24 Jan 2013

കരിക്ക്‌ വിപണനം - കർഷകർക്ക്‌ മെച്ചപ്പെട്ട സ്ഥിരവരുമാനം



ആർ. ജ്ഞാനദേവൻ

വിലത്തകർച്ചയാൽ നട്ടം തിരിയുന്ന നമ്മുടെ നാട്ടിലെ നാളികേരകൃഷി ലാഭകരമാക്കുവാനുള്ള ഒരു പ്രധാനമാർഗ്ഗം കരിക്ക്‌ വിളവെടുപ്പും കരിക്ക്‌ വിപണനം പ്രോത്സാഹിപ്പിക്കുകയുമാണ്‌. നാളികേര വില വളരെ താഴ്‌ന്നുപോയ പല അവസരങ്ങളിലും കരിക്ക്‌ വിൽപനയിലൂടെ പല കർഷകരും രക്ഷപെട്ടിട്ടുണ്ട്‌. തൃശൂർ ജില്ലയിലെ എങ്ങണ്ടിയൂരിലെ കേരകേസരി അവാർഡ്‌ ജേതാവായ ശ്രീ. പവിത്രൻ 2001-02 ലെ വിലത്തകർച്ച സമയത്ത്‌ പറഞ്ഞത്‌ ഇപ്പോഴുമോർക്കുന്നു, "കരിക്ക്‌ വിൽപന രക്ഷിച്ചു, സാറെ". നാളികേരമൊന്നിന്‌ 2-2.50 രൂപയായി കുറഞ്ഞ 2001-02  കാലയളവിൽ കരിക്ക്‌ വിൽപനയിലൂടെ 5-6 രൂപ കരസ്ഥമാക്കി അദ്ദേഹം. ഇന്നത്തെ മാറിയ ചുറ്റുപാടിൽ പഴയതുപോലെ തേങ്ങയേയും കൊപ്രയേയും മാത്രം ആശ്രയിച്ച്‌ തെങ്ങുകൃഷി ലാഭകരമായി കൊണ്ടുപോകാൻ പ്രയാസമാണ്‌. തെങ്ങിനെ ഒരു  പാനീയ വിളയായിക്കൂടി കണ്ട്‌ വ്യാപകമായി ഇതിന്റെ വിളവെടുപ്പും വിപണനവും മറ്റ്‌ സംസ്ഥാനങ്ങളിലേതുപോലെ ഇവിടേയും പ്രചാരത്തിൽ വരേണ്ടിയിരിക്കുന്നു. ഇളനീർ വിപണിയിൽ വികസനം വരേണ്ടത്‌ കേരകർഷകന്റെ ആവശ്യമാണ്‌. ഏത്രമാത്രം നാളികേരം ഇളനീരായി വിറ്റഴിക്കാൻ കഴിയുന്നുവേന്നതനുസരിച്ച്‌ കൊപ്ര ഉത്പാദനം കുറയുന്നു. ഇത്‌ നാളികേര വില ഉയരുന്നതിന്‌ പരോക്ഷമായി സഹായിക്കുന്നു. നാളികേരവിലയിലെ ഏറ്റക്കുറച്ചിലുകൾ കരിക്ക്‌ വിപണിയെ ബാധിക്കില്ല എന്നതാണ്‌ ശ്രദ്ധിക്കേണ്ട കാര്യം. ഇന്ന്‌ കരിക്കിന്‌ ചില്ലറ വില 20 രൂപയാണ്‌, എന്നാൽ നല്ല വലിപ്പമുള്ള തേങ്ങയുടെ ചില്ലറ വില 10-12 രൂപയാണ്‌. അതായത്‌ നമ്മുടെ പരമ്പരാഗത വിപണനരീതി തുടർന്നാൽ ഇന്നത്തെക്കാലത്ത്‌ തെങ്ങുകൃഷി ലാഭകരമായി നടത്തുവാൻ കഴിഞ്ഞുവേന്ന്‌ വരില്ല.
കേരളത്തിലെ ശീതളപാനീയ വിപണിയിൽ അർഹിക്കുന്ന പങ്ക്‌ പിടിച്ചുപറ്റാൻ ഇളനീർ എന്ന ഈ വിശിഷ്ട പാനീയത്തിന്‌ കഴിഞ്ഞില്ല എന്നതാണ്‌ സത്യം. ശീതള പാനീയ വിപണി ഏറ്റവും സജീവമാകുന്നത്‌ ഡിസംബർ മുതൽ മെയ്‌ വരേയുള്ള വേനൽക്കാലമാസങ്ങളിലാണ്‌. കൂടാതെ കേരളത്തിലെ അനേകം വിനോദസഞ്ചാര കേന്ദ്രങ്ങൾ, മ്യൂസിയങ്ങൾ, മൃഗശാലകൾ, പള്ളികൾ എന്നിവയുടെ സമീപപ്രദേശങ്ങളിൽ ശീതളപാനീയ വിപണി ഏതാണ്ട്‌ വർഷം മുഴുവൻ സജീവമാണ്‌. ശീതളപാനീയം കുടിക്കുന്നതിൽ നമ്മുടെ സ്കൂൾ - കോളേജ്‌ വിദ്യാർത്ഥികൾ ഏറെ മുന്നിലാണ്‌. ബസ്സ്റ്റാന്റുകൾ റെയിൽവേസ്റ്റേഷനുകൾ, മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങൾ എന്നിവിടങ്ങളിലൊക്കെ ആധിപത്യം പുലർത്തുന്നത്‌ ശീതളപാനീയ കച്ചവടക്കാരാണ്‌. വമ്പന്മാരായ ശീതള പാനീയ കമ്പനിക്കാർ കൈയ്യടക്കിയിരിക്കുന്ന ഈ വിപണിയിൽ അർഹിക്കുന്ന പങ്ക്‌ പിടിച്ചുപറ്റാൻ ഇളനീരെന്ന ഈ വിശിഷ്ട പാനീയത്തിന്‌ കഴിഞ്ഞിട്ടില്ല.
വളരെവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു ഉപഭോഗവിപണിയായിട്ടാണ്‌ കേരളത്തെ പൊതുവേ കാണുന്നത്‌. വിപണി വിസ്തൃതി, വളർച്ചാ നിരക്ക്‌ എന്നീ രംഗങ്ങളിൽ അന്താരാഷ്ട്ര കമ്പനികൾ നടത്തിയ പഠനങ്ങൾ ഇത്‌ ശരിവെയ്ക്കുന്നു. അതുകൊണ്ടുതന്നെയാണ്‌ ഇത്തരം കമ്പനികൾ തങ്ങളുടെ ഉൽപന്നങ്ങൾ വിറ്റഴിക്കാൻ ശ്രമിക്കുന്നതും. ഇന്ന്‌ നമ്മുടെ നാട്ടിൽ ലഭ്യമാകുന്ന അന്താരാഷ്ട്ര കമ്പനികളുടെ വിവിധയിനം ശീതളപാനീയങ്ങളുടെ ലഭ്യതയും വിൽപ്പനയും ശ്രദ്ധിച്ചാൽ ഇത്‌ മനസ്സിലാകും. ആകർഷകമായ പരസ്യങ്ങളുടെ പിൻബലത്തിൽ വിറ്റഴിക്കപ്പെടുന്ന പാനീയങ്ങളുടെ വിപണിയിലെ സാദ്ധ്യത വളരെ കാര്യക്ഷമമായി ഉപയോഗപ്പെടുത്താൻ കരിക്ക്‌ വിതരണം വിപുലീകരിക്കേണ്ടിയിരിക്കുന്നു. ഈ സന്ദർഭം തൊഴിൽ രഹിതർക്ക്‌ നിസ്സംശയം കടന്ന്‌ വരാവുന്ന ഒരു മേഖയാണ്‌. ഇളനീർ പന്തൽ എന്ന രീതിയിലോ വഴിയോരങ്ങളിലെ ശീതളപാനീയക്കടകൾ എന്ന രീതിയിലോ, ഐസ്ക്രീം പാർലർ എന്ന പേരിലോ ഈ രംഗത്ത്‌ സാദ്ധ്യതകളുണ്ട്‌.
വഴിയോരങ്ങളിൽ ഇളനീർ പന്തലുകൾക്ക്‌ മുതൽമുടക്ക്‌ സ്വന്തം അദ്ധ്വാനവും കരിക്ക്‌ വാങ്ങാനുള്ള ചെലവും മാത്രമാണ്‌. 7 - 8 രൂപയ്ക്ക്‌ കരിക്ക്‌ വാങ്ങി 20 രൂപയ്ക്ക്‌ വിൽക്കുകയാണെങ്കിൽ കുറഞ്ഞത്‌ ദിവസം 50 കരിക്ക്‌ വിറ്റാൽ350 രൂപ ആദായം കിട്ടുമെന്നാണ്‌ ചേർത്തല നാഷണൽ ഹൈവേയിൽ കരിക്ക്‌ വിൽക്കുന്ന ഒരു കച്ചവടക്കാരിയുടെ അഭിപ്രായം. കർഷകരിൽ നിന്ന്‌ 7 രൂപയ്ക്ക്‌ കരിക്ക്‌ വാങ്ങി 20 രൂപയ്ക്ക്‌ വിൽക്കുമ്പോൾ കച്ചവടക്കാരന്‌ ലഭിക്കുന്നത്‌ 7 രൂപ മാത്രം ബാക്കി 6 രൂപ, കയറ്റുകൂലിയിനത്തിൽ കരിക്കൊന്നിന്‌ 3 രൂപയും പെട്ടിയോട്ടോയിൽ കയറ്റി വഴിയൊരത്ത്‌ കൊണ്ടുവരുന്നതിന്‌ കരിക്കൊന്നിന്‌ 3 രൂപയും ചെലവാകുന്നു. കൂടാതെ വിൽപനയ്ക്കായി കൊണ്ടുവരുന്ന കരിക്കിന്റെ ഏകദേശം 3 ശതമാനത്തോളം വിൽക്കാതെ കേടായിപ്പോകുന്നു. ഇതെല്ലാം കൂടി കണക്കിലെടുക്കുമ്പോൾ ഒരു കരിക്ക്‌ വിൽക്കുമ്പോൾ 7 രൂപ മാത്രമേ ലാഭം കിട്ടുന്നുള്ളു എന്നാണ്‌ ഈ കച്ചവടക്കാരിയുടെ അഭിപ്രായം.
ഇളനീർ വിളവെടുപ്പിൽ താൽപര്യം കുറയാനുള്ള ഒരു പ്രധാന കാരണം കരിക്കിൻ കുലകൾ വെട്ടി ഇറക്കാനുള്ള പ്രയാസമാണ്‌. തെങ്ങിൽ കയറി ഇടുന്നതിനേക്കാൾ അൽപം കൂടുതൽ ശ്രദ്ധയും ബുദ്ധിമുട്ടും ആവശ്യമായ പ്രവൃത്തിയാണിത്‌. കരിക്ക്‌ വെട്ടി എവിടെയും തട്ടി ക്ഷതമേൽക്കാതെ വിപണന സ്ഥലത്ത്‌ എത്തിച്ചെങ്കിൽ മാത്രമേ അത്‌ കേടുവരാതെ എത്രയും പെട്ടെന്ന്‌ വിറ്റഴിക്കാൻ സാധിക്കൂ. 3-4 ദിവസങ്ങൾ കഴിയുമ്പോൾ വെള്ളത്തിന്റെ സ്വാഭാവിക രുചി നഷ്ടപ്പെടുന്നതിനാൽ കൂടുതൽ സമയം സൂക്ഷിക്കാനും കഴിയില്ല.
ഓരോ പ്രദേശത്തേയും കേര കർഷകർ സംഘടിച്ച്‌ ഇളനീർ സംഭരിച്ച്‌ തൊട്ടടുത്ത നഗരപ്രദേശങ്ങളിൽ കൂട്ടായി വിൽപന നടത്താൻ ശ്രദ്ധിക്കണം. നാളികേര വികസന ബോർഡ്‌ രൂപീകരിച്ചുകൊണ്ടിരിക്കുന്ന നാളികേര ഉത്പാദക സംഘങ്ങൾക്കും ഇപ്രകാരമുള്ള കരിക്ക്‌ വിതരണ വിപണന സംരംഭങ്ങൾ വിജയകരമായി തുടങ്ങാവുന്നതാണ്‌. പല സംഘങ്ങളും ഇതിനകം തന്നെ ഇത്തര സംരംഭങ്ങൾ തുടങ്ങാൻ മുന്നോട്ട്‌ വരുന്നുണ്ട്‌. കൂടാതെ, കൂട്ടായ കരിക്ക്‌ വിപണന സംരംഭങ്ങൾ കരിക്ക്‌ കൂടുതൽ വിളവെടുക്കാൻ താൽപര്യമുള്ള കർഷകരുള്ള പ്രദേശങ്ങളിൽ കർഷക പങ്കാളിത്തത്തോടെ തുടങ്ങാവുന്നതാണ്‌. ഇത്‌ കരിക്കിന്‌ ആവശ്യമായ വില കച്ചവടക്കാരുമായി വിലപേശി വാങ്ങാൻ സഹായിക്കുന്നു. കൂട്ടായ വിപണനം നടത്തുമ്പോൾ വണ്ടിക്കൂലിക്കും, വിളവെടുപ്പിനും വേണ്ടി വരുന്ന ചിലവ്‌ കുറയ്ക്കുവാനും കഴിയുന്നു. കൂടാതെ നാളികേര വികസന ബോർഡ്‌ നടത്തിവരുന്ന 'ചങ്ങാതിക്കൂട്ടം' തെങ്ങുകയറ്റ പരിശീലന പരിപാടി വിജയകരമായി പൂർത്തിയാക്കിയ തൊഴിൽ രഹിതരായ യുവാക്കൾക്ക്‌ കരിക്ക്‌ വിളവെടുപ്പിനും, വിപണനത്തിനും കർഷകരെ സഹായിക്കാൻ കഴിയും.
പ്രതിവിധിയും പരിഹാരമാർഗ്ഗങ്ങളും
കരിക്കിന്റെ വിപണന സാധ്യത വളരെയേറെയാണെങ്കിലും കരിക്കിന്‌ പറ്റിയ തെങ്ങിനങ്ങൾ വച്ചുപിടിപ്പിക്കാവുന്ന സ്വഭാവം കേരളീയർക്കുണ്ടായില്ല. അവിടെയും ഇവിടെയുമായി ചിന്നിച്ചിതറി കിടക്കുന്ന കുറച്ച്‌ കുറിയയിനം തെങ്ങുകൾ മാത്രമാണ്‌ നമുക്കുള്ളത്‌. അതേ സമയം നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിലെ പൊള്ളാച്ചി, കോയമ്പത്തൂർ എന്നിവിടങ്ങളിൽ കരിക്കിന്‌ പറ്റിയ തെങ്ങിനങ്ങൾ തോട്ടമടിസ്ഥാനത്തിൽ തന്നെയുണ്ട്‌. കരിക്കിന്റെ വിപണന സാധ്യത മുൻകൂട്ടി അറിഞ്ഞതുകൊണ്ട്‌ കരിക്ക്‌ വ്യവസായം അവിടെ വളരെയധികം വളർന്നു കഴിഞ്ഞു.
നമ്മുടെ സംസ്ഥാനത്ത്‌ ഭാവിയിലെങ്കിലും അടിത്തൈ വയ്ക്കുന്നതിനും തെങ്ങു പുനരുദ്ധാരണ പദ്ധതിയിൽ പുനർ നടീനീലുപയോഗിക്കുന്നതും കുറിയയിനങ്ങളും സങ്കരയിനങ്ങളും പരമാവധി ഉഫയോഗിക്കാൻ ശ്രദ്ധിക്കണം. ബോർഡിന്റെ മേൽനോട്ടത്തിൽ ഇന്ന്‌ രൂപം കൊടുത്തുകൊണ്ടിരിക്കുന്ന സിപിഎസുകളും ഫെഡറേഷനുകളും ഇത്തരം തെങ്ങിൻതൈ ഉത്പാദനത്തിലേക്ക്‌ തിരിയണം. അങ്ങനെയെങ്കിൽ ഭാവിയിൽ ആവശ്യാനുസരണം കരിക്ക്‌ സുലഭമാക്കുകയും കരിക്ക്‌ വ്യവസായം വളരുകയും കർഷകർക്ക്‌ മെച്ചപ്പെട്ട വരുമാനം ലഭ്യമാകുകയും ചെയ്യും.
കരിക്കിന്റെ ലഭ്യത ഉറപ്പ്‌ വരുത്തിയാൽ കരിക്കിൻവെള്ളം പായ്ക്ക്‌ ചെയ്യുന്ന യൂണിറ്റുകൾ തുടങ്ങുകയും ഇതിനെ വ്യാവസായിക അടിസ്ഥാനത്തിൽ വളർത്തിക്കൊണ്ടുവരികയും ചെയ്യാം.
ഇന്നത്തെ കാലത്ത്‌ ഏതൊരു കൃഷിയും ലാഭകരമാകണമെങ്കിൽ ഉൽപന്നം ഏത്‌ സമയത്ത്‌, ഏത്‌ രൂപത്തിൽ വിളവെടുത്താലാണ്‌ കൂടുതൽ വരുമാനം കിട്ടുക എന്നതറിഞ്ഞ്‌ വേണം വിളവെടുക്കാൻ. 8 ലക്ഷം ഹെക്ടറോളം വരുന്ന നമ്മുടെ നാട്ടിലെ തെങ്ങുകൃഷി ആദായകരമാകണമെങ്കിൽ തെങ്ങിനെ ഒരു പാനീയ വിളയാണെന്നുകൂടി തിരിച്ചറിഞ്ഞ്‌ കരിക്കിന്റെ വിളവെടുപ്പും വിപണനവും  പ്രോത്സാഹിപ്പിക്കണം. ഇതിന്റെ ലാഭം കേര കർഷകർക്ക്‌ മാത്രമല്ല മനുഷ്യസമൂഹത്തിന്‌ ഒട്ടാകെയാണ്‌.
അസിസ്റ്റന്റ്‌ ഡയറക്ടർ (ഡെപ്യൂട്ടേഷൻ), നാളികേര വികസന ബോർഡ്‌, കൊച്ചി-11

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...