മലനിരകള്‍ മുഖം നോക്കുന്ന ബാണാസുര സാഗര്‍


banasura-sagar-dam-wayanad-kerala


 രമേഷ് വെള്ളമുണ്ട


വയനാടിന്റെ വിനോദസഞ്ചാര ഭൂപടത്തിലേയ്ക്കു ഒടുവിലാണ് ബാണാസുര സാഗര്‍ ഒരുങ്ങിയെത്തിയത്. ഇന്ന് സഞ്ചാരികളുടെ പറുദീസയായി ഈ ജലാശയം മാറിക്കഴിഞ്ഞു. ഓളപ്പരപ്പുകളും ചെറുദ്വീപുകളും അതിനു അഭിമുഖമായി നില്‍ക്കുന്ന ബാണാസുരമലയും സഞ്ചാരികളുടെ മനം കവരുന്നു. ഏഷ്യയിലെ രണ്ടാമത്തെ വലിയ മണ്ണണയ്ക്ക് മുകളില്‍നിന്ന് വിദൂരദൃശ്യങ്ങളിലേയ്ക്ക് കണ്ണുപായിക്കാന്‍ ഒട്ടേറെ പേര്‍ ദിവസംതോറും ഇവിടെയെത്തുന്നു.
പതിറ്റാണ്ടുകളായി നിര്‍മാണ ഘട്ടത്തിലായിരുന്ന അണക്കെട്ട് മാസങ്ങള്‍ക്കുമുമ്പാണ് കമ്മീഷന്‍ ചെയ്തത്. പടിഞ്ഞാറത്തറയില്‍നിന്ന് മൂന്നു കിലോമീറ്ററോളം പിന്നിടുമ്പോള്‍ റോഡിന് സമാന്തരമായി നീണ്ടുകിടക്കുന്ന മണ്ണണ സഞ്ചാരികളെ സ്വാഗതം ചെയ്യും. ‘ഹൈഡല്‍ ടൂറിസം’ ബോട്ടുയാത്ര തുടങ്ങിയതോടെയാണ് ഇവിടുത്തെ സാധ്യതകള്‍ സഞ്ചാരികള്‍ തിരിച്ചറിഞ്ഞത്. ഓളപരപ്പുകളിലൂടെ ബോട്ടില്‍ മുന്നേറുമ്പോള്‍ അകലങ്ങളില്‍ അനേകം തുരുത്തുകളും അവയോടു ചേര്‍ന്നുള്ള കാനനക്കാഴ്ചകളും തേക്കടിയുടെ വയനാടന്‍ ചിത്രങ്ങളാണ് വരയ്ക്കുന്നത്.
പ്രകൃതി സന്തുലിത വിനോദ സഞ്ചാരത്തിന്റെ മനോഹര ദൃശ്യമാണ് തരിയോട് നിന്നുമുള്ള ബാണാസുര സാഗറിന്റെ മുഖം. സ്വാഭാവികത മാത്രം മുതല്‍ക്കൂട്ടാവുന്ന ചോലവനങ്ങളും മലനിരകളും ജൈവ മേഖലകളുമാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത. കാട്ടാനകള്‍ സൈ്വരവിഹാരം നടത്തുന്ന താഴ്‌വാരങ്ങള്‍ ബോട്ടിലെത്തുന്ന സഞ്ചാരികള്‍ക്ക് ഭാവിയിലെ സുന്ദരകാഴ്ചകളാവും.
കഴുത്തിനൊപ്പം മുങ്ങിനില്‍ക്കുന്ന കുന്നിനു മുകളില്‍ ഹെറിറ്റേജ് വീടുകള്‍ നിര്‍മിക്കുന്നതും തുരുത്തുകളിലേയ്ക്കു റോപ്പ്‌വേ സൗകര്യം ഏര്‍പ്പെടുത്തുന്നതും ഹൈഡല്‍ ടൂറിസത്തിന്റെ പരിഗണനയിലാണ്. സാഹസിക സഞ്ചാരികള്‍ക്കും ഏറെ പ്രിയപ്പെട്ടതാണ് ഈ മലനിരകള്‍. സമുദ്ര നിരപ്പില്‍നിന്ന് 2800ലധികം അടി ഉയരത്തിലേയ്ക്കുള്ള മലഞ്ചെരിവുകളിലൂടെ സാഹസികത നിറയുന്ന പാറക്കെട്ടുകള്‍ താണ്ടാനും ഇവിടെ സഞ്ചാരികള്‍ എത്താറുണ്ട്.
മൊതക്കര-നാരോക്കടവ് വഴിയാണ് ബാണാസുരമലയിലെത്തുക. അരുവികളും ആദ്യമൊക്കെ നിരപ്പുസ്ഥലങ്ങളും പിന്നിട്ട് ചെങ്കുത്തായ പാറകളിലേയ്ക്കു വഴികള്‍ അവസാനിക്കുന്നു. ഇതിനെ മറികടക്കുമ്പോള്‍ ഒന്നുകില്‍ കിലോമീറ്ററോളം വളയണം. അല്ലെങ്കില്‍ പാറക്കെട്ടുകളെ വെല്ലുവിളിക്കാം. മൂന്നു ദിവസങ്ങള്‍വരെ നീണ്ടുനില്‍ക്കുന്ന യാത്രയില്‍ മാത്രമേ കോഴിക്കോട്-വയനാട് ജില്ലകളെ വേര്‍തിരിക്കുന്ന ഈ പശ്ചിമ ഘട്ടത്തിനെ അടുത്തറിയാന്‍ സാധിക്കൂ.
പരിസ്ഥിതി പഠനത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ക്കും ഈ മലനിരകള്‍ കൗതകുമാണ്. നീലഗിരിയില്‍ മാത്രം കണ്ടുവരുന്ന അനേകം സസ്യജാലങ്ങളുടെ കലവറയാണ് ബാണാസുരന്‍ കോട്ട. വെള്ളക്കുറിഞ്ഞി സമൃദ്ധമായി വളരുന്ന അടിക്കാടുകളും ജൈവ സമ്പുഷ്ടതയുള്ള ഷോലെ വനങ്ങളും ഇന്നും ഇവിടെ തനിമ നിലനിര്‍ത്തുന്നു. ഇക്കോ ടൂറിസം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നവയുടെ കൂട്ടത്തില്‍ ഈ മലനിരകളെ ഉള്‍പ്പെടുത്തിയതാണ് ഏറ്റവും ഒടുവില്‍ പ്രതീക്ഷയായത്.
ചുരമില്ലാതെ ഇതുവഴി ലക്ഷ്യമിടുന്ന പൂഴിത്തോട് റോഡിന്റെ സാക്ഷാത്കാരമാണ് ഈ വിനോദസഞ്ചാരകേന്ദ്രത്തിനു മുതല്‍ക്കൂട്ടാവുക. കേന്ദ്രവന മന്ത്രാലയത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ് ഈ വനപാത. പൂന്തോട്ടങ്ങളും മറ്റു സൗകര്യങ്ങളും ബോട്ടുയാത്ര സൗകര്യത്തോടൊപ്പം നടപ്പാക്കിയാല്‍ മാത്രമേ സഞ്ചാരകേന്ദ്രം പൂര്‍ണതയില്‍ എത്തൂ. അതിനുവേണ്ടിയുള്ള ശ്രമത്തിലാണ് ജനപ്രതിനിധികളും നാട്ടുകാരും. സമീപഭാവിയില്‍ത്തന്നെ വയനാട്ടിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാവാനുള്ള വിജയക്കുതിപ്പിലാണ് ഓളപ്പരപ്പുകളില്‍ സൗന്ദര്യം സൂക്ഷിക്കുന്ന ബാണാസുരസാഗര്‍.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ