24 Jan 2013

നൂതന വിപണന തന്ത്രങ്ങൾ ജനറം നഗരങ്ങളിലേക്ക്‌


മിനി മാത്യു

കേരകൃഷിയുടെയും വ്യവസായത്തിന്റെയും സർവ്വതോന്മുഖമായ വികസനത്തിനു വേണ്ടി കേന്ദ്ര ഗവണ്‍മന്റ്‌ രൂപീകരിച്ച സ്വയം ഭരണാധികാര സ്ഥാപനമായ നാളികേര വികസന ബോർഡ്‌ കേന്ദ്ര സർക്കാർ നിർണ്ണയിച്ചിട്ടുള്ള ചുമതലകൾ വേണ്ടവിധം നിറവേറ്റുന്നതിൽ ഏക്കാളവും മുൻപന്തിയിൽ ആയിരുന്നു. എന്നാൽ ഈയിടെയായി നാളികേരത്തിന്റെയും, കൊപ്രയുടെയും വെളിച്ചെണ്ണയുടെയും വിലയിടിവ്‌ മൂലം ദുരിതമനുഭവിക്കുന്ന കേരകർഷകരുടെ രക്ഷയാണ്‌ ബോർഡിന്റെ മുഖ്യ ചുമതലകളിൽ ഒന്നായി മാറിയിരിക്കുന്നത്‌. പ്രകൃതി വിഭവങ്ങൾ നന്നേ കുറവും ചുറ്റുപാടും ഏറെ ശത്രുവലയവുമുള്ള ഇസ്രായേൽ കാർഷിക വ്യാവസായിക വിപണനരംഗത്ത്‌ മുൻപന്തിയിൽ നിൽക്കുമ്പോൾ പ്രകൃതി വിഭവങ്ങൾ കൊണ്ട്‌ സമൃദ്ധമായ നാമെന്തിന്‌ പുറകോട്ടു നിൽക്കണം? പ്രകൃതിയുടെ വരദാനമായ കൽപവൃക്ഷത്തെ വേണ്ടവിധം സംരക്ഷിച്ചാൽ ലോക രാഷ്ട്രങ്ങൾക്കൊപ്പം തലയുയർത്തിപ്പിടിച്ച്‌ നിൽക്കുവാൻ നമുക്കു കഴിയുകയില്ലേ? ഇതിന്‌ അടിത്തറയാകേണ്ടത്‌ ഈ രംഗത്തെ സംരംഭകത്വവും പുതിയ വിപണന തന്ത്രങ്ങളുമാണ്‌. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി കാലത്ത്‌ നാളികേരബോർഡിൽ രൂപീകരിച്ചിട്ടുള്ള മാർക്കറ്റിംഗ്‌ ടീമിന്റെ കീഴിൽ നമുക്കിതു സാധ്യമാക്കാം. അതിലൂടെ കേരോൽപന്നങ്ങൾക്കു സ്ഥിരമായ വിലയും നാളികേര കർഷക സമൂഹത്തിനു സമഗ്രപുരോഗതിയും സാധ്യമാക്കാം. കമ്പോള വ്യവസ്ഥയിൽ ആസൂത്രണത്തിനു മുൻതൂക്കം നൽകി മുൻപന്തിയിലെത്തിയ ചൈന, ഇസ്രായേൽ തുടങ്ങിയ ലോകരാഷ്ട്രങ്ങളെ നമുക്ക്‌ മാതൃകയാക്കാം.
നമ്മുടെ നാട്ടിൽ ഉത്പാദിപ്പിക്കുന്ന നാളികേരം വീട്ടാവശ്യം കഴിഞ്ഞുള്ളവ കൊപ്ര നിർമ്മാണത്തിനും വെളിച്ചെണ്ണ ഉത്പാദനത്തിനുമാണ്‌ ഉപയോഗപ്പെടുത്തുന്നത്‌. വളരെ ചെറിയൊരു ശതമാനം മാത്രമാണ്‌ മൂല്യവർധിത ഉൽപന്നങ്ങൾ ഉത്പാദിപ്പിക്കുന്നതിനായി പ്രയോജനപ്പെടുത്തുന്നത്‌. നാളികേരത്തിൽ നിന്ന്‌ നിർമ്മിക്കാവുന്ന മൂല്യവർദ്ധിത ഉൽപന്നങ്ങൾ നിരവധിയാണ്‌. എല്ലായ്പ്പോഴും നാളികേരത്തിന്റെ വില വെളിച്ചെണ്ണ വിലയെ അടിസ്ഥാനമാക്കി നിശ്ചയിക്കുന്ന രീതി ഉടച്ചുവാർക്കപ്പെടേണ്ടത്‌ തികച്ചും അനിവാര്യമാണ്‌.
 ഈയവസരത്തിലാണ്‌ ബോർഡിന്റെ മാർക്കറ്റിംഗ്‌ ടീം ജവഹർലാൽ നെഹ്‌റു ദേശീയ നഗര പുനരുദ്ധാരണ മിഷന്റെ (ഖചചഡഞ്ഞങ്ങ) കീഴിൽ വരുന്ന  63 പട്ടണങ്ങൾ കേന്ദ്രീകരിച്ച്‌ കേരോൽപന്നങ്ങൾക്ക്‌ വിപണി കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നത്‌. ഈ ശ്രമങ്ങൾ വിപ്ലവകരമായ മാറ്റങ്ങൾക്ക്‌ വഴി തെളിക്കും. കഴിഞ്ഞ അഞ്ചു വർഷമായി ഈ നഗരങ്ങളിൽ ദേശീയ നഗര പുനരുദ്ധാരണ മിഷന്റെ  കീഴിൽ വികസന പ്രക്രിയകൾ വിപുലമായ രീതിയിൽ നടന്നുകൊണ്ടിരിക്കുന്നുണ്ട്‌. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി  കാലയളവിൽ ഈ 63 പട്ടണങ്ങളിലും 10 നാളികേര മൂല്യവർധിത ഉൽപന്നങ്ങളടങ്ങിയ  ഒരു ഉൽപന്ന മിശ്രിത (പ്രോഡക്ട്‌ ബാസ്ക്കറ്റ്‌)ത്തിനാണ്‌ മാർക്കറ്റിംഗ്‌ ടീം വിപണി കണ്ടെത്തുന്നത്‌. ഇതിനുള്ള നൂതന വിപണന തന്ത്രങ്ങളാണ്‌ ബോർഡ്‌ ആവിഷ്കരിക്കുന്നത്‌. പായക്ക്‌ ചെയ്ത കരിക്കിൻ വെള്ളം,തേങ്ങാ ചിപ്സ്‌, തൂൾത്തേങ്ങ, വെർജിൻ കോക്കനട്ട്‌ ഓയിൽ, ഐസ്ക്രീം, തേങ്ങാപ്പാൽ ക്രീം, തേങ്ങാപ്പാൽ പൊടി, ഉണ്ട കൊപ്ര,വിനാഗിരി,പായക്ക്‌ ചെയ്ത ശുദ്ധമായ വെളിച്ചെണ്ണ എന്നിവയാണ്‌ ഈ 10 ഉൽപന്നങ്ങൾ.
എന്തുകൊണ്ടു ജനറം
നഗരങ്ങൾ?

കേര മേഖല മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ അനന്ത സാധ്യതകൾ ജനറം നഗരങ്ങളിൽ കണ്ടെത്തുകയാണ്‌. മൂല്യവർധിത ഉൽപന്നങ്ങളിലൂടെ കൊപ്ര, വെളിച്ചെണ്ണ എന്നീ പതിവുചൊല്ലുകളെ  മാറ്റിനിർത്തി  നൂതനമായ ഒരു വിപണന തന്ത്രത്തിനാണ്‌ ബോർഡ്​‍്‌ ഇവിടെ നാന്ദി കുറിക്കുന്നത്‌. ലോകത്തുള്ള വൻ സാമ്പത്തിക ശക്തികളും കോർപ്പറേറ്റ്‌ ഭീമൻമാരും അരങ്ങു വാഴുന്ന ഇന്ത്യൻ കമ്പോളത്തിൽ നിന്നു തന്നെ മൂല്യവർധിത ഉൽപന്നങ്ങൾക്ക്‌ വിപണി ഒരുക്കി വിലസ്ഥിരത കൈവരിക്കുവാനുള്ള ബോർഡിന്റെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണിത്‌. ഇന്ത്യയുടെ  ജനസംഖ്യയിൽ ഭൂരിഭാഗവും നഗരങ്ങളിൽ വസിക്കുന്നു  എന്നതു മാത്രമല്ല ആഭ്യന്തര ഉപഭോഗത്തിന്റെ 65 ശതമാനത്തോളം നാഗരിക സംഭാവനയാണെന്നതും പുതിയ വിപണന തന്ത്രത്തിന്‌ കരുത്ത്‌ പകരുന്നു. ഈ നാഗരിക വാണിജ്യ സാധ്യതകൾ മുതലെടുക്കുവാൻ ബോർഡ്‌ നടത്തുന്ന ശ്രമങ്ങളിലൂടെ ജനറം നഗരങ്ങൾക്ക്‌ സവിശേഷ പ്രാധാന്യം കൈവരുന്നു.
ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട 63 നഗരങ്ങളാണ്‌ ജനറം നഗരങ്ങൾ എന്ന്‌ അറിയപ്പെടുന്നത്‌. 40 ലക്ഷത്തിലധികം ജനസംഖ്യയുള്ള 7 മെട്രോ നഗരങ്ങളും, 10 ലക്ഷത്തിനും 40 ലക്ഷത്തിനും ഇടയിൽ ജനസംഖ്യയുള്ള 28 നഗരങ്ങളും,10 ലക്ഷത്തിൽ കുറവു ജനസംഖ്യയുള്ള 28 ഇടത്തരം നഗരങ്ങളും ചേർന്നാൽ ജനറം നഗരങ്ങളായി. നാഗരിക ജനസംഖ്യയുടെ 70 ശതമാനവും അധിവസിക്കുന്നതും ജനറം നഗരങ്ങളിലാണ്‌. സംസ്ഥാന തലസ്ഥാനങ്ങളും, പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളും, പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളും ജനറം നഗരങ്ങളിൽ ഉൾപ്പെടുന്നു. ജനറം നഗരവാസികൾക്കു പുറമെ സന്ദർശകരുടെ ബാഹുല്യവും കൂടി കണക്കാക്കുമ്പോൾ രാജ്യത്തൊട്ടാകെയുള്ള ജനങ്ങളുടെ വിപണി എന്ന പരിഗണനയും ജനറം നഗരങ്ങൾക്ക്‌ കൽപ്പിച്ചു കൊടുക്കാം.
പുതിയ വിപണന
തന്ത്രങ്ങളുടെ പിന്നാമ്പുറം

 നാഗരിക സംസ്കാരത്തിൽ ജീവിക്കുന്ന ജനങ്ങളെ മുന്നിൽ കണ്ടു കൊണ്ടു വ്യത്യസ്തമായ ഉൽപ്പന്നങ്ങളുടെ ഒരു ശ്രേണി തന്നെ കുത്തക ഭീമൻമാർ നിർമ്മിക്കുന്നുണ്ട്‌. നാളികേര മേഖലക്കു  ഈ സാധ്യതകൾ ഇതു വരെ പരമാവധി പ്രയോജനപ്പെടുത്തുവാൻ സാധിച്ചിട്ടില്ല. കാലിക മാറ്റത്തിനു വിധേയമാകുന്ന ഭക്ഷണ വ്യവസ്ഥിതിയിൽ ഇനിയുള്ള കാലം പ്രകൃതി ദത്ത ഉൽപന്നങ്ങളിലേക്കുള്ള ഒരു തിരിച്ചു പോക്കാണ്‌ അഭികാമ്യം. സോഫ്റ്റ്‌ ഡ്രിങ്കുകൾക്കു പകരം കരിക്കിൻ വെള്ളവും, നീരയും, പാമോയിലിനു പകരം വെളിച്ചെണ്ണയും, സൗന്ദര്യ വർദ്ധനവിനൊപ്പം ഓർമ്മ ശക്തി കൂട്ടാൻ വെർജിൻ കോക്കനട്ട്‌ ഓയിലും, കൊറിച്ചു തിന്നുവാൻ തേങ്ങാ ചിപ്സും, ഉണ്ടകൊപ്രയും എന്നു വേണ്ട നാരു മുതൽ ഇല വരെയുള്ള എല്ലാത്തരം നാളികേരോൽപന്നങ്ങളും വിറ്റഴിയുന്ന ഒരു വിപണിയായി ജനറം നഗരങ്ങളെ രൂപാന്തരപ്പെടുത്തുവാൻ സാധിക്കും.
ഗ്രാമവ്യവസ്ഥിതികളെക്കാൾ അനൂസൃ​‍ൂതം പണം ചെലവഴിക്കാനുള്ള  പ്രവണത നഗരങ്ങളിൽ കാണുന്നുണ്ട്‌. ഫാസ്റ്റ്‌ ഫുഡ്‌ സംസ്കാരവും ഫാഷൻ തരംഗങ്ങളും വിപണി സമവാക്യങ്ങളും യാഥാസ്ഥിതിക സമൂഹത്തിൽ വേരുറപ്പിക്കുന്നത്‌ നാഗരിക കാഴ്ചപ്പാടുകളിൽ നിന്നാണ്‌. ഏതുൽപന്നത്തിനും തനതു വിപണി കണ്ടെത്താൻ സഹായിക്കുന്ന തരത്തിൽ പരുവപ്പെട്ടിരിക്കുന്ന മികച്ച ഉപഭോഗ സംസ്കാരം നിലനിൽക്കുന്ന നാഗരിക വ്യവസ്ഥിതി തന്നെയാണ്‌ ജനറം നഗരങ്ങളിലും കണ്ടുവരുന്നത്‌. അതിനാൽ തന്നെ നാളികേരാധിഷ്ഠിത ഉൽപന്നങ്ങൾക്ക്‌ ഗുണമേന്മ കൂടി കണക്കാക്കുമ്പോൾ വിജയ സാധ്യത കൂടുമെന്നതും ഉറപ്പാണ്‌. ഉപ്പുതൊട്ടു കർപ്പൂരം വരെയുള്ള സാധനങ്ങൾ വിലകൊടുത്തു മേടിക്കുന്നവരാണ്‌ നഗര വാശികൾ. ജോലിയുടെ തിരക്കുകൾ ഉള്ളതിനാൽ കാണുകളിലും ടിന്നുകളിലും  പായ്ക്കറ്റുകളിലും  ആക്കിയ റെഡിമെയ്ഡ്‌ ഭക്ഷണങ്ങളാണ്‌ അവർ ഇഷ്ടപ്പെടുന്നത്‌. അതുകൊണ്ടു തന്നെ നല്ല രീതിയിൽ പായ്ക്ക്‌ ചെയ്ത ഈ 10 ഇനം കേരോൽപന്നങ്ങൾക്കും വൻ വിപണി ഉറപ്പിക്കാം.
ഒരു പക്ഷെ  പ്രാദേശിക അടിസ്ഥാനത്തിൽ ഒരു കണക്കെടുപ്പ്‌ നടത്തിയാൽ കേരളത്തിലെ ഏതെങ്കിലും ഒരു പട്ടണത്തിലുള്ള മലയാളികളെക്കാൾ കൂടുതൽ മലയാളികളെ അന്യ സംസ്ഥാന  നഗരങ്ങളിൽ കണ്ടെത്താൻ സാധിക്കും. ഇവരിൽ ഭൂരിപക്ഷവും നാളികേരത്തെയും കേരകേരളത്തെയും സ്നേഹിക്കുന്നവരാണ്‌. കേരളത്തിൽ നിന്നു മാത്രമല്ല,  കേരകൃഷി നിലനിൽക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും പ്രത്യേകിച്ച്‌ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരേയും ഈ നഗരങ്ങളിൽ കണ്ടെത്താം. അതിനാൽ തന്നെ നാളികേര ഉൽപന്നങ്ങൾക്കു നഗരങ്ങളിൽ, വിശേഷാൽ ജനറം നഗരങ്ങളിൽ തദ്ദേശീയമായ വൻ വിപണി സാധ്യതയുണ്ട്‌. ഇത്തരത്തിൽ വിപണി വിപൂലീകരിക്കപ്പെടുമ്പോൾ  ഉൽപന്നങ്ങളുടെ ആവശ്യകത ക്രമാനുഗതമായി വർദ്ധിച്ചു കൊണ്ടിരിക്കും. ഇതിനെ ഫലപ്രദമായി ഉപയോഗിക്കുവാൻ അഥവാ ഉൽപന്നങ്ങൾ കൃത്യമായി വിപണിയിലെത്തിക്കുവാൻ ബോർഡ്‌ നടത്തുന്ന ശ്രമങ്ങൾക്ക്‌ ചുക്കാൻ പിടിക്കുന്നത്‌ ബോർഡിന്റെ മാർക്കറ്റിംഗ്‌ ടീമാണ്‌.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...