24 Jan 2013

മഹാനഗരികളിൽ കേരോൽപന്നങ്ങൾ സ്ഥാനമുറപ്പിക്കുന്നു


ദീപ്തി നായർ എസ്‌

കേരകർഷകർ 2012 ന്റെ ആരംഭം മുതൽ വിലത്തകർച്ചയുടെ കാലഘട്ടത്തിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുകയാണ്‌

. ഇക്കഴിഞ്ഞ വർഷം മുഴുവൻ നാളികേരത്തിന്റെ വിലയിടിഞ്ഞുകൊണ്ടിരുന്നു. ഡിസംബർ പകുതിയോടുകൂടി ചെറിയൊരു മാറ്റമുണ്ടായെങ്കിലും കർഷകരെ വിലത്തകർച്ചയിൽ നിന്നും രക്ഷിക്കാൻ ഈ മാറ്റം ആശ്വാസകരമാകുന്നില്ല. കേരള സംസ്ഥാനത്തിൽ സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും പ്രതീകമായി കേരകൃഷി നിലനിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. കുടുംബത്തിന്റെ ആസ്തിയും ആഢ്യത്വവും തെങ്ങിൻതോപ്പുകളുടെ വിസ്തൃതിയിലൂടെ അളന്നിരുന്ന കാലം. ഒരു കുടുംബത്തിൽ കുഞ്ഞ്‌ പിറന്നാലുടനെ ആ കുഞ്ഞിന്റെ പേരിൽ തെങ്ങിൻ തോപ്പ്‌ വാങ്ങിയിരുന്ന കാലം. കേരളത്തിൽ ഇന്ന്‌ കാണുന്ന തെങ്ങിൻ തോപ്പുകളൊന്നും സർക്കാരിന്റേയോ ഇതര ഏജൻസികളുടേയോ നിർബന്ധപ്രകാരമുണ്ടായ കൃഷിയിടങ്ങളല്ല, മറിച്ച്‌ സ്ഥിരമായി നല്ല വിളവും വരുമാനവും നൽകിയിരുന്ന കേരളത്തിന്റെ തനതായ ഒരു വിള കേരള സമൂഹം സ്വന്തം താൽപര്യപ്രകാരം വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്തത്താണ്‌. എന്നാലിന്ന്‌ ഇടയ്ക്കിടെയുണ്ടാകുന്ന വിലത്തകർച്ച നാളികേരകൃഷിയിൽ നിന്നും അകളാൺ കർഷകരെ പ്രേരിപ്പിക്കുന്നു. ഏതൊരുവിളയ്ക്കും സ്ഥിരമായ വരുമാനം ലഭ്യമാകുന്നുവേങ്കിൽ മാത്രമേ വിളപരിപാലനം കൃത്യമായി നടക്കൂ. വിളപരിപാലനത്തിലുണ്ടാകുന്ന അശ്രദ്ധ ഉത്പാദനത്തേയും ഉത്പാദനക്ഷമതയേയും ബാധിക്കുന്നു. കേരളത്തിന്റെ തനത്‌ വിളയായ നാളികേരത്തിന്റെ മേഖലയിൽ സ്ഥായിയായ ഒരു മാറ്റമുണ്ടാകണമെങ്കിൽ നാളികേരത്തിൽ നിന്നുള്ള മൂല്യവർദ്ധിതോൽപന്നങ്ങളുടെ വ്യാവസായികോത്പാദനത്തിലേക്ക്‌ നീങ്ങണമെന്നത്‌ ഈ കാലഘട്ടത്തിൽ അനിവാര്യമാണ്‌.
കാർഷിക മേഖലയിൽ ഏതൊരു വിളയ്ക്കും സ്ഥിരമായ വില ലഭിക്കണമെങ്കിൽ അതിനെ അടിസ്ഥാനമാക്കിയുള്ള ഒരു വ്യവസായമുണ്ടാവണം. നാളികേരകൃഷി ബഹുഭൂരിപക്ഷവും കേന്ദ്രീകരിച്ചിരിക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നാളികേരത്തെ അടിസ്ഥാനമാക്കിയുള്ള ഏക വ്യവസായം കൊപ്ര ഉത്പാദനവും വെളിച്ചെണ്ണയുമാണ്‌. കേരവൃക്ഷത്തെ ഭക്ഷ്യഎണ്ണയുടെ സ്രോതസ്സായി മാത്രം കണ്ടതിലൂടെ നമുക്ക്‌ അന്യമായത്‌ കൽപവൃക്ഷത്തിൽ നിന്നുമുള്ള മറ്റ്‌ ഉൽപന്നങ്ങളുടെ ഉത്പാദനമാണ്‌. നാളികേര വികസന ബോർഡിന്റെ ആഭിമുഖ്യത്തിൽ മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ മേഖലയിലേക്ക്‌ കേരകൃഷിയെ തിരിച്ചുവിടാൻ പല സംഘടിതശ്രമങ്ങളും ഉണ്ടായി എങ്കിലും വിപണിയിലെ അനിശ്ചിതാവസ്ഥ സംരംഭകരെ പിന്നോട്ടുവലിച്ചു. നാളികേര ബോർഡിന്റെ ആഭിമുഖ്യത്തിൽ നവംബർ 2-​‍ാം തീയതി കൊച്ചിയിൽ സംഘടിപ്പിച്ച സംരംഭകർക്കായുള്ള സെമിനാർ നാളികേരത്തിന്റെ അനന്ത സാദ്ധ്യതകളിലേക്കുള്ള വാതായനം തുറക്കുകയുണ്ടായി. കേരവ്യവസായ മേഖലയിൽ മുതൽ മുടക്കിന്‌ തയ്യാറായി നിരവധി സംരംഭകർ മുന്നോട്ട്‌ വന്നുവേങ്കിലും ഉൽപന്നങ്ങളുടെ വിപണനത്തെ സംബന്ധിച്ചുള്ള ആശങ്ക അവരെ പിന്നോക്കം വലിക്കുന്നതായി ബോർഡിന്‌ അനുഭവപ്പെട്ടു. ഈ സാഹചര്യത്തിലാണ്‌ നാളികേര ബോർഡ്‌ നൂതനമായ വിപണന തന്ത്രങ്ങൾ ആവിഷ്ക്കരിച്ച്‌ നടപ്പിലാക്കുന്ന പദ്ധതിക്ക്‌ രൂപം കൊടുക്കാൻ നിർബന്ധിതരായത്‌. വിപണി ഉറപ്പാക്കുന്നതിൽ വിജയിച്ചാൽ, കേരാധിഷ്ഠിത വ്യവസായങ്ങൾ സ്ഥാപിക്കാൻ ധാരാളം സംരംഭകർ മുന്നോട്ട്‌ വരുമെന്ന വസ്തുത ഉറപ്പായി
വിപണി
നാളികേരത്തിൽ നിന്നുള്ള മൂല്യവർദ്ധിതോൽപന്നങ്ങളെ ഉപഭോക്താക്കൾക്ക്‌ മുന്നിൽ അവതരിപ്പിക്കുക എന്നതാണ്‌ ഈ വിപണനതന്ത്രത്തിന്റെ ആദ്യകടമ്പ. നാളികേരകൃഷി വ്യാപകമായി നടപ്പിലാക്കുന്ന തെക്കൻ സംസ്ഥാനങ്ങളിൽ നാളികേരമെന്നാൽ എണ്ണയും കൊപ്രയും ഉണ്ടകൊപ്രയുമാണ്‌. നാളികേരത്തിന്റെ ഉപഭോക്താക്കൾ മാത്രമുള്ള വടക്കേയിന്ത്യയിൽ നാളികേരമെന്നാൽ ഇളനീരും പൂജാ സാമഗ്രികളും മാത്രമാണ്‌. കൽപവൃക്ഷത്തിന്റെ നൂതന സാദ്ധ്യതകളും കൽപവൃക്ഷത്തിൽ നിന്നുമുള്ള ഉൽപന്നങ്ങളും ഉപഭോക്തൃസമൂഹത്തിന്‌ പരിചയപ്പെടുത്തുന്നതിനായി ഒരു സമഗ്രപദ്ധതിയാണ്‌ ബോർഡ്‌ ആവിഷ്ക്കരിച്ചിരിക്കുന്നത്‌. ഭാരതത്തിനുള്ളിലെ ആഭ്യന്തരവിപണി മാത്രം ലക്ഷ്യമിട്ട്‌ നാളികേരോൽപന്നങ്ങളുടെ വിപണി സ്ഥാപിക്കപ്പെട്ടാൽ ഇന്നത്തെ ഉത്പാദനത്തിന്റെ ഇരട്ടി നാളികേരോത്പാദനം ഉണ്ടായാലും അസംസ്കൃത വസ്തുവായ നാളികേരത്തിന്‌ ദൗർലഭ്യമുണ്ടാകുമെന്നതാണ്‌ വസ്തുത.
ലോകനാളികേരോത്പാദക രാഷ്ട്രങ്ങളുടെ ശ്രേണിയിൽ വിസ്തൃതിയിൽ മൂന്നാം സ്ഥാനത്തും ഉത്പാദനത്തിൽ രണ്ടാം സ്ഥാനത്തും ഉത്പാദനക്ഷമതയിൽ ഒന്നാം സ്ഥാനത്തുമുള്ള നമ്മുടെ രാജ്യം മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ഉത്പാദന മേഖലയിൽ ശൈശവാവസ്ഥയിലാണ്‌. നാളികേര കൃഷിയിൽ ഇന്ത്യയുടെ ആറിലൊന്ന്‌ വിസ്തൃതിയും ഏഴിലൊന്ന്‌ ഉത്പാദനവുമുള്ള ശ്രീലങ്കയിൽ നിന്നുമുള്ള നാളികേരോൽപന്നങ്ങളുടെ കയറ്റുമതി ഇന്ത്യയുടെ  നാലിരട്ടിയാണ്‌.
നമ്മുടെ രാജ്യത്തെ ഉപഭോക്തൃ സമൂഹത്തെ ലക്ഷ്യമാക്കിയുള്ള വിപണി വിപുലീകരണ പ്രവർത്തനങ്ങൾ നാളികേര വികസന ബോർഡ്‌ താഴെപ്പറയുന്ന രീതിയിലാണ്‌ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്‌. നാളികേരത്തിൽ നിന്നുള്ള മൂല്യവർദ്ധിതോൽപന്നങ്ങൾ ഉപഭോക്താവിന്‌ പരിചിതമല്ലായെന്നത്‌ കൊണ്ടുതന്നെ നൂതന ഭക്ഷ്യോൽപന്നങ്ങൾ പരീക്ഷിച്ചുനോക്കാൻ താൽപര്യം കൂടുതൽ പ്രകടിപ്പിക്കാറുള്ള നഗരങ്ങളെ കേന്ദ്രീകരിച്ച്‌ പ്രവർത്തനം തുടങ്ങുന്നതിനാണ്‌ ബോർഡ്‌ താൽപര്യപ്പെടുന്നത്‌. ഭാരതത്തിലെ പ്രധാന നഗരങ്ങളെ ജനസംഖ്യാനുസൃതമായി, ജവഹർലാൽ നെഹ്രു നാഷണൽ അർബൻ റിന്യൂവൽ മിഷന്റെ (ജനറം) കീഴിൽ 3 പ്രധാന വിഭാഗങ്ങളിലായി തരം തിരിച്ചിരിക്കുന്നു:
1)     4 മില്ല്യണിൽ കൂടുതൽ ജനസംഖ്യയുള്ള നഗരങ്ങൾ - 7
2)     1 മുതൽ 4 മില്ല്യൺ വരെ -28
3)     1 മില്ല്യണിൽ കുറവ്‌ - 28
2011 ലെ സേൻസസ്‌ റിപ്പോർട്ട്‌ പ്രകാരം  ജനസംഖ്യ ഒരു ലക്ഷത്തിൽ കൂടുതലുള്ള 468 പട്ടണങ്ങളാണ്‌ ഉള്ളത്‌ ഇവയിൽ മേൽപറഞ്ഞ 63 ജനറം നഗരങ്ങളും ഉൾപ്പെടും.
2011ലെ സേൻസസ്‌ റിപ്പോർട്ട്‌ പ്രകാരം നഗരങ്ങളുടെ എണ്ണം
ജനസംഖ്യ    എണ്ണം
10 മില്ല്യണിൽ കൂടുതൽ    3
5 മുതൽ 10 മില്ല്യൺ വരെ    5
2-5 മില്ല്യൺ    11
1-2 മില്ല്യൺ    34
ആകെ    53
0.5-1 മില്ല്യൺ    43
1 ലക്ഷം മുതൽ 5 ലക്ഷം വരെ    372
ആകെ    468
നാളികേരോൽപന്നങ്ങളുടെ വിപണി ശക്തിപ്പെടുത്തുന്നതിന്‌ ആദ്യപടിയായി ഈ ജനറം നഗരങ്ങളെ തെരഞ്ഞെടുക്കുന്നതിനാണ്‌ ബോർഡ്‌ ലക്ഷ്യമിട്ടിരിക്കുന്നത്‌. നഗരങ്ങളിൽ ജനസംഖ്യ കൂടുതലായതുകൊണ്ടുതന്നെ ഉപഭോക്താക്കളിൽ പുതിയ ഉൽപന്നങ്ങൾ പരീക്ഷിക്കാൻ താൽപര്യമുള്ളവരുടെ ശതമാനവും ഏറെയായിരിക്കും
പ്രോഡക്ട്‌ ബാസ്ക്കറ്റ്‌
നാളികേരത്തിൽ നിന്നും അനേകം മൂല്യവർദ്ധിത ഉൽപന്നങ്ങൾ സാദ്ധ്യമാണ്‌ എന്നുള്ളതുകൊണ്ടുതന്നെ തെരഞ്ഞെടുക്കപ്പെട്ട വിപണികളിൽ അവതരിപ്പിക്കേണ്ട ഉൽപന്നങ്ങളെ സംബന്ധിച്ച്‌ ബോർഡ്‌ തീരുമാനമെടുക്കുകയുണ്ടായി. നൂതന വിപണികൾ പരീക്ഷിച്ച്‌ സ്ഥാപിക്കുന്നതിന്‌ ഉപഭോക്തൃ താൽപര്യം ലക്ഷ്യമിടുന്ന ഒരു "പ്രോഡക്ട്‌ ബാസ്ക്കറ്റ്‌" സജ്ജീകരിക്കുകയുണ്ടായി. ഇവയിൽ ഉൾപ്പെടുന്ന പ്രധാന ഉൽപന്നങ്ങൾ:
1. പായ്ക്കുചെയ്ത ഇളനീർ
2. നാളികേര ചിപ്സ്‌
3. വെർജിൻ കോക്കനട്ട്‌ ഓയിൽ
4. ഡേശിക്കേറ്റഡ്‌ കോക്കനട്ട്‌ പൗഡർ അഥവാ തൂൾതേങ്ങ
5. കോക്കനട്ട്‌ മിൽക്ക്‌/ മിൽക്ക്‌ പൗഡർ/ മിൽക്ക്‌ ക്രീം
6. ഉണ്ടകൊപ്ര (ഭക്ഷ്യയോഗ്യമായ ഉണങ്ങിയ ഫലം എന്ന നിലയ്ക്ക്‌)
7. ശുദ്ധമായ വെളിച്ചെണ്ണ (ഭക്ഷ്യാവശ്യങ്ങൾക്ക്‌)
8. ശുദ്ധമായ വെളിച്ചെണ്ണ (മറ്റാവശ്യങ്ങൾക്ക്‌)
9. പ്രകൃതിദത്ത വിനാഗിരി
10. പ്രകൃതിദത്ത കോക്കനട്ട്‌ ഐസ്ക്രീം
വിപണിയുടെ ഡിമാന്റ്‌/ ആവശ്യകത കണ്ടെത്തൽ
പ്രോഡക്ട്‌ ബാസ്ക്കറ്റും ലക്ഷ്യമിടുന്ന വിപണികളും സ്ഥിരപ്പെടുത്തിക്കഴിഞ്ഞാൽ അടുത്തപടി അറിയേണ്ട വസ്തുത ഓരോ നഗരത്തിലും പ്രതീക്ഷിക്കുന്ന വിപണിയുടെ ഡിമാന്റാണ്‌. തുടക്കത്തിൽ ഒരു നഗരിയിലെ ജനസംഖ്യയുടെ ഒരു നിശ്ചിത ശതമാനത്തെ ആദ്യവർഷങ്ങളിൽ ലക്ഷ്യമിടുന്നു എന്ന ധാരണയിൽ ഉൽപന്നത്തിനുള്ള ഡിമാന്റിന്റെ ഏകദേശരൂപം ലഭിക്കുന്നതാണ്‌. ഇതിന്റെ തുടർച്ചയായി പ്രസ്തുത നഗരത്തിലെ പ്രധാനപ്പെട്ട മാനേജ്‌മന്റ്‌ സ്ഥാപനങ്ങൾ, മാർക്കറ്റിങ്ങ്‌ സ്ഥാപനങ്ങൾ, വിദ്യാർത്ഥികൾ എന്നിവരുടെ സഹായത്തോടെ പ്രസ്തുത ഉൽപന്നങ്ങൾക്ക്‌  വിപണിയിൽ പ്രതീക്ഷിക്കാവുന്ന ഡിമാന്റിനെക്കുറിച്ച്‌ വ്യക്തമായ ഒരു രൂപരേഖ തയ്യാറാക്കാവുന്നതാണ്‌. 9 മഹാനഗരങ്ങളിലെ ശരാശരി 10 ശതമാനം ഉപഭോക്താക്കൾ ആഴ്ചയിലൊരിക്കൽ മേൽപറഞ്ഞ പ്രോഡക്ട്‌ ബാസ്ക്കറ്റിലെ ഉൽപന്നങ്ങൾ വാങ്ങിയാൽ തന്നെ 80 കോടിയിലധികം നാളികേരം സംസ്ക്കരിക്കേണ്ടി വരുമെന്ന്‌ കണക്കുകൾ സൂചിപ്പിക്കുന്നു. അതായത്‌ മൊത്തം ഉത്പാദനത്തിന്റെ 5 ശതമാനം നാളികേരം സംസ്ക്കരണത്തിനായി വിനിയോഗിക്കപ്പെടുമെന്ന്‌ സാരം. നാളികേര വികസന ബോർഡിന്റെ വിപണി വിപുലീകരണ പദ്ധതി ലക്ഷ്യമിടുന്നത്‌ രാജ്യത്തെ നഗരങ്ങളിലുടനീളമുള്ള ചില്ലറ വിൽപനശൃംഖലകളിലൂടെ കേരോൽപന്നങ്ങൾ എല്ലാ നഗരങ്ങളിലും എത്തിക്കുക എന്നതാണ്‌. ജനസംഖ്യ 1 മില്ല്യണിൽ കൂടുതലുള്ള 53 നഗരങ്ങളിലെ 10 ശതമാനം ജനങ്ങൾക്ക്‌ കേരോൽപന്നങ്ങൾ എത്തിച്ചുകൊടുക്കാൻ ശ്രമിച്ചാൽ തന്നെ ഡിമാന്റ്‌ വർദ്ധിക്കും അതിനനുസരിച്ച്‌ നാളികേരത്തിന്‌ വിലയുമുണ്ടാവും. മാത്രമല്ല വെളിച്ചെണ്ണയേയും കൊപ്രയേയും അടിസ്ഥാനപ്പെടുത്തിയുള്ള നാളികേര വിപണന സംവിധാനത്തെ ഉടച്ചുവാർത്ത്‌ വ്യാവസായിക ഭക്ഷ്യോൽപ്പന്നനിർമ്മാണ യൂണിറ്റുകളിലൂന്നിയുള്ള ഒരു മെച്ചപ്പെട്ട വിപണന ശൃംഖല സ്ഥാപിക്കുവാനും സാധിക്കും.
ഡിമാന്റനുസരിച്ച്‌ ഉൽപന്ന നിർമ്മാണം
ഉൽപന്നങ്ങൾക്ക്‌ വിപണി ഉറപ്പായാൽ തന്നെ ഉത്പാദകർക്ക്‌ ഉൽപന്ന നിർമ്മാണത്തിന്‌ താൽപര്യം വർദ്ധിക്കും. പുതിയ യൂണിറ്റുകൾ സ്ഥാപിക്കുക, പഴയ യൂണിറ്റുകളിലെ ഉത്പാദനശേഷി വർദ്ധിപ്പിക്കുക എന്നീ നടപടികളിലൂടെ ഡിമാന്റിനനുസൃതമായി ഉത്പാദനം സാധ്യമാകും. നാളികേരം സംസ്ക്കരണത്തിന്‌ വളരെ അനുയോജ്യമായ ഒരു വിളയാണ്‌. വളരെ പെട്ടെന്ന്‌ കേടുവരാത്ത, സൂക്ഷിപ്പുകാലം കൂടുതലുള്ള, പഴം, പച്ചക്കറികളെപ്പോലെ ശീതികരിച്ച വിപണനശൃംഖല ആവശ്യമില്ലാത്ത ഒരു വിളയാണ്‌ നാളികേരം എന്നതുകൊണ്ടുതന്നെ സംസ്ക്കരണം പ്രായോഗികമായി, മറ്റു വിളകളെയപേക്ഷിച്ച്‌ എളുപ്പമാണ്‌. മാത്രമല്ല നാളികേരത്തിൽ നിന്നുള്ള മൂല്യവർദ്ധിതയുൽപന്നങ്ങളുടെ ഉത്പാദനത്തിനാവശ്യമായ സാങ്കേതികജ്ഞാനം ലഭ്യവുമാണ്‌. ഈ സാഹചര്യത്തിൽ വിപണി കൂടി ഉറപ്പാക്കുന്ന പക്ഷം വ്യാവസായികാടിസ്ഥാനത്തിലുള്ള മൂല്യവർദ്ധിതയുൽപന്നങ്ങളുടെ ഉത്പാദനത്തിലേക്ക്‌ നീങ്ങാൻ സംരംഭകർക്ക്‌ ആശങ്കപ്പെടേണ്ടതില്ല.
തിരഞ്ഞെടുത്തിരിക്കുന്ന പ്രെഡക്ട്‌ ബാസ്ക്കറ്റിലെ ഉൽപന്നങ്ങളുടെ യൂണിറ്റുകൾ സ്ഥാപിക്കുന്നതിന്‌ പ്രധാനമായും ചെറുകിട, ഇടത്തരം യൂണിറ്റുകളാണ്‌ വേണ്ടത്‌. ചെറിയ സ്വാശ്രയസംഘങ്ങളോ, സോസൈറ്റികളോ ഏകോപിപ്പിച്ചുകൊണ്ട്‌ മൈക്രോ യൂണിറ്റുകളിലൂടെയും ഉത്പാദനം ക്രമീകരിക്കാവുന്നതാണ്‌. ഇങ്ങനെ ചെയ്യുമ്പോൾ അവ ഒരു ബ്രാൻഡിൽ വിപണിയിൽ അവതരിപ്പിക്കുന്നതാണ്‌ നല്ലത്‌.
ഒരു ടൺ ഉൽപന്നങ്ങൾ ഉത്പാദിപ്പിക്കുന്നതിന്‌ ആവശ്യമായ മുതൽമുടക്കിനെ സംബന്ധിച്ച വിവരങ്ങൾ
ഉൽപന്നം    ഒരു ടൺ ഉത്പാദനത്തിന്‌
    ആവശ്യമായ മുതൽമുടക്ക്‌
    (ലക്ഷം രൂപ)
പായ്ക്ക്‌ ചെയ്ത ഇളനീർ    45-50
കോക്കനട്ട്‌ ചിപ്സ്‌    40-42
വെർജിൻ കോക്കനട്ട്‌ ഓയിൽ    75-80
തൂൾത്തേങ്ങ    50-55
കോക്കനട്ട്‌ മിൽക്ക്‌/
മിൽക്ക്‌ പൗഡർ /     60-65
മിൽക്ക്‌ ക്രീം    (330-350 സ്പ്രേ ഡ്രൈ        ചെയ്ത മിൽക്ക്‌ പൗഡറിന്‌)
ഉണ്ടക്കൊപ്ര    10-12
ശുദ്ധമായ വെളിച്ചെണ്ണ    20-25
വിനാഗിരി    6-7
    (100 ലിറ്റർ ഉത്പാദനം പ്രതിദിനം)
സിഎഫ്ടിആർഐ, ഡിഎഫ്‌ആർഎൽ, വിവിധ കാർഷിക സർവ്വകലാശാലകൾ എന്നിവരുമായി ഒത്തൊരുമിച്ച്‌ മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ വ്യാവസായിക ഉത്പാദനത്തിനാവശ്യമായ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്‌. രാജ്യത്തെ നഗരങ്ങളെ കേന്ദ്രീകരിച്ച്‌ ഒരു വിപണന സംവിധാനം രൂപപ്പെടുത്തുമ്പോൾ ഉൽപന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി ഉത്പാദകരുടെ ഒരു കൺസോർഷ്യം രൂപീകരിക്കുന്നതിനുള്ള നേതൃത്വം നാളികേര വികസന ബോർഡ്‌ നൽകുന്നതാണ്‌. ഉദാഹരണത്തിന്‌, പായ്ക്ക്‌ ചെയ്ത ഇളനീർ ഉത്പാദിപ്പിക്കുന്നവരുടെ ഒരു കൺസാർഷ്യം രൂപീകരിക്കുന്നതിലൂടെ ഡിമാന്റിനനുസൃതമായി കൺസോർഷ്യത്തിലെ ഉത്പാദകരുടെ ഉൽപന്നങ്ങൾ ക്രമമായി നൽകുന്നതിന്‌ സാധിക്കുന്നതാണ്‌. ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം ഉൽപന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുവാനും സാധിക്കും.
നാളികേര വികസന ബോർഡിന്റെ ആഭിമുഖ്യത്തിൽ രൂപീകരിച്ചിട്ടുള്ള നാളികേരോത്പാദക ഫെഡറേഷനുകളിൽ ശരാശരി 15 മുതൽ 25 വരെ നാളികേരോത്പാദക സംഘങ്ങളുണ്ടാവും. ഇത്തരം ഫെഡറേഷനുകളുടെ നേതൃത്വത്തിലും തുടർന്ന്‌ നാളികേര വികസന ബോർഡ്‌ വിഭാവനം ചെയ്യുന്ന ഫെഡറേഷനുകളുടെ അപെക്സ്‌ സംവിധാനമായ ഉത്പാദക കമ്പനി അഥവാ പ്രോഡ്യൂസർ കമ്പനികളുടെ നേതൃത്വത്തിലും നാളികേരോൽപന്നങ്ങളുടെ ഉത്പാദനം ക്രമമായി നടപ്പിലാക്കാവുന്നതാണ്‌. കർഷക നേതൃത്വത്തിലുള്ള ഉത്പാദക കമ്പനികളുടെ കേരോൽപന്നങ്ങൾക്ക്‌ ഒരു പൊതു വിപണന ബ്രാൻഡ്‌ കൂടി വികസിപ്പിച്ചെടുക്കുന്ന പക്ഷം കർഷകരിൽ നിന്നും നേരിട്ട്‌ ഉപഭോക്താവിലേക്കെത്തുന്ന ഈ മൂല്യവർദ്ധിത വിപണന ശൃംഖലയിലെ കണ്ണികളുടെ എണ്ണം കുറയ്ക്കുവാനും സാധിക്കുന്നു.
ചില്ലറ വിൽപനശൃംഖലകളിലൂടെ
വിപണനം
നാളികേരോൽപന്നങ്ങളുടെ വിപണി ഉറപ്പാക്കുകയും ഉത്പാദനം ക്രമീകരിക്കുകയും ചെയ്തു കഴിഞ്ഞാൽ നേരിട്ട്‌ വിപണനത്തിലേക്കിറങ്ങാവുന്ന സാഹചര്യം നിലവിൽ വന്നു കഴിഞ്ഞു. നാളികേര വികസന ബോർഡിന്റെ ആഭിമുഖ്യത്തിൽ രൂപീകരിക്കപ്പെട്ട ഉത്പാദകരുടെ കൺസോർഷ്യത്തിലെ ഉൽപന്നങ്ങൾക്ക്‌ സ്ഥിരവിപണികൾ സ്ഥാപിക്കുന്നതിനായി നിലവിലുള്ള ചില്ലറ വിൽപനശൃംഖലകളിലെ അടിസ്ഥാനസൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിനാണ്‌ ബോർഡ്‌ ലക്ഷ്യമിടുന്നത്‌. കേരളത്തിൽ സർക്കാരിന്റെ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന ചില്ലറ വിൽപന ശൃംഖലകളാണ്‌ കൺസ്യൂമർഫെഡ്‌, മാർക്കറ്റ്ഫെഡ്‌, സപ്ലൈകോ മുതലായവ. ഇവ കൂടാതെ ഇതര സഹകരണ മാർക്കറ്റിങ്ങ്‌ സംവിധാനങ്ങളും നിലവിലുണ്ട്‌. ചില്ലറ വിപണനങ്ങൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനായി വീണ്ടും മുതൽ മുടക്കുന്നതിനേക്കാൾ നല്ലത്‌ നിലവിലുള്ള സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുക എന്നതാണ്‌. ഇതു കൂടാതെ റിലയൻസ്‌, ബിഗ്‌ ബസാർ, മോർ, മാർജിൻ ഫ്രീ തുടങ്ങിയ ചില്ലറ ശൃംഖലകളുടെ വിപണികളിലൂടെയും നാളികേരോൽപന്നങ്ങളുടെ വിപണനം നടത്താവുന്നതാണ്‌. നാഫെഡിന്റെ ചില്ലറ വിപണികൾ പ്രസ്തുത ആവശ്യത്തിനായി പ്രയോജനപ്പെടുത്താവുന്നതാണ്‌.
കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെയും വാണിജ്യ മന്ത്രാലയത്തിന്റേയും കീഴിൽ പ്രവർത്തിക്കുന്ന നിരവധി കമ്മോഡിറ്റി ബോർഡുകൾ നിലവിലുണ്ട്‌. ടീ ബോർഡ്‌, സ്പൈസസ്‌ ബോർഡ്‌, കോഫി ബോർഡ്‌, നാളികേര വികസന ബോർഡ്‌ എന്നിവർ ഏകോപിച്ചുകൊണ്ട്‌ ചില്ലറ ശൃംഖലകൾ സ്ഥാപിച്ച്‌ അതിലൂടെ ഉത്പാദകരുടെ മൂല്യവർദ്ധിത ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നതിനുള്ള അവസരം ഒരുക്കികൊടുത്താൽ ഗുണമേന്മയുള്ള മൂല്യവർദ്ധിത യുൽപന്നങ്ങൾ വിശ്വാസത്തോടു കൂടി വാങ്ങുന്നതിന്‌ ഉപഭോക്താക്കൾക്ക്‌ പ്രേരണയാകും.
വിവര സാങ്കേതിക വിദ്യയുടെ
പ്രയോജനപ്പെടുത്തൽ

ഉത്പാദക യൂണിറ്റുകളുടെ കൺസോർഷ്യം രൂപീകരിക്കുന്നതിലൂടെ ഉൽപന്നത്തിന്റെ സപ്ലൈ വ്യക്തമായി ക്രമീകരിക്കാനാകുന്നു. ഈ സാഹചര്യത്തിൽ വിവരസാങ്കേതിക വിദ്യാരംഗത്തെ വികാസങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി കമ്പ്യൂട്ടറിന്റെ ഒരു ബട്ടൺ ക്ലിക്ക്‌ ചെയ്യുന്നതിലൂടെ വിപണനം നടത്താവുന്ന പ്രക്രിയയിലേക്ക്‌ നീങ്ങാനാണ്‌ ബോർഡ്‌ ലക്ഷ്യമിടുന്നത്‌. ഉദാഹരണത്തിന്‌ കോക്കനട്ട്‌ ചിപ്സ്‌ എന്ന ഉൽപന്നത്തിന്റെ ഉത്പാദക കൺസോർഷ്യം രൂപീകരിച്ച്‌ ഇന്റർനെറ്റിലൂടെ ഇ-പോർട്ടലുകൾ വഴി ഉൽപന്നത്തിന്റെ ലഭ്യതയെ സംബന്ധിച്ച്‌ വിവരങ്ങൾ നൽകുകയും ചെയ്യുന്നതിലൂടെ ആവശ്യക്കാർക്ക്‌  ഉൽപന്നങ്ങൾ നേരിട്ട്‌ നെറ്റിലൂടെ തന്നെ ഓർഡർ ചെയ്തു വാങ്ങാൻ സാധിക്കും. മാത്രമല്ല ഉൽപന്നലഭ്യതയെക്കുറിച്ചുള്ള അറിവുകൾ നെറ്റിലൂടെ കൊടുക്കുന്നതു വഴി കൂടുതൽ മേഖലകളിലേക്ക്‌ ഇവയെക്കുറിച്ചുള്ള അറിവുകൾ ചെന്നെത്തുകയും ഉൽപന്നങ്ങൾക്ക്‌ കൂടുതൽ പ്രചാരം ലഭിക്കുകകയും ചെയ്യുന്നു.
നാളികേരോൽപന്നങ്ങളുടെ പ്രചരണത്തിനായി ആസൂത്രിത പ്രചാരണ
പദ്ധതികൾ

അസംഖ്യം ഉൽപന്നങ്ങളുടെയും ഉപോൽപന്നങ്ങളുടയും ഉത്പാദനത്തിനനുയോജ്യമായ നാളികേരത്തിന്റെ ആരോഗ്യപരമായ ഗുണങ്ങളുടെ പ്രചരണം അത്യന്താപേക്ഷിതമാണ്‌. നാളികേരത്തിൽ നിന്നുള്ള ഉൽപന്നങ്ങൾക്കെല്ലാം അനവധി ഗുണഗണങ്ങളുണ്ട്‌. പാരമ്പര്യമായി നമുക്കുണ്ടായിരുന്ന ഈ അറിവുകൾ അന്യം നിന്നു പോവുകയാണ്‌. അതിനോടൊപ്പം നാളികേരത്തിനെതിരെയുണ്ടായ ആസൂത്രിത പ്രചാരവും നാളികേരത്തിന്റെ ഉൽപന്നങ്ങൾക്ക്‌ ക്ഷതമേൽപ്പിച്ചിട്ടുണ്ട്‌. ആസൂത്രിതമായി നഗരങ്ങളിൽ നാളികേരോൽപന്നങ്ങളുടെ വിപണനം ലക്ഷ്യമിടുമ്പോൾ അതോടൊപ്പം തന്നെ നാളികേരോൽപന്നങ്ങളുടെ സവിശേഷതകൾക്ക്‌ ആസൂത്രിതമായി പ്രചാരം കൊടുക്കേണ്ടതുണ്ട്‌. നാളികേരത്തിൽ നിന്നുള്ള വെർജിൻ വെളിച്ചെണ്ണ തലച്ചോറിനെ ബാധിക്കുന്ന അൽഷിമേഴ്സ്‌, ഡിമൻഷ്യ, ഓട്ടിസം എന്നിവയക്കും ദന്തക്ഷയത്തിനുമെല്ലാം പരിഹാരമാകുന്നു എന്ന ശാസ്ത്ര തത്വം ആസൂത്രിതമായി പ്രചരിപ്പിച്ചാൽ മാത്രമേ ഉപഭോക്താക്കളിലേക്ക്‌ ശരിയായ അർത്ഥത്തിലെത്തൂ.
'മുറ്റത്തെ മുല്ലയ്ക്ക്‌ മണമില്ല' എന്ന പഴഞ്ചൊല്ലിനെ അന്വർത്ഥമാക്കുന്ന തരത്തിലാണ്‌ മലയാളികളുടെ പെരുമാറ്റം. നാളികേര കൃഷി നിലവിലില്ലാത്ത അമേരിക്കയിലും യൂറോപ്പിലും ഇളനീരിന്റെ ഡിമാന്റ്‌ കൂടുമ്പോൾ ഇളനീർ സുലഭമായി ലഭിക്കുന്ന നാം മറ്റു ശീതളപാനീയങ്ങളുടെയും ഇറക്കുമതി ചെയ്ത പായ്ക്കറ്റ്‌ പഴച്ചാറുകളുടെയും പുറകെ പോകുന്നു. മദ്ധ്യാഹ്ന സമയത്ത്‌ ഊണിനുപകരം 300 ഗ്രാം പയർ മുളപ്പിച്ചതും ഒരു ഇളനീരും കഴിച്ചാൽ മറ്റേതൊരു ആഹാരത്തിനെക്കാളും പോഷകസമൃദ്ധമാണ്‌. ആരോഗ്യത്തെക്കുറിച്ച്‌ അതിബോധവാന്മാരായി മാറുന്ന മലയാളിക്ക്‌ മുന്നിൽ ഇത്തരം പ്രചാരണതന്ത്രങ്ങളാണ്‌ വേണ്ടത്‌.
നാളികേരോൽപന്നങ്ങളുടെ പ്രചാരണ പരിപാടികൾ പലതരത്തിലാകാം. ഇത്‌ പ്രധാനമായും ലക്ഷ്യമിടുന്ന ഉപഭോക്താവിനെ ആശ്രയിച്ചിരിക്കും. ഉൽപന്നത്തിന്റെ പോഷകഗുണങ്ങൾ കേന്ദ്രീകരിച്ച്‌, ഉൽപന്നം പ്രകൃത്യാ ലഭിക്കുന്നതാണ്‌ എന്ന വസ്തുത ഉപയോഗിച്ച്‌, ഉൽപന്നം ഒരു രോഗസംഹാരിയാകുന്ന പ്രത്യേകതകൾ സംബന്ധിച്ച്‌, ഉൽപന്നം രാസവസ്തുക്കൾ കലരാത്തത്താണ്‌ എന്ന പ്രത്യേകത ഉപയോഗിച്ച്‌, എന്നിങ്ങനെ വിവധ തരത്തിൽ പ്രചാരണ പരിപാടികൾ നടത്താവുന്നതാണ്‌.
നമ്മുടെ രാജ്യത്തുടനീളമുള്ള, ജനസംഖ്യ ഒരു ലക്ഷമെങ്കിലുമുള്ള നഗരങ്ങളിലും പട്ടണങ്ങളിലും ചില്ലറ വിൽപന ശാലകളിലൂടെ നാളികേരോൽപന്നങ്ങൾ ഉപഭോക്താക്കളിലേക്ക്‌ എത്തിക്കുക എന്ന ബൃഹദ്ലക്ഷ്യം താഴെ പറയുന്ന ഘട്ടങ്ങളിലായി സാധൂകരിക്കാനാണ്‌ ബോർഡ്‌ പരിശ്രമിക്കുന്നത്‌.
പന്ത്രണ്ടാം പഞ്ചവത്സര
പദ്ധതിയിലെ ലക്ഷ്യം

നഗരികൾ    പൂർത്തീകരണ
    സമയം
4 മില്ല്യണിലധികം ജനസംഖ്യയുള്ള
9 മഹാനഗരികൾ    2012-13
1 മില്ല്യണിലധികം ജനസംഖ്യയുള്ള
മഹാനഗരികൾ    2013-14
ബാക്കിയുള്ള ജനറം     2014-15
നഗരികൾ
1 ലക്ഷത്തിലധികം
ജനസംഖ്യയുള്ള
പട്ടണങ്ങളുടെ 50 ശതമാനം    2015-16
1 ലക്ഷത്തിലധികം
ജനസംഖ്യയുള്ള ബാക്കി 50
ശതമാനം പട്ടണങ്ങൾ    2016-17
നാളികേര കൃഷി രംഗത്ത്‌ നമ്മുടെ രാജ്യത്തെ വിസ്തൃതിയിലും ഉത്പാദനത്തിലും ഉത്പാദനക്ഷമതയിലും ലോകത്തിലെ ഒന്നാം രാജ്യമാക്കാനുള്ള നാളികേര വികസന ബോർഡിന്റെ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലെ ഒരു പ്രധാന ചവിട്ടുപടിയാണ്‌ ഈ നൂതന വിപണന തന്ത്രാവിഷ്ക്കാരത്തിലൂടെ ബോർഡ്‌ ഉദ്ദേശിക്കുന്നത്‌. നാളികേരത്തിന്റെ മൂല്യവർദ്ധന മേഖലയിൽ കൂടുതൽ സംരംഭകരെ സൃഷ്ടിച്ച്‌, അവരെ ഏകോപിപ്പിച്ച്‌ ഒരു കുടക്കീഴിൽ നിരത്തി, അവരുടെ ഉൽപന്നങ്ങളെ നിലവിലുള്ള ചില്ലറ വിപണന ശൃംഖലകളിലൂടെ പാരമ്പര്യേതര മേഖലകളിലുള്ള ഉപഭോക്താക്കളുടെ മുന്നിൽ അവതരിപ്പിച്ച്‌ മെച്ചപ്പെട്ട വിപണി സ്ഥാപിക്കുക, അതിലൂടെ കർഷകർക്ക്‌ സ്ഥായിയായ വരുമാനം ഉറപ്പാക്കുക എന്ന ബൃഹദ്ലക്ഷ്യമാണ്‌ ഈ പദ്ധതിയിലുള്ളത്‌.
മാർക്കറ്റിംഗ്‌ ആഫീസർ,

നാളികേര വികസന ബോർഡ്‌, കൊച്ചി-11

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...