മരണത്തിന്റെ മണം

അഷ്രഫ് കളത്തോട് നിഴലുകളുടെ നീളം അളന്നു
നമസ്കാരം നടത്തിയ ഉമ്മൂമ്മ
ഇന്നില്ല, നിറങ്ങള്‍ക്ക് ഇതള്‍ വെയ്ക്കുന്ന
ഒരു പ്രഭാതത്തില്‍ അവരുടെ
ഹൃദയം ആരോ കടമെടുത്തു!

നിശ്ശബ്ദമായ സായാഹ്നം പോലെ
വീട്ടുമുറ്റം അവരുടെ കാല്‍പെരുമാറ്റത്തിന്
വേണ്ടി തേങ്ങി!

അദ്ഭുതലോകങ്ങളുടെ ആകാശം
ആ തേങ്ങലില്‍ ഉരുണ്ടുകൂടി,
പെയ്തലയ്ക്കുന്ന ദുഃഖം
ഇടിഞ്ഞുപൊളിഞ്ഞു വീണു.

കരിന്തേളുകള്‍
അനന്തതയിലെ മിന്നായങ്ങളില്‍
തുറിച്ചുനോക്കി.

എന്‍റ കണ്ണുകളില്‍
ബാല്യം പിന്നെ ഒരു പൂക്കാലം
പോലെ വിടര്‍ന്നു ആനന്ദനൃത്തം ചവിട്ടി.

കാലദേശങ്ങളെ പിറകിലാക്കിയ ഓര്‍മ
അടുത്ത് മുട്ടിയുരുമ്മി കിടക്കുമ്പോള്‍
ഒരു പെരുപ്പ് കെട്ടിവരിയുമ്പോള്‍
മനസിലാകാതെ പോയത് എന്നെ
എവിടെയാണ് കളഞ്ഞുപോയത്
എന്നത് തന്നെയാണ്!

ഏതു  നിലത്തുവീണപ്പോള്‍
ഏതു മിനുത്ത പ്രതലത്തിലൊന്നില്‍ പ്രത്യക്ഷപ്
പെടുമെന്ന്
സ്വപ്നം കാണുകയായിരുന്നു.

വേദനകളുടെ തിര വന്നടിക്കുന്ന
ഒരു പാറക്കെട്ടിലായിരുന്നു അതിന്റെ അന്ത്യം.
ഉയര്‍ന്നുതെറിച്ച ഒരു ജലബിന്ദു
മുത്തുകണക്കെ മുഖത്തു പതിച്ചപ്പോഴുണ്ടായ

ആന്തല്‍ ആരും കാണാതെ തട്ടത്തില്‍ ഒപ്പിയെടുത്തു
നടക്കുമ്പോള്‍ എന്നെ എവിടെയൊക്കെയോ
കളഞ്ഞുപോയത് ഞാനോര്‍ത്തു.
എന്റെതെന്ന അവകാശ വാദം
കുഴിച്ചു മൂടി.

അവസാനം ഒറ്റപെട്ടവളായി
മരണത്തിന്റെ മണം ഞാന്‍
ആഴത്തില്‍ അറിഞ്ഞു തുടങ്ങുകയാണ്

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ