22 Dec 2012

ചൊരിമണലിലെ സംയോജിത കൃഷി വിജയം


ടി. എസ്‌. വിശ്വൻ

ആലപ്പുഴ ജില്ലയിലെ ചൊരിമണൽ ഗ്രാമങ്ങളിലൊന്നായ കഞ്ഞിക്കുഴിയിൽ കൂട്ടായ്മയോടെ നടപ്പാക്കിയ കേരഗ്രാമം പദ്ധതിയും കുരുമുളക്‌, കുറ്റിമുല്ല, പച്ചക്കറി വിജയഗാഥകളും പ്രസിദ്ധി നേടിയിട്ടുള്ളതാണ്‌. കഠിനാദ്ധ്വാനികളും സ്ഥിരോത്സാഹികളുമായ ഒട്ടേറെപ്പേർ ഈ കാർഷിക മുന്നേറ്റത്തിന്‌ കാരണക്കാരായിട്ടുണ്ട്‌. നാളികേര വികസന ബോർഡ്‌ നടപ്പാക്കിയ നാളികേരക്ലസ്റ്റർ പദ്ധതിയിൽ അരഡസൻ ക്ലസ്റ്ററുകൾ ഈ പഞ്ചായത്തിൽത്തന്നെയായിരുന്നു. നാളികേര സ്വാശ്രയ ഗ്രൂപ്പുകൾ രൂപീകരിച്ചവയിൽ അഞ്ചുഗ്രൂപ്പുകൾ ഇപ്പോഴും പ്രവർത്തിക്കുന്നു. ഒടുവിൽ നാളികേര വികസന ബോർഡിന്റേയും കഞ്ഞിക്കുഴി ബ്ലോക്ക്‌ പഞ്ചായത്തിന്റേയും മാർഗ്ഗനിർദ്ദേശങ്ങളോടെ പതിനേഴ്‌ വാർഡുകളിലായി 22 നാളികേര ഉത്പാദക സംഘങ്ങളും പ്രവർത്തിക്കുന്നു. രണ്ട്‌ നാളികേര ഉത്പാദക ഫെഡറേഷനുകളും രൂപീകരിച്ചു ബോർഡിന്റെ അംഗീകാരം നേടിക്കഴിഞ്ഞു. വിവിധ പദ്ധതികളിലൂടെയും പരീക്ഷണങ്ങളിലൂടെയും ചൊരിമണൽ ഗ്രാമത്തിലെ കേരകർഷകർ ഇടവിള കൃഷിയിലും സമ്മിശ്രകൃഷിയിലും സംയോജിത കൃഷിയിലും കാര്യമായ പുരോഗതിതന്നെ നേടിയിട്ടുണ്ട്‌. നാമമാത്ര കർഷകനായ എസ്‌. എൽ. പുരം ഭാരതീസദനത്തിൽ ഹരിദാസിന്റെ കൃഷിയിടം തന്നെ അതിന്‌ ഒരു ഉദാഹരണമാണ്‌.

മുപ്പത്തിരണ്ട്‌ വർഷം മുമ്പ്‌ പട്ടാളത്തിൽ നിന്നും വിരമിച്ച്‌ നാട്ടിലെത്തുമ്പോൾ കയ്യിലുണ്ടായിരുന്ന സമ്പാദ്യം കൊണ്ട്‌ എഴുപതുസെന്റ്‌ വെളിസ്ഥലം സ്വന്തമാക്കി. ഏതാനും പാഴ്മരങ്ങളും കുറ്റിക്കാടുകളും മാത്രമുണ്ടായിരുന്ന ഒരു കൊച്ചുമണൽക്കാടായിരുന്നു തന്റെ ഭൂമിയെന്ന്‌ ഹരിദാസ്‌ പറയുന്നു. പഞ്ചാബിലും മറ്റും ജോലിനോക്കിയിരുന്ന കാലത്ത്‌ അവിടെയുള്ള കൃഷികളേയും കൃഷിക്കാരേയും കുറിച്ച്‌ നന്നായി മനസിലാക്കിയിരുന്നു. അതുകൊണ്ട്‌ തന്നെ നാട്ടിലെത്തി ഭൂമി സ്വന്തമാക്കിയതോടെ കൃഷി ചെയ്യാനുള്ള ഉത്സാഹത്തിലായി. അക്കാലത്ത്‌ കറപ്പുറത്തെ കൃഷിക്കാർ ചെയ്യുന്നത്‌ അനുകരിച്ച്‌ അമ്പതിലേറെ തെങ്ങിൻ തൈകൾ ഹരിദാസും നട്ട്‌ വളർത്തി. ഗുണമേന്മയുള്ള തൈകളുടെ ലഭ്യതയെക്കുറിച്ച്‌ അന്ന്‌ അറിവില്ല. കിട്ടിയ ഇടത്തുനിന്നെല്ലാം തെങ്ങിൻ തൈകൾ സംഘടിപ്പിക്കുകയായിരുന്നു. തന്റെ പ്രയത്നഫലമായി തൈകളെല്ലാം വളർന്നു വലുതായെങ്കിലും പ്രതീക്ഷിച്ചത്ര ഫലം നേടാനായില്ലെന്ന്‌ ഹരിദാസ്‌ നിരാശയോടെ ഓർമ്മിക്കുന്നു. ചെമ്പൻ ചെല്ലിയും കൊമ്പൻ ചെല്ലിയും കാറ്റുവീഴ്ചയുമൊക്കെ കടന്നുവന്ന്‌ ആദായംതരുന്ന തെങ്ങുകളെതന്നെ ഇല്ലാതാക്കിയത്‌ കൂടുതൽ വേദനിപ്പിച്ചു.
തെങ്ങുകൾ കുറഞ്ഞുവന്നപ്പോൾ ആദായത്തിനായി മറ്റ്‌ ഇടവിളകളെക്കുറിച്ചുള്ള അന്വേഷണമാണ്‌ കുരുമുളകുകൃഷിയിൽ എത്തിച്ചതു. അവിടവിടെയായി നിന്ന മരങ്ങളിലും തെങ്ങുകളിലും എന്തിന്‌ ശീമക്കൊന്ന മരങ്ങളിൽപ്പോലും കുരുമുളക്‌ വള്ളികൾ പടർത്തി. രണ്ടുക്വിന്റൽവരെ കുരുമുളക്‌ ഉത്പാദിപ്പിച്ചപ്പോൾ കൃഷിയിൽ വിജയം കണ്ടെത്താമെന്ന ആത്മവിശ്വാസം ഈ കർഷകനിൽ വർദ്ധിച്ചു. കേരളത്തിലെ ആദ്യത്തെ കേരകർഷക കൂട്ടായ്മയായ പൊന്നിട്ടുശ്ശേരി ഫാർമേഴ്സ്‌ ക്ലബ്ബിന്റെ പ്രവർത്തനം വന്നതോടെ കേടുവന്ന തെങ്ങുകൾ വെട്ടിമാറ്റാനും പകരം കുറച്ച്‌ നല്ല തൈകൾ നട്ടുപിടിപ്പിക്കാനും സാധിച്ചു. ഇടവിളയായി പച്ചക്കറികളും കൃഷി ചെയ്തു. ജൈവവളങ്ങൾ സ്വന്തമായി ഉത്പാദിപ്പിക്കാനുള്ള ആഗ്രഹം കൊണ്ടാണ്‌ നല്ലയിനം പശുക്കളെ വാങ്ങിയത്‌. ക്രമേണ ഇടവിള കൃഷികൾ വ്യാപിച്ചു. എല്ലാവിധ കിഴങ്ങുവർഗ്ഗങ്ങളും കൃഷിചെയ്തു. ചേമ്പും ചേനയും കാച്ചിലും മരച്ചീനിയും ഹരിദാസിന്‌ കൂടുതൽ പ്രിയപ്പെട്ട കൃഷികളായി. തെങ്ങുകളുടെ എണ്ണം നിയന്ത്രിച്ചതിനാൽ ഇടവിളകൾ നന്നായി വളർന്നു. പാവലും പടവലവും, പയറും പീച്ചിലും ഇവിടെ സ്ഥിരം കൃഷികളായി. വിവിധതരം വഴുതനകളും മുളകും വരെ ആദായം തരുന്ന കൃഷികൾ. തൊഴുത്തിലെ വളങ്ങളും പച്ചിലകളും കരിയിലയും പായലും ചാരവും ഒപ്പം രാസവളങ്ങളും ഉപയോഗിച്ചാണ്‌ അന്ന്‌ കൃഷിചെയ്തിരുന്നത്‌. ഉള്ള ഭൂമിയിൽ ഒത്തിരി വിളകൾ കൃഷിചെയ്ത്‌ നേടിയ വിജയം ഹരിദാസിനും കുടുംബത്തിനും ആശ്വാസം പകർന്നിരുന്നു. ഒരു പട്ടാളക്കാരന്റെ പെൻഷൻ തുകകൊണ്ട്‌ ഭാര്യയും രണ്ട്‌ പെൺമക്കളും അമ്മയും ഉൾപ്പെട്ട കുടുംബത്തിന്‌ മുന്നോട്ടുപോകുവാൻ പ്രയാസമായിരുന്നു. കൃഷിയിലൂടെ നേടിയ വരുമാനമാണ്‌ കുടുംബം പുലർത്താനും കുട്ടികളുട വിദ്യാഭ്യാസത്തിനും സഹായിച്ചതെന്ന്‌ ഈ നാമമാത്ര കർഷകൻ സമ്മതിക്കുന്നു.
"കൃഷിപ്പണികളെല്ലാം ഞാൻ തന്നെ ചെയ്യും. ഭാര്യ പങ്കജവും സഹായിക്കും. ചെറിയ കുട്ടികളായിരുന്നപ്പോൾ തന്നെ എന്റെ രണ്ട്‌ പെൺമക്കളും എന്നെ സഹായിച്ചിരുന്നു. കുരുമുളകായിരുന്നു എനിക്ക്‌ സംതൃപ്തി നൽകിയ ആദ്യത്തെ കൃഷി. വാട്ടം വന്ന്‌ കുറെ ചെടികൾ പോയെങ്കിലും ഇപ്പോഴും അമ്പതുമരങ്ങളിൽ കുരുമുളക്‌ നന്നായിട്ടുണ്ട്‌. തെങ്ങിന്റെ കാര്യത്തിൽ ആദ്യമൊക്കെ വിചാരിച്ച നേട്ടങ്ങളുണ്ടായില്ല. ഇപ്പോൾ പുതിയ ഇനങ്ങൾ കൃഷിചെയ്തിട്ടുണ്ട്‌.നല്ല വിളവ്‌ ലഭിച്ചുതുടങ്ങുന്നുമുണ്ട്‌. പച്ചക്കറികളും, കിഴങ്ങുകൃഷിയും, വെറ്റിലയും വാഴയുമൊക്കെ ആദായം തരുന്നുണ്ട്‌. ആദ്യമൊക്കെ രാസവളങ്ങളും മരുന്നുമൊക്കെ കാര്യമായി ഉപയോഗിച്ചിട്ടുണ്ട്‌. എന്നാൽ ഇവയെല്ലാം കുറച്ച്‌ ജൈവകൃഷിയിലേയ്ക്ക്‌ വന്നു. ഇപ്പോൾ സുഭാഷ്‌ പലേക്കറുടെ സീറോ ബജറ്റ്‌ കൃഷിയും പരീക്ഷിക്കുന്നുണ്ട്‌."
ജഴ്സി ഇനത്തിൽപ്പെട്ട രണ്ടു പശുക്കൾ ഹരിദാസിന്റെ തൊഴുത്തിലുണ്ട്‌. അവയ്ക്ക്‌ നൽകാൻ ആവശ്യമായ പച്ചപ്പുല്ലിന്റെ ണല്ലോരുപങ്കും പുരയിടത്തിൽത്തന്നെ കൃഷിചെയ്തിരിക്കുന്നു. അതിരുകളിലും മതിലിനോടുചേർന്നും മികച്ചയിനം പുല്ലുകൾ തഴച്ചുവളരുന്നു. പശുത്തൊഴുത്തിലെ ചാണകവും മൂത്രവും മറ്റും ശേഖരിച്ച്‌ കമ്പോസ്റ്റ്‌ വളവും ജീവാമൃതവും തയ്യാറാക്കുന്നുണ്ട്‌. തള്ളയും പിള്ളയുമായി പതിനഞ്ചിലേറെ ആടുകളുമുണ്ട്‌. വിവിധതരം കോഴികളുടെ എണ്ണം ഇരുപതിലേറെയുണ്ട്‌. മുട്ടയിടുന്ന പന്ത്രണ്ട്‌ താറാവുകളുമുണ്ട്‌. അവയുടെ പാലും മുട്ടയും മാത്രമല്ല അവ തരുന്ന ജൈവ വളങ്ങളാണ്‌ തന്റെ ഭൂമിയെ സംരക്ഷിക്കുന്നതെന്ന്‌ ഹരിദാസ്‌ പറയുന്നു.
"ഒരു പൈസയുടെ വളം പോലും ഇന്ന്‌ ഞാൻ പുറമെ നിന്നും വാങ്ങുന്നില്ല. പറമ്പിലെ മുഴുവൻ കളച്ചെടികളും കരിയിലയും ശീമക്കൊന്നയിലയുമെല്ലാം ശേഖരിച്ച്‌ ഓരോന്നിന്റേയും ചുവട്ടിൽ വയ്ക്കും. ചാണകവും ഗോമൂത്രവും പയർപൊടിയും ശർക്കരയും ഒരുപിടിമണ്ണും ചേർത്ത്‌ ജീവാമൃതമുണ്ടാക്കി തെങ്ങിനും വാഴയ്ക്കും പച്ചക്കറികൾക്കും കുരുമുളകിനുമൊക്കെ നൽകും. പലേക്കർജി പറയുംപോലെ നാടൻ പശു ഇല്ലെന്നേയുള്ളു. ജീവാമൃതമുണ്ടാക്കാൻ ഞാൻ കൂടുതൽ ചാണകവും ഗോമൂത്രവും ഉപയോഗിക്കും."
രണ്ടുവർഷമായി ജീവാമൃതം നൽകിപ്പോരുന്ന തൈത്തെങ്ങുകളെ ചൂണ്ടിക്കാട്ടിക്കൊണ്ട്‌ ഹരിദാസ്‌ പറഞ്ഞു.
"ഡി ഃ ടി ഇനത്തിൽപ്പെട്ട തെങ്ങുകളാണ്‌. രണ്ടുവർഷമായി ജീവാമൃതം ഒഴിക്കുന്നുണ്ട്‌. അതിന്റെ ഫലം മുകളിൽ കാണാനുണ്ട്‌."
നിറകുലകളുമായി നിൽക്കുന്ന തെങ്ങുകളുടെ കീഴിൽ ഹരിദാസ്‌ എന്ന കർഷകന്‌ തികഞ്ഞ ആത്മസംതൃപ്തി.
കന്യേയുള്ള കുളത്തിൽ നിറയെ മലേഷ്യൻ വാള എന്ന മത്സ്യത്തിന്റെ മലക്കം മറിച്ചിൽ! നാലുവർഷത്തിലേറെയായത്രേ മത്സ്യകൃഷി തുടങ്ങിയിട്ട്‌. നാല്‌ സെന്റ്‌ തികച്ചില്ലാത്ത തന്റെ കുളത്തിൽനിന്നും ഓരോവർഷവും അയ്യായിരം രൂപയിൽ കുറയാത്ത വരുമാനം ലഭിക്കുന്നുണ്ട്‌. കുളത്തിലെ വെള്ളം പുരയിടത്തിലെ പുല്ലിനും പച്ചക്കറികൾക്കും നൽകുന്നതുമൂലം അവയ്ക്കെല്ലാം നല്ല വളർച്ചയും കാണാനുണ്ട്‌. കുളത്തിൽ വളരുന്ന കുടപ്പായലും ഒന്നാംതരം ജൈവവളം!.
ചെറുതെങ്കിലും തികച്ചും സംയോജിതമെന്നു പറയാവുന്ന ഈ കൃഷിത്തോട്ടത്തിൽ ഇല്ലാത്ത ഇടവിളകളൊന്നുമില്ല. എല്ലാവിധ വാഴകളും വിവിധ പ്രായത്തിലുള്ള മരച്ചീനികളും ചേമ്പും, ചേനയും, വാഴക്കാച്ചിലും, എലിവാലൻ കാച്ചിലും, ഇഞ്ചിയും, മഞ്ഞളും കുരുമുളകുമെല്ലാം നിറഞ്ഞുനിൽക്കുന്നു. കായ്ച്ച്‌ തുടങ്ങിയ ജാതികൾ, മുറ്റത്തിനലങ്കാരമായി വിളഞ്ഞുകിടക്കുന്ന പാഷൻ ഫ്രൂട്ട്‌, പൈനാപ്പിൾ, കായ്‌ ഫലങ്ങളുള്ള ഒരു ഡസൻ പപ്പായകൾ....
പപ്പായയെ സംബന്ധിച്ച ഒരു രഹസ്യം കൂടി ഹരിദാസ്‌ വെളിപ്പെടുത്തി.
"ചെനച്ച്‌ തുടങ്ങുമ്പോൾതന്നെ പപ്പായക്കായ്കൾ അടർത്തി രണ്ടായി മുറിച്ച്‌ കോഴിക്കൂട്ടിൽ വയ്ക്കും. കോഴികൾ ഓരോന്നായി അവ മുഴുവൻ കൊത്തിത്തിന്നും. നിത്യവും അവ മുട്ടയിടുന്നതിനും ഇത്‌ സഹായിക്കുന്നുണ്ട്‌."
പത്തുവർഷമായി ആടിനെ വളർത്തുന്നു. ഒരു വർഷം പ്രായമായ മുട്ടനാടിനെ വിറ്റാൽ മൂവായിരത്തിൽ കുറയാതെ വിലകിട്ടും. ആവശ്യക്കാർക്ക്‌ വളർത്താൻ ആട്ടിൻ കുട്ടികളെയും നൽകും. വീട്ടാവശ്യത്തിന്‌ പുറമെ ചോദിച്ചുവരുന്നവർക്ക്‌ ആട്ടിൻപാൽ നൽകും. പശുവിൻ പാൽ തൊട്ടടുത്തുള്ള ക്ഷീരസഹകരണസംഘത്തിലാണ്‌ നൽകുന്നത്‌. പാലിനുവില കൂട്ടിയതുമൂലം ക്ഷീരകർഷകന്‌ ആശ്വാസമുണ്ടെന്ന്‌ ഹരിദാസ്‌ പറയുന്നു. പുല്ലും മറ്റും ഉത്പ്പാദിപ്പിച്ചുനൽകുന്നവർക്ക്
‌ കൂടുതൽ നേട്ടമുണ്ടാകുമെന്നാണ്‌ ഈ കർഷകന്റെ അഭിപ്രായം.
"പശുവും കോഴിയും താറാവും ആടുമെല്ലാം തരുന്ന വളമാണ്‌ കർഷകനെ സംബന്ധിച്ച്‌ മഹാകാര്യം!. അവ വേണ്ടവണ്ണം ഉപയോഗിച്ചാൽ നേട്ടം വലുതാണ്‌."
മണ്ണിനെ അടുത്തറിയുന്ന ഈ സംയോജിത കർഷകൻ ചെലവ്‌ കുറഞ്ഞ കൃഷിമാർഗ്ഗങ്ങളിലൂടെ കുടുതൽ ആദായമുണ്ടാക്കാമെന്ന്‌ മറ്റുള്ളവരെ പറഞ്ഞുമനസ്സിലാക്കും. ജൈവ കർഷകസമിതി അംഗമായ ഹരിദാസ്‌ കർഷകയോഗങ്ങളിൽ പങ്കെടുത്ത്‌ തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കാറുണ്ട്‌. കൃഷിയുടെ നഷ്ടക്കണക്കുകളും കൃഷിയിൽ നിന്നും അഭ്യസ്തവിദ്യരടക്കം അകന്നുപോകുന്നതുമെല്ലാം എന്തുകൊണ്ട്‌ എന്നുചോദിച്ചാൽ ഹരിദാസിന്‌ മറുപടി സ്വന്തം ജീവിതാനുഭവങ്ങൾ മാത്രമാണ്‌.
"എഴുപത്‌ സെന്റിലെ കൃഷികൊണ്ടുമാത്രമാണ്‌ എന്റെ കുടുംബം പുലരുന്നത്‌. എന്റെ മക്കളെ രണ്ടുപേരേയും അത്യാവശ്യം പഠിപ്പിച്ചതും വിവാഹം കഴിച്ച്‌ അയച്ചതുമെല്ലാം കൃഷികൊണ്ടാണ്‌. മൂത്തമകളുടെ ഭർത്താവ്‌ ജവാനാണ്‌. ഇളയയാളുടെ ഭർത്താവ്‌ കേരളാപോലീസിലും. എൺപത്തിയേഴ്‌ വയസ്സായ എന്റെ അമ്മയും എന്നോടൊപ്പമുണ്ട്‌.  പേരക്കുട്ടികളും അധികസമയവും ഞങ്ങളുടെ കൂടെയുണ്ട്‌. ഞങ്ങൾ തികച്ചും ഒരു സന്തുഷ്ടകുടുംബമായി കഴിയുന്നത്‌ കൃഷിയിലെ വരുമാനവും കൃഷി നൽകുന്ന അനുഗ്രഹവും കൊണ്ടാണ്‌."
ഫോൺ നമ്പർ: 9447952885
ചിന്ത, കരിക്കാട്‌ പി. ഒ., ആലപ്പുഴ, ഫോൺ : 9496884318

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...