24 Jan 2013

ഡീജെ ഫാം - സങ്കരയിനം തൈകളുടെ സ്വകാര്യ മേഖലയിലെ സ്രോതസ്സ്‌ ഒരു അനുകരണീയ മാതൃക


ബീന എസ്‌.

സങ്കരതെങ്ങിന്റെ ഉത്പത്തി നമ്മുടെ നാടിന്‌ സ്വന്തം. 1932ൽ പ്രമുഖ കേരശാസ്ത്രജ്ഞൻ ഡോ. ജെ. എസ്‌. പട്ടേൽ കൃത്രിമസങ്കരണം വഴി സങ്കരയിനം തെങ്ങുകൾക്ക്‌ ജന്മം നൽകിക്കൊണ്ട്‌ കേരചരിത്രത്തിൽ ഭാരതത്തിന്റെ നാമം സുവർണ്ണലിപികളിൽ എഴുതിച്ചേർത്തു. അദ്ദേഹം നട്ടുപിടിപ്പിച്ച സങ്കര കേരവൃക്ഷങ്ങൾ നീലേശ്വരത്തെ തോട്ടത്തിൽ ഓലപ്പീലിവിരിച്ചാടുന്നു, പക്ഷേ; പിന്നീടങ്ങോട്ട്‌ കേന്ദ്രതോട്ടവിളഗവേഷണ സ്ഥാപനവും കേരളകാർഷിക സർവ്വകലാശാലയടക്കം വിവിധ നാളികേരോത്പാദക സംസ്ഥാനങ്ങളിലെ കാർഷിക സർവ്വകലാശാലകളും ഉയർന്ന ഗുണമേന്മയുള്ള സങ്കര തെങ്ങിനങ്ങൾ പുറത്തിറക്കുന്നുണ്ടെങ്കിലും സ്വകാര്യമേഖലയിൽ ശ്രദ്ധേയമായ ചുവടുവെയ്പ്‌ നടത്തിയത്‌ ശ്രീ. ഡേവിഡ്‌ ലോബോയാണ്‌.
പ്രമുഖ ബ്രീഡറായിരുന്ന പ്രോ. ആന്റണി ഡേവിസിന്റെ വാക്കുകളിൽ നിന്ന്‌ പ്രചോദനം ഉൾക്കൊണ്ടാണ്‌  പൗൾട്രി ഫാമിംഗിൽ ഏർപ്പെട്ടിരുന്ന ശ്രീ. ഡേവിഡ്‌ ലോബോ സങ്കരതെങ്ങിനങ്ങൾ ഉത്പാദിപ്പിക്കുന്നതിന്‌ ഇറങ്ങിത്തിരിച്ചതു. ഇന്തോനേഷ്യയിലും മലേഷ്യയിലുമെല്ലാം ഭക്ഷ്യകാർഷിക സംഘടനയുടെ സഹായത്തോടെ സങ്കര തെങ്ങിനങ്ങൾ ഉത്പാദിപ്പിക്കുന്ന വൻ തോട്ടങ്ങൾ തുടങ്ങുന്നതിന്‌ സാരഥ്യം വഹിച്ചിരുന്ന ഐക്യരാഷ്ട്ര സംഘടനയുടെ കേരവിദഗ്ദ്ധൻ ആയിരുന്നു പ്രോ. ഡേവിസ്‌. "താൻ പറയുന്നതനുസരിച്ച്‌ സങ്കരതെങ്ങുകൾ ഉത്പാദിപ്പിച്ചാൽ നിങ്ങൾക്ക്‌ ഈ രംഗത്ത്‌ മികച്ച സംഭാവനകൾ നൽകാൻ സാധിക്കും" എന്നായിരുന്നു പ്രോ. ഡേവിസിന്റെ വാക്കുകൾ എന്ന്‌ ശ്രീ. ഡേവിഡ്‌ ലോബോ അനുസ്മരിക്കുന്നു.
അതനുസരിച്ച്‌ 1983ൽ തമിഴ്‌നാട്ടിൽ മധുരയ്ക്കടുത്ത്‌ 80 ഹെക്ടറിൽ തോട്ടത്തിന്‌ സ്ഥലം കണ്ടെത്തി.  അവിടെയായിരുന്നു ഡീജെ ഫാമിന്റെ തുടക്കം. പിന്നിടങ്ങോട്ട്‌ മികച്ച മാതൃ-പിതൃവൃക്ഷങ്ങൾ കണ്ടെത്താനുള്ള ശ്രമമായിരുന്നു. പ്രോ. ഡേവിസ്‌ നിർദ്ദേശിച്ച തോട്ടങ്ങളിൽ നിന്നാണ്‌ വിത്തുതേങ്ങകൾ ശേഖരിച്ചതു. കർശന മാനദണ്ഡങ്ങളാണ്‌ വിത്തുതേങ്ങകൾ ശേഖരിക്കാനായി അവലംബിച്ചതെന്ന്‌ ശ്രീ. ലോബോ ഓർക്കുന്നു. "മൂന്ന്‌ വർഷം വേണ്ടിവന്നു വിത്തുതേങ്ങകൾ ശേഖരിക്കാൻ. അഞ്ച്‌ വർഷംകൊണ്ടാണ്‌ ആവശ്യമുള്ളത്ര നടീൽ വസ്തുക്കൾ ലഭിച്ചതു".
തെങ്ങിൻ തൈ നടുന്നതിനുള്ള രൂപരേഖ ചമച്ചതു പ്രോ. ഡേവിസായിരുന്നു. "ഞങ്ങൾ വിശ്വസ്തത്തയോടെ അത്‌ പൈന്തുടരാൻ ശ്രമിച്ചു. അദ്ദേഹം പറഞ്ഞതനുസരിച്ചു. ഇന്ന്‌ ഞങ്ങളുടെ കൈവശം മികച്ച സങ്കരയിനം തെങ്ങുണ്ട്‌. രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്ന്‌ വിത്തുതേങ്ങകൾ ശേഖരിച്ച,​‍്‌ അവയുടെ വർഗ്ഗഗുണങ്ങൾ രേഖപ്പെടുത്തി, അവയെ പല ഗ്രൂപ്പുകളായിത്തിരിച്ചു. പിതൃ വൃക്ഷങ്ങളും മാതൃവൃക്ഷങ്ങളുമായി തരംതിരിച്ചവയിൽ വർഗ്ഗ സങ്കരണം നടത്തിയാണ്‌ സങ്കരയിനം തെങ്ങുകൾ ഞങ്ങൾ ഉരുത്തിരിച്ചെടുത്തത്‌".
പ്രോ. ഡേവിസിന്റെ നിർദ്ദേശമനുസരിച്ച്‌ വംശപാരമ്പര്യമുള്ള, നിറത്തിൽ സവിശേഷത പുലർത്തുന്ന കുറിയ ഇനത്തിൽപ്പെട്ട രണ്ടിനം തെങ്ങുകളെയാണ്‌ മാതൃവൃക്ഷമായി തെരഞ്ഞെടുത്തത്‌. ആൻഡമാൻ നെടിയത്‌, തിപ്തൂർ നെടിയത്‌, നാഗർകോവിൽ നെടിയത്‌, പശ്ചിമതീര നെടിയത്‌ എന്നീ തെരഞ്ഞെടുക്കപ്പെട്ട തെങ്ങിനങ്ങളിലെ വിത്തുതേങ്ങകൾ പിതൃ വൃക്ഷങ്ങൾക്കായി നട്ടുപിടിപ്പിച്ചു. ഗുണമേന്മയെ മുൻനിർത്തി കർശന മാനദണ്ഡങ്ങൾ അനുസരിച്ച്‌ തെരഞ്ഞെടുത്ത ഏറ്റവും നല്ല കുറിയയിനം മാതൃവൃക്ഷങ്ങളും നെടിയയിനം പിതൃവൃക്ഷങ്ങളും മാത്രമാണ്‌ ബ്രീഡിംഗ്‌ തോട്ടത്തിൽ നിലനിർത്തിയിട്ടുള്ളതെന്ന്‌ ശ്രീ. ലോബോ പറഞ്ഞു.
തെരഞ്ഞെടുത്ത മാതൃ-പിതൃ വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചതു 1984ൽ ആണ്‌. അടുത്ത മൂന്ന്‌ വർഷങ്ങൾകൊണ്ട്‌ ഫാം പതിനായിരം തെങ്ങുകളുമായി 200 ഏക്കറിലേക്ക്‌ വളർന്നു. ആദ്യത്തെ സങ്കര തെങ്ങിൻ തൈ ഉത്പാദിപ്പിച്ചതു 1990ൽ ആണ്‌. ഇന്ന്‌ ഡീജെ ഫാമിൽ ഉത്പാദിപ്പിച്ച  10 ലക്ഷം സങ്കരയിനം തെങ്ങുകൾ ദക്ഷിണേന്ത്യയിലെ പല തെങ്ങിൻ തോപ്പുകളിലായി കായ്ഫലം നൽകുന്നു.
വർഷങ്ങളായുള്ള നിരന്തര നിരീക്ഷണങ്ങൾക്കൊടുവിൽ അനുപമ ഗുണമേന്മയുള്ള മാതൃവൃക്ഷം ഉരുത്തിരിച്ചെടുക്കാനായതാണ്‌ ഡി.ജെ. ഫാമിന്റെ വൻനേട്ടങ്ങൾക്ക്‌ കാരണമായി ശ്രീ. ലോബോ ചൂണ്ടിക്കാണിക്കുന്നത്‌.  ഈ മാതൃവൃക്ഷം വളരെ നേരത്തെ, അതായത്‌ 18 മാസങ്ങൾക്കുള്ളിൽ പുഷ്പിക്കാൻ തുടങ്ങും വലിപ്പം കൂടിയ തേങ്ങകളും ഉയർന്ന വിളവും ഇതിന്റെ സവിശേഷതകളാണ്‌. ഡീജേയുടെ ബ്രീഡിംഗ്‌ തോട്ടത്തിൽ ഇത്തരത്തിലുള്ള പതിനായിരത്തിലേറെ കുറിയയിനം മാതൃവൃക്ഷങ്ങളാണുള്ളത്‌.
"ഈ മാതൃവൃക്ഷങ്ങളാണ്‌ ഞങ്ങളുടെ സങ്കരതെങ്ങുകളുടെ അടിത്തറ. മറ്റിനങ്ങളെ അപേക്ഷിച്ച്‌ മൂന്നിലൊന്ന്‌ സമയത്തിനുള്ളിൽ പുഷ്പിക്കുകയും മൂന്നിരട്ടി വിളവ്‌ തരുകയും ചെയ്യുന്ന സങ്കരയിനം തെങ്ങുകളാണ്‌ ഇന്ന്‌ ഇവിടെ ഉത്പാദിപ്പിക്കുന്നത.​‍്‌"
"ഞങ്ങളുടെ മാതൃവൃക്ഷത്തിന്റെ പിതൃ- മാതൃവൃക്ഷങ്ങളെ ഞങ്ങൾക്ക നന്നായറിയാം. ഈ മാതൃവൃക്ഷത്തെ പിതൃവൃക്ഷമായും ഞങ്ങൾക്ക്‌ ഉപയോഗിക്കാം. പക്ഷേ; മാതൃവൃക്ഷമായി ഉപയോഗിക്കുമ്പോഴാണ്‌ ഏറ്റവും മെച്ചപ്പെട്ട സങ്കരതെങ്ങിന്റെ ഉത്പാദനം സാദ്ധ്യമാകുന്നത്‌".
ഡീജേ ഫാമിൽ സങ്കരണ രീതികൾക്ക്‌ സവിശേഷതകളുണ്ട്‌. ചൊട്ടവിരിയുന്നതുവരെ ഇവർ കാത്തുനിൽക്കുന്നില്ല. ചൊട്ട വിരിയുന്നതിന്‌ മുമ്പ്‌ തന്നെ തുറന്ന്‌ ആൺ പൂക്കൾ മുറിച്ച്‌ മാറ്റുകയാണ്‌ ചെയ്യുന്നത്‌. ചൊട്ട തുറക്കാൻ അനുയോജ്യമായ സമയം അനുഭവ സമ്പത്തിലൂടെ ആർജ്ജിക്കുകയാണ്‌ ചെയ്യുന്നതെന്ന്‌ ശ്രീ. ലോബോ പറയുന്നു. പ്രസ്തുത ജോലിയിൽ വിദഗ്ദ്ധരായവർക്ക്‌ അനുയോജ്യസമയം ചൊട്ടകണ്ടാലുടൻ തിരിച്ചറിയാൻ സാധിക്കുമത്രേ. കൃത്യസമയത്ത്‌ തുറക്കാതിരുന്നാൽ പരാഗം പടർന്ന്‌ തുടങ്ങുമെന്നാണ്‌ അദ്ദേഹത്തിന്റെ അഭിപ്രായം. നേരത്തെ തുറന്നാൽ തേങ്ങകൾ പാകമാകുകയുമില്ല. പരാഗങ്ങൾ ശേഖരിച്ച്‌ ലബോറട്ടറിയിൽ സൂക്ഷിക്കുകയാണ്‌ ചെയ്യുന്നത്‌.
പ്രധാനമായി മൂന്നിനം സങ്കരതെങ്ങുകളാണ്‌ ഡീജേ ഉരുത്തിരിച്ചെടുത്തിരിക്കുന്നത്
‌, സമ്പൂർണ്ണ, പുഷ്ക്കല, വിശ്വാസ്‌. ഇവയിൽ 'സമ്പൂർണ്ണ' പൊതുവേയുള്ള ഉപയോഗം ലക്ഷ്യമിട്ടാണ്‌ പുറത്തിറക്കിയത്‌. രണ്ട്‌ വർഷത്തിനുള്ളിൽ കായ്ക്കുന്ന ഈയിനത്തിൽ പ്രതിവർഷം 250 ഓളം തേങ്ങ പിടിക്കുന്നു. ഇളനീർ വിളവെടുക്കുമ്പോൾ 30 ശതമാനത്തിലധികം വിളവിൽ വർദ്ധനയുണ്ടാകുമെന്നാണ്‌ കർഷകരുടെ അനുഭവം.ഏഴ്‌ മാസം പ്രായമായ കരിക്കിൽ 500 മി. ലി. വെള്ളമുണ്ടാകും, അതും മാധുര്യമേറിയത്‌. 200 ഗ്രാമാണ്‌ കൊപ്രതൂക്കം.
'പുഷ്ക്കല' ഇളനീരിന്റെ ഉപയോഗത്തിന്‌ പ്രത്യേകമായി വികസിപ്പിച്ചെടുത്തത്താണ്‌. ഇതിൽ 600 മുതൽ 800 മി.ലി. വരെ വെള്ളമുണ്ടാകും. ഇളനീർ നേരിട്ട്‌ കുടിക്കുന്നതിനേക്കാളേറെ കരിക്കിൻവെള്ളം സംസ്ക്കരിക്കുന്ന യൂണിറ്റുകൾക്കാണ്‌ ഈയിനം ഏറെ പ്രയോജനപ്രദം.
തെങ്ങുകൃഷിക്ക്‌ അത്ര അനുകൂലമല്ലാത്ത പരിസ്ഥിതികളിൽ കൃഷി ചെയ്യുന്നതിന്‌ യോജിച്ചതാണ്‌ 'വിശ്വാസ്‌.' തേങ്ങയ്ക്ക്‌ അൽപ്പം വലിപ്പം കുറവാണെങ്കിലും നന്നായി പരിപാലിച്ചാൽ ജലസേചനം കുറഞ്ഞാലും നല്ല വിളവ്‌ നൽകുന്നു. കരിക്കിൽ 300 മി. ലി. വെള്ളവും, നല്ല കൊപ്രത്തൂക്കവുമുണ്ട്‌.
ശ്രീ. ലോബോയുടെ അഭിപ്രായത്തിൽ ടി ത ഡി ഇനങ്ങളേക്കാൾ ഡി ത ടി ഇനങ്ങളാണ്‌ കൃഷി ചെയ്യാൻ ഉത്തമം. ഡീജേ സങ്കരങ്ങളെല്ലാം തന്നെ രോഗ, കീടാക്രമണങ്ങൾക്കെതിരെ നെടിയ ഇനങ്ങളേയും കുറിയ ഇനങ്ങളേയും അപേക്ഷിച്ച്‌ മെച്ചപ്പെട്ട പ്രതിരോധക്ഷമത കാണിക്കുന്നുവേന്നാണ്‌ അദ്ദേഹം അവകാശപ്പെടുന്നത്‌.
തമിഴ്‌നാട്ടിൽ മധുരയിലും അമ്പൂരും കർണ്ണാടകയിലെ ബെയ്‌ലൂരും ഗോവയിലുമായി 450 ഏക്കറിലായി ഡീജേ ഫാം പ്രവർത്തിക്കുന്നു. ഡീജേ സങ്കരങ്ങൾക്ക്‌ നല്ല ഡിമാന്റാണുള്ളത്‌. രണ്ടു വർഷത്തേക്കു മുൻകൂട്ടിയുള്ള ബുക്കിംഗാണ്‌ നടക്കുന്നതെന്ന്‌ ശ്രീ ലോബോ പറയുന്നു. പ്രതിവർഷം അഞ്ചു ലക്ഷം തൈകളാണ്‌ ഇപ്പോൾ ഉത്പാദിപ്പിക്കുന്നത്‌.  മൂന്നു നാലു വർഷത്തിനുള്ളിൽ ഉത്പാദനം 10 ലക്ഷത്തിൽ എത്തിക്കുവാനും 6-7 വർഷത്തിനുള്ളിൽ 20 ലക്ഷമായി ഉയർത്തുവാനുമാണ്‌ അദ്ദേഹത്തിന്റെ ഉദ്ദേശ്യം. ഡിമാന്റ്‌ കൂടുതലും തമിഴ്‌നാട്ടിൽ നിന്നാണ്‌. യാതൊരു പരസ്യപ്രചാരണവുമില്ലാതെ അനുഭവസ്ഥർ പറഞ്ഞത്‌ കേട്ടറിഞ്ഞാണ്‌ തൈകളുടെ വിപണനം നടക്കുന്നത്‌.
ലാഭത്തേക്കാളേറെ കർഷക സേവനം ലക്ഷ്യമിടുന്ന ശ്രീ. ഡേവിഡ്‌ ലോബോയുടെ ഭാവി പരിപാടികളിൽ നാളികേരത്തിന്റെ മൂല്യവർദ്ധനയാണ്‌ അടുത്ത പടി. കർഷക ക്ഷേമം മുൻനിർത്തിക്കൊണ്ടു തന്നെ അവരെ മധ്യവർത്തികളുടെ കരാളഹസ്തങ്ങളിൽ നിന്ന്‌ രക്ഷിക്കാനായി നീരയിൽ നിന്ന്‌ പാം ഷുഗർ ഉത്പാദിപ്പിക്കുന്നതിനുള്ള ഒരു പദ്ധതി ഒരു വർഷത്തിനുള്ളിൽ ഗോവയിൽ ആരംഭിക്കുവാൻ അദ്ദേഹം ലക്ഷ്യമിടുന്നു. അടുത്ത രണ്ടു വർഷത്തിനുള്ളിൽ കരിക്കിൻ വെള്ളം പായ്ക്കു ചെയ്യുന്ന യൂണിറ്റ്‌ സ്ഥാപിക്കുകയെന്നതാണ്‌ ശ്രീ ലോബോയുടെ സ്വപ്ന പദ്ധതികളിൽ രണ്ടാമത്തേത്‌.
കർഷകരോട്‌ അദ്ദേഹത്തിനു പറയാനുള്ളത്‌ തന്റെ അനുഭവ സമ്പത്തിന്റെ സുഗന്ധം പുരണ്ട വാക്കുകളാണ്‌. 'ഒരു ഏക്കറിൽ നിന്ന്‌  ഒരു ലക്ഷത്തിലേറെ രൂപ  വരുമാനമുണ്ടാക്കുന്ന ചെറുകിട കർഷകരെ എനിക്ക്‌ നേരിട്ട്‌ അറിയാം. തെങ്ങുകൃഷിയാണ്‌ ഏറ്റവും മികച്ച ബിസിനസ്സ്‌.' കർഷകർക്ക്‌ ഉദ്ദേശിച്ച പ്രയോജനം ലഭിക്കുന്നതു വരെ വിൽപന പൂർണ്ണമാകുന്നില്ലായെന്ന്‌ വിശ്വസിക്കുന്ന ഡേവിഡ്‌ ലോബോ കർഷകന്‌ വിൽപനാനന്തര സേവനവും നൽകുന്നുണ്ട്‌. കർഷകരുടെ തോട്ടങ്ങൾ നേരിട്ട്‌ സന്ദർശിച്ച്‌ യഥാസമയത്തുള്ള പരിപാലന രീതികൾ മനസ്സിലാക്കികൊടുക്കുകയും കുറവുകൾ കണ്ടെത്തി പരിഹാരം  നിർദ്ദേശിക്കുകയും ചെയ്യുന്നു. തീർച്ചയായും, കേരകർഷക  സമൂഹത്തിന്‌ അക്ഷരാർത്ഥത്തിൽ സേവനം തന്നെയാണ്‌ ശ്രീ ഡേവിഡ്‌ ലോബോ ചെയ്യുന്നത്‌.സങ്കര തെങ്ങിനങ്ങളുമായി അദ്ദേഹം ജൈത്രയാത്ര തുടരട്ടെ.
മൊബെയിൽ: 9900267361,

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...