മഞ്ഞുപെയ്ത്തില്‍ മരവിച്ച വാക്കുകള്‍


 അജേഷ്കൃഷ്ണന്‍ 
വാക്കുകള്‍ …
പ്രണയമെഴുതാനായ് ഞാനൂറ്റി വച്ചവ ;
നിന്റെ നിശബ്തതയുടെ
മഞ്ഞുപെയ്ത്തില്‍ മരവിച്ചു പോയ്…

മുറിഞ്ഞു ചിതറിയ എഴുത്തോലയില്‍
ഒന്നുരിയാടാന്‍ കഴിയാതെ,
കറുത്തൊട്ടിയ പ്രണയത്തിന്റെ
അവ്യക്തമായ കോറലുകള്‍
അങ്ങിങ്ങായി.

പ്രണയ സങ്കല്‍പ്പം നിനക്കെന്നും
പഴഞ്ചനാണെന്ന്
എനിക്കറിയാമായിരുന്നു ;
നീ പറയും മുന്‍പേ.

എന്നിട്ടും ഞാനെഴുതി…
ബോധമുറച്ചുപോവും മുന്‍പ് ;
വരികളെന്നില്‍നിന്നും വിജനതയിലേക്ക്
അലിഞ്ഞില്ലാതായി നഷ്ടപ്പെടും മുന്‍പ്.

പഴഞ്ചനായത് പ്രണയമല്ലെന്‍ കൈകളാണതില്‍
പിഴുതുമാറ്റാനാവാതെ ഒട്ടിയൊരെഴുത്താണി,
അതിന്നറ്റം കൂര്‍ത്തുചെന്നെന്‍
ഹൃദയത്തില്‍ മുട്ടുന്നു…

തുമ്പുകീറി മെടഞ്ഞ കുരുത്തോലകള്‍ തൂക്കിയാരോ
ഹൃദയ ധമനികളെ അലങ്കരിച്ചിരിക്കുന്നു.
മരണം എന്നിലേക്ക് ആര്‍പ്പുവിളികളോടെ
വരുന്നതിന്റെ വിളംബരമാവാം അത്.

ഒരുപക്ഷേ ഒന്നുമേ പറയാതെ
ഞാന്‍ പോയാല്‍
ഒരു മെഴുകുതിരി വെട്ടം കൊണ്ടെങ്കിലും നീയെന്‍
വാക്കുകളിലെ മഞ്ഞിനെയുരുക്കുക ,
ചിതറിയ എഴുത്തോലചീന്തുകള്‍
വൃഥാശ്രമമെങ്കിലും മുറികൂട്ടി നോക്കുക.

അവിടങ്ങളില്‍ …
നിന്നോടു പറയാതെപോയോരെന്‍
അലയാഴിയാം പ്രണയമുണ്ടാം
മമ സഖീ…

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?