കായലിലേക്ക്‌ ചാഞ്ഞ്‌ കളിച്ച തെങ്ങ്‌


എം.കെ.ഹരികുമാർ

കൂട്ടുകാരെയൊന്നും നോക്കാതെ
ഒരു തെങ്ങ്‌
കായലിന്‌ മുകളിലേക്ക്‌
ചാഞ്ഞുകളിച്ചു
മുത്തുവാരാൻ പോയവർ
കൊണ്ടുവന്ന കസവണിഞ്ഞ്‌
ഓളങ്ങളുടെ സംഗീതം കേട്ട്‌
പരിവ്രാജകനായ തെങ്ങ്‌
സംസാരങ്ങളുടെ മുകളിൽ
ലോകതത്വങ്ങളുടെ മേലെ,
മനുഷ്യാംബരാന്തത്തിലേക്ക്‌
കാതു കൂർപ്പിച്ച്‌
ഒറ്റക്കാലിൽ ഒരു തപസ്സ്‌
മറ്റൊരു തെങ്ങിനെയും
ഓർക്കാതെ,
കായൽപ്പാട്ടുകേട്ട്‌
രാത്രിയും ഉറങ്ങാതെ കിടക്കും
ജലോപരിതലത്തിലെ
ഈ പള്ളിയുറക്കം
ജന്മങ്ങളുടെ പുണ്യം
കരയിൽ നിന്ന്‌ കേൾക്കാറുള്ള
കുരുത്തോല പെരുന്നാളിന്റെ
സ്നിഗ്ദ്ധതയിലും തോരണ-
ങ്ങളുടെ പന്തലിലെ
ശരണം വിളിയിലും
കാതു കൂർപ്പിച്ചങ്ങനെ കിടക്കും
പ്രകൃതിയിലിങ്ങനേയും
ജീവിക്കാം
ഒന്നും ആശിക്കാതെ,
ഒന്നിനെക്കുറിച്ചും
ദുഃഖിക്കാതെ,
സന്യസത്തിന്റെ
ആനന്ദനടനം.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?