അമ്മയോട്

എം.എൻ.പ്രസന്നകുമാർ
നിറയുന്നു ഭീതി യെന്നുള്ളിലമ്മേ !
തിറയാടി നില്‍ക്കുന്ന കരിനാഗവും
തീ പോലെനിക്കീ സൂര്യകിരണവും 
നീരിതിലേറെ ചവര്‍പ്പും ചാവു നാറ്റോം
ശ്വസിക്കുന്ന വായുവിലെനിക്കു നിറച്ചും 
മണക്കുന്നു വിഷം ,ഭയം നിറയുന്നു
അമ്മേ ! ഒളിപ്പിക്കുകെന്നെയതിദ്രുതം
വെളിച്ചം കടക്കാത്തിടത്തിലേക്കായ്‌

അന്നാ കളിക്കുട്ടിയുടച്ചിട്ട കണ്ണാടി പോ -
ലിന്നീ പൊന്നുമോളുടഞ്ഞു പോയമ്മേ !!

എന്നാലൊരപരാധം പിറന്നതേയി -
ല്ലെന്നാലുമെന്മേല്‍ രതി, രഥമുരുട്ടി

ബാല്യത്തിലെന്‍റെമേല്‍ ഗുരുവാമൊരാള്‍
ശീലക്കേടിന്‍റെ കണ്ണാല്‍ പേടിപ്പെടുത്തി

അയലത്തെ മുത്തശ്ശനരികത്തിരുത്തി -
യറിയാത്ത ഭാവേന ഭയം പകര്‍ന്നൂ

തെമ്മാടി ചെക്കന്‍റെ വാക്കിന്‍ ദുര്‍ഗ്ഗന്ധവും
കാര്യാലയത്തിലെ യജമാനദൃഷ്ടിയും

എമ്മട്ടിലെന്നുള്ളില്‍ തീ നിറയ്ക്കുന്നു
വെന്നെനിക്കിനിയും ചൊല്ലാനറിയില്ല

അമ്മേ ! ഒളിപ്പിക്കുകെന്നെയതിദ്രുതം
വെളിച്ചം കടക്കാത്തിടത്തിലേക്കായ്‌

മുറ്റത്തോരമാര്‍ന്നിരുന്നോരാ കുരുവിയെ
പെട്ടെന്നു കൈയ്യിലാക്കുവാനോടിയ കുഞ്ഞിവള്‍

പെട്ടു മണല്‍ത്തരി പരപ്പില്‍ ,മുറിവിലൂ -
ടിറ്റ ചോരക്കണം നിന്‍റെ കണ്‍ നിറച്ചതും

ആ മടിത്തട്ടിലിരുത്തിയീക്കുഞ്ഞിനെ -
യാമലരിതള്‍ പോലെ നീ പാലിച്ചതും

എവിടെപ്പോയ് മറഞ്ഞെന്‍റെയാ നാളുകള്‍
എവിടെപ്പോയ് മറഞ്ഞെന്‍റെയാ നാളുകള്‍

അമ്മേ ! ഒളിപ്പിക്കുകെന്നെയതിദ്രുതം
വെളിച്ചം കടക്കാത്തിടത്തിലേക്കായ്‌

എന്തിനായെന്നെയവര്‍ കശക്കിയെറിഞ്ഞൂ
എന്തിനായെന്നിലവര്‍ നിര്‍ദ്ദയം നോവുണര്‍ത്തീ

നീ പറഞ്ഞില്ലേയീപ്പെണ്ണിനെ പൊന്നില്‍
പൊതിഞ്ഞ പുതുപ്പെണ്ണാക്കിടാം

അലങ്കരിക്കുമീ ജിവിതച്ചുവരുകള്‍
നിലയ്ക്കാത്തോരെന്‍ ചിരിക്കൊലുസ്സാല്‍

അമ്മേ !
എവിടെപ്പോയ് മറഞ്ഞെന്‍റെയാനാളുകള്‍
എവിടെപ്പോയ് മറഞ്ഞെന്‍റെയാ നാളുകള്‍

അമ്മേ !
ഇനിയാ നാളുകള്‍ തിരിച്ചെത്തുമോ
ഇനിയാ വീട്ടിലൊരു ചിരിയെത്തുമൊ?

ഈ ജിവിതപ്പടവിലെനിക്കൊരു കൈത്താങ്ങു -
മീ ജീവന്‍റെ വഴിയിലൊരു തിരിവെളിച്ചോം

നിറയുവാനെന്‍ വിധിയിലൊരു രേഖ -
യിനിയെങ്കിലും ബാക്കിയുണ്ടാവുമോ

അമ്മേ ! ഒളിപ്പിക്കുകെന്നെയതിദ്രുതം
വെളിച്ചം കടക്കാത്തിടത്തിലേക്കായ്‌

ഭയം ചിറകു നീര്‍ത്തിയെത്തുന്നു ,അമ്മേ -
യഭയമേകെനിക്കു നിന്‍ ചേല തന്‍ തുമ്പില്‍
ഒരു ഹിന്ദി കവിതയുടെ സ്വതന്ത്ര പരിഭാഷ

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ