22 Dec 2012

എന്റെ നന്മ മരം

പ്രിയാസയൂജ്





എണ്ണിയാലൊടുങ്ങാത്ത നന്മകള്‍ ചേര്‍ത്തു  
മണ്ണിലോട്ടയച്ചതാണെന്‍റെ മുത്തശ്ശനെ ദൈവം  !
എന്‍റെ കൈയും പിടിച്ചു നാട്ടുവഴികള്‍ തോറും 
കൂട്ടരെ കൂട്ടുവാന്‍ നടന്നൊരെന്‍ മുത്തശ്ശന്‍!! ! ! 
മണ്ണില്‍ പരിശ്രമിച്ചൊരു ജീവിതം മുഴുവനും 
പുണ്യമായ് തീര്‍ത്തൊരെന്‍ സ്നേഹദീപം !
വീടെന്ന ക്ഷേത്രം പാവനമായ് തീര്‍ത്തു 
നാട്ടാര്‍ക്കെന്നും മാതൃകയായവന്‍ !
നന്മമരമായ് നിലകൊണ്ടീ ഭൂമിയില്‍  
എട്ടു ദശാബ്ദങ്ങള്‍ ജീവിച്ച മാനുഷന്‍ !
ഓര്‍ക്കുകയാണു ഞാന്‍ അഭിമാനമോടെന്‍റെ 
മുത്തശ്ശന്‍ ബാക്കിവച്ചൊരാ നന്മകള്‍ !

അക്ഷരവഴികളില്‍ വിളക്കായി വന്നതും 
ആകാശ വാതിലില്‍ പൂത്ത നക്ഷത്രങ്ങള്‍ 
ആത്മാക്കളാണെന്ന കഥയോതിത്തന്നതും 
അരിയോരക്കമ്പില്‍ കൊളുത്തിയ അഗ്നിയില്‍ 
പാപങ്ങളെല്ലാം ദഹിച്ചു  പോകുന്നതും 
ചുണ്ണാമ്പു വള്ളിയില്‍ കെട്ടിയൊരൂഞ്ഞാലില്‍ 
ഓണ നിലാവുകള്‍ മോടികൂട്ടുന്നതും  
അണ്ണാറക്കണ്ണന്മാര്‍ ഓടിനടന്നെന്‍റെ 
പറങ്കിപ്പഴങ്ങള്‍ കടിച്ചു തിന്നുന്നതും 
ഓര്‍മ്മകളായ് മാറി എന്നോ ഒരു നാളില്‍ 
എന്‍റെ മുത്തശ്ശനും നക്ഷത്രമാകവേ 
ഇന്നലെയെന്നപോല്‍ ഓര്‍ക്കുകയാണു ഞാന്‍

ഭീതിയാണെനിക്കിന്നു തുലാവര്‍ഷരാവുകള്‍ 
എന്‍റെ മുത്തശ്ശന്‍റെ ജീവനെടുത്തവള്‍
തകര്‍ന്നു പോയ് ഞാന്‍ , എന്‍റെ കണ്ണുകള്‍ 
കണ്ണുനീര്‍ പോലും മറന്ന രാപ്പകലുകള്‍ 
എന്‍റെ നെറുകയില്‍ കൈചേര്‍ത്തു "നന്നായ് വരും"
എന്നനുഗ്രഹം ചൊരിഞ്ഞതും  
വിറയാര്‍ന്നയാ കൈകളില്‍ തലോടി ഞാന്‍ 
മടിയില്‍ തലചായ്ച്ചു കിടന്നതും 
ഉഗ്രമാമൊരു നോവാല്‍ പിടഞ്ഞ നിന്‍ 
കണ്ണുകള്‍ താനേയടഞ്ഞു പോകുന്നതും 
ഉറക്കമെന്നേ നിനച്ചുള്ളൂ ഞാന്‍ ; ഉണരാത്ത 
ഉറക്കമാണതെന്നറിയുവാന്‍ വൈകി ഞാന്‍ 

വര്‍ഷങ്ങളെത്ര കഴിഞ്ഞു ഞാനിന്നുമാ 
ഉമ്മറപ്പടിയില്‍ തലചായ്ച്ചിരിക്കുന്നു 
നീയുറങ്ങുന്ന മണ്‍കൂനയില്‍ നോക്കി 
കാലം കഴിക്കുകയാണെന്‍റെ ഓര്‍മ്മകള്‍  
വയ്യെനിക്കും, നീ മണ്‍മറഞ്ഞെന്നൊരു 
സത്യമുള്‍ക്കൊള്ളുവാന്‍ ....
മരിക്കുവതെങ്ങനെയെന്‍റെ ഓര്‍മ്മയില്‍ 
തെളിവോടെ നീ പുഞ്ചിരി തൂകുമ്പോള്‍ 
കാലിടറാതെന്‍റെ വഴികളില്‍ കൈത്താങ്ങു-
പോലെ നീ കൂടെയുണ്ടാകുമ്പോള്‍ 
ചുക്കിച്ചുളിഞ്ഞ നിന്‍ കൈകളില്‍ തൂങ്ങി ഞാന്‍  
ഇന്നുമെന്‍ ജീവിതം ധന്യമാക്കീടവേ 

മരിക്കുവാനാകില്ലൊരിക്കലും നിനക്കെന്‍റെ 
ജീവനീ ഭൂമിയില്‍ നിലയ്ക്കുന്ന നാള്‍ വരെ

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...