ചിന്തുകള്‍

മാധവ് കെ വാസുദേവന്‍‌ 


മരിച്ച ഇഷ്ടങ്ങള്‍ക്കു നക്ഷത്രങ്ങളെന്നു
പേരിടാനാണ് എനിക്കിഷ്ടം.
ദൂരെനിന്നുമവ കണ്‍ചിമ്മി നോക്കിയെന്നെ
തിരയാറുണ്ട്, ചികഞ്ഞെടുക്കാറുണ്ട്
അമ്മാനമാടി കളിക്കാറുണ്ട്.

ഭൂതക്കാലത്തിന്റെ മറവിയിലേക്ക്
കൂപ്പുകുത്തി,
കരിന്തിരി കത്തിയെന്നില്‍
ഒടുങ്ങി തീരാറുണ്ട്.

നക്ഷത്രങ്ങളുടെയെണ്ണം
കൂടി വരുന്ന രാത്രികളുടെ ദൈര്‍ഘ്യം
അനുഭവങ്ങളുടെ കലവറ
നിറയ്ക്കുന്നുവെന്നു പഴംമനസ്സുകള്‍
കേട്ടറിവ് .

വേദനകള്‍ സൂര്യനെ പോലെ
കത്തിയാളുമ്പോള്‍ ഓര്‍മ്മകള്‍
തിളച്ചു മറിയുന്ന മനസ്സില്‍
ചങ്ങലക്കിലുക്കം കണ്ണുകളില്‍
ഭീതിയുടെ നിഴലാട്ടം .

നിഷേധ ചിന്തയുടെ ഉരുകിയോലിക്കുന്ന
ലാവ ഉള്‍ത്തടങ്ങളിലേക്ക് ഉരുകിയിറങ്ങുമ്പോള്‍
ബോധമനസ്സിന്റെയുള്ളില്‍ ചിന്തകള്‍ ചിതറി
തെറിച്ചു വീഴുന്ന ഉല്‍ക്കകള്‍ ആണത്രേ
രൂപപരിണാമം പ്രാപിച്ച വാക്കുകള്‍ .

പാറകളും വന്‍ മരങ്ങളും കടപ്പുഴക്കി
ഉരുള്‍പൊട്ടല്‍ പോലെയാര്‍ത്തലച്ചു
വരുമ്പോളക്കരയണയാനൊരു മോഹവുമായി
തീരത്തു പകച്ചു നില്‍ക്കുന്നു ഞാനും .

അപ്പോഴെനിയ്ക്ക നിങ്ങള്‍ ചാര്‍ത്തി തരുന്നു
ഒരു പേരുമൊരുക്കാല്‍ച്ചിലമ്പും.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ