ഒരു ഓണക്കാഴ്ച
കെ. സി. രാജലക്ഷ്മി


അന്ന്‌ ഓണക്കാലത്തെ വെള്ളിയാഴ്ചയായിരുന്നു. പനി കാരണം അമ്മു സ്കൂളിൽ പോയില്ല. മുറ്റത്ത്‌ കൊയ്തെടുത്ത നെൽകറ്റകൾ വെവ്വേറെ കൂട്ടങ്ങളായി ഇട്ടിരിക്കുന്നു. വെയിലിന്‌ സ്വർണ്ണത്തിന്റെ പ്രഭ.
"പറമ്പിൽ തെങ്ങ്‌ കയറാൻ ആളു വന്നിരിക്കുന്നു. അതൊന്നു പോയി നോക്ക്വോ കല്ല്യാണിയേ", അകത്ത്‌ നിന്നും മുത്തശ്ശിയുടെ ഓർഡർ.
"ശരി തമ്പ്രാട്ട്യേ", മുറ്റമടിക്കുന്ന കല്ല്യാണി പറമ്പിലേക്ക്‌ പോകാനൊരുങ്ങി.
"അമ്മേ ഞാനും പോണൂ" അമ്മു ചിണുങ്ങി."
"ഈ വെയിലത്ത്‌ വെറുതെ പനി കൂട്ടണ്ട".
"എന്താ അമ്മേ.........".
"ശരി.... കല്ല്യാണ്യേ .... കുട്ട്യേ നോക്കിക്കോളണേ ......" അകത്തുനിന്നും അമ്മൂമ്മ വിളിച്ചുപറഞ്ഞു. സന്തോഷമായി..
വീട്ടിൽ നിന്ന്‌ കുറച്ച്‌ നടക്കണം തെങ്ങിൻ തോട്ടത്തിലേക്ക്‌. തോട്ടത്തിൽ തെങ്ങ്‌ മാത്രമല്ല കവുങ്ങും, വാഴയും ചേമ്പ്‌, ചേന, കൂവ, പച്ചക്കറികൾ എല്ലാമുണ്ട്‌.
പൂ.......ഹേയ്‌ കേശവൻ ആളറിയിച്ചു. "കുട്ടി ഇവിടെ നിന്നോളൂ, ......... ഞാൻ പാടത്തേക്കിറങ്ങി തേങ്ങ കൂട്ടട്ടെ", കല്ല്യാണി ഓരോരോ തേങ്ങയായി പറമ്പിലേയ്ക്കിട്ടു തുടങ്ങി. തേങ്ങ കൂട്ടിയിടുമ്പോഴുള്ള  ഒരു പ്രത്യേക മണം - മനസ്സിൽ നിന്നിപ്പോഴും അത്‌ പോകുന്നില്ല. തേങ്ങയുടെ മുകളിലുള്ള സ്വർണ്ണ നിറത്തിലുള്ള ചെറിയ മണികൾ ഓരോന്നായി പെറുക്കിയെടുത്തു. എന്തേ അതിന്‌ കാക്കപ്പൊന്നെന്ന്‌ പേരു വരാൻ? ആദ്യമെല്ലാം വിചാരിച്ചതു കാക്കകൂടുകൂട്ടുമ്പോൾ അടയാളം വെച്ചതാണെന്നാണ്‌. പിന്നീടാണ്‌ മനസ്സിലായത്‌ തേങ്ങത്തൊണ്ടിലെ പശ ഉണങ്ങിയതാണെന്ന്​‍്‌.
'കൊച്ചമ്പ്രാട്ടിക്‌ ഇതാ ഇളനീര്‌', കേശവൻ ഇളനീർ ചെത്തി അമ്മുവിന്റെ നേരെ നീട്ടി. അതു കുടിച്ചപ്പോൾ വല്ലാത്തൊരു ഉണർവ്വ്വ്‌. അതിന്റെ കാമ്പും കൂടിയായപ്പോഴോ? വിശപ്പെല്ലാം പോയി. കല്ല്യാണി ഓലകൂട്ടുകയാണ്‌. ഓലമെടഞ്ഞിട്ട്‌ വേണം വിറക്പുരയും തൊഴുത്തും കെട്ടിമേയാൻ. കല്ല്യാണി കുറച്ച്‌ ഓല വീട്ടിലേക്കും വേണമെന്ന്‌ മുത്തശ്ശിയോട്‌ പറയുന്നതുകേട്ടു - വീട്‌ കെട്ടിമേയാനാത്രേ -മഴക്കാലത്തിന്‌ മുൻപ്‌. തെങ്ങിൽ നിറയെ കുഞ്ഞാറ്റക്കിളികൾ കൂടുവെച്ചിരിക്കുന്നു. നല്ല ഭംഗിയുണ്ട്‌ കാണാൻ.
കുരുത്തോല വീണുകിടക്കുന്നതു കണ്ട്‌ അതെടുത്തു. ഓലപ്പീപ്പിയും, പാമ്പുമെല്ലാം ഉണ്ടാക്കിത്തരാൻ ചിറ്റയോട്‌ പറയണം. എന്നിട്ടുവേണം ഏട്ടന്മാർക്ക്‌ കാണിച്ചുകൊടുക്കാൻ. തനിക്കും ഉണ്ടാക്കിത്തരാൻ ആളുണ്ടെന്ന്‌ വീമ്പ്‌ പറയാമല്ലോ. കഴിഞ്ഞദിവസം മച്ചിങ്ങയെടുത്ത്‌ മാലയുണ്ടാക്കി തലയിൽ വെച്ചപ്പോൾ പകരം വീട്ടണമെന്ന്‌ തോന്നിയതാണ്‌. സ്കൂളിലെ രമണിക്ക്‌ കുരുത്തോലകൊണ്ട്‌ കിളിയെ ഉണ്ടാക്കാനറിയാം. നാളെക്കുറച്ച്‌ മഷിത്തണ്ട്‌ കൊടുത്ത്‌ പകരം കിളിയെ ഉണ്ടാക്കാൻ പഠിപ്പിക്കാൻ പറയണം. എന്നിട്ടുവേണം വടക്കേതിലെ അച്ചുവിന്‌ കാണിച്ചുകൊടുക്കാൻ.
"ഇപ്രാവശ്യം തണ്ടുതുരപ്പൻ കുറച്ച്‌ കൂടുതലുണ്ട്‌-കുറച്ച്‌ കറുപ്പ്‌ വാങ്ങാൻ തമ്പ്രാനോട്‌ പറയണം". കേശവൻ ആരോടെന്നില്ലാതെ പറഞ്ഞു.
"രണ്ട്‌ തെങ്ങിന്റെ തല പോയിട്ടുണ്ട്‌. മഴയ്ക്ക്‌ മുമ്പ്‌ അത്‌ വെട്ടി മരക്കമ്പനിയിൽ കൊണ്ടോവാൻ പറയണം തമ്പ്രാനോട്‌, വീടിന്റെ ചെതല്‌ പിടിച്ച ഉത്തരം മാറ്റാല്ലോ" -കല്ല്യാണി പറഞ്ഞു.
"എന്റെ പെങ്കുട്ടിക്ക്‌ വല്ലാത്ത തണ്ടെല്ലു വേദന, തമ്പ്രാട്ടിയോട്‌ പറഞ്ഞ്‌ ഒരു പൂക്കുല വെട്ടാമായിരുന്നു"
"കഴിഞ്ഞ തവണ അമ്പലത്തിലിക്ക്‌ പൂക്കുല വെട്ടീതാ, പിന്നെ വെട്ടീട്ടില്യ"
"അല്ല കേശവാ....... രാമൻ ഇപ്പോ ചെത്താനൊന്നും പോണില്യേ? കുറച്ച്‌ അല്ലിക്കള്ള്‌ കിട്ട്യാ കള്ളപ്പം ഉണ്ടാക്കാർന്നു.... പെങ്കുട്ടീം കുട്ട്യോളും ഓണത്തിന്‌ വരുന്നുണ്ടേ, ചക്കരേം കഴിയാറായി"
"ഓൻ വയ്യാണ്ട്‌ കെടക്ക്വാ - കാല്‌ വേദന, വെളിച്ചെണ്ണയിൽ എന്തോ പച്ചമരുന്നിട്ട്‌ കാച്ചി തേക്ക്വാ, ഇപ്പോ കുറവുണ്ട്‌".
ഓലപ്പമ്പരം കാറ്റിൽ കിടന്ന്‌ തിരിയുന്നത്‌ കാണാൻ നല്ല ഭംഗി. നാളികേരം വേർതിരിച്ച കുലച്ചിൽ കാണുമ്പോൾ വെയിലിൽ ഉണക്കിയെടുത്ത ഏതോ ചെടിയുടെ പൂക്കളാണെന്നേ തോന്നൂ. കൊതുമ്പ്‌ കണ്ടാൽ വഞ്ചിയാണെന്നും. കുഞ്ഞുണ്ണിയാശാരി  ഇന്നലെ രണ്ടു മൂന്ന്‌ ചിരട്ടക്കയിൽ മുത്തശ്ശിയുടെ കയ്യിൽ കൊടുക്കുന്നത്‌ കണ്ടു - കാണാൻ നല്ല ഭംഗി.
"ഇപ്രാവശ്യം കുറച്ച്‌ ചകിരി വാങ്ങി കയർ കമ്പനീല്‌ കൊടുക്കണം",  കേശവൻ പറഞ്ഞു. "ന്റെ പെണ്ണിന്റെ മൂത്ത ചെക്കൻ ഇപ്പോ അവിട്യാ പണിക്ക്‌ പോണത്‌. തമ്പ്രാട്ടിക്ക്‌ തൊഴുത്ത്‌ കെട്ടാൻ കുറച്ച്‌ ചൂടി കൊണ്ടുകൊടുക്കാൻ ഞാൻ പറഞ്ഞിട്ടുണ്ട്‌".
"ഇപ്പോ അതിന്‌ ആളുകൾക്ക്‌ തെങ്ങോന്നും വേണ്ടാല്ലോ. ഒക്കെ വെട്ടി റബ്ബറ്‌ വെയ്ക്കാത്രേ, തേക്കും. രാമൻ മേസ്തിരിക്ക്‌ വീട്‌ പണിയൺത്‌ തെങ്ങിൻ പറമ്പിലാ. തെങ്ങോക്കെ വെട്ടിക്കളഞ്ഞു - കണ്ടാൽ കഷ്ടം തോന്നും".
"അതിനേയ്‌ തേങ്ങയ്ക്കൊക്കെ പ്പോ വിലയിടിഞ്ഞു. നിയ്ക്കാണെങ്കില്‌ വയ്യാണ്ടായി. ചെക്കനോട്‌ പറഞ്ഞപ്പോ വേറെ പണിക്ക്‌ പോയാല്‌ നല്ല കാശ്‌ കിട്ടുംത്രേ".
"അതിനിപ്പോ തെങ്ങുകൃഷിക്ക്‌ സർക്കാർ സബ്സിഡിയും തൊഴിലാളിക്ക്‌ ക്ഷേമനിധിയും എല്ലാം കൊടുക്കണ്ണ്ട്ത്രേ".
കേശവന്റേയും കല്ല്യാണിയുടേയും സംസാരം കേട്ടപ്പോഴാണ്‌ തെങ്ങിന്റെ അടി മുതൽ മുടിവരെയുള്ള എല്ലാ ഭാഗങ്ങളും ഉപയോഗയോഗ്യമാണെന്ന്‌ മനസ്സിലായത്‌. തെങ്ങ്‌ മനുഷ്യന്റെ എത്രയെത്ര ആവശ്യങ്ങൾ നിറവേറ്റുന്നു? എത്രയെത്ര മനുഷ്യർ അതിനെ ആശ്രയിച്ച്‌ ജീവിക്കുന്നു? ഓർത്തപ്പോൾ തെങ്ങിനെ കെട്ടിപ്പിടിച്ച്‌ കണ്ണടച്ച്‌ നിൽക്കാൻ തോന്നി. നാലാംക്ലാസിലെ മലയാള പാഠപുസ്തകത്തിലെ പദ്യഭാഗം ഓർമ്മയിൽ വരുന്നു " കേരം നിറയും കേരളനാട്‌......."
"അത്വേയ്‌ പോരുന്നില്ലേ? തമ്പ്രാട്ടി അന്വേഷിക്കുന്നുണ്ടാവും", കല്ല്യാണിയുടെ വിളികേട്ടപ്പോളാണ്‌ ചിന്തയിൽ നിന്നുണർന്നത്‌. കല്ല്യാണി തെങ്ങിൻ വിറകെല്ലാം കെട്ടിയൊതുക്കി തലയിൽ വെച്ചു. ഉച്ചയായതറിഞ്ഞില്ല. തെങ്ങിൻ തോട്ടത്തിലെ ശീതളിമ മനസ്സിനേയും കുളിരണിയിച്ചു. കത്തിജ്വലിക്കുന്ന പൊൻവെയിൽ തെങ്ങോലകളിൽ തട്ടി കൂടുതൽ പ്രൗഢിയോടെ തിളങ്ങുന്നു - കേരള നാടിന്റെ പൊൻതിലകമായി.
യുപിഎസ്‌എ, സെന്റ്‌ തോമസ്‌
യു പി സ്കൂൾ, പുലിയന്നൂർ

[നാളികേര വികസന ബോർഡും മൂവാറ്റുപുഴ അക്ഷയ പുസ്തക നിധിയും സംയുക്തമായി സംഘടിപ്പിച്ച രചനാമത്സരത്തിൽ
അദ്ധ്യാപകവിഭാഗത്തിൽ രണ്ടാംസ്ഥാനം നേടിയ കഥ ]

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ