സമയമാപിനി


ഇന്ദിരാ ബാലന്‍ 

കാലത്തിന്റെ സമയമാപിനി
തിടുക്കത്തിലോടുകയാണ്‌
അന്ന്‌....ചിരിക്കുന്ന വെയിലുകള്‍ക്ക്
തൂവലിന്റെ നനുപ്പും,മിനുപ്പും,അഴകുമുണ്ടായിരുന്നു
ഇന്നോ, പഴുത്തുകിടക്കുന്ന
ആലയുടെ ചൂട്‌
വേവുന്ന പച്ചമാംസങ്ങളുടെ
കരിഞ്ഞ ചൂരുകൾ....
വെയില്‍  താഴുമ്പോൾ
സ്വപ്നങ്ങൾക്ക് ചിറകനക്കിയിരുന്ന
തണുത്ത കാറ്റിനെ കാണാറേയില്ല...
വിഷുപ്പക്ഷി പാടിയിരുന്ന
വസന്തഋതുക്കളും കടലാഴങ്ങളിൽ.....
ഇരുളിന്റെ മറവിൽ
തുപ്പുന്ന കാറ്റിന്‌ ചോരയുടെ മണം
കനവിന്റെ സൌഗന്ധികങ്ങളെ
കടിച്ചുകീറുന്ന കരിമ്പൂച്ചകളുടെ
നിണമുതിർക്കുന്ന രംഗഭാഷ്യങ്ങളുടെ
ഒഴിയാപ്രവാഹം!
ഇപ്പോള്‍ , വാടിയ സന്ധ്യകളും, വക്കു പൊട്ടിയ ചിരികളും
കരിഞ്ചേല വാരി ചുറ്റിയ രാത്രികളും
കരിഞ്ഞ പൂക്കളും, കടന്നൽ ഗീതങ്ങളും
മുടിത്തെയ്യങ്ങളുടെ
പെരുമഴതോറ്റങ്ങളും മാത്രം
.....
ലോകമോ, വാർദ്ധക്യത്തിന്റെ
കമ്പിളിപ്പുതപ്പിനുള്ളിൽ
ഒന്നുമറിയാതെ/അറിയാത്തതു പോലെ
കണ്ണടച്ചിരിക്കുന്നു
ഈ നോവുകളുടെ കെട്ടഴിക്കുവാൻ
വെൺപിറാവുകളെ
നിങ്ങളെവിടെയാണ്‌?

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ