22 Dec 2012

സ്നേഹിത


സി.വി.പി.നമ്പൂതിരി

സ്നേഹിതേ ! വിശ്രമാലയം വിട്ടു നാം
വേര്‍പിരിയുന്നു നാളെപ്പുലരിയില്‍...

വോഡ്ക്കയും
പാട്ടുമായ് പാതിരാവിനെ
സ്നേഹസാന്ദ്രമാക്കുന്നു സഞ്ചാരികള്‍
ഇല്ലുറക്കം നമുക്കും ,വരാന്തയില്‍
വന്നിരിപ്പു നാം രണ്ടു സ്വപ്നാടകര്‍
രണ്ടുദിക്കില്‍ നിന്നെത്തീ,ഇടവേള

പോക്കിടുമ്പോള്‍ പരിചിതരായ്,പങ്കു-
വെച്ചു ദുഃഖങ്ങള്‍,ഓര്‍മ്മകള്‍,തേയില-
കാട്ടിലൂടെനടന്നു നാം സന്ധ്യയില്‍
'എന്തു ജീവിതം,ജീവിച്ചു തീര്‍ക്കലി -
ന്നപ്പുറം'-നിന്‍സ്വരം പെയ്തു മഞ്ഞു പോല്‍..
നിന്‍ ചിലമ്പുകള്‍ താളം മറന്നവ
നിന്‍ വിരലുകള്‍ മുദ്ര മറന്നവ
മുത്തുഹാരം തിളക്കം വെടിഞ്ഞത്
നിന്നരങ്ങിരുള്‍ മൂടിക്കിടപ്പത്
കാണികള്‍ ,കരഘോഷങ്ങള്‍,ഒക്കെയും
കണ്ടുമാഞ്ഞ കിനാവായിരുണ്ടത്
പ്രജ്ഞയില്‍ നിഴല്‍ നൃത്തങ്ങള്‍ ബാക്കിയാ-
യെന്നുപാടിനീയാര്‍ദ്ര സ്വരങ്ങളില്‍...
മഞ്ഞുപെയ്കെത്തണുപ്പായുറഞ്ഞു നാം
കുന്നുകേറുന്ന കാറ്റായ് കിതച്ചു നാം

മഞ്ഞുതുള്ളിയെ, ,പൂക്കളെ,വാര്‍മഴ-
വില്ലിനെ,പ്പാതിരാത്താരകങ്ങളെ
എന്തിനോ പ്രണയിച്ചവളാണു നീ
നീലമേഘച്ചിറകു മോഹിച്ചവള്‍
നിന്‍ മിഴികളില്‍ വായിച്ചെടുത്തു ഞാന്‍
താഴ്വരക്കാടു പൂവിട്ട ഭംഗികള്‍...
ദൂതു ചൊല്ലാതെ പോകും മുകിലുകള്‍
ആത്മദുഃഖങ്ങള്‍ പെയ്യുംനിശീഥികള്‍

ഒട്ടു നാളെന്റെ കൂട്ടിനുണ്ടായിരു-
ന്നെന്നപോലെ പരിചിതം നിന്‍ മുഖം.

പോകയാണുനാം നാളെ പുലരിയില്‍
ബാക്കിയെന്തോ പറയാന്‍ മറന്നുവോ?
ആരെനിക്കു നീ?ആരു നിനക്കു ഞാന്‍?
എന്തിനായ് വേദനിപ്പു വേര്‍പാടില്‍ നാം?

പാതിരാവും കഴിഞ്ഞു,സ്നേഹത്തിന്റെ
വീഞ്ഞു മാത്രം പകുത്തുപിരിഞ്ഞിടാം
നീ,എനിക്കെഴുതാന്‍ ബാക്കിയാകുന്നൊ-
രെന്‍ കവിത,നിലാവു നിറഞ്ഞത്‌.....

നിന്‍തപസ്സിലുണരട്ടെ ,മറ്റൊരു
സൂര്യ,നാത്മാവില്‍ വര്‍ണ്ണം വിതറുവാന്‍
കണ്ണെഴുതിച്ചണിയി ച്ചൊരുക്കുവാന്‍
വീണ്ടുമെത്തട്ടെയപ്സര കന്യകള്‍...
കാല്‍ച്ചിലമ്പിടുവിക്കട്ടെ സ്വപ്‌നങ്ങള്‍
കാലിടറാതെ യാത്ര തുടരുക.....

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...