നൂതന വിപണന തന്ത്രം കർമ്മപഥത്തിൽ
ദീപ്തിനായർ എസ്‌
.
മാർക്കറ്റിംഗ്‌ ആഫീസർ, നാളികേര വികസന ബോർഡ്‌, കൊച്ചി

നാളികേര ഉൽപന്നങ്ങളെ ഇന്ത്യൻ നഗരങ്ങളിലെത്തിക്കുന്നതിനുള്ള നൂതന പദ്ധതി നടപ്പാക്കാനാരംഭിച്ചു. നാളികേര വികസന ബോർഡിന്റേയും കെഎസ്‌ഐഡിസിയുടേയും ആഭിമുഖ്യത്തിൽ നവംബർ 2ന്‌ കൊച്ചിയിലും ജനുവരി 11ന്‌ കോഴിക്കോടും സംഘടിപ്പിച്ച സംരംഭകർക്കുള്ള സെമിനാർ ഇതിന്റെ ആദ്യപടിയായിരുന്നു. കൊച്ചിയിൽ 238 പേരും കോഴിക്കോട്‌ 210ഉം സംരംഭകർ പങ്കെടുക്കുകയുണ്ടായി. നാളികേരോൽപന്നങ്ങളെ സംരംഭകർക്ക്‌ പരിചയപ്പെടുത്തിക്കൊടുക്കുന്നതി
ന്റെയൊപ്പം തന്നെ ഈ ഉൽപന്നങ്ങൾക്ക്‌ വിപണി കണ്ടെത്തുന്നതിനുമുള്ള നാളികേര വികസന ബോർഡിന്റെ പദ്ധതികളെക്കുറിച്ചും സെമിനാറിൽ വിശദീകരിച്ചു.നാളികേരത്തിൽ നിന്നും ഉത്പാദിപ്പിക്കുന്ന വിവിധ മൂല്യവർദ്ധിതോൽപന്നങ്ങളിൽ നൂതന വിപണി പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഉൽപന്നങ്ങൾ പായ്ക്ക്‌ ചെയ്ത ഇളനീർ, നാളികേര ചിപിസ്‌, വെർജിൻ കോക്കനട്ട്‌ ഓയിൽ, തൂൾതേങ്ങ, നാളികേര പാൽ/ പാൽപൊടി/ക്രീം, ഉണ്ടക്കൊപ്ര, ശുദ്ധമായ വെളിച്ചെണ്ണ (ഭക്ഷ്യാവശ്യത്തിനും അല്ലാതെയും), പ്രകൃതിദത്ത വിനാഗിരി, കോക്കനട്ട്‌ ഐസ്ക്രീം എന്നിവയാണ്‌. പ്രസ്തുത ഉൽപന്നങ്ങൾക്കുള്ള നഗര പ്രദേശങ്ങളിലെ പ്രാദേശിക ഡിമാൻഡിനെ സംബന്ധിച്ചുള്ള പഠനമാണ്‌ അടുത്തപടി. ഇതിനായി വിവിധ നഗരങ്ങൾ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന മാനേജ്‌മന്റ്‌/ മാർക്കറ്റിംഗ്‌/ പരിശീലന സ്ഥാപനങ്ങളെ സമീപിച്ച്‌ വിപണിയെക്കുറിച്ച്‌ പഠിക്കുന്നതിനുള്ള നടപടികൾ ആവിഷ്ക്കരിച്ചുവരുന്നു. തിരഞ്ഞെടുത്ത സ്ഥലത്തിന്റെ പ്രത്യേകത, നിലവിലെ വിപണികൾ, നിലവിൽ വിപണനം ചെയ്യുന്ന നാളികേരോൽപന്നങ്ങൾ, അവയുടെ വില, നൂതന വിപണന പദ്ധതിയുടെ കീഴിൽ വിപണനം ചെയ്യാനുദ്ദേശിക്കുന്ന ഉൽപന്നങ്ങളെക്കുറിച്ച്‌ ഉപഭോക്താക്കൾക്കുള്ള അവബോധം, സ്വീകാര്യത, വില, ഗുണനിലവാരം, പായ്ക്കിംഗ്‌ എന്നിങ്ങനെയുള്ള അടിസ്ഥാന വിപണി വിവരങ്ങൾ ശേഖരിച്ച്‌ ഡിമാൻഡിനെക്കുറിച്ചൊരു സമ്പൂർണ്ണ അവലോകനമാണ്‌ ഈ പഠനത്തിന്റെ ലക്ഷ്യം.
2012-13 കാലഘട്ടത്തിൽ ലക്ഷ്യമിട്ടിരിക്കുന്ന നഗരങ്ങൾ മുംബൈ, ഡൽഹി, കൊൽക്കത്ത, ചെന്നൈ, ബാംഗ്ലൂർ, ഹൈദരാബാദ്‌, അഹമ്മദാബാദ്‌, പൂനെ, സൂറത്ത്‌ എന്നീ മഹാ നഗരങ്ങളാണ്‌. എന്നാൽ ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള എല്ലാ നഗരങ്ങളിലും പട്ടണങ്ങളിലും നാളികേരോൽപന്നങ്ങൾ എത്തിക്കുക എന്ന ബൃഹദ്‌ ലക്ഷ്യത്തിനനുസൃതമായി പ്രധാന നഗരങ്ങളിലൊക്കെ വിപണിയെക്കുറിച്ച്‌ ഒരു പഠനം ലക്ഷ്യമിട്ടിരിക്കുന്നു. ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള 18 പട്ടണങ്ങളാണ്‌ കേരളത്തിലുള്ളത്‌. കേരളത്തിൽ ഈ പട്ടണങ്ങൾ കേന്ദ്രീകരിച്ചാകും വിപണനം നടപ്പിലാക്കുക.
ഉത്പാദകരുടെ കൺസോർഷ്യം രൂപീകരിക്കുന്നതിനുള്ള പ്രാരംഭനടപടികൾ ആരംഭിച്ചുകഴിഞ്ഞു. ഉൽപന്നത്തിനനുസൃതമായിട്ടാണ്‌ ഉത്പാദക കൺസോർഷ്യം രൂപീകരിക്കുന്നത്‌. ഇതിലേക്കായി നാളികേര വികസന ബോർഡിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന നാളികേര ടെക്നോളജി മിഷൻ  എന്ന പദ്ധതിയുടെ കീഴിൽ സാമ്പത്തിക സഹായം ലഭിച്ചിട്ടുള്ള സംസ്ക്കരണയൂണിറ്റുകളുമായി കൺസോർഷ്യം എന്ന ആശയം പങ്കുവെയ്ക്കുന്നതിന്‌ നാളികേര വികസന ബോർഡ്‌ നടപടികൾ സ്വീകരിച്ചുവരുന്നു. ഇതിനെത്തുടർന്ന്‌ ബോർഡിന്റെ സാമ്പത്തിക സഹായത്തിന്റെ ആനുകൂല്യമില്ലാതെ പ്രവർത്തിക്കുന്ന യൂണിറ്റുകളെക്കൂടി ബന്ധപ്പെടുത്തി പ്രസ്തുത യൂണിറ്റുകളെ ഏകോപിപ്പിച്ച്‌ അഭിപ്രായസ്വരൂപണം നടത്താനാണ്‌ ലക്ഷ്യമിട്ടിരിക്കുന്നത്‌. കർണ്ണാടകത്തിൽ നിലവിൽ തുൾതേങ്ങ ഉത്പാദകരുടെ ഒരു അസ്സോസിയേഷൻ പ്രവർത്തിക്കുന്നു എന്നതുകൊണ്ടു തന്നെ കൺസോർ​‍്യഷ്യത്തിന്റെ രൂപീകരണത്തിനായുള്ള ആദ്യസമ്മേളനം തൂൾതേങ്ങ ഉത്പാദകരെ സംഘടിപ്പിച്ചുകൊണ്ട്‌ കർണ്ണാടകത്തിലാകും നടപ്പിലാക്കുക. കൺസോർ ഷ്യം രൂപീകരിച്ചാലുള്ള പ്രവർത്തനങ്ങളെ സംബന്ധിച്ച്‌ മാത്രമല്ല,  നൂതന വിപണി തന്ത്രങ്ങളിലൂടെ ഉരുത്തിരിയുന്ന വിപണി ആവശ്യകതയ്ക്കനുസരിച്ച്‌ നിലവിലെ യൂണിറ്റുകളുടെ സംസ്ക്കരണ ശേഷി ഉയർത്തുന്നതിനും പൂർണ്ണമായി ഉത്പാദനത്തിന്‌ വിനിയോഗിക്കുന്നതിനും കർമ്മപരിപാടിയുണ്ട്‌.
നാളികേര ചിപ്സിന്റെ നിർമ്മാണത്തിനായി നിലവിൽ തൂൾതേങ്ങ ഉത്പാദകരായ കെഎംആർ ഇൻഡസ്ട്രീസ്‌, മെയിലാടുതുറൈ നടപടികൾ എടുത്തുകഴിഞ്ഞു. ട്രയൽ റൺ കഴിഞ്ഞ്‌ പായ്ക്കിംഗും തെരഞ്ഞെടുത്ത്‌ കഴിഞ്ഞ്‌ ചിപ്സിന്‌ വിപണിയിൽ സ്വീകാര്യത കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ്‌ പ്രസ്തുത ഗ്രൂപ്പ്‌. മാത്രമല്ല തമിഴ്‌നാട്ടിൽ ഇളനീർ പന്തലുകൾ സ്ഥാപിക്കുന്നതിനും കർണ്ണാടകത്തിലെ മദ്ദൂറിലുള്ളതുപോലെ ഇളനീരിന്റെ വിപണനത്തിനായി പ്രത്യേകം പൊതുമാർക്കറ്റുകൾ രൂപീകരിക്കുന്നതിനും നാളികേര വികസനബോർഡും സംസ്ഥാന കൃഷി വകുപ്പും തമ്മിൽ ധാരണയായിട്ടുണ്ട്‌. ഇളനീരിനെ 2013 ന്റെ പാനീയമായി തമിഴ്‌നാട്‌ സർക്കാർ അംഗീകരിച്ചു കഴിഞ്ഞു.
കേരളത്തിൽ ഇളനീരിനെ ഔദ്യോഗിക പാനീയമായി പ്രഖ്യാപിച്ചതോടൊപ്പം തന്നെ നാളികേരത്തിൽ നിന്നുള്ള ഉൽപന്നങ്ങൾ നിർമ്മിക്കുന്ന യൂണിറ്റുകൾക്ക്‌ നാളികേര ബോർഡിന്റെ 25 ശതമാനം സബ്സിഡിക്കുപരിയായി സംസ്ഥാനസർക്കാരിന്റെ 25ശതമാനം സബ്സിഡി കൂടി അനുവദിക്കകുകയുണ്ടായി. കേരോൽപന്നങ്ങൾക്കായി സ്ഥാപിതമാകുന്ന കേരപാർക്ക്‌ കേരോൽപന്നങ്ങളുടെ നിർമ്മാണത്തിന്‌ പ്രചോദനമേകും, കെഎസ്‌ഐഡിസിയും നാളികേര വികസന ബോർഡും സംയുക്തമായി സംരംഭകരുടെ മീറ്റ്‌ സംഘടിപ്പിച്ചതിനും പ്രതീക്ഷിച്ചതിലേറെ പങ്കാളിത്തമുണ്ടായി. നാളികേര വികസന ബോർഡിന്റെ നൂതന വിപണനതന്ത്രങ്ങൾ സംബന്ധിച്ച്‌ ബോർഡിന്റെ സൈറ്റിൽ ഒരു ബ്ലോഗ്‌ ആരംഭിക്കുകയുണ്ടായി. താൽപര്യമുള്ളവർക്ക്‌ ബ്ലോഗിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്താവുന്നതാണ്‌.
നാളികേരോൽപന്നങ്ങളുടെ പ്രോത്സാഹനത്തിനായി ബോർഡിന്റെ മീഡിയ പ്ലാനിൽ പദ്ധതികൾ ആവിഷ്കരിച്ചുവരുന്നു.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ