കേരാധിഷ്ഠിത ബഹുവിള കൃഷി സമ്പ്രദായം


ടി. വി. തോമസ്‌

മണ്ണ്‌, വെള്ളം, വളം, വായു, സൂര്യപ്രകാശം എന്നീ അടിസ്ഥാന ഘടകങ്ങൾ എല്ലാ കൃഷിക്കും ആവശ്യമാണ്‌. ഇവ ഓരോ കൃഷിക്കും വേണ്ട അളവിലും, അനുപാതത്തിലും കിട്ടത്തക്കവണ്ണം ഇടയകലം നൽകി കൃഷി ക്രമീകരിക്കണം. തെങ്ങ്‌ എല്ലാവിളകൾക്കും ആശ്രയം നൽകുന്ന വൃക്ഷമാണ്‌. ശാസ്ത്രീയ രീതിയിൽ ഇടയകലം നൽകി നട്ടിരിക്കുന്ന തെങ്ങിൻ തോട്ടത്തിൽ എല്ലാത്തരം ഇടവിളകളും മിശ്രവിളകളും കൃഷി ചെയ്യാവുന്നതാണ്‌. ഒരു സ്ഥലത്ത്‌ തന്നെ ദീർഘകാല വിളകളും തന്നാണ്ട്‌ വിളകളുമായി ആറോ ഏഴോ വിളകൾ ഒരേസമയത്ത്‌ കൃഷി ചെയ്യാം. നിരപ്പ്‌ സ്ഥലം ആണെങ്കിൽ ചിത്രം(1)ൽ കാണിച്ചിരിക്കുന്ന അകലത്തിൽ ഇടവരമ്പുകളും നീർക്കുഴികളും നിർമ്മിച്ച്‌ കുറഞ്ഞ ചെലവിൽ തന്നെ കൃഷി സ്ഥലത്ത്‌ പെയ്തിറങ്ങുന്ന മഴവെള്ളം പൂർണ്ണമായ തോതിൽ മണ്ണിൽ താഴ്ത്തുവാൻ സാധിക്കും. ഒപ്പം മണ്ണ്‌ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു. കൃഷി ഭൂമികൾ കൂടുതലും ചരിവുള്ള സ്ഥലം ആയതുകൊണ്ട്‌ മണ്ണ്‌ ഒരുക്കുന്നതിന്റെ ചെലവ്‌ വർദ്ധിക്കും.

ചെരിവ്‌ സ്ഥലങ്ങളിൽ കോണ്ടൂർ ലൈനടിച്ച്‌ ഇടക്കയ്യാലകൾ തന്നെ തീർക്കണം. ചരിവ്‌ എത്രകൂടിയാലും കയ്യാലയുടെ ഉയരം ഒരുമീറ്ററിൽ കൂടരുത്‌ ഒരു മീറ്റർ ഉയരത്തിൽ കയ്യാല വെച്ച്‌ ആ ഉയരത്തിൽ നിരപ്പാക്കി അടുത്ത കയ്യാല കെട്ടണം. ഒരു മീറ്റർ ഉയരത്തിൽ മൂന്ന്‌ മീറ്റർ നിരപ്പ്‌ കിട്ടുന്ന ചരിവുള്ള സ്ഥലമാണെങ്കിൽ ഒരു ഏക്കർ സ്ഥലത്ത്‌ 1200 മീറ്റർ കയ്യാല വരും. ഒരു മീറ്റർ കയ്യാലക്ക്‌ 100 രൂപ ചെലവ്‌ കണക്കാക്കിയാൽ 120000 (ഒരു ലക്ഷത്തി ഇരുപതിനായിരം) രൂപ ഒരു ഏക്കർ സ്ഥലത്തിന്‌ ചെലവ്‌ വരും. ചെരിവ്‌ സ്ഥലങ്ങളിൽ ഈ ചെലവ്‌ കൂടി മൊത്തം ചെലവിന്റെ കൂടെ കൂട്ടണം.  ഒരേക്കർ സ്ഥലത്ത്‌ തെങ്ങുകൃഷി തുടങ്ങുന്നതിന്‌ 13,280 രൂപയോളം ചിലവ്‌ കണക്കാക്കാം. ഇടവിളയായി ജാതി കൃഷി തുടങ്ങുന്നതിന്‌ 9,760 രൂപയും കുരുമുളക്‌ നടുന്നതിന്‌ 15,760 രൂപയും വാഴകൃഷിക്ക്‌ 22960 രൂപയും ചേന നടുന്നതിന്‌ 4,440 രൂപയും ചേമ്പ്‌ നടുന്നതിന്‌ 1,188 രൂപയും ചിലവ്‌ വരുന്നതായും നീർക്കുഴികളും ഇടവരമ്പുകളും ഉണ്ടാക്കുന്നതിന്‌ 50,800 രൂപയും ചിലവ്‌ കണക്കാക്കിയാൽ മൊത്തം ചിലവ്‌ 1,18,188 രൂപയോളം വരും. ചെലവ്‌ എത്ര കൂടിയാലും ഭൂമി ഉള്ളിടത്തോളം കാലം പെയ്തിറങ്ങുന്ന മഴവെള്ളം ഒരു തുള്ളിപോലും ഒഴുകി നഷ്ടപ്പെടാതെ ഭൂഗർഭജലമായി മാറ്റാൻ സാധിക്കും, ഒപ്പം മണ്ണ്‌ സംരക്ഷണവും ഉറപ്പ്‌ വരുത്തുന്നു.
കൃഷിയുടെ ഉപതൊഴിലായി കാലിവളർത്തൽ നടത്തണം. സ്ഥലത്തിന്റെ വിസ്തീർണ്ണം അനുസരിച്ച്‌ കന്നുകാലികളുടെ എണ്ണം നിശ്ചയിക്കണം. ഗോബർഗ്യാസ്‌ പ്ലാന്റ്‌ നിർമ്മിച്ച്‌ ചാണകം, ഗോമൂത്രം എന്നിവ വളമാക്കി മാറ്റി തോട്ടത്തിൽ എല്ലാ വിളകൾക്കും കിട്ടത്തക്ക വണ്ണമുള്ള സംവിധാനങ്ങൾ ഒരുക്കണം. തോട്ടത്തിലെ പാഴ്‌വസ്തുക്കൾ ശേഖരിച്ച്‌ മണ്ണിര കമ്പോസ്റ്റാക്കി തിരിച്ച്‌ നൽകണം.
നേട്ടങ്ങൾ
വിവിധ കാലങ്ങളിൽ വിളവ്‌ ഉണ്ടാകുന്നതുകൊണ്ട്‌ കൃഷിഭൂമിയിൽ 12 മാസവും വിളവെടുപ്പ്‌ കാലമായി മാറുന്നു. പ്രകൃതി സമ്പത്തായ മണ്ണ്‌, മഴ, സൂര്യപ്രകാശം എന്നിവയും പാഴ്‌വസ്തുക്കളുടെ പുനരുപയോഗവും വഴി വിളവ്‌ വർദ്ധിപ്പിക്കുകയും പ്രകൃതിസംരക്ഷണം ഉറപ്പ്‌ വരുത്തുകയും ചെയ്യുന്നു. ഒരു വിളയ്ക്ക്‌ ചെയ്യുന്ന സംരക്ഷണം എല്ലാ വിളയ്ക്കുമായി തീരുന്നതുകൊണ്ട്‌ കൃഷി ചെലവ്‌ കുറയുന്നു. സർവ്വോപരി ആവർത്തന വിരസത ഒഴിവാക്കി കൃഷി ആദായകരമായ ഒരു തൊഴിലായി മാറുന്നു. ദേശിയ തലത്തിൽ തന്നെ പ്രതിവിധി കണ്ടെത്താൻ കഴിയാത്ത വെള്ളപ്പൊക്കം, വരൾച്ച, മണ്ണൊലിപ്പ്‌, മാലിന്യ സംസ്ക്കരണം എന്നീ പ്രതിസന്ധികൾക്ക്‌ കൃഷി നവീകരണം ഉത്തമമായ പരിഹാരമാർഗ്ഗമാണ്‌. സമ്പൂർണ്ണമായ കൃഷി നവീകരണം എന്ന ആശയം സർക്കാർ തലത്തിൽ ചർച്ച ചെയ്ത്‌ അംഗീകരിക്കണം അതോടൊപ്പം റീപ്ലാന്റ്‌ പദ്ധതിക്ക്‌ രൂപം കൊടുത്ത്‌ നടപ്പാക്കണം. ഒരു പത്ത്‌ വർഷം കൊണ്ട്‌ പൂർണ്ണമായി കൃഷി നവീകരിക്കപ്പെടുമെന്ന ലക്ഷ്യം മുന്നിൽ കാണണം.

 ആവർത്തനകൃഷിക്ക്‌ മേൽ കാണിച്ചിരിക്കുന്ന ചെലവുകൾക്ക്‌ പുറമേ തെങ്ങ്‌ മുറിച്ച്‌ മാറ്റിയ കൃഷിഭൂമിയിലെ വരുമാനം കൃഷിക്കാരന്‌ ഓരോവർഷവും കിട്ടത്തക്കവണ്ണം ഉള്ള വായ്പ സമ്പ്രദായങ്ങൾ ക്രമീകരിക്കണം.  ഏഴ്‌ വർഷക്കാലത്തേക്കും സഹായം തുടരണം. 7-​‍ാം വർഷം തുടങ്ങി കൃഷിഭൂമിയുടെ വരുമാനം കൊണ്ട്‌ തന്നെ അടുത്ത ഏഴ്‌ വർഷം കൊണ്ട്‌ വായ്പ തിരിച്ചടക്കാൻ കർഷകർ പ്രാപ്തനാകും ഇതുവഴി ഇപ്പോൾ സർക്കാർ നൽകുന്ന കാർഷിക സഹായങ്ങൾ കൃഷി മാറ്റത്തിന്‌ തയ്യാറാകുന്ന കൃഷിക്കാരുടെ പലിശ സബ്സിഡിയായി പ്രഖ്യാപിക്കുക. ഈ വിധത്തിലുള്ള സംരക്ഷണ നടപടികൾ ഉണ്ടായാൽ കൃഷി നവീകരണത്തിന്‌ കർഷകർ തയ്യറാകും. കാർഷിക പ്രതിസന്ധി പരിഹരിക്കപ്പെടും.
കർഷകശ്രീ 2002, വെറ്റിലപ്പാറ പി.ഒ., അരീക്കോട്‌ വഴി, മലപ്പുറം

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ