സി.വി.പി.നമ്പൂതിരി
ആരും തിരിഞ്ഞു നോക്കാത്ത
ചില വാക്കുകളുണ്ട്,നിഘണ്ടുവില്‍ .
ചെന്തമിഴ് മഴകളുടെ
ചെമ്പക സുഗന്ധം പെയ്തവ
തിരുനെല്‍ക്കതിരുകള്‍ക്കൊപ്പം
ചുവടു വെച്ചവ
ഭൂമുഖത്തു നിന്നും മറഞ്ഞ പക്ഷികളുടെ
ഇരുണ്ട മൌനം സൂക്ഷിക്കുന്നവ .
ആരെക്കെയോ ഉപക്ഷിചു പോയവ
അര്‍ഥം നഷ്ടപ്പെട്ട് അനാഥമായവ
പഴന്തുണി കളെയും
കവുങ്ങിന്‍ പാളകളെയും
ചൂട്ടുവെട്ടത്തേയും
ഓര്‍മ്മപ്പെടുത്തിക്കൊണ്ട്
അവയിന്നും നിഘണ്ടുവിലുണ്ട് .
ഓരോ മനസ്സിലും.
ആരോടും ഒരിക്കലും പറയാനാകാത്ത
ചില വാക്കുകളുണ്ട്,
രഹസ്യങ്ങളുടെ നിലവറയില്‍
അവ മുഴങ്ങുന്നുണ്ടാകും
ചിലത് താനേ വീണു ചിതറു ന്നുണ്ടാകും..
ഓരോ മനസ്സിലും
ഭൂകമ്പങ്ങളുടെ അവശിഷ്ടങ്ങളുണ്ട്,
സമുദ്രങ്ങളു ടെ വ്യാഖ്യാനങ്ങളുണ്ട്
വ്യാകരണമില്ലാത ഭാഷകളുണ്ട്
ഗോത്ര മുദ്രയുള്ള വാക്കുകളുണ്ട്
ഒരിക്കലും എഴുതാനാകാത്ത
കവിതകളുണ്ട്..
ആകാശത്തിന് എല്ലാം അറിയാം.