പായിപ്ര രാധാകൃഷ്ണൻ
കേരസംസ്ക്കാരത്തെ പോഷിപ്പിക്കുന്ന കാവ്യാനുഭവങ്ങൾ മലയാളത്തിലേറെയുണ്ട്. ചങ്ങമ്പുഴ, ഇടശ്ശേരി, വൈലോപ്പിള്ളി എന്നിവരുടെ സംഭാവനകൾ ശ്രദ്ധേയമാണ്. മഹാകവി കുട്ടമത്തിന്റെ 'ഇളം തളിരുകൾ' എന്ന ബാലസാഹിത്യകൃതിയിൽ ഉൾപ്പെടുന്ന 'കിളിയോല മാറി' എന്ന കവിത അതീവ ഹൃദ്യമാണ്.
ഒരു തൈത്തെങ്ങിനെ പ്രകൃതി എവ്വണ്ണമാണ് മാതൃച്ഛായയിൽ ലാളിച്ച് വളർത്തുന്നതെന്ന് അതീവ ചാരുതയോടെ കുട്ടമത്ത് അവതരിപ്പിക്കുന്നു. അത്യുത്തര കേരളത്തിൽ നിന്ന് ഉദിച്ചുയർന്ന് കൈരളിക്കാകെ കൗമുദിയായി ഭവിച്ച മഹാകവി കുട്ടമത്ത് കുന്നിയൂര് കുഞ്ഞിക്കൃഷ്ണക്കുറുപ്പിന് ശ്രദ്ധാഞ്ജലി കൂടിയാകട്ടെ ഈ കവിത.
കിളിയോല മാറി
മഹാകവി കുട്ടമത്ത്
കിളിച്ചഞ്ചുപോലവേ വളഞ്ഞൊരങ്കുര-
ക്കളി ശൈശവത്തിൽ നിലകൊണ്ടുമെല്ലാം
തെളിവാർന്നുയർന്നു തൊഴുകയ്യുയർത്തി നീ-
യൊളി ചിന്നിവാണു ചെറുനാളികേരമേ!
കഴുകുന്നു നിന്നെ മഴവന്നു, നിത്യവും
തഴുകുന്നു നല്ല കുളിർ വായു സാദരം
മുഴു തിങ്കളും, രവിയുമൊന്നുപോലെ നിൻ -
തൊഴുകൈ വിടർത്തവേ വളർന്നിടുന്നു നീ.
കിളിയോല മാറിയിളതായ കോമള-
ത്തളിർ മാല കോർത്ത പല കൈകൾ കൊണ്ടു നീ
മിളിത പ്രഭം കുഴിയിൽ നിന്നു പൊങ്ങിവൻ
തെളിവാർന്ന ചക്രവലയം ച്ചറുക്കയായ്.
കനകക്കരിമ്പു തടിപോലെ നീണ്ടു നി-
ന്നനഘക്കരത്തിലിളകും ദളങ്ങളാൽ
ജനമാണസത്തിലെഴുതുന്നു ഭാവിയാ-
യിനി നീ തരുന്ന ശുഭമാം ഫലോദയം.
ശിശുവായ നിന്നെ ദുരപൂണ്ടശിക്കുവാൻ
പശുപാളിയുണ്ടു ബഹുവൈരിയെങ്കിലും
സ്വശുഭാശപൂണ്ട നരനുണ്ടു നിൻ യശ:
പിശുനാർത്ഥിയായ് കൊടിയവേലി കെട്ടുവാൻ.
ബലമേകിടുന്നൊരമൃതം നിറഞ്ഞപൊൻ
കലശങ്ങളെത്ര ഹൃദയത്തിൽ വെപ്പു നീ
തല നീർന്നു കൽപതരുവായ് വരുന്ന നിൻ
നിലനിൽപ്പു മുന്നിൽ നിഖിലോപകാരകം.