വിചിന്തനങ്ങൾ


സുധാകരൻ ചന്തവിള


ചലച്ചിത്രോത്സവത്തിനുശേഷം
    സിനിമ ആധുനികകാലത്തിന്റെ കളയാണ്‌. അതിന്‌ ഇതര കലകളെക്കാൾ വേഗത്തിൽ ജനമനസ്സുകളിൽ ആഴ്‌ന്നിറങ്ങാൻ കഴിയുന്നു. മാത്രമല്ല ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന-അനുഭവിക്കുന്ന കലയും സിനിമതന്നെ. സാങ്കേതികരംഗത്തുണ്ടായിക്കൊണ്ടി
രിക്കുന്ന വലിയ മാറ്റങ്ങൾ സിനിമയെ ഗണ്യമായ രീതിയിൽ സ്വാധീനിച്ചു. അതുവഴി സിനിമാനിർമ്മാണരംഗത്ത്‌ ചെലവുവർദ്ധിച്ചു. അതുകൊണ്ടുതന്നെ വെറും നേരംപോക്കിനോ, സാമൂഹിക മാറ്റത്തിനോ വേണ്ടി ആരും ഇപ്പോൾ സിനിമ നിർമ്മിക്കുന്നുമില്ല.
    മലയാളിക്ക്‌ വല്ലാത്ത സിനിമാഭ്രാന്തുണ്ടെങ്കിലും അതൊരവബോധമായി മാറിയിട്ടുണ്ടോ എന്നത്‌ കാര്യമായി ചർച്ചചെയ്യപ്പെടേണ്ടുന്ന വസ്തുതയാണ്‌. സിനിമാഫെസ്റ്റിവലുകൾ നാടെമ്പാടും പൊടിപൊടിക്കപ്പെടുമ്പോഴും വർത്തമാനകാല മലയാളസിനിമ എന്തു ദർശനമാണ്‌ നൽകുന്നതെന്ന ചോദ്യം ബാക്കിനിൽക്കുന്നു. ഉൾക്കാഴ്ചയുള്ള സാഹിത്യകൃതികൾ വായിക്കാൻ നാം മറ്റു ഭാഷയിലേക്കു പോകണമെന്നതുപോലെ ആയിരിക്കുന്നു സിനിമയുടെയും അവസ്ഥ. വലിയ തുക ചെലവഴിച്ച്‌ ഫെസ്റ്റിവലുകൾ സംഘടിപ്പിക്കുന്ന സംഘടനകളും സാംസ്കാരിക-സിനിമാവകുപ്പുകളുമെല്ലാം ഇക്കാര്യം എന്തുകൊണ്ട്‌ പരിഗണിക്കുന്നില്ല?
    തിരുവനന്തപുരത്തു കഴിഞ്ഞ ഒരാഴ്ചയായി (2012 സിസംബർ 07 മുതൽ 14 വരെ) സംഘടിപ്പിച്ച പതിനേഴാമതു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ കൊടിയിറങ്ങുമ്പോഴും ഈ ചോദ്യം ആവർത്തിക്കുവാനാണ്‌ തോന്നിപ്പോകുന്നത്‌. സിനിമയെക്കുറിച്ച്‌ പഠിക്കാനും നിർമ്മിക്കാനുമെല്ലാം ധാരാളം യുവതീയുവാക്കൾ ഇപ്പോൾ രംഗത്തുവരുന്നുണ്ടെങ്കിലും മലയാളം സിനിമകൾ ഇനിയും മാറേണ്ടുന്നതിന്റെ അനിവാര്യത ബോധ്യപ്പെടുത്തുന്നതായിരുന്നു ഈ ചലച്ചിത്രമേള. 'ആകാശത്തിന്റെ നിറം', 'ചായില്യം', 'ഇത്രമാത്രം', 'ഷട്ടർ', 'ഫ്രൈഡേ' തുടങ്ങിയ ചില പുതുമലയാള ചിത്രങ്ങൾ ഇത്തവണത്തെ മേളയിൽ അവതരിപ്പിക്കപ്പെട്ടുവേങ്കിലും അവയുടെയെല്ലാം മാനങ്ങൾ ഇനിയും ഉയരാമായിരുന്നില്ലേ എന്നൊരു തോന്നൽ അവശേഷിപ്പിക്കുന്നു. മത്സരചിത്രങ്ങളിൽ സമ്മാനം നേടിയത്‌ 'ഷട്ടറി'നാണെങ്ക്ലും പൊതുവിൽ സമൂഹത്തിന്റെ കഥ പറയുന്നതിൽ നിന്നും സിനിമകൾ മാറുന്നതായാണ്‌ തോന്നുന്നത്‌. മറിച്ച്‌ വ്യക്തിയുടെ കഥ പറയുന്ന, വിധേയത്വമില്ലാത്ത രീതിയിലേയ്ക്ക്‌ നമ്മുടെ സിനിമകൾ പോയ്ക്കഴിഞ്ഞു. ചില പുതുമകൾ മിന്നിമറയുന്നുണ്ടെങ്കിലും ലോകസിനിമയുടെ മുമ്പിൽ ഇതെല്ലാം മതിയോ നമ്മുടെ സിനിമയ്ക്ക്‌ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.
    ഒരു കാലത്ത്‌ ഒരുപിടി സ്വപ്നങ്ങൾ സമ്മാനിച്ച, ജീവിതദർശനമുള്ള ഒട്ടേറെ സിനിമകൾ മലയാളത്തിലുണ്ടായി. അത്തരം സിനിമകൾക്ക്‌ തിരക്കഥാഭാഷ്യം നൽകാൻ വിലപ്പെട്ട സാഹിത്യകൃതികൾ സഹായകമായെന്നത്‌ പ്രത്യേകം എടുത്തുപറയേണ്ട കാര്യമാണ്‌. ഇപ്പോഴത്തെ കഥ എന്താണ്‌. കോടികൾ മുടക്കി സൃഷ്ടിക്കപ്പെടുന്ന കച്ചവടസിനിമകൾ ലാഭം എന്ന ഒറ്റക്കാര്യത്തിനപ്പുറം മറ്റെന്താണ്‌ ഉദ്ദ്യേശിക്കുന്നത്‌? നമ്മുടെ തനികേരളീയ ജീവിതംപോലും സിനിമയിൽനിന്ന്‌ അകന്നുകൊണ്ടിരിക്കുന്നു. തീയേറ്ററുകളിൽ നിന്ന്‌ സിനിമകണ്ട്‌ പുറത്തിറങ്ങുന്നതിനുമുമ്പുതന്നെ അതിലെ കഥ മറന്നുപോകുന്ന സിനിമകളാണ്‌ ഇവിടെയുണ്ടാകുന്നവയിലധികവും. ഒറ്റപ്പെട്ട ചില സിനിമകൾ ഉണ്ടാകുന്നു എന്നുള്ളതും വിസ്മരിക്കുന്നില്ല. അതിരുകവിഞ്ഞ വിദേശഭ്രമം നമ്മുടെ സിനിമാവിഷ്കാരത്തെ സ്വാധീനിക്കുന്നുണ്ടെങ്കിലും വിദേശസിനിമകളിൽ കാണുന്ന കഥകളുടെ തീവ്രത എന്തുകൊണ്ട്‌ ഇവിടത്തെ സിനിമകളിൽ ഉണ്ടാകുന്നില്ല.  നമ്മുടെ സംവിധായകരും നിർമ്മാതാക്കളും സിനിമാപ്രവർത്തകരുമെല്ലാം തന്നെ ആവർത്തിച്ചു ചിന്തിക്കേണ്ട കാര്യമാണിത്‌.
     പതിനേഴാമത്‌ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‌ എന്തായിരുന്നു എടുത്തുപറയത്തക്ക പ്രത്യേകത? ഒറ്റവാക്കിൽ  കൂടുതലൊന്നും പ്രത്യേകമായി തോന്നിയിട്ടില്ലെങ്കിലും സിനിമ കാണാനുള്ള ചില ഭൗതികമായ സൗകര്യങ്ങൾ വർദ്ധിപ്പിച്ചുവേന്ന കാര്യത്തിൽ പ്രത്യേകിച്ച്‌ സിനിമാ മന്ത്രിയെ അഭിനന്ദിക്കാം. ഗവണ്‍മന്റിന്റെ തീയേറ്ററുകളെ വേണ്ടത്ര നവീകരിച്ചു. പ്രത്യേകിച്ചും കൈരളി-ശ്രീ-നിള എന്നീ തീയറ്ററുകളെ. കലാഭവനെ ഏറ്റവും കമനീയമായി നവീകരിച്ചു. മുൻവർഷങ്ങളെപ്പോലെയോ അതിനെക്കാൾ കൂടുതലായോ സിനിമാസ്വാദകരുടെ എണ്ണം കൂടിയ വർഷമായിരുന്നു ഇത്‌ എന്നുള്ളതും എടുത്തുപറയേണ്ടതാണ്‌. പ്രത്യേകിച്ചും യുവതീയുവാക്കൾ-കലാശാലാ വിദ്യാർത്ഥി-വിദ്യാർത്ഥികൾ ഉൾപ്പെടെ സിനിമയെ ഗൗരവമായി സ്വീകരിക്കുന്നവരുടെ സജീവമായ ഒരു നിര കാണാമായിരുന്നു. പക്ഷേ അവരിലധികവും കണ്ടതും ആസ്വദിച്ചതും വിദേശസിനിമകളായിരുന്നു. പുതുപുത്തൻ വിദേശസിനിമകൾ കൂടുതലായി അവതരിപ്പിക്കുന്നതിലും ഇക്കുറി പരാജയപ്പെട്ടുവേന്ന വാദം നിലനിൽക്കുന്നുണ്ട്‌. കൂടാതെ സാങ്കേതികമായ തകരാറെന്നു സിനിമാ അക്കാമിയും സിനിമാമന്ത്രിയും ആവർത്തിച്ചു പറഞ്ഞ പിശകുകൊണ്ട്‌  മുൻകൂട്ടിതയ്യാറാക്കിയ ചാർട്ടിൽനിന്നു വ്യത്യസ്തമായി ചില സിനിമകൾ മാറ്റി പ്രദർശിപ്പിക്കേണ്ടിവന്നതും ഒരു പ്രത്യേകതയാണ്‌. 
    സിനിമയെ കൂടുതൽ തിരക്കുള്ള ആഘോഷമായി-ഒരുതരം ടൂറിസ്റ്റുവാരാഘോഷം പോലെ മാറ്റാതെ ചലച്ചിത്രോത്സവങ്ങൾ നമ്മുടെ സമൂഹത്തിലേക്കും ജീവിതപ്രശ്നങ്ങളിലേക്കും ആഴ്‌ന്നിറങ്ങുന്ന ചലനങ്ങളായി മാറേണ്ടതുണ്ട്‌. സിനിമകൾ ഉണ്ടാകുന്നത്‌ ആർക്കുവേണ്ടിയെന്ന്‌ ചിന്തിക്കേണ്ടതിന്റെ ബാദ്ധ്യത അത്‌ ആസ്വദിക്കുന്നവരുടേതു മാത്രമല്ല; നിർമ്മിക്കുന്നവരുടേതുകൂടിയാണെന്ന ബോധമാണ്‌ ഇതിന്‌ അനിവാര്യം.
m k harikumar

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ