Skip to main content

ഗുരു തന്നെയെഴുത്തെല്ലാം
 തോമസ്‌ പി.കൊടിയൻ

നേർത്ത തൂക്കുപാലം - ഒരാൾക്കുമാത്രം നടന്നുപോകത്തക്ക വീതിയുള്ളത്‌. നടക്കുമ്പോൾ ഇളകുകയും ആടുകയും ചെയ്യുന്നതുകൊണ്ട്‌ അതിന്‌ ആടുപാലം എന്നും പേരുണ്ട്‌.
ഒന്നാം ദിവസം നീ എനിക്കു മുൻപേ പാലത്തിൽ കാലെടുത്തുവച്ചതു കണ്ടതാണു ഞാൻ.
എന്നാലും നീയവിടെ നിൽക്കുക. ഞാനാദ്യം.
അഞ്ചാം തരം വരെ നീ എന്റെ സതീർത്ഥ്യനായിരുന്നു എന്നുള്ളതു ഞാനെങ്ങിനെ മറക്കാൻ - ആ ഓർമ്മകൾക്ക്‌ അമ്മിഞ്ഞപ്പാലിന്റെ മധുരമുള്ളിടത്തോളം കാലം?
ഇന്നു പക്ഷേ - നീ എന്നേക്കാൾ ചെറുതാണ്‌.
പദവിയിൽ, പണത്തിൽ, പൊക്കത്തിൽ, മൊത്തത്തിൽ....
അതുകൊണ്ട്‌ ഞാനാദ്യം.
നീ, കൊള്ളാം. ഞാൻ മുന്നേറുന്നതു കണ്ട്‌
നീ പിൻവാങ്ങി നിന്നു തന്നു. നിന്റെ ചുണ്ടിലൊരു ഇളംചിരി.
അങ്ങനെ തന്നെ വേണം ചെറിയവർ! ഇനി നിനക്കു പോകാം.
പക്ഷെ, ആടുപാലം നതോന്നത വൃത്തത്തിൽ കുണുങ്ങുന്നു നീ പോകുമ്പോൾ.
ഞാൻ നടന്നപ്പോൾ അതിന്റെ സന്ധിബന്ധങ്ങൾ ഘർഷണ ശബ്ദങ്ങളാൽ ഉറക്കനെ പ്രതിഷേധിക്കുകയായിരുന്നു.
ഇതാ, പാലത്തിന്റെ വൃത്തബദ്ധവും ബന്ധുരവുമായ നതോന്നതാവൃത്തികളെ ആ മഞ്ഞക്കുഞ്ഞിക്കുരുവി, പാലത്തിന്റെ വലിഞ്ഞുമുറുകിയ ലോഹക്കയറിൽ ഇളകാതിരുന്ന്‌ ആസ്വദിക്കുകയാണ്‌. ലോഹപ്പാലത്തിന്റെ മൃദുതരംഗങ്ങളിലേറി അത്‌ സാവധാനം ഇത്തിരി മുകളിലേയ്ക്കുയരുന്നു, പിന്നെ സാവധാനം ഇത്തിരി താഴേയ്ക്ക്‌! അങ്ങനെയങ്ങനെ.... ഒരു ആന്ദോളനത്തിന്റെ സുഖമനുഭവിക്കുകയാണത്‌. ഞാൻ നടന്നപ്പോൾ ചകിതയായി പറന്നുയർന്നുപോയതാണ്‌ ആ അസത്തു കിളി!
രണ്ടാം ദിവസം.
അന്നും നമ്മൾ ഒരേ സമയം വന്നു. മുറപ്രകാരം ഞാനാദ്യം നടന്നു. അന്നും എനിക്കായി നീ വഴി മാറിനിന്നു. നിന്നെ മറികടക്കുമ്പോൾ ഞാൻ പൂശിയ സുഗന്ധത്തിൽ നീ അസൂയാലുവാകട്ടെയെന്ന ഗോ‍ൂഢമായ ഒരു അഹന്തയുടെ വീർത്തുനിറഞ്ഞ ബലൂൺ നീ കാണാതിരിക്കാൻ ഞാൻ പരമാവധി സൂക്ഷിച്ചു.
നിനക്കു പതിവുള്ള മന്ദഹാസം മാത്രം. അതിന്റെ വാസനയിൽ എന്റെ വിദേശസുഗന്ധി നാണിച്ചുവോ എന്നൊരു സംശയം.
മൂന്നാം ദിവസവും, ഒന്നാം ദിവസം പോലെയും രണ്ടാം ദിവസം പോലെയും കടന്നുപോയപ്പോൾ നാലാം ദിവസം കാത്തു നിൽപ്പിന്റേയും തോറ്റുകൊടുക്കലിന്റെയും സുഖം നുകരാനൊരു മോഹം. പിന്നൊന്നുകൂടിയുണ്ട്‌; നീയെന്റെ സതീർത്ഥ്യനുമായിരുന്നല്ലോ? അങ്ങിനെയുള്ള നിന്റെ മുന്നിലൊന്നു തോൽക്കുന്നതിനും ചെറിയൊരു സന്തോഷം! എല്ലായ്പ്പോഴും നീ മാത്രമങ്ങനെ തോറ്റാൽ ശരിയാവില്ലല്ലോ? ഞാനിന്ന്‌ നിനക്കു വഴിമാറിത്തരും. നീ കടന്നു കഴിയുമ്പോൾ കരുതലോടെയും അതീവക്ഷമയോടെയും ഞാൻ നടക്കും.
പണ്ട​‍് നമ്മുടെ നാട്ടുപള്ളിക്കൂടത്തിന്റെ വടക്കേയറ്റത്തെ ഞാവൽമരത്തിലെ പഴം തിന്നു വയലറ്റു നിറമാക്കി മാറ്റിയ നാവുകൾ  പരസ്പരം നീട്ടിക്കാണിച്ചു ചിരിച്ചുള്ളസിച്ച ആ നിഷ്കളങ്കനാളുകൾ, എന്റെ രക്തത്തിന്റെ നിറം പോലെ പ്രാണനിൽക്കിടക്കുമ്പോൾ നിനക്കു വഴി മാറിത്തരാതിരിക്കാൻ എനിക്കെങ്ങിനെയാവും?
​‍്ഞാൻ നടക്കുമ്പോഴും തൂക്കുപാലത്തിൽ കവിത വിരിഞ്ഞെങ്കിൽ....
ഹേയ്‌! മഞ്ഞക്കുഞ്ഞിക്കുരുവീ എന്റെ പദവിന്യാസത്തിന്റെ ആവൃത്തികളിൽ തൂക്കുപാലത്തിലുയിർക്കൊള്ളുന്ന അലകളിലേറി നീ ഊയലാടുന്നതു കാണാനായെങ്കിൽ... 
പക്ഷേ, ഇന്ന്‌ അങ്ങേത്തലയ്ക്കൽ നീയില്ല! ഞാൻ  കാത്തു നിന്നു. നീ വന്നില്ല.
എനിക്കു നിന്നെ തേടി വരാതിരിക്കാനാവില്ല. നിന്റെ വീടെനിക്കറിയാം.
എന്തേ നിന്റെ വീടിനു മുന്നിൽ ഒരാൾക്കൂട്ടം?
ഇതാ, നീ വീണ്ടുമെന്നെ തോൽപ്പിച്ചു. " Rascal, you died in the young......''
എല്ലാവരേയും കരയിപ്പിച്ചുകൊണ്ട്‌, മുഗ്ധമായൊരു നരജന്മസാക്ഷ്യം നൽകിക്കൊണ്ട്‌, എന്നെ അസൂയപ്പെടുത്തിക്കൊണ്ട്‌, ജരാനരകളുടെ വാതിൽതുറക്കാതെ തീക്ഷ്ണയൗവ്വനത്തിൽ, ഉറക്കത്തിൽ നീ പോയി...
എന്റെ കരളിരമ്പം കൂട്ടുകാരാ നീ കേൾക്കുന്നുണ്ടോ? എന്നോടു വീണ്ടും കൂട്ടുകൂടാൻ നിൽക്കാതെ തൂക്കുപാലത്തിനരുകിൽ ഇനിയൊരിക്കലും എനിക്കുനേരെ പുഷ്പിക്കാത്ത മന്ദഹാസവുമായി നീ കടന്നുപോയി. പകൽനേരം, തന്റെ നേരെ നോക്കിയവർക്കെല്ലാം ഇളംചിരിയുടെ നറുമണം നൽകി നിന്നിരുന്ന ഒരു പൂവ്‌ രാവിന്റെ കല്ലാര്റയിലേക്ക്‌ മൗനമായി ഇറുന്നു വീണുപോയതുപോലെ....
    നീ നിന്റെ കുഞ്ഞുവീടിന്റെ ഉമ്മറത്ത്‌ നിശ്ചലമെരിയുന്ന മന്ദാരങ്ങളുടെയും നിലവിളക്കിന്റെയും പ്രകാശത്തിൽ, നിന്റെ ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിന്റെ ഇരുളിൽ, കോടിമുണ്ടു പുതച്ച്‌ അതേ ഇളംചിരിയോടെ കിടക്കുന്നു. ചിലപ്പോൾ തോൽക്കുന്നതിലൂടെയും ആരെയൊക്കെയോ ജയിക്കുന്ന സുഖമുണ്ടെന്നു പഠിപ്പിച്ചുകൊണ്ട്‌....
    എല്ലാവർക്കുമായി എന്നെന്നേയ്ക്കുമായി വഴിമാറിക്കൊടുത്തുകൊണ്ട്‌, നീ വീണ്ടും എന്നെ തോൽപ്പിച്ചു - തൂക്കുപാലത്തിലും നടവഴിയിലും ഇടവഴിയിലും കവിതയുണർത്തിയിരുന്ന എന്റെ സതീർത്ഥ്യൻ.
    നിന്നെ, ബെന്തിപ്പൂക്കളും ജെമന്തിപ്പൂക്കളും വാടാമല്ലിപ്പൂക്കളും ചിരിവാടിയ ചുണ്ടുകളാൽ ഉമ്മ വച്ചുകിടക്കുന്നു. നിനക്കു ഞാനൊരു പൂ കൊണ്ടുവന്നില്ലല്ലോ സതീർത്ഥ്യാ? എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ...
    കുഞ്ഞുനാളിൽ, കുചേലവൃത്തം വഞ്ചിപ്പാട്ടിലെ നീ മറന്നു പോയ ഈരടി, പിഷാരടി മാഷ്‌ തല്ലു തന്നു പഠിപ്പിച്ചതിൽപ്പിന്നെയാണ്‌ നീയൊരു വഞ്ചിപ്പാട്ടുകാരനായത്‌ എന്നെനിക്കോർമ്മ വരുന്നു. അതിൽ നിനക്കേറെ ഇഷ്ടമുള്ള വരികളും...  നിന്നെക്കാണുമ്പോഴൊക്കെ ഞാൻ പിഷാരടി മാഷെയും ഓർത്തു. ഒരു ഗുരുജന്മം സഫലമാകാൻ ഒരു ശിഷ്യജന്മം! മാഷുടെ ജന്മം നിന്നിലൂടെ സഫലമായി. മാഷ്‌ നിന്റെ ജീവനിൽ കൊളുത്തിവച്ച വരികളും.....
    "നാളെ നാളെ എന്നായിട്ടു ഭഗവാനെ കാണാനിത്ര-
    നാളും പുറപ്പെടാഞ്ഞ ഞാനിന്നു ചെല്ലുമ്പോൾ...."
    എന്ന്‌ കുഞ്ഞുന്നാളിൽ നീ പാടിയിരുന്ന ആ പാട്ടിലെ സംശയം ഇപ്പോഴും പറ്റിനിൽക്കുന്ന നിന്റെ ചുണ്ടിനു മുകളിലൂടെ മരണഗന്ധവുമായി ആകൃതി നഷ്ടപ്പെട്ട ചന്ദനത്തിരിപ്പുക ഗതിതേടിയലയുന്നുണ്ട്‌.
    ഭഗവൽഗീതികൾ പവിത്രമാക്കിയ ചുണ്ടുകളോടെ, ഭഗവൽസ്മൃതികളോടെ, ഭൂമിയിൽ നീ തീർത്ത നിർമ്മിതികളുടെ പവിത്രപാണികളോടെ നീയിന്നുചെല്ലുമ്പോൾ പണ്ട്‌ കുചേലനെ സ്വീകരിച്ചതുപോലെ ഭഗവാൻ നിന്നെയും സ്വീകരിക്കും. അപാരസംസാരസാഗരം ഒരു മൺതോണിയിൽ ഒറ്റയ്ക്കു തുഴഞ്ഞുഴറിത്തളർന്നു വിവശനായ്‌ നീയങ്ങു ചെല്ലുമ്പോൾ ഭഗവാനെങ്ങനെ അടങ്ങിയിരിക്കാനാവും?
ഭഗവതിയും വരും. തീർച്ചയായും.
    "മാറത്തെ വിയർപ്പുവെള്ളം കൊണ്ടുനാറും സതീർത്ഥ്യനെ
    മാറത്തുണ്മയോടെ ചേർത്തു ഗാഢം പുണർന്നു" തന്നെ സ്വീകരിക്കും...
    ഇപ്പോൾ, സതീർത്ഥ്യാ, അഹന്തയുടെ ഉദകപ്പോള പിളർന്ന്‌ നരജന്മക്ഷണികതയുടെയും ചെയ്യുവാൻ മാറ്റിവയ്ക്കപ്പെട്ട കുഞ്ഞുകുഞ്ഞുനല്ലനല്ല കാര്യങ്ങളുടെയും ഓർമ്മകളോടെ, ആടുപാലം എന്നും വിളിക്കപ്പെടുന്ന ഈ തൂക്കുപാലത്തിനരുകിൽ ഏകനായി നിൽക്കുമ്പോൾ, ഈ ഗ്രാമാന്തരങ്ങളിൽ നീ തീർത്ത വീടുകൾ എനിക്കു കാണാകുന്നു. അവ നിനക്കു സ്മാരകങ്ങളാവുന്നു. ആ വീടുകളിലെ താമസക്കാർ നാളെകളിൽ പറയും... "ഇത്‌ നമ്മുടെ മുരളിമേസ്തിരി പണി കഴിപ്പിച്ച വീടാണ്‌......"
മുരളീ... സതീർത്ഥ്യാ... നതോന്നതയുടെ ഗുരുവേ... നമഃ
Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…