രങ്കു കെ.എച്ച്
ചൈതന്യ സെന്ററിലെ കാർഷിക പ്രദർശന മേളയിൽ പങ്കെടുക്കാൻ കോട്ടയത്ത് എത്തിയപ്പോഴാണ് കരിക്കിൻ ഷേയ്ക്കിനെക്കുറിച്ചു കേൾക്കുന്നത്. സൗദി ഷേയ്ക്കും, ഷാർജ ഷേയ്ക്കും, ചോക്കലേറ്റ് ഷേയ്ക്കും അരങ്ങു വാഴുന്ന കേരളത്തിൽ കരിക്കിൻ ഷേയ്ക്ക്, കേട്ടപ്പോൾ അത് ഒരു കൗതുകമായിരുന്നു. ആ കൗതുകം എനിക്കു മാത്രമല്ല അവിടെ വന്ന ജനങ്ങൾക്കും ഉണ്ടായതു കൊണ്ടു കരിക്കിൻ ഷേയ്ക്കിനായി അൽപം കാത്തു നിൽക്കേണ്ടി വന്നു. കാത്തു നിൽപ്പുകൾക്കൊടുവിൽ ഒരു ഗ്ലാസിൽ കരിക്കിൻ ഷേയ്ക്കുമായി സപ്ലൈർ വനിത വന്നു. ഒരു തുള്ളി പോലും ബാക്കി വെയ്ക്കാതെ മുഴുവനും അകത്താക്കിയപ്പോൾ അതു വരെ ഉണ്ടായിരുന്ന ക്ഷീണം പമ്പ കടന്നു. ഷേയ്ക്കും കുടിച്ച് കയ്യും വീശീ അൽപദൂരം മുന്നോട്ടു നടന്നപ്പോഴാണ,് മനസ്സിന്റെ പിൻവിളി. കരിക്കിൻ ഷേയ്ക്കിനെ കുറിച്ചു കൂടുതൽ അറിയണം, മനസ്സു പറഞ്ഞതിനോടു എതിർത്തു നിൽക്കുവാൻ ശരീരത്തിന് ആയില്ല. പിന്നീടുള്ള നടപ്പ് കോട്ടയം സോഷ്യൽ സർവ്വീസ് സോസൈറ്റിയുടെ സ്റ്റാളിലേക്കായിരുന്നു. വിൽക്കുന്നവരുടെയും വാങ്ങുന്നവരുടെയും ഇടയിലൂടെ തിക്കിതിരക്കി അനുവാദം വാങ്ങാതെ സ്റ്റാളിന്റെ അകത്തു കടന്നു. കരിക്കിൻ ഷേയ്ക്കിന്റെ ഉപജ്ഞാതാവ് സിബി എന്ന വിളിപ്പേരുള്ള ജോസഫിനെ പരിചയപ്പെട്ടു.
സംസാരിച്ചു തുടങ്ങി മിനിറ്റുകൾ കഴിയും മുമ്പെ ഒന്നെനിക്കു മനസിലായി ഇയാൾ തെങ്ങിനെ ഏറെ സ്നേഹിക്കുന്ന ഒരു കർഷകനാണ്. എന്റെ മനസ്സ് വായിച്ചെടുത്തതുപ്പോലെ സിബി പറഞ്ഞു. അതെ, അഞ്ചു വർഷമായി ഞാൻ തെങ്ങിൻ മേഖലയിൽ പ്രവർത്തിക്കുന്നു. ആരംഭം കരിക്കിൻ കച്ചവടത്തിൽ നിന്നായിരുന്നു, അവിടെ നിന്നാണ് നാളികേര വികസന ബോർഡിനെക്കുറിച്ചു അറിയുന്നത്, അങ്ങനെ ചങ്ങാതിക്കൂട്ടം പരിശീലനത്തിലൂടെ തെങ്ങിന്റെ ചങ്ങാതിയായി, തുടർന്നാണ് അധികം പണം മുടക്കാതെ കരിക്കിൽ നിന്ന് മൂല്യ വർധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുവാൻ തുടങ്ങിയത്. കരിക്കും നാരങ്ങയും ചേർന്ന ജ്യൂസ്, കരിക്കിൻ ഷേയ്ക്ക് ഇതെല്ലാം തന്റെ വിജയം വരിച്ച കണ്ടുപിടുത്തങ്ങളുടെ ഭാഗമാണ്. സോഫ്റ്റ് ഡ്രിങ്കുകൾക്കു പുറകെ പോകുന്ന കൗമാരങ്ങളെ രക്ഷിക്കുവാൻ കരിക്കു കൊണ്ടു മാത്രമെ സാധിക്കു, എന്നു വിശ്വസിക്കാനാണ് ഈ കടുത്തുരുത്തിക്കാരനു ഇഷ്ടം.
കരിക്കിൻ ഷേയ്ക്ക്
220 മുതൽ 280 വരെ ദിവസം പ്രായമുള്ള കരിക്കാണ് കരിക്കിൻ ഷേയ്ക്കിനു അഭികാമ്യം. കരിക്കിൻ വെള്ളവും കരിക്കിൻ കാമ്പും അൽപം കട്ടിയാക്കിയ പാലുമാണ് കരിക്കിൻ ഷേയ്ക്കിന്റെ പ്രധാന ചേരുവുകൾ. ഏലക്കായും, ചുക്കും, രണ്ടു ബദാമും രണ്ടു ഈന്തപ്പഴവും രുചക്കൂട്ടിൽ ഒഴിച്ചു കൂട്ടാനാകാത്ത ഘടകങ്ങളാണ്. ഈ ചേരുവകൾ എല്ലാം ഒരുമിച്ചിട്ടു മിക്സിയിൽ അടിച്ചെടുത്താൽ കരിക്കിൻ ഷേയ്ക്കായി. അൽപം തേനും കൂടെ ചേർത്താൽ നന്ന്, തേൻ ഇല്ലെങ്കിൽ 50 രൂപക്കു വിൽക്കാം, തേൻ ചേർത്താൽ 80 രൂപക്കും വിൽക്കാം.
കരിക്കിൻ ഷേയ്ക്കിന്റെ സാധ്യതകളെക്കുറിച്ചു സംസാരിക്കുകയാണ് സിബി. ഒരു കരിക്കിൽ നിന്ന് ഒരു ഷേയ്ക്ക് നിർമ്മിക്കാം. ഇതിലൂടെ കരിക്കിന് മാന്യമായ വിലയും വിൽക്കുന്നവർക്കു നല്ല ലാഭവും ലഭിക്കും. ഒരു കരിക്കിന് 11 രൂപയാണ് കർഷകന് നൽകുന്നത്. ഒരു ഷേയ്ക്കിൽ നിന്ന് മാത്രം 35 രൂപയിലധികം ലാഭമായി ലഭിക്കുന്നുണ്ട്. തേൻ കൂടെ ചേത്താൽ ലാഭം 65 കടക്കും. ഇവിടെ ഞങ്ങൾ വിൽക്കുന്നത് തേങ്ങയുടെയും കരിക്കിന്റെയും വിലയിടിവല്ല, മറിച്ച് അതിന്റെ ഔഷധ ഗുണവും ആരെയും മയക്കുന്ന രുചിയുമാണ്.
ഷേയ്ക്ക് കോട്ടയം പ്രദർശനത്തിൽ വൻ വിജയമാണ്. കേവലം ഒന്നര ദിവസം പിന്നിടുമ്പോൾ 4000 രൂപയുടെ ഷേയ്ക്ക് കച്ചവടം നടന്നു കഴിഞ്ഞു. ഇതിൽ പകുതിയിൽ കൂടുതലും ലാഭവുമാണ്, ഇനിയും ഞങ്ങൾ ഏറെ പ്രതീക്ഷിക്കുന്നു. വർദ്ധിച്ചു വരുന്ന തിരക്ക് ഞങ്ങളുടെ പ്രതീക്ഷകൾക്കും അപ്പുറത്തുള്ള കച്ചവടം തരുമെന്നാണ് വിശ്വാസം.
കരിക്കിൻ ജ്യൂസ്
കരിക്കിൻ ഷേയ്ക്കിനെ വെല്ലുന്ന പ്രകടനമാണ് കരിക്കിൻ ജ്യൂസ് കാഴ്ച വെയ്ക്കുന്നത്. ഗുണവും രുചിയും മാത്രമല്ല ലാഭം നൽകുന്നതിലും ജ്യൂസ് ഏറെ മുന്നിലാണ്. ഒന്നര ദിവസം കൊണ്ടു തന്നെ 4500 രൂപയുടെ കച്ചവടം നടന്നു കഴിഞ്ഞു. ഒരു കരിക്കിൽ നിന്ന് മൂന്നു ജ്യൂസ് വരെ ഉണ്ടാക്കാം. ഒരു ഗ്ലാസിനു മുപ്പതു രൂപയാണ് ഈടാക്കുന്നത്. അൽപം കൂടി വിശദമാക്കിയാൽ ഒരു കരിക്കിന് 90 രൂപ (ഒരു കരിക്കിൽ നിന്നു മൂന്നു ജ്യൂസ,് ഒരെണ്ണത്തിനു 30 രൂപ വീതം) ലഭിക്കുന്നുണ്ട്. അതിനാൽ തന്നെ ലാഭതോതിൽ കർഷകർക്കു കൂടുതൽ മെച്ചം കരിക്കിൻ ജ്യൂസായിരിക്കും. കരിക്കിൻ വെള്ളവും കരിക്കിൻ കാമ്പും നാരങ്ങയും ചേർത്ത് മിക്സിയിൽ അടിച്ചാണ് കരിക്കിൻ ജ്യൂസ് ഉണ്ടാക്കുന്നത്. വെളുത്ത നിറമുള്ള കരിക്കിൻ ജ്യൂസിനും ദിനംപ്രതി ആവശ്യക്കാർ ഏറുകയാണ്.
കരിക്കിൽ ഇല്ലാത്ത വൈറ്റമിൻ സി നാരങ്ങ വഴി ലഭിക്കുന്നുണ്ട്. ഔഷധ ഗുണം വെച്ചു നോക്കിയാൽ ഇതു ഒരു ശാസ്ത്രീയ കൂട്ടാണ്. ശാസ്ത്രം കണ്ടും കേട്ടും പഠിച്ചുമറിഞ്ഞ ഒരു കർഷകന്റെ അറിവിൽ നിന്ന് പിറവിയെടുത്ത കൂട്ട്. ശാസ്ത്രത്തെ മാറ്റിനിറുത്തി സിബിയുടെ ഭാഷയിൽ പറഞ്ഞാൽ ഒരു ദിവസം മുഴുവൻ ഒരാളെ കൂളായി സൂക്ഷിക്കുന്ന പാനീയം. അസിഡിറ്റയുടെ പ്രശ്നങ്ങളും അമിത വിശപ്പും പരിഹരിക്കുന്ന ഔഷധം.
സാധ്യതകൾ
ആർക്കും വലിയ മുതൽ മുടക്കാതെ തന്നെ തുടങ്ങാമെന്നതു മാത്രമല്ല വലിയ തോതിൽ ലാഭവും ലഭിക്കുമെന്നതാണ് കരിക്കിൻ ഷേയ്ക്കിനെയും കരിക്കിൻ ജ്യൂസിനെയും വ്യത്യസ്തമാക്കുന്നത്. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഇതിനു വലിയ വിപണന സാധ്യതയാണ് ഉള്ളത്. അതിനാൽ തന്നെ കോട്ടയത്തുള്ള ചെറുപ്പക്കാർക്കു ഇതു നിർമ്മിക്കുന്നതിനുള്ള ക്ലാസ് എടുക്കുന്നുണ്ട്. വരുന്ന കുറച്ചു നാളുകൾ കൊണ്ടു കേരളക്കരയാകെ ഇതിനു വിപണി കണ്ടെത്തുക എന്നതാണ് ലക്ഷ്യം. കരിക്കിൻഷേയ്ക്കിന്റെയും കരിക്കിൻ ജ്യൂസിന്റെയും ഭാവി സുരക്ഷിതമാക്കുന്നതിനൊടൊപ്പം കേരകർഷകർക്കും ഈ മൂല്യവർധിത ഉൽപന്നങ്ങൾ ആശ്വാസകരമാകും. മാത്രമല്ല ജാതി തോട്ടങ്ങളിലേക്ക് കരിക്കിൻ തൊണ്ട് നൽകുന്നതിനാൽ മാലിന്യ സംസ്ക്കരണം പോലും കാര്യമായി ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നില്ല. സംസാരം അവസാനിപ്പിച്ചു കൊണ്ടു സിബി വീണ്ടും തന്റെ തിരക്കുകളിലേക്ക് ഊളിയിട്ടു.
തിരക്കുകൾക്കിടയിൽ എന്നോടു സംസാരിക്കാൻ സമയം കണ്ടെത്തിയ സിബിക്കും അദ്ദേഹത്തിന്റെ സംരഭത്തിനും എല്ലാവിധ ഭാവുകങ്ങളും നേർന്നു കൊണ്ടു ഞാൻ സ്റ്റാളിന്റെ കമ്പിവേലികൾ ചാടി കടന്ന് പുറത്തിറങ്ങി. വീട്ടിൽ ചെന്ന് ഒരു പരീക്ഷണം നടത്താമെന്ന മോഹത്തോടെ......
നാളികേര വികസന ബോർഡ്, കൊച്ചി-11

