Skip to main content

ശബരീശ സന്നിധിയിലെ കേരമാഹാത്മ്യം


രമണി ഗോപാലകൃഷ്ണൻ

ഹരിഹരസുതനും ആനന്ദചിത്തനുമായ ശബരിഗിരീശന്‌ ഏറ്റവും പ്രിയപ്പെട്ട പൂജാദ്രവ്യം കൽപവൃക്ഷത്തിന്റെ പുണ്യഫലമായ നാളികേരമാണെന്നത്‌ ഈ അത്ഭുതഫലത്തിന്റെ മഹിമ വാനോളമുയർത്തുന്നു. ശരണാഗതവത്സലനായ ധർമ്മശാസ്താവിന്റെ ദർശനപുണ്യം കാംക്ഷിച്ചുകൊണ്ടുള്ള അയ്യപ്പഭക്തന്റെ യാത്രയിലുടനീളം തന്റെ പ്രാണവായുപോലെ ഒഴിച്ചുകൂടാനാവാതെ കരുതിവെക്കുന്ന നാളികേരം സ്വാമിയുടെ മുദ്രയാണ്‌. അയ്യപ്പന്റെ ഇരുമുടിക്കെട്ടിൽ -അതെ - ജീവാത്മാവും പരമാത്മാവും സമന്വയിക്കുന്നതെന്ന സങ്കൽപ്പമായ, ഭക്തന്റെ ഇരുമുടിക്കെട്ട്‌. അതിലെ ദിവ്യമായ മുൻകെട്ടിൽ ലക്ഷണയുക്തമായ നാളികേരത്തിൽ അഭിഷേകത്തിനുള്ള നെയ്യ്‌ നിറച്ച്‌ വെയ്ക്കുന്നത്‌ ഭക്തിയുടെ പാരമ്യതയിൽ ചെയ്യുന്ന അനുഷ്ഠാനമാണ്‌.
"ധർമ്മശാസ്താവിനെ ദർശനം ചെയ്യുവാൻ
നിർമ്മല ഭക്ത്യാ ഗമിക്കുന്ന മാനുഷൻ
ശർമ്മദമാകുമനേകമനുഷ്ഠാന-
ധർമ്മകർമ്മങ്ങളിൽ നിഷ്ഠരായ്മേവണം"
ഇങ്ങനെ അനേകം അനുഷ്ഠാനനിഷ്ഠയാൽ പ്രഭാപൂരിതമാക്കിയ യാത്രയിലുടനീളം ആഴിയും പടുക്കയും മുതൽ പൊന്നും പതിനെട്ടാം പടികടന്ന്‌ ഭഗവത്‌ സന്നിധി പ്രാപിക്കുന്ന നിമിഷംവരെയും ധർമ്മശാസ്താവിനും ഉപദേവതകൾക്കും ദേവന്മാർക്കും സമർപ്പിക്കുന്ന പൂജാദ്രവ്യങ്ങളിൽ നാളികേരത്തിനുള്ള സ്ഥാനം മറ്റൊന്നിനുമില്ല തന്നെ.
ജാതിമതഭേദമെന്യേ സർവ്വചരാചരങ്ങൾക്കും കരുണാമയനായ - ഭഗവാനും ഭക്തനും ഒന്നുതന്നെയാകുന്ന, മനുഷ്യനും ദൈവവും രണ്ടല്ല ഒന്നു തന്നെയാണ,​‍്‌ എന്ന ദർശനത്തിന്റെ പ്രതിരൂപമായ അയ്യപ്പ സന്നിധിയിൽ വർഷംതോറും 5 കോടിയോളം തീർത്ഥാടകരാണ്‌ ദർശനപുണ്യം തേടിയെത്തുന്നതെന്നാണ്‌ കണക്ക്‌. ഓരോ തീർത്ഥാടകനും 7-8 തേങ്ങയാണ്‌ നെയ്ത്തേങ്ങ കൂടാതെ കരുതുന്നത്‌. അതായത്‌ 40 കോടിയിലധികം നാളികേരമാണ്‌ ഓരോ മണ്ഡലകാലത്തും സന്നിധാനത്തേക്ക്‌ ഒഴുകിയെത്തുന്നത്‌. ഈ പുണ്യഫലത്തിന്റെ സ്പർശമേൽക്കാത്ത ഒരു ചടങ്ങും ഒറ്റ പൂജാവിധിയും ശബരിമല തീർത്ഥാടനത്തിലില്ല എന്നതാണ്‌ ഈ ഒഴുക്കിനടിസ്ഥാനം.
ആഴിയും പടുക്കയും മുതൽ തുടങ്ങുന്നു ശബരിമല തീർത്ഥാടനത്തിനായ്‌ മാലയിട്ട അയ്യപ്പഭക്തന്‌ നാളികേരം അനിവാര്യമാകുന്നുവേന്ന യാഥാർത്ഥ്യം. പഴുക്കപ്പന്തലിൽ നിലവിളക്ക്‌ വെയ്ക്കുമ്പോൾ മലർ, പഴം ഇവയോടൊപ്പം കരിക്ക്‌ (ഇളംതേങ്ങ) അടുക്കിവെയ്ക്കുന്നു. നടുക്ക്‌ പീഠം വെച്ച്‌ പട്ടുവിരിച്ച്‌ നെല്ലും അരിയും നിരത്തി കിഴക്കഭിമുഖമായി ഒരു നാളികേരം കണ്ണും മുഖവും ശുദ്ധി വരുത്തി വെയ്ക്കുന്നു. പന്തലിന്റെ നാല്‌ കോണിലും നാളികേരം വയ്ക്കേണ്ടതും പൂജാവിധിയുടെ ഭാഗം തന്നെ.
അഗ്നി, ഭഗവാന്റെ തിരുമുഖമാണ്‌. ആഴിയെ പൂജിക്കുന്നത്‌ ഭഗവാനെ പൂജിക്കുന്നതിന്‌ തുല്യമാണ്‌. ആഴി കൂട്ടുന്നതിന്‌ മുൻപ്‌ നാളികേരമുടച്ച്‌ കേരബലി നൽകി ദേവന്റെ പ്രീതിനേടുന്നു. ശബരിമല യാത്രകഴിഞ്ഞ്‌ ഭക്തർ മടങ്ങിവരുന്നതുവരെ പടുക്കപന്തൽ ശുദ്ധമാക്കിവെയ്ക്കുന്നു. ആഴി സൂക്ഷിക്കുന്നവരും വിരളമല്ല.
യാത്രയുടെ പ്രധാനാംശമായ കെട്ട്മുറുക്ക്‌ എന്ന കർമ്മത്തിലാണ്‌ ഇരുമുടിക്കെട്ട്‌ തയ്യാറാക്കുന്നത്‌. തന്റെ കർമ്മഫലങ്ങളിൽ നിന്നുരിത്തിരിയുന്ന നന്മയും തിന്മയും രണ്ട്‌ ഭാണ്ഡങ്ങളിലായി തലയിൽപേറി അനുഗ്രഹം തേടിയുള്ള യാത്രയ്ക്കൊടുവിൽ ഭഗവത്സന്നിധിയിൽ ഇറക്കിവെയ്ക്കുന്നു. ഇരുമുടിയുടെ എപ്പോഴും ധന്യമായിക്കരുതുന്ന മുൻകെട്ടിൽ നെയ്തേങ്ങ നിറച്ച്‌ സ്വാമി സാന്നിദ്ധ്യംകൊണ്ട്‌ ചൈതന്യമുള്ളതാക്കിത്തീർക്കുന്നു
. പിൻകെട്ടിൽ നിറയ്ക്കുന്ന സാധനങ്ങളിലും കേരബലിക്കുള്ള നാളികേരമാണ്‌ മുഖ്യം.  പള്ളിക്കെട്ട്‌ തലയിലേറ്റി പുറപ്പെടുന്ന സ്വാമി തേങ്ങായുടച്ച്‌ കേരബലി നടത്തിമാത്രമാണ്‌ യാത്ര തുടങ്ങുന്നത്‌. നാളികേരമുടയ്ക്കുന്ന ഭക്തൻ ആത്മീയതയുടെ പരമോന്നതിയിലെത്തുന്നുവേന്നാണ്‌ വിശ്വാസം.
'സ്വാമിയേ ശരണമയ്യപ്പാ' എന്ന ശരണം വിളികളോടെ പലദിക്കുകളിൽ നിന്നും വരുന്ന അയ്യപ്പന്മാർ എരുമേലിയിൽ വന്നുചേരുന്നു. ഏരുമേലിപേട്ടതുള്ളൽ പ്രസിദ്ധമാണ്‌. മനുഷ്യന്റെ ദുരഭിമാനം നിശ്ശേഷം നശിച്ച്‌ ഹൃദയം ഭഗവത്‌ ഭക്തിക്ക്‌ പാകപ്പെടുത്തുന്നതിനുള്ള പ്രഥമപടിയാണിത്‌. എരുമേലി ക്ഷേത്രത്തിൽ കാണിക്കയിടുന്നതിനോടൊപ്പം നാളികേരമെറിയുന്നത്‌ പ്രധാന വഴിപാടാണ്‌.
എരുമേലിയിൽ നിന്നും രണ്ടുമെയിൽ കിഴക്കോട്ട്‌ സഞ്ചരിച്ചാൽ പേരൂത്തോട്‌ ആണ്‌. ഇവിടെ നിന്നാണ്‌ അയ്യപ്പന്മാരുടെ ആത്മീയയാത്ര ആരംഭിക്കുന്നത്‌. ഭഗവാന്റെ സാന്നിദ്ധ്യംകൊണ്ട്‌ പരിപാവനമായ പേരൂത്തോട്‌ ഒരു പുണ്യതീർത്ഥമാണ്‌.  പേരുത്തോടിന്‌ തൊട്ടുമുൻപുള്ള സ്ഥലം കോട്ടപ്പടിയും പേരൂത്തോട്‌ കഴിഞ്ഞാൽ കാളകെട്ടിയുമാണ്‌.  കോട്ടപ്പടിയിലും കാളകെട്ടിയിലും നാളികേരമുടച്ച്‌ കേരബലി നടത്തണം.  ഈ നാളികേരമാകട്ടെ പേരൂത്തോട്ടിലെ തീർത്ഥത്തിൽ നീരാടിച്ച്‌ കൈവശം വെച്ചിരിക്കുകയാണ്‌ പതിവ്‌.
മഹിഷി മർദ്ദനാനന്തരം ധർമ്മശാസ്താവ്‌ ആനന്ദനൃത്തം ചെയ്യുന്നത്‌ കണ്ട്‌ ശ്രീ. പരമേശ്വരൻ സന്തോഷിക്കുകയും ആ സമയം ഒരു കാട്ടുപനസത്തിൽ തന്റെ വാഹനത്തെ (കാളയെ) ബന്ധിച്ചുവേന്ന ഐതിഹ്യമാണ്‌ കാളകെട്ടി നമ്മെ അനുസ്മരിപ്പിക്കുന്നത്‌. തുടർന്നുള്ള യാത്രയിലെ അഴുതമേട്‌, കല്ലിടാംകുന്ന്‌ എന്നിവ കഴിഞ്ഞ്‌ വരുന്ന ഇഞ്ചിപ്പാറക്കോട്ട, കരിമല, ശബരീപീഠം, ശരംകുത്തിയാൽ, പതിനെട്ടാംപടി എന്നീ കോട്ടകളിലും പൂജിക്കുന്ന ദേവതമാർക്കെല്ലാം നാളികേരമുടയ്ക്കുന്ന പതിവ്‌ നിലനിൽക്കുന്നു. ശബരീപീഠത്തിൽ നിന്നും യാത്രതിരിച്ചെത്തുന്ന ഭക്തർ ഇരുമുടിക്കെട്ടോടെ പതിനെട്ടാംപടിയെ തൊട്ടുവന്ദിച്ച്‌ ഭക്തിപുരസ്സരം ഓരോപടിയും ചവിട്ടിക്കയറുന്നു. പടികയറുമ്പോൾ അവരുടെ ശബരിമല ദർശനവർഷത്തിന്റെ കണക്കനുസരിച്ച്‌ അതാതുപടികളിൽ നാളികേരമുടയ്ക്കുന്നു.
നാല്‌ വേദങ്ങളും 20 ശാസ്ത്രങ്ങളും 18 പുരാണങ്ങളും 64 തന്ത്രശാസ്ത്രങ്ങളും 2 ഇതിഹാസങ്ങളും ചേർന്ന 108 മണികൾ കോർത്ത മുദ്രമാലയും ധരിച്ച്‌ ചവിട്ടിക്കയറുന്ന ഏറ്റവും വിശുദ്ധമായ പടി - അതെ,  എന്ന മായയെ മാറ്റിനിർത്തി 1 എന്ന പരമാത്മാവും 8എന്ന ജീവാത്മാവും സമന്വയിക്കുന്ന 18 പടികൾ. ഇത്‌ ദൈവ സങ്കൽപത്തിന്റെ സാക്ഷാത്ക്കാരമാണ്‌. 5ഇന്ദ്രിയങ്ങളും 8രസങ്ങളും 3ഗുണങ്ങളും വിദ്യയും അവിദ്യയും ചേർന്നതാണ്‌ പതിനെട്ട്പടികൾ. സഹ്യാദ്രിമുകളിലെ 18 മലകളും 18-​‍ാം പടിയും അയ്യപ്പനെന്ന സത്യം മനുഷ്യരാശിക്ക്‌ വെളിപ്പെടുത്തുകയാണ്‌. നാളികേരമുടയ്ക്കുന്നതുകൊണ്ട്‌ ഭക്തർ ആത്മീയതയുടെ പരമോന്നതിയിലെത്തുന്നുവേന്ന്‌ മുൻപ്‌ സൂചിപ്പിച്ചുവല്ലോ. ഇവിടെ നാളികേരത്തിന്റെ ചിരട്ട ദേഹവും കാമ്പ്‌ ഭൗതികവുമാണ്‌; ജലം ആത്മാവും. തേങ്ങയുടച്ച്‌ പതിനെട്ടാംപടികയറുന്ന ഭക്തർ ഭൗതിക കടമ്പകൾ ഭേദിച്ച്‌ പരമപദം പ്രാപിക്കുവാൻ പ്രാപ്തനാകുന്നു. പടി കടന്ന്‌ ചെല്ലുന്ന അയ്യപ്പന്മാർ ഭഗവാനെ ദർശിച്ച്‌ സായൂജ്യമടയുന്നു. കെട്ടുകളിൽ കൊണ്ടുവന്നിട്ടുള്ള നെയ്ത്തേങ്ങ ധർമ്മശാസ്താവിന്‌ അഭിഷേകം ചെയ്യുന്നു. മണ്ഡപത്തിനു സമീപം വെയ്ക്കുന്ന തോണിയിൽ നെയ്യ്‌ ഒഴിക്കുകയാണ്‌ മിക്കവരും. നാളികേരത്തിൽ നിറയ്ക്കുന്ന നെയ്യ്‌ ജീവാത്മാവാണ്‌. ജീവാത്മാവ്‌ എന്നത്‌ മനുഷ്യ മനസ്സിന്റെ പരിമിതികൾക്ക്‌ വിധേയമായുള്ള ഒരു ബന്ധനാവസ്ഥയാണ്‌. ഇങ്ങനെ ബന്ധനാവസ്ഥയിൽ കഴിയുന്ന മനുഷ്യാത്മാവിന്റെ പരിമിതികൾ  ഭേദിക്കുകയെന്നുള്ളതാണ്‌ മോചനത്തിന്റെ മാർഗ്ഗം. തേങ്ങയുടെ ഉള്ളിലേക്ക്‌ നെയ്യ്‌ നിറയ്ക്കുന്ന കർമ്മം ഇതിനെയാണ്‌ സൂചിപ്പിക്കുന്നത്‌. അഭിഷേകത്തോടെ ഇത്‌ പരമാത്മാവിൽ (ഭഗവാനിൽ) ലയിച്ച്‌ ചേരുന്നു. ജീവാത്മാവ്‌ വേർപെടുന്ന തേങ്ങാമുറി കന്നിന്മേൽനടയിലെ ഹോമകുണ്ഡത്തിലേക്ക്‌ എറിയുന്നു. നിഷ്കാമ,കർമ്മ, അനുഷ്ഠാനങ്ങളാൽ ഭക്തർ തന്റെ എല്ലാ ആഗ്രഹങ്ങളും ത്യജിക്കുകയാണിവിടെ. സ്വാമിക്ക്‌ അഭിഷേകം ചെയ്ത നെയ്യ്‌ ദിവ്യപ്രസാദമായി ഭവനങ്ങളിൽകൊണ്ടുപോകുന്നു. അഗ്നികുണ്ഡത്തിലെ ഹോമാഗ്നി ചുംബിച്ച നാളികേരശകലങ്ങൾ ഗണപതി പ്രസാദമായി ഭക്തർ സൂക്ഷിക്കുന്നു. ഇത്രമാത്രം നെയ്തേങ്ങ ഭഗവാണ്‌ സമർപ്പിക്കുന്ന ഒരുക്ഷേത്രം ലോകത്തെവിടെയുമില്ല തന്നെ.
സ്വാമിസന്നിധിയിൽ നിന്നും ഏകദേശം 100 വാരമാത്രം മാറി സ്ഥിതിചെയ്യുന്ന മാളികപ്പുറത്തമ്മയ്ക്കും നാളികേരം പ്രിയപ്പെട്ടത്‌ തന്നെ. ലോകമാതാവായ പരാശക്തിയായി ഉപാസിക്കപ്പെടുന്ന മാളികപ്പുറത്തമ്മയ്ക്ക്‌ ദേവിയെ സങ്കൽപ്പിച്ച്‌ നാളികേരമുരുട്ടുക ഒരു പ്രധാനവഴിപാടാണ്‌. ഇവിടെ തേങ്ങ എറിയാറില്ല എന്നത്‌ ശ്രദ്ധേയമാണ്‌.
മാളികപ്പുറത്തിന്‌ സമീപമരുളുന്ന, ഭൂതപ്രേതാദികളിൽ നിന്നും ഭക്തന്മാരെ കാത്തുകൊള്ളുന്ന, കടുത്തസ്വാമിക്കും മറ്റ്‌ പൂജാദ്രവ്യങ്ങൾക്കൊപ്പം നാളികേരവും നിവേദിക്കുന്നു.
പതിനെട്ടാംപടിക്ക്‌ താഴെ കിഴക്ക്‌ വശത്ത്‌ അൽപം വടക്ക്‌ മാറി നിവസിക്കുന്ന വാവര്‌ സ്വാമിക്കും നാളികേരം വഴിപാടായി സമർപ്പിക്കുന്നു. എല്ലാ ദേവന്മാരേയും വണങ്ങി പതിനെട്ടാം പടിയിറങ്ങുന്നതും (തൃപ്പടിയിറക്കം) നാളികേരമുടച്ച്‌ മാത്രമേ പാടുള്ളൂ.
കയറുമ്പോൾ പതിനെട്ടാംപടിയിൽ തേങ്ങയുടച്ച്‌ കയറുന്ന ഭക്തരുണ്ട്‌. ഇത്‌ ഏറ്റവും പാവനവും ശ്രമകരവുമായ വഴിപാടാണ്‌. പതിനെട്ടു പടിക്കും നാളികേരമടിയ്ക്കുമ്പോൾ ഓരോ പ്രാവശ്യവും കൈ കഴുകിയതിനുശേഷമേ പാടുള്ളൂ എന്നതും അറിഞ്ഞിരിക്കേണ്ടതാണ്‌.
പതിനെട്ട്‌ വർഷം തുടർച്ചയായി ദർശനം നടത്തുന്നവർ ഒരു തെങ്ങിൻതൈ കൊണ്ടുപോയി സന്നിധാനത്ത്‌ കുഴിച്ച്‌ വെയ്ക്കുന്നു.
പടിയിറങ്ങുന്ന ഭക്തർ ഭവനങ്ങളിൽ തിരിച്ചെത്തുമ്പോഴും നാളികേരമുടച്ച്‌ കെട്ടുതാഴ്ത്തി, കെട്ടിൻപുറത്ത്‌ മുദ്ര ഊരി വ്രതം അവസാനിപ്പിക്കുകയാണ്‌ അനുഷ്ഠാനം. സകലാഭിഷ്ട പ്രദായകനായ ഭഗവാൻ ധർമ്മശാസ്താവിന്റെ ആചാരാനുഷ്ഠാനങ്ങളിൽ അതിഗാഢമായി ബന്ധിക്കപ്പെട്ടിരിക്കുന്ന ഈ ദിവ്യഫലത്തിന്‌ കൽപവൃക്ഷത്തിന്റെ വരദാനമായ ലക്ഷ്മീഫലം എന്നല്ലാതെ മറ്റേത്‌ നാമധേയമാണ്‌ യോജിക്കുക? ഹരിഹരപുത്രനായ അയ്യപ്പന്‌ ഹരന്റെ (ശിവന്റെ) തൃക്കൺപോലെ തൃക്കണ്ണനായ ഈ അത്ഭുത ഫലത്തോട്‌ പ്രിയമേറെയില്ലെങ്കിലല്ലേ അത്ഭുതപ്പെടാനുള്ളൂ. പ്രക്ഷുബ്ധമായ ജനമനസ്സുകൾ പ്രാർത്ഥനകൾക്കും പൂജകൾക്കും പുതിയ തലങ്ങൾ തേടുമ്പോൾ ഏത്‌ ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും പിൻബലമേകുന്ന നാളികേരമെന്ന ദിവ്യഫലത്തിന്റെ ശ്രേയസ്സ്‌ അനന്ത വിഹായസ്സിലേക്കുയരുകയാണ്‌. ശബരീശസന്നിധിയിലെ അഗ്നികുണ്ഠത്തിൽ നിന്നുയരുന്ന ഹോമാഗ്നി പോലെ.
കടപ്പാട്‌
1. വിദ്വാൻ കുറുമള്ളൂർ നാരായണപിള്ളയുടെ ശ്രീഭൂതനാഥ സർവ്വസ്വം
2. സർവ്വേ റിപ്പോർട്ട്‌ ഓൺ കോക്കനട്ട്‌ ദി ഹോളി ഫെസ്റ്റ്‌ ഇൻ ശബരിമല
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…