24 Jan 2013

വേണം നൂതന വിപണന തന്ത്രങ്ങൾ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയിൽ


ടി. കെ. ജോസ്‌ ഐ എ എസ്
നാളികേര വികസന  ബോർഡ്



ഇന്ത്യൻ വിപണിയിൽ നാളികേരത്തിൽ നിന്നുള്ള മുഖ്യ ഉൽപന്നങ്ങളായ കൊപ്രയുടേയും വെളിച്ചെണ്ണയുടേയും വിലയിടിവ്‌ നാളികേര കർഷകരുടെ വരുമാനത്തെ ഗുരുതരമായി ബാധിച്ചിരിക്കുന്ന    കാലഘട്ടത്തിലൂടെ കടന്ന്‌  പോകുമ്പോൾ  കർഷകരുടെ വരുമാന സ്ഥിരത ഉറപ്പ്‌ വരുത്തുന്നതിന്‌ അനുയോജ്യമായ പദ്ധതികളെക്കുറിച്ചും തന്ത്രങ്ങളെക്കുറിച്ചുമാണ്‌ ചിന്തിക്കുന്നത്‌. ഈ സാഹചര്യത്തിലാണ്‌ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത്‌ വിവിധ നാളികേരോൽപന്നങ്ങളെ  എങ്ങനെ സ്വദേശത്തേയും വിദേശത്തേയും വിപണികളിൽ വിജയകരമായി എത്തിക്കാം എന്നതിന്റെ പ്രസക്തിയേറുന്നത്‌. ഇതിനോടകം തന്നെ വിവിധ മൂല്യവർദ്ധിത ഉൽപന്നങ്ങൾ നിർമ്മിക്കുന്ന 220 യൂണിറ്റുകൾ നാളികേര വികസന ബോർഡിന്റെ 'നാളികേര ടെക്നോളജി മിഷന്റെ'  സഹായത്തോടെ ഉയർന്ന്‌ വന്നിട്ടുണ്ട്‌. വില സ്ഥിരത കൈവരിക്കണമെങ്കിൽ അടിയന്തിരമായി ചെയ്യേണ്ടത്‌ വെളിച്ചെണ്ണയിലും കൊപ്രയിലുമുള്ള അമിതആശ്രയത്വം കുറച്ച്‌ കൊണ്ടുവന്ന്‌ മറ്റ്‌ മൂല്യവർദ്ധിത നാളികേര ഉൽപന്നങ്ങളുടെ ഉത്പാദനത്തിലേക്ക്‌ അതിവേഗം മാറുകയാണ്‌. പുതിയ സംരംഭകർ മൂല്യവർദ്ധിത നാളികേരോൽപന്ന മേഖലയിലെ പദ്ധതികളുമായി മുന്നോട്ട്‌ വരുമ്പോൾ അവരുടെ പ്രധാന ആശങ്ക ഉൽപന്നങ്ങളുടെ വിപണനമാണ്‌. ഈയൊരു സാഹചര്യത്തിലാണ്‌ 2012 ഡിസംബർ ലക്കം ഇന്ത്യൻ നാളികേര ജേണൽ 'നൂതന വിപണന തന്ത്രങ്ങൾ' എന്ന വിഷയത്തെ സമീപിക്കുന്നത്‌.
നാളികേരോൽപന്നങ്ങൾ വിറ്റഴിക്കുന്നതിനുള്ള വിപണിയെക്കുറിച്ച്‌ ചിന്തിക്കുമ്പോൾ ആദ്യം ലക്ഷ്യമിടേണ്ടത്‌ 37.71 കോടിയുള്ള ഇന്ത്യൻ നഗര ജനത ജീവിക്കുന്ന ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും പ്രധാനപ്പെട്ട നഗരങ്ങളെപ്പറ്റി തന്നെയാണ്‌. ഉദാഹരണമായി ജവഹർലാൽ നെഹ്‌റു ദേശീയ നഗരപുനരുദ്ധാരണ മിഷന്റെ പദ്ധതികൾ കഴിഞ്ഞ 5 വർഷമായി നടന്നുകൊണ്ടിരിക്കുന്ന 63 പട്ടണങ്ങൾ ഇന്ത്യയിലുണ്ട്‌. 7 മെട്രോ നഗരങ്ങളും ദശലക്ഷത്തിനുമേൽ ജനസംഖ്യയുള്ള 28 നഗരങ്ങളും (2001 ലെ സേൻസസ്‌ പ്രകാരം),ദശലക്ഷത്തിന്‌ താഴെ ജനസംഖ്യയുള്ളതെങ്കിലും സംസ്ഥാനതലസ്ഥാനങ്ങളോ, പ്രധാന തീർത്ഥാടന കേന്ദ്രങ്ങളോ, ടൂറിസ്റ്റ്‌ കേന്ദ്രങ്ങളോ ആയ മറ്റ്‌ 28 നഗരങ്ങളും. ഈ 63 പട്ടണങ്ങളിലേക്കും പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിക്കാലത്ത്‌ ഏതെല്ലാം മൂല്യവർദ്ധിത നാളികേര ഉൽപന്നങ്ങൾ ഗുണമേന്മയോടെ ഉപഭോക്താക്കൾക്ക്‌ സ്ഥിരമായി എങ്ങനെ എത്തിക്കാൻ കഴിയും എന്ന അന്വേഷണമാണ്‌ നൂതന വിപണന തന്ത്രങ്ങളെക്കുറിച്ച്‌ ബോർഡിനെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്‌.
ബോർഡിന്റെ നിലവിലുള്ള ചെന്നൈ, ബാംഗ്ലൂർ നഗരങ്ങളിലുള്ള റീജിയണൽ ഓഫീസുകൾ, കൽക്കത്തയിലെ സ്റ്റേറ്റ്‌ സെന്റർ, ഡൽഹിയിലുള്ള മാർക്കറ്റ്‌ ഡെവലപ്‌മന്റ്‌ ആന്റ്‌ ഇൻഫർമേഷൻ സെന്റർ എന്നിവയും  ഹെഡ്‌ ആഫീസിലുള്ള മാർക്കറ്റിംഗ്‌ മേഖലയിൽ പ്രവർത്തിക്കുന്നവരും ചേർന്നുള്ള ഒരു 'മാർക്കറ്റിംഗ്‌ ടീമി'നെ ഈ ദൗത്യം ഏൽപ്പിക്കുകയാണ്‌. ഈ മാർക്കറ്റിംഗ്‌ ടീം ഇന്ത്യയിലെ പ്രധാനപ്പെട്ട നാല്‌ നഗരങ്ങളിലും ഹെഡ്‌ ആഫീസിലുമായി ഒരു നെറ്റ്‌വർക്കിംഗ്‌ സംവിധാനം ഏർപ്പെടുത്തിക്കൊണ്ട്‌ പ്രവർത്തിക്കേണ്ടതാണ്‌. മൊബെയിൽ ഫോണുകൾ, എസ്‌എംഎസ്‌, ഇന്റർനെറ്റ്‌, വീഡിയോ കോൺഫറൻസിംഗ്‌ തുടങ്ങിയ ആധുനിക സംവിധാനങ്ങൾ  ഉപയോഗപ്പെടുത്തിക്കൊണ്ട്‌ പ്രധാനപ്പെട്ട പട്ടണങ്ങളിലെ മാർക്കറ്റ്‌ ഡിമാൻഡ്‌ കണക്കാക്കുകയും അത്‌ ഈ മേഖലയിലുള്ള മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന യൂണിറ്റുകൾക്ക്‌ കൃത്യമായി നൽകുകയും ചെയ്യുക എന്നതാണ്‌ ഈ ഇന്നവേറ്റീവ്‌ മാർക്കറ്റിംഗ്‌ ടീമിന്റെ ഉത്തരവാദിത്വം. പ്രധാനപ്പെട്ട പട്ടണങ്ങളിലെ ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നതിന്‌ വേണ്ടി മാനേജ്‌മന്റ്‌ വിദ്യാഭ്യാസ - ഗവേഷണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട്‌ വിദ്യാർത്ഥികളുടെ പ്രോജക്ടുകളുമായി കൂടിച്ചേർന്നുകൊണ്ട്‌  കൊളാബറേറ്റീവ്‌ മാർക്കറ്റ്‌ സ്റ്റഡി, മാർക്കറ്റ്‌ റിസർച്ച്‌ എന്നിവ നടത്തുന്നതിനെക്കുറിച്ച്‌ നമുക്ക്‌ ചിന്തിക്കാം.
ഈ 63 നഗരങ്ങളിലെ വിപണിയെ കേന്ദ്രീകരിക്കുന്നതിനുള്ള പ്രോഡക്ട്‌ ബാസ്ക്കറ്റ്‌ ആയി 'പായ്ക്ക്‌ ചെയ്ത കരിക്കിൻ വെള്ളം, തേങ്ങ ചിപ്സ്‌. തൂൾതേങ്ങ, വെർജിൻ കോക്കനട്ട്‌ ഓയിൽ, തേങ്ങപ്പാൽ, തേങ്ങപ്പാൽ ക്രീം, തേങ്ങപ്പാൽപൊടി, ബോൾകൊപ്ര, പായ്ക്ക്‌ ചെയ്ത ശുദ്ധമായ വെളിച്ചെണ്ണ, വിനാഗിരി'  എന്നീ 10 ഉൽപന്നങ്ങളാണ്‌  നഗര ഉപഭോക്താക്കളുടെ മുമ്പിലേക്ക്‌ ആദ്യമായി അവതരിപ്പിക്കാനുള്ളത്‌. ഇത്തരം ഉൽപന്നങ്ങൾ നിലവിലുള്ള നാളികേരാധിഷ്ഠിത വ്യവസായ യൂണിറ്റുകളിലുടെ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്‌. അവയുടെ  വിപണനം, കയറ്റുമതി, വിപണനത്തിൽ നേരിടുന്ന പ്രശ്നങ്ങൾ, ഈ 63 നഗരങ്ങളിലേക്ക്‌ ഉൽപന്നങ്ങൾ എത്തിക്കണമെങ്കിൽ ആവശ്യമായ കൂടുതൽ ഉത്പാദനം എന്നീ കാര്യങ്ങൾ കൂടി കൃത്യമായി പഠിച്ച്‌ തയ്യാറെടുക്കേണ്ടതുണ്ട്‌.
നാളികേരാധിഷ്ഠിത ആക്ടിവേറ്റഡ്‌ കാർബൺ നിർമ്മാതാക്കളുടെ അസ്സോസിയേഷന്റെ മാതൃകയിൽ ഓരോ ഉൽപന്ന നിർമ്മാതാക്കളുടേയും അസ്സോസിയേഷനോ കൺസോർഷ്യമോ രൂപീകരിക്കുന്നത്‌ നന്നായിരിക്കും. ഈ കൺസോർഷ്യത്തിലേക്ക്‌ വിവരങ്ങൾ കൈമാറുമ്പോൾ വിപണിയിലെ ആവശ്യകതയനുസരിച്ച്‌ ഉൽപന്നങ്ങൾ എത്തിക്കുവാൻ പരിശ്രമിക്കാൻ സാധിക്കും. പരസ്പരം മത്സരിച്ച്‌ ഉത്പാദനവും വിപണനവും നടത്തുന്ന ഇത്തരം യൂണിറ്റുകളെ ഒത്തൊരുമയോടെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിലാണ്‌ നാളികേര വികസന ബോർഡിന്റെ ടെക്നോളജി മിഷന്റെ വിജയം. പൊതുമേഖല സഹകരണ ഫെഡറേഷനുകളുടെ വിപണനകേന്ദ്രങ്ങളേയും വിപണന സംവിധാനങ്ങളേയും കൂടി  പരസ്പരം ബന്ധപ്പെടുത്തി അടിസ്ഥാന സൗകര്യത്തിലേക്ക്‌ കൂടുതൽ മുതൽ മുടക്കില്ലാതെ തന്നെ വിപണിയിൽ ഉപഭോക്താക്കൾക്ക്‌ ആവശ്യമായ ഉൽപന്നങ്ങൾ എത്തിക്കുന്നതിന,​‍്‌ മുമ്പ്‌ നടത്തിയിട്ടില്ലാത്ത നൂതനമായ സങ്കേതങ്ങൾ പ്രയോജനപ്പെടുത്തുവാൻ സാധിക്കും. അതുപോലെ തന്നെ നാളികേര വികസന ബോർഡ്‌, സ്പൈസസ്‌ ബോർഡ്‌, കോഫി ബോർഡ്‌, ടീ ബോർഡ്‌ എന്നീ വിവിധ കമ്മോഡിറ്റി ബോർഡുകളുടെ ഉൽപന്നങ്ങൾ ഈ നഗരങ്ങളിലെല്ലാം ഒരേകുടക്കീഴിൽ ലഭ്യമാക്കുന്നതിനുള്ള ഒരു ആശയവിനിമയവും ചിന്തിക്കേണ്ടതുണ്ട്‌.
കൂടാതെ, ജനറിക്‌ പ്രമോഷണൽ കാര്യങ്ങൾ നാളികേര വികസന ബോർഡിന്റെ ഭാഗത്തുനിന്നും ചെയ്യേണ്ടതുണ്ട്‌. പങ്കെടുക്കുന്ന എക്സിബിഷനുകളിലെല്ലാം തന്നെ മേൽസൂചിപ്പിച്ച മൂല്യവർദ്ധിത ഉൽപന്നങ്ങളെ ഒരുമിച്ച്‌ പരിചയപ്പെടുത്തുകയും ജനറിക്‌ പ്രമോഷനുവേണ്ടിയുള്ള പ്രചരണ പരിപാടികളും നടത്തേണ്ടതുണ്ട്‌. കൂടാതെ ഉത്പാദകരും മൊത്തവ്യാപാരികളും തമ്മിലുള്ള ബിസിനസ്‌ ടു ബിസിനസ്‌ മീറ്റുകളും, ഉപഭോക്താക്കൾക്ക്‌ ഉൽപന്നങ്ങളുടെ ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ച്‌ അറിവ്‌ നൽകുന്നതിനുവേണ്ടിയുള്ള ബിസിനസ്‌ ടു കസ്റ്റമർ മീറ്റുകളും സംഘടിപ്പിക്കണം.വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേർന്നുകൊണ്ടും ബോധവൾക്കരണ പരിപാടികൾ ആലോചിക്കാവുന്നതാണ്‌.
സ്ഥിരമായി  ഉൽപന്നങ്ങൾ ആവശ്യമായ തോതിൽ  ഉപഭോക്താക്കൾക്ക്‌ ലഭ്യമാക്കാനുള്ള സാഹചര്യം  ഉറപ്പ്‌ വരുത്തുക എന്നുള്ളത്‌ അതിപ്രധാനമാണ്‌. ഡിമാൻഡിനനുസരിച്ച്‌ ഉത്പാദനശേഷി വർദ്ധിപ്പിക്കുന്നതിനാവശ്യമായ  നടപടി സ്വീകരിക്കുക എന്ന തന്ത്രത്തിലൂടെ മുന്നോട്ട്‌ പോയാൽ നിലവിലുള്ള യൂണിറ്റുകളുടെ സ്ഥാപിതശേഷി വർദ്ധിപ്പിക്കുന്നതിനും നിരവധി പുതിയ സംരംഭകരെ ഈ രംഗത്തേക്ക്‌ ആകർഷിക്കുവാനും സാധിക്കും. ഇന്ത്യയിലെ പട്ടണങ്ങളിലേയെല്ലാം പ്രധാന കേന്ദ്രങ്ങളിൽ എല്ലാ നാളികേര ഉൽപന്നങ്ങളും തടസ്സമില്ലാതെ ലഭ്യമാക്കുക എന്നതായിരിക്കണം  പ്രധാനപ്പെട്ട ലക്ഷ്യം. ബോർഡ്‌ ഒരു കേന്ദ്രസർക്കാർ സ്ഥാപനമെന്ന നിലയിൽ  നാളികേരത്തിൽ നിന്ന്‌ മൂല്യവർദ്ധിത ഉൽപന്നങ്ങൾ നിർമ്മിക്കുന്ന ഉത്പാദകർക്ക്‌ വിപണി ഉറപ്പാക്കുന്നതിന്‌ കൂട്ടായി പ്രവർത്തിക്കുകയും നേതൃത്വം കൊടുക്കുകയുമാണ്‌ ചെയ്യുക, അല്ലാതെ നേരിട്ട്‌ വിപണനം നടത്തുകയല്ല. വിപണി സുഗമമാക്കുന്നതിനും ഉൽപന്നത്തിന്റെ ഡിമാൻഡ്‌ സംബന്ധിച്ചുമുള്ള വിവരങ്ങൾ മുൻകൂട്ടി ശേഖരിക്കുവാനും ഉത്പാദകരുടെ കൺസോർഷ്യത്തിലേക്ക്‌ കൈമാറുന്നതിനുമുള്ള ഒരു സംവിധാനം ഉണ്ടാക്കുന്നതാണ്‌. ഇത്തരത്തിലുള്ള ഒരു വിപണന തന്ത്രത്തിന്റെ അടിസ്ഥാനത്തിൽ  കൂടുതൽ നൂതന സംരംഭകരെ ഈ കൂട്ടായ്മയിലേക്ക്‌ കൊണ്ടുവരുവാൻ കഴിയും.
ഉദാഹരണമായി  ഇളനീർ വിപണനത്തിന്റെ കാര്യമെടുക്കാം. ഇന്ന്‌ കരിക്കിൻ വെള്ളം പായ്ക്ക്‌ ചെയ്യുന്ന 14 യൂണിറ്റുകൾ മാത്രമാണ്‌ ഇന്ത്യയൊട്ടാകെയുള്ളത്‌. 63 നഗരങ്ങളിലും ഡിമാൻഡനുസരിച്ച്‌ സംസ്ക്കരിച്ച ഇളനീർ എത്തിക്കുന്നതിനുവേണ്ടി  നിലവിലുള്ളതിന്റെ നിരവധി മടങ്ങ്‌ ഉത്പാദനം വർദ്ധിപ്പിക്കേണ്ടതുണ്ട്‌.  അതിനായി 150-200 പുതിയ യൂണിറ്റുകൾ ആവശ്യമാണ്‌. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഗവണ്‍മന്റുകളുമായി കൂട്ടുചേർന്ന്‌ പതിനായിരം കരിക്കുകൾ വീതം പ്രതിദിനം സംസ്ക്കരിക്കാൻ കഴിയുന്ന പുതിയ 150-200 ഇളനീർ സംസ്ക്കരണ യൂണിറ്റുകൾ ആരംഭിക്കണം. പത്തോ, ഇരുപതോ നഗരങ്ങളിൽ സംസ്ക്കരിച്ച കരിക്കിൻ വെള്ളം ആവശ്യത്തിനനുസരിച്ച്‌ ലഭ്യമാക്കുന്നത്​‍്‌ ആദ്യമേ ചിന്തിക്കുകയും പടിപടിയായി സംരംഭകരെ ആകർഷിച്ച്‌ കൂടുതൽ യൂണിറ്റുകളും, കൂടുതൽ ഉത്പാദനവും നടത്തി 63 നഗരങ്ങളിലേക്കും എത്താനാകും. ഇത്തരം യൂണിറ്റുകളുടെ പ്രദേശങ്ങളിൽ വർദ്ധിച്ച തോതിൽ ഇളനീരിനുവേണ്ടയിനം തെങ്ങുകളുടെ കൃഷിയും വ്യാപിപ്പിക്കാം.  സമാന രീതിയിൽ മറ്റ്‌ നാളികേര ഉൽപന്നങ്ങളിലും വിപണിയറിഞ്ഞ്‌ ഉത്പാദിപ്പിക്കുന്ന രീതി അനുവർത്തിക്കാവുന്നത്‌. ഈ 63 നഗരങ്ങളിലേക്ക്‌ 12-​‍ാം പദ്ധതിയിലെ അഞ്ച്‌ വർഷക്കാലം കൊണ്ട്‌ എത്തുകയെന്നതാണ്‌  ഉദ്ദേശിക്കുന്നത്‌. ഒരു ലക്ഷത്തിനുമേൽ ജനസംഖ്യയുള്ള 468 മറ്റു നഗരങ്ങളിലേക്കും അടുത്തപടിയായി ഉൽപന്നങ്ങൾ എത്തിക്കാൻ ശ്രമിക്കണം.
 ഇത്തരത്തിലുള്ള ഒരു മുന്നേറ്റത്തിൽ നമ്മുടെ കർഷക കൂട്ടായ്മകളായ ഉത്പാദക സംഘങ്ങളേയും, ഫെഡറേഷനുകളേയും ഉത്പാദക കമ്പനികളേയും കൂടി പങ്കാളികളാക്കാൻ സാധിക്കണം. എല്ലാ സംസ്ഥാനങ്ങളും അടുത്ത വർഷത്തേക്കുള്ള ബജറ്റ്‌ തയ്യാറാക്കുന്ന സമയമാണ്‌. അതുകൊണ്ട്‌ സംസ്ഥാന ഗവണ്‍മന്റുകളുടെ വ്യവസായ പ്രോത്സാഹന പദ്ധതികളിലും നയങ്ങളിലും നാളികേരത്തിന്റെ മൂല്യവർദ്ധിത ഉൽപന്നങ്ങൾകൂടി ഉൾപ്പെടുത്തുകയും ആവശ്യമായ പ്രോത്സാഹനവും പശ്ചാത്തല സൗകര്യങ്ങളും അനുകൂലമായ നികുതി നയ പരിപാടികളും ഉണ്ടാക്കുകയും ചെയ്യണമെന്ന്‌ അഭ്യർത്ഥിക്കുകയാണ്‌. അതിനുവേണ്ടി പ്രത്യേകമായി സംസ്ഥാനങ്ങളോടെല്ലാം ആവശ്യപ്പെട്ടുകഴിഞ്ഞിട്ടുണ്ട്‌.
നീരയിൽ നിന്ന്‌ ഉത്പാദിപ്പിക്കാവുന്ന മൂല്യ വർദ്ധിത ഉൽപന്നങ്ങൾക്ക്‌ സ്വദേശത്തും വിദേശത്തും വലിയ ഡിമാന്റുണ്ട്‌. ഇന്ത്യയിലെ വിവിധ പട്ടണങ്ങളിലേക്ക്‌ നീരയിൽ നിന്നുത്പാദിപ്പിക്കാവുന്ന 'പാം ഷുഗറും' 'പാം ജാഗറി'യും മനോഹരമായി പാക്ക്‌ ചെയ്ത്‌ ഉപഭോക്താക്കൾക്ക്‌ എത്തിക്കുവാൻ കഴിഞ്ഞാൽ നാളികേര കർഷകർക്ക്‌ ഇന്നുള്ളതിനേക്കാൾ മൂന്നോ നാലോ മടങ്ങ്‌ വാർഷികവരുമാനം തെങ്ങുകൃഷിയിൽ നിന്നും ലഭ്യമാക്കുവാൻ കഴിയും. തന്നെയുമല്ല ഈ ഉൽപന്നങ്ങൾക്ക്‌ വിദേശ വിപണിയും വളരെ വലുതാണ്‌. ഉത്പാദക സംഘങ്ങൾ വഴി ഗവണ്‍മന്റുകളോട്‌  കർഷകർക്ക്‌ നീരയുത്പാദിപ്പിക്കാനുള്ള ലൈസൻസ്‌ കൊടുക്കണമെന്ന്‌ നാളികേര വികസന ബോർഡ്‌  നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്
‌. അനുകൂലമായ നയതീരുമാനങ്ങൾ കേരളത്തിലും മറ്റ്‌ സംസ്ഥാനങ്ങളിലും ഉണ്ടാകുമെന്നു തന്നെയാണ്‌ പ്രതീക്ഷിക്കുന്നത്‌. മഹാരാഷ്ട്രയിലും ഗോവയിലും കർണ്ണാടകത്തിലുമുള്ള കർഷകർക്ക്‌ നീരയുത്പാദിപ്പിക്കുന്നതിന്‌ നിലവിൽ നിയമ തടസ്സങ്ങളില്ല. നീരയിലധിഷ്ഠിതമായ 'പാം ഷുഗറി'ന്റെ ആദ്യ യൂണിറ്റ്‌ ഗോവയിൽ തുടങ്ങുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. കർണ്ണാടക ഗവണ്‍മന്റ്‌ ദക്ഷിണ കന്നട, ഉഡുപ്പി എന്നീ രണ്ടു ജില്ലകളിൽ  ഹോർട്ടികൾച്ചർ ഡിപ്പാർട്ട്‌മന്റ്‌ വഴി കർഷകർക്ക്‌ നീരയുത്പാദിപ്പിക്കാനുള്ള ലൈസൻസ്‌ നൽകിയിട്ടുണ്ട്‌; ശീതളപാനീയമെന്ന നിലയിൽ നീര ഉത്​‍്പാടിപ്പിച്ച്‌ വിപണിയിലിറക്കിയിട്ടുമുണ്ട്‌.
നീരയുത്പാദിപ്പിക്കുവാനുള്ള അനുവാദം സംസ്ഥാന ഗവണ്‍മന്റ്‌ ലഭ്യമാക്കിയാൽ നീര ഉത്പാദിപ്പിക്കുവാൻ കഴിയുന്ന സാങ്കേതിക പരിശീലനം നേടിയ 'നീര ടെക്നീഷ്യൻസ്‌' ഇല്ല എന്നതാണ്‌ വലിയ വെല്ലുവിളി. നീരയുത്പാദനത്തിന്‌ വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരെ, നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട്‌ നീര ഉത്പാദിപ്പിക്കുന്നതിന്‌ കഴിയുന്ന 'നീര ടെക്നീഷ്യന്മാർ' ആയി പരിശീലിപ്പിച്ചെടുക്കേണ്ടതുണ്ട്
‌.  ഇവർ കർഷകരോടൊപ്പം ചേർന്ന്‌ ഉത്പാദിപ്പിക്കുന്ന നീരയുടെ ഒരു പങ്ക്‌ അവരുടെ വിഹിതമായി വാങ്ങി, അതിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപന്നത്തിന്റെ ഗുണവും മെച്ചപ്പെട്ട വിലയും ഇവർക്കും ലഭ്യമാക്കുന്ന ഒരു മാതൃക; അതായത്‌ 'കർഷക-നീര ടെക്നീഷ്യൻ' കൂട്ടായ്മകൾ രൂപപ്പെടുത്തിക്കൊണ്ടുവരുകയും ചെയ്യേണ്ടതുണ്ട്‌. ആകർഷകമായ വേഷവിധാനത്തിലൂടെ ഇരുചക്രവാഹനങ്ങളിൽ ആധുനിക ഇലക്ട്രിക്‌ 'നീര ടാപ്പിങ്ങ്‌ നൈഫു'മായി നീര കേട്‌ വരാതെ സൂക്ഷിക്കാവുന്ന രീതിയിലുള്ള ആധുനിക പാത്രങ്ങളുമായി ഓരോ തെങ്ങിൻ തോപ്പുകളിലും എത്തുന്ന നീര ടെക്നീഷ്യന്റെ രൂപം ഒന്നു സങ്കൽപിച്ചുനോക്കൂ. മികച്ച വരുമാനം സംഘടിതമായ നീര ടാപ്പിങ്ങിലൂടെയും മൂല്യവർദ്ധനയിലൂടെയും ഇവർക്കു നേടുവാൻ കഴിയും. ഈ മേഖലയിലേക്ക്‌ കടന്ന്‌ വരാൻ താത്പര്യമുള്ള ചെറുപ്പക്കാരെ കണ്ടെത്തുകയും അവർക്ക്‌ പരിശീലനം നൽകുകയും ചെയ്യുക എന്ന വലിയ ദൗത്യം നാളികേര ഉത്പാദക സംഘങ്ങളേയും ഫെഡറേഷനുകളേയും ഏൽപ്പിക്കുകയാണ്‌. നീരയുത്പാദനത്തിന്‌ അനുകൂലമായ നയം സംസ്ഥാന സർക്കാർ രൂപീകരിച്ചു കഴിഞ്ഞതിനുശേഷം ഈ പരിശീലനം തുടങ്ങാം എന്ന്‌ കാത്തിരിക്കുന്നത്‌ അർത്ഥശൂന്യമാണ്‌. പരിശീലനത്തിലൂടെ നല്ല 'നീര ടെക്നീഷ്യന്മാർ' ഉയർന്നു വന്നെങ്കിൽ മാത്രമേ ഗവണ്‍മന്റ്‌ ലൈസൻസ്‌ നൽകുമ്പോൾ പരമാവധി ഉത്പാദനക്ഷമത കൈവരിക്കാനാകൂ. അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക്‌ നാളികേര വികസന ബോർഡ്‌ നിങ്ങളോടൊപ്പമുണ്ടാവും.
പ്രിയപ്പെട്ട കേരകർഷകരെ, ഇന്ത്യൻ വിപണിയിൽ നമ്മുടെ നാളികേരത്തിൽ നിന്നുള്ള നിരവധി മൂല്യവർദ്ധിത ഉൽപന്നങ്ങൾ വാങ്ങുവാൻ ആഗ്രഹവും ശേഷിയുമുള്ള  കോടിക്കണക്കിന്‌ ഉപഭോക്താക്കളുണ്ട്‌ എന്ന വസ്തുത  മനസ്സിലാക്കിക്കൊണ്ട്‌ മൂല്യവർദ്ധിത ഉൽപന്നങ്ങളിലേക്കുള്ള ചുവടുവെയ്പ്‌ അതിവേഗത്തിലാക്കേണ്ടതുണ്ട്‌. ഇല്ലെങ്കിൽ ഈ വിപണിയിലും ഭക്ഷ്യഎണ്ണ പോലെ വിദേശ ഉത്പാദകർ പിടിമുറുക്കിയെന്ന്‌ വരാം. നാളികേരത്തിന്റെ വില ചെറുതായി ഉയർന്ന്‌ തുടങ്ങി എന്ന പേരിൽ ആലസ്യത്തിലാണ്ടു കൂടാ. വിലത്തകർച്ചക്കിടയാക്കിയ സാഹചര്യങ്ങൾ മുഴുവൻ അതേപടി നിലനിൽക്കുന്നുണ്ട്‌. അതിനാൽതന്നെ, കർഷക കൂട്ടായ്മകൾ ശക്തിപ്പെടുത്തുന്നതിനും മൂല്യവർദ്ധിത ഉത്പാദനത്തിനും നമുക്ക്‌ കൂട്ടായി ശ്രമിക്കാം.
നാളികേര കർഷകർക്കെല്ലാം മെച്ചപ്പെട്ട ഒരു നവവർഷം ആശംസിക്കുന്നു.



എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...