തെ മലയാളം. അത്‌ നമ്മെ ഓക്കാനിപ്പിക്കും.
    നവംബർ ഒന്ന്‌ കഴിഞ്ഞു. മാസം ഇതാ കടന്നുപോകുന്നു. പക്ഷേ ഈ ഒന്നിന്‌ ശേഷം നമ്മുടെ മലയാളത്തിനും മലയാള സർവ്വകലാശാലയ്ക്കും മലയാള സംസ്കാരത്തിനും എന്തെങ്കിലും, ഈവർഷമെങ്കിലും സംഭവിച്ചോ, എന്നും സംഭവിയ്ക്കുമോ എന്നും ആർക്കും അറിയില്ല. ഇനി നമുക്ക്‌ അടുത്ത നവംബറിൽ മലയാളത്തെ ഓർക്കാം; നമസ്കരിക്കാം.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...