സ്മിത പി കുമാർ
അട്ടപ്പാടിയിലെ ആദിവാസി ഗോത്ര
വൈദ്യത്തിന്റെ വേരും , നേരും തേടിയായിരുന്നു കഴിഞ്ഞ കുറച്ചു നാളത്തെ
യാത്രകള്‍ .വംശീയ വൈദ്യത്തിനു പേരുകേട്ട കേരളത്തിലെ പ്രധാനപെട്ട ഒരു
ഗിരിവര്‍ഗാധിവാസ കേന്ദ്രമാണ് പാലക്കാടു ജില്ലയുടെ വടക്ക് കിഴക്കന്‍
മേഘലയില്‍ സഹ്യപര്‍വത നിരയോടു ചേര്‍ന്ന ഈ മലയോര പ്രദേശം .ഇരുളര്‍
,കുറുംബര്‍ ,മുഡുകര്‍ എന്നീ മൂന്നു ആദിവാസി ഗോത്ര വിഭാഗങ്ങള്‍ ആണ്
കൂടുതലായി ഇവിടെ നിവസിക്കുന്നവര്‍ .നിരവധി ഊരുകളിലായി അട്ടപ്പാടിയുടെ മലമ്പ്രദേശങ്ങളില്‍ ചിതറി കിടക്കുന്നു ഈ ഗോത്ര വിഭാഗങ്ങള്‍.
ആദിവാസി വൈദ്യത്തിന്റെ ഖ്യാതി വിസ്തൃതമാക്കുന്നതില്‍
അട്ടപ്പാടിയിലെ ഗോത്രവൈദ്യം വലുതായ പങ്കു തന്നെ വഹിച്ചിട്ടുണ്ട്
.മറ്റു പലയിടങ്ങളിലെ ഗോത്രവൈദ്യം പോലെ ഇവിടെയും ഓരോ ഗോത്ര വിഭാഗത്തിനും
തനതായ ചികിത്സാ സമ്പ്രദായങ്ങള്‍ ആണ് ഉള്ളത്. .ഉപയോഗിക്കുന്ന ഔഷധ സസ്യങ്ങള്‍
,അവയുടെ പ്രയോഗ രീതികള്‍ എന്നിവയിലെ ഈ വൈവിധ്യം ചിലപ്പോള്‍ ഒരു വിഭാഗത്തിലെ
തന്നെ വ്യത്യസ്ത വൈദ്യെന്മാരില്‍ കാണാവുന്നതാണ് .കേന്ദ്രീകൃതമോ,സംഘടിതമോ
ആയ അറിവുകളോ ,അതിനെ മുന്‍ നിര്‍ത്തി കൊണ്ടുള്ള ചികിത്സാ വഴക്കങ്ങളോ
ആദിവാസി വൈദ്യത്തില്‍ പൊതുവേ കാണാന്‍ സാധിക്കില്ല .പ്രകൃതിയുമായുള്ള
നിരന്തരമായ പാരസ്പര്യത്തില്‍ നിന്ന് രൂപപെടുന്ന പ്രായോഗികമായ അറിവുകള്‍ ആണ്
ഇവരുടെ ചികിത്സയുടെ അടിത്തറ .പൂര്‍ണമായും അനുഭവസിദ്ധമായ അറിവുകള്‍
.സ്വന്തം ജീവിത പരിസരവുമായുള്ള ആഴത്തിലുള്ള സമ്പര്‍ക്കത്തില്‍ നിന്ന്
ഉണ്ടാകുന്ന ചില 'യാദൃശ്ചികതകളോ' ,'ഉള്‍വിളികളോ' ആണ് മിക്കപ്പോഴും ഒരു
മരുന്നിന്റെ കണ്ടെത്തലിലേക്ക് വഴി ഒരുക്കുന്നത് .ഒപ്പം സസ്യങ്ങളുടെ ബാഹ്യ
രൂപം ,അവ കാണപെടുന്ന ഇടത്തിന്റെ സവിശേഷത തുടങ്ങിയ ചില അടയാളങ്ങള്‍
ക്കനുസരിച്ച് അവയുടെ രോഗശമനശേഷിയെ കുറിച്ചുള്ള യുക്തി രൂപപെടുത്തുന്നു.
ഇലകളും ,തണ്ടും ...മറ്റും ഞെരെടി നോക്കി ,മണത്തും..ചിലത്
രുചിച്ചും ...അങ്ങിനെ ചെടികളുടെ ഔഷധസിദ്ധിയെ കുറിച്ചുള്ള
നിഗമനങ്ങളിലെത്തുന്നു .ഇപ്രകാരം അനുഭവങ്ങളില്‍ നിന്നും ,സൂക്ഷ്മമായ
നിരീക്ഷണങ്ങളില്‍ നിന്നും
മനസ്സില്‍ കുറിക്കപെടുന്ന അറിവുകള്‍ ഓരോ വൈദ്യന്റെയും തനതായ
ചികിത്സാവിധികള്‍ ആയി പരിണമിക്കുന്നു .ലിഖിത രൂപങ്ങള്‍ ഇല്ലാത്ത ഈ
അറിവുകള്‍ വാമൊഴിയായി പിന്നീടു തലമുറകളിലേക്ക് കൈമാറ്റം ചെയ്യപെടുന്നു.
പാരമ്പര്യമായോ,അതുമല്ലെങ്കില്‍ ഗോത്രവൈദ്യന്റെ സഹായി ആയി നിന്ന്
വൈദ്യം പഠിക്കുന്ന രീതിയോ ആണ് ഇവിടുത്തെ വൈദ്യജ്ഞാനത്തിന്റെ തുടര്‍ച്ച
നിലനിര്‍ത്തുന്നത് .അട്ടപ്പാടിയിലേക്ക് കുടിയേറ്റക്കാരായി വന്ന ചിലര്‍
ഇത്തരത്തില്‍ ഊരിലെ പ്രധാന വൈദ്യന്റെ കൂടെ കൂടി ചികിത്സാവിധികള്‍
പഠിച്ചെടുത്തു സ്വന്തമായി വൈദ്യശാല വെച്ചു ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്ന
കാര്യം അന്വേഷണത്തില്‍ ശ്രദ്ധയില്‍പ്പെട്ടു.മുക്കാലി ,അഗളി ,ചിണ്ടക്കി,കടമ്പാറ ,വരഗംപാടി ,വെച്ചപ്പതി,കുലുക്കൂര്‍
,ചാവടിയൂര്‍ ,ജെല്ലിപ്പാറ ,മന്തിമല ,നക്കുപ്പതി,കൊല്ലംകടവ് ...അങ്ങിനെ
തുടങ്ങി എത്തിപെടാന്‍ സാധിച്ച ഇരുപത്തന്ച്ചോളം ഊരുകളിലെ പ്രധാനിയായ ആദിവാസി
വൈദ്യന്മാരുമായി നടത്തിയ കൂടികാഴ്ച്ചകളില്‍ നിന്ന് ഇവിടുത്തെ വൈദ്യസമൂഹം
ഇന്ന് നേരിടുന്ന പ്രശ്നങ്ങളും ,പ്രതിസന്ധികളും കുറച്ചൊക്കെ
നേരിട്ടറിയുകയായിരുന്നു...... ഓരോ യാത്രയിലും .
ഊരുനിവാസികളുടെ ചികില്‍സാവശ്യകതയില്‍ നിന്നും അവരുടെ ആരോഗ്യ
പരിരക്ഷയെ മുന്‍നിര്‍ത്തി മാത്രം രൂപപെട്ടു വന്ന വംശീയവൈദ്യ ജ്ഞാനത്തിന്റെ
ഗവേഷണ സാധ്യതയും,അതുവഴി വിപണന മൂല്യവും പുറംലോകത്തിനു
തിരിച്ചറിവായതോടെയാണ് ഗോത്രവൈദ്യം ചൂഷണത്തിന് ഇരയാകാന്‍ തുടങ്ങിയത്
.
അട്ടപ്പാടി ഹില്‍ ഏരിയ ഡവലപ്മെന്റ്റ് സൊസൈറ്റി ഈ മേഖലയില്‍
നടത്തിയ സത്വരവും ,സമഗ്രവുമായ വികസന കര്‍മ്മ പരിപാടികള്‍ ആദിവാസികളുടെ
മണ്ണിനെയും ,മനസ്സിനെയും ഒരുപോലെ ഉര്‍വരതയിലേക്ക് പുനര്‍ജനിപ്പിച്ചു എന്ന്
പറയാം .അഹാഡ്സ് കേന്ദ്രീകരിച്ചു തുടങ്ങിയ ''ആത്മ '' എന്ന സംഘടന
അട്ടപ്പാടിയിലെ വംശീയ വൈദ്യന്മാരെ ഏകോപിപ്പിച്ചു അവരുടെ ഇടയില്‍ സ്വന്തം
വൈദ്യജ്ഞാനത്തിന്റെ തനിമയെ കുറിച്ചുള്ള ശക്തമായ അവബോധം സൃഷ്ടിക്കാന്‍ വേണ്ട
ശ്രമങ്ങള്‍ നടത്തി .തത്ഫലമായി നാട്ടിലെ ഗവേഷകര്‍ക്ക് മുന്‍പില്‍
മനസ്സുതുറക്കാന്‍ ആദിവാസി വൈദ്യന്മാര്‍ കൂട്ടാക്കിയില്ല . ഗവേഷകരെ
''ചൂഷകര്‍'' എന്ന നിലക്ക് നോക്കി കാണാനും ,അകറ്റി നിര്‍ത്താനും ഇതു
കാരണമായി .ഏതാണ്ട് നൂറ്റി അന്‍പതോളം വരുന്ന ആദിവാസി വൈദ്യന്മാരെ അട്ടപ്പാടി
മേഖലയില്‍ നിന്ന് മാത്രമായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് ആത്മ .പക്ഷെ
അന്‍പതില്‍ താഴെ ' എക്സ്പേര്‍ട്സുകള്‍ ' മാത്രമേ ആ കൂട്ടത്തില്‍ ഉണ്ടാവു എന്ന്
അഹാര്‍ഡ്സിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു .വൈദ്യന്മാരുടെ ഫോട്ടോയും ,
അഡ്രസ്സും ,സ്പെഷിലൈസ് ചെയുന്ന രോഗങ്ങളും രേഖപെടുത്തിയ ലിസ്റ്റുമായി
ഊരിലേക്കു ചെന്നപ്പോള്‍ ആ പറഞ്ഞത് വാസ്തവം ആണെന്ന് അറിയാന്‍ സാധിച്ചു
. അത്രക്കൊന്നും വൈദ്യ പാരമ്പര്യം അവകാശപെടാനില്ലാത്ത നിരവധി പേര്‍
ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ടെന്ന് ഊരുകളിലെ അനുഭവങ്ങള്‍ തെളിയിച്ചു
.വൈദ്യ പരിചയം സാക്ഷ്യപെടുത്തേണ്ട യാതൊരു തെളിവുകളും ഹാജരാക്കേണ്ട എന്ന
സാഹചര്യത്തില്‍ ,വൈദ്യന്മാരെ പട്ടികപെടുത്തുന്നതില്‍ പ്രത്യേകിച്ചു
മാനദന്ടങ്ങള്‍ ഒന്നും നിര്‍ബന്ധം പറയാത്ത അത്തരം ഒരു സര്‍വേ ലിസ്റ്റില്‍
ഇടം പിടിക്കാനും ,അതുവഴി സംഘടനയുടെ പ്രവര്‍ത്തന ഗുണഭോക്താവാനും
പലര്‍ക്കും ആ വിധം കഴിഞ്ഞിട്ടുണ്ട് .ഏതു ആദിവാസിക്കും താന്‍ വൈദ്യന്‍
ആണെന്ന് അവകാശപെട്ടുകൊണ്ട് ചികിത്സകള്‍ നടത്താനുള്ള അവസ്ഥകള്‍
നിലനില്‍ക്കുന്നുമുണ്ട് .
ഇത്തരം സംഭവങ്ങള്‍ ആദിവാസി വൈദ്യത്തിന്റെ
വിശ്വാസ്യത തകര്‍ക്കുന്ന ഒരു ഘടകം ആയി വര്‍ത്തിക്കുന്നുണ്ട്.സാമൂഹിക
മാറ്റങ്ങളുടെ ഫലമായി സ്വന്തം വംശത്തിന്റെ മൌലികതയിലോ ,സ്വന്തം ജീവിത
പരിസരങ്ങളോടോ അത്രയൊന്നും മതിപ്പ് തോന്നാത്ത പുതിയ തലമുറ ചില
പ്രലോഭനങ്ങള്‍ക്ക് മുന്‍പില്‍ അറിവുകള്‍ പകരം വെക്കാന്‍
തയ്യാറാവുന്നു .സംരക്ഷകരുടെ വേഷമണിഞ്ഞും ചൂഷകര്‍ക്ക് അവതരിക്കാം എന്ന
തന്ത്രങ്ങള്‍ തിരിച്ചറിയുവാന്‍ ഇവര്‍ ചിലപോഴെല്ലാം പരാജയപെടുന്നു .
കാലാവസ്ഥയില്‍ വന്ന മാറ്റങ്ങള്‍ ,വനനശീകരണം എന്നിവ മൂലമോ മറ്റോ
മുന്‍ കാലങ്ങളെ അപേക്ഷിച്ച് ഔഷധസസ്യങ്ങളുടെ ലഭ്യതയില്‍ ഗണ്യമായ കുറവ്
സംഭവിച്ചിട്ടുണ്ട് എന്നു പല വൈദ്യന്മാരും സൂചിപ്പിച്ചു.പശ്ചിമ ഘട്ട
മലനിരകളുടെ സാന്നിധ്യം കൊണ്ട് ,അത്യപൂര്‍വമായ ഔഷധ ജൈവ സമ്പത്തിനാല്‍
അനുഗ്രഹീതമായ സ്ഥലമാണ് അട്ടപ്പാടി .അട്ടപ്പാടിയിലെ ബൊമ്മിയാം പതി ഊരില്‍
മാത്രം അഞ്ഞൂറോളം സസ്യങ്ങള്‍ രോഗ ചികിത്സയില്‍ ആദിവാസികള്‍
പ്രയോജനപെടുത്തുന്നു എന്നു 1992 ലെ മല്ലീശ്വര പ്രോജക്റ്റ് സര്‍വേ
റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു .പക്ഷെ പല അത്ഭുത ഔഷധ മരുന്നു
വര്‍ഗങ്ങളും അട്ടപ്പാടിയുടെ മണ്ണില്‍ നിന്ന് വംശനാശത്തിലേക്കു നീങ്ങി
കൊണ്ടിരിക്കുകയാണ് .ഈ അവസ്ഥ വൈദ്യവൃത്തി ഉപേക്ഷിക്കാനുള്ള
തീരുമാനങ്ങളിലേക്ക് വൈദ്യവൃന്ദത്തെ ആസന്ന ഭാവിയില്‍ തന്നെ കൊണ്ടെത്തിക്കും
എന്നത് സംശയമില്ലാതെ പറയാന്‍ സാധിക്കും.
ഇതിനെല്ലാം പുറമേ ഏറ്റവും കാതലായ പ്രതിസന്ധി
ആണ് പുതിയ തലമുറയിലെ ചെറുപ്പക്കാര്‍ പലരും
അവരുടെ കുടുംബത്തിലുള്ള വൈദ്യ പാരബര്യം ഏറ്റെടുക്കാന്‍ തയ്യാറാവുന്നില്ല
എന്ന കാര്യം .പല മുതിര്‍ന്ന ഊരുവൈദ്യന്മാരും പ്രായാധിക്യം കൊണ്ട്
വൈദ്യവൃത്തി ഉപേക്ഷിച്ചിരിക്കുന്നു.അത്തരത് തിലുള്ള പല വൈദ്യന്മാരുടെയും
അടുത്ത തലമുറ യില്‍ വൈദ്യം ഏറ്റെടുത്തവര്‍ ഇല്ല എന്നത്
ആകുലതയുണര്‍ത്തുന്നു. സമൂഹത്തില്‍ വന്നു കൊണ്ടിരിക്കുന്ന ആധുനിക
മാറ്റങ്ങള്‍ക്കൊപ്പം ജീവിക്കാന്‍ വ്യഗ്രത കാണിക്കുന്ന പുതിയ തലമുറയ്ക്ക്
വൈദ്യം അതിജീവനത്തിനുള്ള വക നല്കുനില്ല എന്ന തോന്നല്‍ പുതിയ തൊഴില്‍
മേഖലകിലേക്ക് ചേക്കേറാന്‍ അവരെ നിരബന്ധിതരാക്കുന്നു .നിര്‍മാണ മേഖലയുമായി
ബന്ധപെട്ട തൊഴിലുകളില്‍ നിന്ന് ലഭിക്കുന്ന നല്ലൊരു പ്രതിഫലം അവരെ ഇത്തരം
ജോലികളിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നു .ഊരിലെ ചില വൈദ്യന്മാര്‍ പോലും
ഇത്തരം പണികള്‍ക്കായി പോവുന്നുണ്ട് .കൂടാതെ മദ്യത്തിനും ,കഞ്ചാവിനും
അടിമപെട്ട ഭൂരിഭാഗം ചെറുപ്പക്കാരിലും വംശപ്രതിബദ്ധതയോ ,കുടുംബത്തിനോടുള്ള
ഉത്തരവാദിത്വ മനോഭാവമോ കാണുന്നില്ല . ഇതു
ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് ആക്കം കൂട്ടുന്നു
.മാറ്റങ്ങള്‍ക്കനുസരിച്ച് നല്ല പരിവര്‍ത്തനങ്ങള്‍ ഈ സമൂഹത്തിലും ആവശ്യം
തന്നെ..പക്ഷെ പൂര്‍ണമായും സ്വന്തം പരിതസ്ഥിതിയില്‍ നിന്ന് വിടുതല്‍
നേടാന്‍ കഴിയാത്ത ആദിവാസി യുവതലമുറ സ്വയം നിര്‍വ്വചിക്കാന്‍
കഴിയാതെ കുഴങ്ങുന്നു .
വയനാട് ജില്ലയില്‍ വാളാട് എന്ന സ്ഥലത്ത് കിര്‍ത്താട്സ് വംശീയ വൈദ്യ പഠന
കേന്ദ്രം ആരംഭിക്കുകയും ,അവിടെ ത്രിവര്‍ഷവംശീയ വൈദ്യപഠന സര്‍ടിഫികറ്റ്
കോഴ്സ് നല്‍കുകയും ചെയ്തു വരുന്നുണ്ട്. സ്വന്തം വംശ തനിമയില്‍ ഊന്നി
കൊണ്ടുള്ള ഇത്തരം വിദ്യാഭ്യാസ പദ്ധതികള്‍, അത്തരം ശ്രമങ്ങള്‍ ആദിവാസികളിലെ
യുവതലമുറയെ ആകര്‍ഷിക്കാന്‍ ഉതകുന്നവയാണ്.ആദിവാസികളുടെ പ ങ്കാളിത്വത്തോട് കൂടി
തന്നെ ഗോത്രവൈദ്യതിന്റെ സംരക്ഷണാര്‍ത്ഥം ഫലപ്രദമായ പദ്ധതികള്‍
ആവിഷക്കരിക്കാന്‍ വൈകും തോറും നാടറിയാത്ത അമൂല്യങ്ങളായ കാട്ടറിവുകള്‍
ഇവിടെ നിന്നു അപ്രത്യക്ഷമാകുക തന്നെ ചെയ്യും. അട്ടപ്പാടിയിലെ ആദിവാസി വൈദ്യവും,ആദിവാസി ജനതയും ഇപ്പോള്‍ അത്തരം ഒരു
സ്വത്വ പ്രതിസന്ധിയിലാണെന്നു പറയാം.