വിചിന്തനങ്ങൾ

 സുധാകരൻ ചന്തവിള

സാംസ്കാരികരംഗവും
അധികാര രാഷ്ട്രീയവും


  
    നാം വളരെ  അഭിമാനപൂർവ്വം  പറയുന്ന 'സാംസ്കാരികരംഗം' പ്രത്യേകമായി മാറ്റി നിർത്താവുന്ന ഒന്നാണോ? സമൂഹം, സാഹിത്യം, കല, രാഷ്ട്രീയം തുടങ്ങിയ സമകാലികങ്ങളായ  പലതിനോടും ബന്ധപ്പെട്ടുകിടക്കുന്ന ഒന്നാണ്‌ സംസ്കാരം. സംസ്കാരം അക്ഷരത്തോടും അക്ഷരം സംസ്കാരത്തോടും അഭേദ്യബന്ധം പുലർത്തുന്നതുകൊണ്ട്‌ എഴുത്തുകാർ എല്ലാ അർത്ഥത്തിലും സാംസ്കാരികപ്രവർത്തകർ കൂടിയാകുന്നു. കാലവും ലോകവും നിരന്തരം സമ്മാനിക്കുന്ന ദുരന്തരൂപങ്ങളെ ദൂരീകരിക്കുവാൻ  ജനമധ്യത്തിലേക്ക്‌ ഇറങ്ങി പൊരുതുക എന്നത്‌ സാംസ്കാരിക പ്രവർത്തകന്റെ കൂടി കടമയാണ്‌.
   എഴുത്ത്‌ ഒരർത്ഥത്തിൽ അധികാരമാണെന്നുപറയാറുണ്ട്‌. തികച്ചം കിരീടമില്ലാതെ, ചെങ്കോലില്ലാതെ,  ജനഹൃദയങ്ങളിൽ ചിന്തയുടെയും പുരോഗതിയുടെയും പുതുമയുടെയും  വക്താക്കളായി നിലകൊള്ളേണ്ടവരാണ്‌ എഴുത്തുകാർ. അവർ രാഷ്ട്രീയാധികാരികളെപ്പോലെ അഞ്ചോ പത്തോ കൊല്ലങ്ങൾ  കഴിയുമ്പോൾ മരിച്ചു പോകുന്നവരല്ല. പ്രപഞ്ച ശക്തിയോളം വീര്യമാർന്ന, സൂര്യകാന്തിയോളം പ്രസരിപ്പുള്ള ഒന്നാണ്‌ പ്രതിഭ. അപൂർവ്വമായി മാത്രം ഉണ്ടാകുന്ന പ്രതിഭാധനന്മാർ, സ്ഥാപിത താൽപര്യത്തിന്റെ കെട്ടുപാടുകളോടും  അധികാരമാടമ്പിമാരുടെ അന്യായങ്ങളോടും സന്ധിയില്ലാതെ കലഹിക്കുന്നവരാണ്‌. അനന്തമായ സത്യാന്വേഷണത്തിന്റെയും അദമ്യമായ ജ്ഞാനവിജ്ഞാന  തൃഷ്ണയുടെയും നിത്യവിസ്മയങ്ങളാണ്‌ യഥാർത്ഥ എഴുത്തുകാർ. സത്യത്തെ ഭയക്കുന്ന ഭരണാധികാരികൾ തങ്ങളുടെ സ്ഥാപിത താൽപര്യച്ചങ്ങലകളിൽ കുരുക്കി എഴുത്തുകാരെയും സാംസ്കാരിക പ്രവർത്തകരെയും അധികാരത്തിന്‌ വിധേയരാക്കാൻ ശ്രമിക്കാറുണ്ട്‌. രാഷ്ട്രീയത്തിന്റെയും ഭരണകൂടത്തിന്റെയും പേടിസ്വപ്നമായിത്തീരുന്ന യഥാർത്ഥ എഴുത്തുകാരെ നിരാകരിക്കുകയും നിരായുധരാക്കുകയും ചെയ്യുക എന്നത്‌ അധികാരശക്തികളുടെ ആനന്ദമാണ്‌. ഈ സത്യം അറിഞ്ഞും അറിയാതെയും പല സംസ്കാരചിത്തരായ എഴുത്തുകാരും  ചിന്തകരും അക്കാദമി പദവികൾക്കും  അവാർഡുതൊപ്പികൾക്കുമായി അധികാരികളുടെ അടിമപ്പണി ചെയ്യാറുണ്ട്‌.  തൽകാലലാഭത്തിൽ സാഹിത്യദർശനവും സത്യദർശനവും വിസ്മരിക്കുന്ന ഇവർ ഒരു ജനസമൂഹത്തെയും ഒരു കാലഘട്ടത്തെയും അറിഞ്ഞുകൊണ്ട്‌ വഞ്ചിക്കുന്നവരാണ്‌.
    അഴിമതിയും ധൂർത്തും ആഗോളവൽക്കരിക്കപ്പെട്ട രാഷ്ട്രീയ നേതൃത്വത്തിന്റെ പ്രചാരവേലയ്ക്ക്‌ കൂലിക്കാരനായോ വാടകഗുണ്ടയായോ പരിമിതപ്പെടേണ്ടവരല്ല യഥാർത്ഥ എഴുത്തുകാർ. ശരിയായ ചരിത്രബോധം, സാമൂഹ്യബോധം, രാഷ്ട്രീയബോധം എന്നിവയെല്ലാം  എഴുത്തുകാർക്ക്‌ അനിവാര്യമായി  ഉണ്ടാകേണ്ടതാണ്‌. എന്നാൽ രാഷ്ട്രീയബോധം എന്നതിന്‌ അധികാരരാഷ്ട്രീയം എന്ന  ദുർവ്യാഖ്യാനം നൽകി സുഖിക്കുകയാണ്‌ ചിലർ. എഴുത്തുകാർക്ക്‌ പ്രത്യയശാസ്ത്രത്തോടും പ്രസ്ഥാനത്തോടും  വിശ്വാസമാകാം. മനുഷ്യവർഗ്ഗത്തിന്റെ  അടിസ്ഥാന ബോധത്തിലുള്ള ദർശനം മാത്രമാകാം അത്‌. അല്ലാതെ, അദ്ധ്വാനിക്കുന്നവർക്കും ആദിവാസികൾക്കും വേണ്ടി കവിത എഴുതുകയും ഭരണബഞ്ചിലെത്തുമ്പോൾ കറുത്ത മക്കളെ മറന്നുപോകുന്നതും പോലുള്ള പൂർണ്ണമായ ഇഴുകിച്ചേരലാകരുത്‌. സർഗ്ഗശക്തി ഒരുപക്ഷത്തിനായി പണയം വയ്ക്കുമ്പോൾ  മനുഷ്യവർഗ്ഗത്തിന്റെ പൊതുസ്വത്തായിത്തീരേണ്ട എഴുത്തുകാരുടെ ആത്യന്തികമായ നീതിബോധം നഷ്ടപ്പെടുന്നു.
   രാഷ്ട്രീയത്തിൽ എപ്പോഴും ആവർത്തനം സംഭവിക്കുമ്പോൾ, സാഹിത്യം പുതുമ തേടിക്കൊണ്ടിരിക്കുന്നു. പുതുമ എന്നത്‌ രൂപഭാവങ്ങളിൽ ഒരുപോലെ കടന്നുവരുന്നു. എഴുത്തുകാരന്‌ ഇന്നതേ പറയാവൂ എന്ന്‌ വിലക്ക്‌ ഏർപ്പെടുത്താൻ ഒരു ശക്തിക്കും കഴിയില്ല. സ്വാതന്ത്ര്യത്തിൽ നിന്നു മാത്രമേ സത്യദർശനം ശക്തമാവുകയുള്ളു. നമ്മുടെ പല എഴുത്തുകാരും രാഷ്ട്രീയക്കാർക്ക്‌,സ്വപ്നം കാണാൻ കഴിയാത്ത സത്യങ്ങൾ വിളിച്ചുപറയുവാൻ കഴിയുന്നവരാണ്‌. എന്നാൽ പലരും ആരെയോ, എന്തിനെയോ ഭയക്കുന്നു. രാഷ്ട്രീയ തടവറയിൽ നിന്നു മോചിതരായി ധൈര്യപൂർവ്വം നിലപാടെടുക്കുമ്പോൾ എഴുത്തുകാരെ രാഷ്ട്രീയക്കാർ ഭയക്കാൻ തുടങ്ങും. സ്വാർത്ഥത വെടിയുന്നവർക്കേ എതിർപ്പുകളെ മറികടന്ന്‌ തുറന്നെഴുതാൻ കഴിയുകയുള്ളു. നോബൽ സമ്മാനംപോലും നിരസിച്ച്‌, ഏക്കാളവും നിസ്വരുടെ നിലപാടുകളോടു യോജിച്ച സാർത്രിനെപ്പോലെ, വധശിക്ഷയ്ക്ക്‌ എതിരെ സമരം സൃഷ്ടിച്ച്‌ ഗവണ്‍മന്റിനെക്കൊണ്ട്‌ അതു നിർത്തലാക്കിച്ച കാമുവിനെപ്പോലെ സർഗ്ഗാത്മകമായ ആക്റ്റിവിസം നമ്മുടെ എത്ര എഴുത്തുകാർ ഏറ്റെടുക്കാൻ തയ്യാറാകും?
 മതവും രാഷ്ട്രീയവുമല്ല വലുതെന്നും മനുഷ്യനാണ്‌ അടിസ്ഥാന പ്രശ്നമെന്നും മറ്റാരെക്കാളും മുമ്പെ തിരിച്ചറിയേണ്ട എഴുത്തുകാർ, അധികാരത്തിനുവേണ്ടി പരസ്പരം പഴി പറയേണ്ടവരല്ല. ഒന്നിനോടും ഒരു ഒത്തുതീർപ്പിന്‌  ഒരുമ്പെടാത്ത ശക്തരായ എഴുത്തുകാർ കാലഘട്ടത്തെ സൃഷ്ടിക്കുന്ന വാക്കിന്റെ  മഹാപ്രവാചകരാണ്‌. എതിർപ്പിന്റെയും പ്രതിരോധത്തിന്റെയും ശബ്ദമുയർത്തുന്ന പ്രതിപക്ഷനിര പണിയുന്ന കാലബോധത്തിന്റെ കർമ്മധീരത ഏറ്റുവാങ്ങാൻ കെൽപുള്ളവരാണ്‌ അവർ. രാഷ്ട്രീയ നേതൃത്വം എഴുത്തുകാരുടെ വാക്കുകൾ കാതോർക്കാൻ ശ്രമിക്കുമ്പോൾ കാലം കവിതപോലെ മനോഹരമാകും.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ