എന്റെ ഹിമാലയ യാത്രാനുഭവങ്ങൾ/10


പ്രഫുല്ലൻ  തൃപ്പൂണിത്തുറ


ശ്രീബുദ്ധഗയ

ത്രിവേണിസംഗമസ്നാനത്തിനുശേഷം ചരിത്രപ്രധാനമായ അലഹബാദ്‌ നഗരത്തിലൂടെ കാഴ്ചകണ്ടു നടന്നു. പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ്‌ ജവഹർലാൽ നെഹ്‌റു ജനിച്ചു വളർന്ന "ആനന്ദഭവനവും' കണ്ടു. അതിന്റെ പ്രധാനകവാടത്തിൽ 'മോട്ടിലാൽ നെഹ്‌റു' എന്ന്‌ എഴുതിവെച്ച പഴയ ശിലാഫലകവും കണ്ടു. ഈ ഭവനത്തിൽത്തന്നെയാണ്‌ ഇന്ദിരാഗാന്ധിയും ജനിച്ചു വളർന്നത്‌. ഇന്നു ഈ ബംഗ്ലാവ്‌ ചരിത്രമ്യൂസിയവും പ്ലാനറ്റേറിയവുമായി സൂക്ഷിച്ചു പോരുന്നു. ഈ ബംഗ്ലാവിനുമുമ്പിലെ രാജവീഥിയിലും പ്ലാസ്റ്റിക്‌ കവറിൽ ചൂടുള്ള ചായ കൊണ്ടുവന്നു പ്ലാസ്റ്റിക്‌ കപ്പുകളിൽ പകർന്നു നൽകുന്ന വഴിയോരക്കച്ചവടക്കാരെ കണ്ടു. ഇവിടെയും തിങ്ങിനിറഞ്ഞ ലൈൻ ബസ്സുകൾക്കു മുകളിൽ കയറിയിരുന്നു നട്ടുച്ചയ്ക്കുപോലും യാത്ര ചെയ്യുന്ന നിരവധി ഗ്രാമീണരെ കണ്ടു.
    ഭാരതചരിത്രം ഉറങ്ങുന്ന ആ നഗരപ്രാന്തങ്ങളിലൂടെ പൊരിവെയിലിൽ നടന്നുനീങ്ങിയപ്പോൾപോലും വേണ്ടത്ര ചൂട്‌ അനുഭവപ്പെട്ടില്ല. മനസ്സുനിറയെ ചരിത്രത്തിന്റെ നിറക്കൂട്ടുകളുടെ ഹരിതാഭ പുനർജ്ജനിച്ചുതു കൊണ്ടാവണം.
    പിന്നീട്‌ ഞങ്ങളെത്തിച്ചേർന്നത്‌ ബീഹാറിലെ ഗയയിലെ വിഷ്ണുക്ഷേത്രത്തിലായിരുന്നു. പ്രസിദ്ധമായ ഗയാക്ഷേത്രം ഗംഗാനദിയുടെ പോഷകനദിയായ 'ഫൽഗുനനദിയുടെ പടിഞ്ഞാറെകരയിലാണ്‌. പുഴക്കരയിലായതുകൊണ്ടാവാണം ഈക്ഷേത്രത്തെ ഗയാതീർത്ഥം എന്നും പറയുന്നു. ഇവിടെ പിതൃക്രിയ ചെയ്യാനെത്തുന്നവരുടെ മാതാപിതാക്കളും പരമ്പരാഗത പിതൃസമൂഹവും സംതൃപ്തമാകുമെന്നാണു വിശ്വാസം. ഇവിടത്തെ പിണ്ഡദാനം നരകയാതന അനുഭവിയ്ക്കുന്ന പിതൃക്കൾക്കു തത്സമയ മുക്തിയേകുമെന്നും വിശ്വാസമുണ്ട്‌. ഇവിടെ സ്നാനഘട്ടത്തിനടുത്തും ശങ്കരാചാര്യരുടെ മഠമുണ്ട്‌. അപൂർവ്വമായ ത്രിമൂർത്തികൾ ഒന്നിച്ചുള്ള പ്രതിഷ്ഠയുമുണ്ട്‌.
    പാറ്റ്നയിൽ നിന്നും 60 കി.മീ ദൂരെയുള്ള ഒരു ചെറുനഗരമാണ്‌ 'ബുദ്ധഗയ' ഒരു ചെറിയ കുന്നിൻ മുകളിലാണ്‌ ഇതു സ്ഥിതിചെയ്യുന്നത്‌. കപിലവസ്തുവിലെ സിദ്ധാർത്ഥ രാജകുമാരൻ ജീവിതസത്യം അറിയുന്നതിനുവേണ്ടി, സാമ്രാജ്യവും കൊട്ടാരവും കുടുംബവുമൊക്കെ ഉപേക്ഷിച്ച്‌ ഒരുഭിക്ഷുവായി തപസ്സുചെയ്ത സ്ഥലമാണു 'ഗയ' തപസ്സനുഷ്ഠിച്ച സ്ഥലത്തിന്റെ പേര്‌ പണ്ട്‌ 'ഉരുവേലം' എന്നായിരുന്നുവത്രെ! ഇവിടെയുണ്ടായിരുന്ന പഴയബോധി വൃക്ഷം 1870ൽ നശിച്ചുപോയത്രെ! അതിന്റെ സ്ഥാനത്ത്‌ ഇപ്പോൾ ഒരു ആൽമരമുണ്ട്‌. അതു തറകെട്ടി കമ്പിവേലി കെട്ടിപവിത്രമായി സൂക്ഷിച്ചു പോരുന്നു. ഈ മരം ആറ്‌ തലമുറകൾ പിന്നിട്ട ഒരു വൃക്ഷമാണെന്നാണു പറയുന്നത്‌. ഗൗതമബുദ്ധന്റെ ജ്ഞാനോദയശേഷം ധ്യാനനിരതനായി കഴിഞ്ഞിരുന്ന ഒരു തറയും ഇവിടെ കാണാം. ഒരു ചുവന്ന കല്ലിന്റെ പാളിയായ ഇതിനെ 'വജ്രാസനം' എന്നു പറയുന്നു. താഴെയുള്ള മഹാബോധിക്ഷേത്രം സ്ഥാപിച്ചതും ബോധിവൃക്ഷത്തിനു തറകെട്ടിയതും മതിൽകെട്ടിസൂക്ഷച്ചതും അശോക ചക്രവർത്തിയാണ്‌.
    ഉത്തരേന്ത്യയിലെ മറ്റു ദേവാലയങ്ങളെ അപേക്ഷിച്ച്‌ വളരെ വൃത്തിയായി ഈ ക്ഷേത്രാങ്കണം പരിപാലിച്ചു പോരുന്നു. കണ്ണാടിപോലെ തോന്നിയ്ക്കുന്ന മാർബിളാണു തറയിലും ദേവാലയത്തിലുമൊക്കെ പതിപ്പിച്ചിട്ടുള്ളത്‌. അവിടെമെല്ലാം വളരെ പവിത്രമായി സൂക്ഷിയ്ക്കുന്നുമുണ്ട്‌. തായ്‌വാൻ, ജപ്പാൻ, ചൈന, ഭൂട്ടാൻ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള വിദേശ ടൂറിസ്റ്റുകളെ അവിടെ കണ്ടു. ശ്രീബുദ്ധ ദേവാലയത്തിന്റെ ഭരണത്തിലും, കാവലിൽപ്പോലും വിദേശികൾ ഉൾപ്പെടുന്നു.
    ഏതായാലും സിദ്ധാർത്ഥ മഹാരാജാവ്‌ ശ്രീബുദ്ധനായി മാറിയ ചരിത്രനഗരം കണ്ടാസ്വദിയ്ക്കുവാൻ ഈ ഹിമാലയയാത്ര എനിക്കു ഭാഗ്യം തന്നതിൽ അതീവ ചാരിതാർത്ഥ്യമുണ്ടെനിയ്ക്ക്‌. ഇന്നത്തെ സംഘർഷഭരിതമായ അന്തരീക്ഷത്തിൽ ത്യാഗത്തിന്റെയും അഹിംസയുടേയും പ്രസക്തി അനുദിനം ഏറിവരികയാണല്ലോ!

തുടരും...

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ