എന്റെ ഹിമാലയ യാത്ര-11


പ്രഫുല്ലൻ  തൃപ്പൂണിത്തുറ
 പ്രകാശത്തിന്റെ പ്രാകാരമായ കാശി !

ഹിമാലയയാത്രയുടെ സ്വപ്നം മനസ്സിൽ വിരിയുന്നതിനു വർഷങ്ങൾക്കു മുമ്പേ 'കാശി-രാമേശ്വരം' ചിന്തകൾ ജനിച്ചിരുന്നു. ഓർമ്മവെയ്ക്കുമ്പോഴും കൗമാരദിനങ്ങളുടെ ആരംഭത്തിലും എറണാകുളത്തായിരുന്നു എന്റെ താമസം. അന്നൊക്കെ, സന്യാസികളായിരുന്ന 'താത്തോ-കല്യാണി' ദമ്പതികൾ എന്റെ സ്വഭാവരൂപീകരണത്തിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സും പിന്നീട്‌ കേരള പി.എസ്‌.സി മെംബറുമൊക്കെയായി വളർന്ന ശ്രീമതി പി.കെ.സുജാതയുടെ അമ്മയുടെ ചേച്ചിയായിരുന്നു കല്യാണി. എന്റെ അമ്മയോടും അയൽപക്കത്തെ കുടുംബിനികളോടുമൊക്കെ ആവല്യമ്മ എപ്പോഴും തങ്ങളുടെ ഇടയ്ക്കിടെയുള്ള രാമേശ്വര യാത്രയെക്കുറിച്ചും, പാമ്പൻപാലത്തെക്കുറിച്ചും ധനുഷ്ക്കോടിയെയും സേതുബന്ധനത്തെയും കുറിച്ചുമൊക്കെ വിസ്തരിക്കുമായിരുന്നു. അപ്പോഴൊക്കെ അവസാനലക്ഷ്യം പോലെ കാശിയും കടന്നുവരുമായിരുന്നു. അതെല്ലാം നിരവധി പ്രാവശ്യം കേട്ടു കേട്ടാണു ഞാൻ വളർന്നത്‌. ജീവിതത്തിലൊരിയ്ക്കലും എത്തിപ്പെടാനാവാത്ത അത്യനന്തവിദൂരമായ ഏതോ കോണിലെ വിശുദ്ധസങ്കേതങ്ങളാണ്‌ രാമേശ്വരവും കാശിയുമൊക്കെ എന്ന്‌ തന്റെ കുഞ്ഞുമനസ്സിൽ പതിഞ്ഞു കിടപ്പുണ്ടായിരുന്നു.
    ഏതായാലും ഈ ഹിമാലയയാത്രയുടെ പാക്കേജിൽ 'കാശിയും, രാമേശ്വരവു'മൊക്കെ ഉൾപ്പെട്ടതു എനിയ്ക്കു അനുഗ്രഹവും ഭാഗ്യവുമായി. പുണ്യവും!
    ഒക്ടോബർ മൂന്നിനു രാത്രി ഒമ്പതേമുക്കാലിനു ഉത്തർപ്രദേശിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും പ്രാചീനക്ഷേത്രമുള്ള കാശിയിലേയ്ക്കു ഞങ്ങളുടെ ടൂറിസ്റ്റു ബസ്സുയാത്രയായി. ഗയയിൽ നിന്നും ഒരുന്നൂറുമെയിൽ ദൂരമുണ്ട്‌ കാശിയിലേയ്ക്ക്‌, ചിരകാല സ്വപ്നമായ കാശിദർശനമെന്ന ലക്ഷ്യത്തിലേയ്ക്ക്‌! രാത്രിയിലെ ദീർഘമായ ബസ്സുയാത്ര സുഖകരമായി തോന്നിയില്ല. ഇടയ്ക്കു ഒരു ചായപോലും ലഭിയ്ക്കാനുള്ള സാധ്യതകുറവ്‌. ഡൽഹി-ഹൗറ നാഷണൽ ഹൈവേയിലൂടെയായിരുന്നു നിശായാത്ര; റയിലിനു ഏതാണ്ടു സമാന്തരമായിത്തന്നെ.
    പുലർച്ചേ കാശിയിലെത്തി. രാവിലെ ഗംഗാതീർത്ഥത്തിൽ സ്നാനം ചെയ്തു. ഞങ്ങളുടെ നേതാവ്‌ പി.എൻ. ജോബും അദ്ദേഹത്തിന്റെ സഹോദരി മിഹിരാ ടീച്ചറും ഞാനുമുൾപ്പെടെ പിതൃതർപ്പണം നടത്തി. ഹിമാലയയാത്രയുടെ ആദ്യഭാഗത്തുള്ള ഹരിദ്വാറിലെ ഗംഗ പരിശുദ്ധയായിരുന്നുവേങ്കിൽ ഇവിടെ കാശി നഗരപ്രാന്തത്തിലെത്തിയപ്പോൾ തികച്ചും അഴുക്കും മാലിന്യവുമുള്ളതായി ഒറ്റനോട്ടത്തിൽത്തന്നെ അനുഭവപ്പെട്ടു. ഗംഗാനദിയുടെ തീരത്തു നിരനിരയായി പഴയകെട്ടിടങ്ങളും ഇടയ്ക്കിടെ ശ്മശാനങ്ങളും. അവിടെ നിന്നെല്ലാം ഗംഗയിലേയ്ക്കു ഇറങ്ങാനുള്ള ചവിട്ടുപടികളും കണ്ടു. മറുകരയിൽ അഴുക്കും എക്കലുമുള്ള പ്രദേശങ്ങൾ. ഏതായാലും വൻതിരക്കും വൃത്തിഹീനവുമായ അന്തരീക്ഷവും സ്വന്തമായുള്ള ഗംഗാനദി.
    ഒരു മോട്ടോർബോട്ടു വാടകയ്ക്കെടുത്തു നദിയിലൂടെ ഒരു സവാരി നടത്തി. ബോട്ടിന്റെ സാരഥി ഹിന്ദിയും ഇംഗ്ലീഷും കലർന്ന ഭാഷയിൽ പറഞ്ഞുതന്നതനുസരിച്ച്‌ ഇന്ത്യയിലെ പഴയനാട്ടുരാജ്യങ്ങളിൽപ്പെട്ട 64 നാട്ടുകാർക്ക്‌ ഇപ്പോഴും കാശിയിൽ ഗംഗീതീരത്തു സ്നാനഘട്ടങ്ങളുണ്ട്‌. അവയോടു ചേർന്നു താമസസൗകര്യമുള്ള പഴയ കെട്ടിടങ്ങളും. അക്കൂട്ടത്തിൽ നമ്മുടെ പഴയ കൊച്ചീ മഹാരാജാവിന്റെ പേരിലും കെട്ടിടവും സ്നാനഘട്ടവുമുണ്ട്‌. തിര:കൊച്ചി സംയോജനത്തിനു ശേഷം അതുകൊച്ചി ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലാണ്‌. 1949 ജൂലൈ-1-നാണല്ലോ തിരുകൊച്ചി സംയോജനം. അതിനുശേഷം ഏതാണ്ടു നാൽപതുവർഷത്തിനുശേഷം ബനാറസ്‌ സിറ്റി കോർപ്പറേഷനിൽ നിന്നും കുടിശ്യക ടാക്സ്‌ (കെട്ടിട നികുതി) അടയ്ക്കാനാവശ്യപ്പെട്ടുകൊണ്ട്‌ ദേവസ്വംബോർഡ്‌ സെക്രട്ടറിയ്ക്കു നോട്ടീസ്‌ ലഭിച്ചപ്പോഴാണ്‌ ഇങ്ങിനെയൊരു കെട്ടിടം കാശിയിലുള്ള കാര്യം ദേവസ്വംബോർഡും ബന്ധപ്പെട്ടവരും അറിഞ്ഞത്‌. അതുവരെ ഈ കെട്ടിടം കൈവശംവച്ച്‌ അനുഭവിച്ചുപോന്ന പണ്ടാലകൾ കൃത്യമായി എല്ലാവർഷവും ടാക്സ്‌ അടച്ചിട്ടുണ്ടായിരുന്നു. ഏതോ ഒരു പണ്ടാല ചുമതലക്കാരനായി വന്നപ്പോൾ വാടകപിരിവും പിതൃകർമ്മങ്ങളും നടത്തി കാശുണ്ടാക്കുന്നതല്ലാതെ ടാക്സ്‌ അടയ്ക്കാൻ വീഴ്ചവരുത്തി. അതിനെ കുടിശ്യക കൂടിയപ്പോഴാണ്‌  ഉടമസ്ഥനെ തേടിപ്പിടിച്ച കോർപ്പറേഷൻകാർ ദേവസ്വംബോർഡ്‌ സെക്രട്ടറി പേരിൽ നോട്ടീസ്‌ അയയ്ക്കാൻ കാരണം. നോട്ടീസു ലഭിച്ചയുടനെ പ്രസിഡന്റും അംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും വിമാനമാർഗ്ഗേണ ഒരു കാശിയാത്ര നടത്തി. സ്ഥലത്തെത്തി കെട്ടിടം കണ്ടുപിടിച്ചു. ടാക്സ്‌ മുഴുവനും തീർത്തു. ഇന്നും കൊച്ചി ദേവസ്വംബോർഡിനു ഗംഗാതീരത്തു സ്നാനഘട്ടവും കെട്ടിടവും ഉണ്ട്‌. കൈവശക്കാർ കെട്ടിടനികുതി നേരിട്ടു അടയ്ക്കുന്നുമുണ്ട്‌.
    കാശി, ബനാറസ്‌, വാരണാസി എന്നീ പേരുകളിൽ പ്രകാശിയ്ക്കുന്നനഗരം. ലോകത്തിലെ ഏറ്റവും പുരാതനക്ഷേത്രം കാശിവിശ്വനാഥക്ഷേത്രം ഈ നഗരത്തിൽ സ്ഥിതിചെയ്യുന്നു. ഈ ക്ഷേത്രത്തിലെ ശിവലിംഗം ബ്രഹ്മദേവൻ പ്രതിഷ്ഠിച്ചതാണെന്നാണു വിശ്വാസം.
    ഗംഗാനദിയുടെ രണ്ടു കൈവഴികളായ 'വരുണ'യുടെയും 'അസി'യുടെയും മദ്ധ്യത്തിൽ നിർമ്മിയ്ക്കപ്പെട്ട നഗരമായതിനാലാണ്‌ വാരണാസി എന്ന നാമധേയം കാശിയ്ക്കു സിദ്ധിച്ചതു. 4000 വർഷത്തെ പഴക്കമുണ്ട്‌ ഈനഗരത്തിന്‌. കാശി എന്ന പദത്തിനു പ്രകാശത്തിന്റെ നഗരമെന്നും മോക്ഷത്തിലേയ്ക്കുള്ള വഴിയെന്നുമൊക്കെ അർത്ഥമുണ്ട്‌. ശ്രീമഹാദേവനു ഏറ്റവും പ്രിയങ്കര സങ്കേതമത്രെ കാശി. ഈശ്വരൻ സ്ഥിരമായ ആനന്ദം നൽകുന്നസ്ഥലമായതുകൊണ്ട്‌ ആനന്ദകാനനമെന്നും കാശിയ്ക്കു പേരുണ്ട്‌. ഭൂലോകത്തിലെ കൈലാസമെന്നും ഭക്തർ കാശിയെ വിശേഷിപ്പിയ്ക്കുന്നുണ്ട്‌.
    നമുക്കു ഭാരതം വെറുമൊരു ഭൂപ്രേദശമല്ലല്ലോ! യോഗനിദ്രയിലാണ്ട മഹാദേവന്റെ പൂർണ്ണ സ്വരൂപമാണിത്‌. ആ ചൈതന്യ സ്വരൂപത്തിന്റെ ഹൃദയമായാണ്‌ കാശിയെ കരുതിപ്പോരുന്നത്‌. കാശിയിലെത്തി ഗംഗാസ്നാനം നടത്തി തർപ്പണാദികൾ ചെയ്തു വിശ്വനാഥ ദർശനം നടത്തുന്നത്‌ സായൂജ്യമായി പണ്ടേ മുതൽ ഭാരതീയർ കരുതിപ്പോരുന്നു. മോക്ഷപ്രാപ്തിയ്ക്കായി പിതൃക്കളുടെ ചിതാഭസ്മം ഇവിടെ ഗംഗാ നദിയിലൊഴുക്കുന്നു. പിതൃതർപ്പണത്തിനു ഏറ്റവും ശ്രേഷ്ഠമായ പുണ്യസങ്കേതങ്ങളിൽ ഏറ്റവും മുൻനിരയിലാണു കാശിയുടെ സ്ഥാനം.
    കാശിയിൽവച്ചു മരിയ്ക്കുന്ന ഏതുതരക്കാർക്കും ജ്ഞാനമോ ഭക്തിയോ കണക്കിലെടുക്കാതെ മുക്തി ലഭിയ്ക്കുമെന്നും; ഇവിടെ മാത്രമേ ജീവനു സായൂജ്യമെന്ന സർവ്വശ്രേഷ്ഠമുക്തി നിഷ്പ്രയാസം കൈവരൂ എന്നും; ബ്രഹ്മദേവന്റെ ഒരു ദിവസം പൂർത്തിയാവുമ്പോൾ പ്രളയമുണ്ടാകുമ്പോൾ കാശി നഗരം മാത്രം നശിയ്ക്കാതെ അവശേഷിയ്ക്കുമെന്നും വിശ്വസിയ്ക്കപ്പെടുന്നു.
    ശ്രീശങ്കരാചാര്യർ 'മനീഷാപഞ്ചകം' രചിച്ചതു കാശിയിൽ വച്ചായിരുന്നു. രാമായണം, മഹാഭാരതം, ശിവപുരാണം തുടങ്ങിയ ആഗമങ്ങളിൽ കാശിയെ പലപ്പോഴും പരാമർശിയ്ക്കുന്നുണ്ടല്ലോ!
    കാശിയിൽ നിന്നു 10 കിലോമീറ്റർ ദൂരത്തുള്ള 'സാരാനാഥ്‌' എന്ന സ്ഥലത്തുവച്ചാണ്‌ 2500 വർഷങ്ങൾക്കു മുമ്പ്‌ ശ്രീബുദ്ധൻ ജ്ഞാനോദയ ശേഷം ആദ്യമായി ധർമ്മോപദേശം നടത്തിയത്‌.
    ശ്രീബുദ്ധനും, വർദ്ധമാന മഹാവീരനും, ആദി ശങ്കരനും തുടങ്ങി ഏതാണ്ടെല്ലാ മഹത്തുക്കളും സഞ്ചരിച്ചാണ്‌ കാശിയിൽ ജ്ഞാനോദയത്തിന്റെ ചൈതന്യവീഥികളുണ്ടായത്‌. പുരാതന റോം, ഏതൻസ്‌, ബാബിലോൺ തുടങ്ങിയവയൊക്കെ രൂപപ്പെടുന്നതിനു മുമ്പ്‌ 3500 വർഷം മുമ്പേ കാശി ലോകഭൂപടത്തിൽ പ്രധാനസ്ഥാനം അലങ്കരിച്ചിരുന്നു. മാർക്ക്‌ ട്വയ്ൻ ഇങ്ങനെയെഴുതി :- "പാരമ്പര്യങ്ങളേക്കാളും മിത്തുകളേക്കാളും പുരാണങ്ങളേക്കാളും പൗരാണികതയുണ്ട്‌ കാശിയ്ക്ക്‌". ആര്യ സംസ്കാരത്തിന്റെ കേന്ദ്രബിന്ദുവാണ്‌ കാശി.
    പണ്ഡിറ്റ്‌ മദനമോഹനമാളവ്യ സ്ഥാപിച്ച ബനാറസ്‌ ഹിന്ദു സർവ്വകലാശാല വളപ്പിനു ആയിരത്തി മുന്നൂറു ഏക്കർ വിസ്തീർണ്ണമുണ്ട്‌. അന്നത്തെ കാശി മഹാരാജാവാണത്രെ ഈ സ്ഥലം ദാനമായി നൽകിയത്‌.


തുടരും  

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?