23 Feb 2013

തെങ്ങ്‌ കൃഷി : പ്രശ്നങ്ങളും; സാദ്ധ്യതകളും


ജോബ്‌ സി. കൂടാലപ്പാട്‌

നാളികേര വികസന ബോർഡും മൂവാറ്റുപുഴ അക്ഷയ പുസ്തക നിധിയും സംയുക്തമായി സംഘടിപ്പിച്ച രചനാമത്സരത്തിൽ
പൊതുവിഭാഗത്തിൽ ഒന്നാംസ്ഥാനം നേടിയ ലേഖനം


മനുഷ്യവിഭവശേഷിയിലും പ്രകൃതിയുടെ വരപ്രസാദത്തിലും അനുഗൃഹീതമാണ്‌ കേരളം എങ്കിലും, വികസനത്തിന്റെ പാതയിലും കാർഷിക രംഗത്തും നാം അമ്പേ പിന്നിലാണ്‌. ഭാവനാദരിദ്രമായ നേതൃത്വവും അഴിമതി നിറഞ്ഞ ബ്യൂറോക്രസിയും സമരകുതുകികളായ യുവശക്തിയും വികസനത്തിന്റെ പിന്നോക്കാവസ്ഥയ്ക്ക്‌ കാരണക്കാരാണ്‌.
കൃഷി വികസനത്തിന്റെ അനേകം മേഖലകൾ കേരളത്തിന്റെ മുന്നിലുണ്ട്‌. കേരളത്തിലെവിടെയുമുള്ള ദയനീയ ദൃശ്യമാണ്‌ അനാഥമായ കൃഷിയിറക്കാത്ത പാടശേഖരങ്ങൾ. 'അരി ആന്ധ്രയിൽ നിന്നു വരും, പച്ചക്കറി പൊള്ളാച്ചിയിൽ നിന്നും വരും' എന്ന വികട ചിന്തയുമായി കഴിയുന്ന കേരളീയർ നെൽവയലുകൾ മുന്നിലുണ്ടെങ്കിലും കൃഷി ചെയ്യാൻ താൽപര്യമുള്ളവരല്ല.
കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമാണ്‌. ഉപ്പ്‌ തൊട്ട്‌ കർപ്പൂരം വരെയുള്ള വസ്തുക്കൾ അന്യസംസ്ഥാനങ്ങളിൽ നിന്നാണ്‌ നമ്മുടെ വിപണിയിൽ എത്തിച്ചേരുന്നത്‌. ഇത്‌ കേരളത്തിൽ നിന്ന്‌ കോടിക്കണക്കിനുള്ള രൂപ അന്യസംസ്ഥാനങ്ങളിലേക്ക്‌ ഒഴുകിപ്പോകുന്നതിന്‌ കാരണമാകുന്നു. നമ്മുടെ സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക്‌ ഏറെ ദോഷം ചെയ്യുന്ന വസ്തുതയാണിത്‌.
പ്രകൃതി വിഭവങ്ങൾ ഏറെയുണ്ടായിട്ടും നമുക്കാവശ്യമായ വസ്തുക്കൾ ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നില്ല. അസംസ്കൃത വസ്തുക്കൾ തുച്ഛമായ വിലയ്ക്ക്‌ അന്യസംസ്ഥാനത്തേക്ക്‌ കടത്തിക്കൊണ്ടുപോയശേഷം ഉൽപന്നങ്ങളായി അവ നമ്മുടെ വിപണിയിൽ തന്നെ തിരിച്ചു വരുന്നു. അതോടെ ഇവിടെ നിന്നുള്ള പണം അന്യസംസ്ഥാനങ്ങളിലേക്ക്‌ പോകുന്നു. ചുരുക്കത്തിൽ നമ്മുടെ പണവും അസംസ്കൃത വസ്തുക്കളും ഉപയോഗിച്ച്‌ അന്യസംസ്ഥാനങ്ങൾ വ്യവസായം വളർത്തുകയും വികസിപ്പിക്കുകയും ചെയ്യുന്നു. നമ്മുടെ വികസനം മുരടിച്ച്‌ സാമ്പത്തികമായി പിന്നോട്ട്‌ പോകുകയും ചെയ്യുന്നു.
വികസിത രാജ്യങ്ങൾ ഉൾപ്പെടെ എല്ലാ രാജ്യങ്ങളിലും തൊഴിലില്ലായ്മ ഏറ്റക്കുറച്ചിലുകളോടെ നിലനിൽക്കുന്നുണ്ട്‌. എന്നാൽ, തൊഴിലില്ലായ്മ അതിന്റെ ഏറ്റവും ബീഭത്സമായ രൂപത്തിൽ പ്രകടമായിരിക്കുന്നത്‌ ഇന്ത്യയിലാണ്‌. ഇന്ത്യയുടെ ദാരിദ്ര്യാവസ്ഥയുടെ പ്രധാനകാരണങ്ങളിലൊന്ന്‌ തൊഴിലില്ലായ്മയാണ്‌. അഭ്യസ്തവിദ്യരായ മക്കളെപ്പോറ്റുവാൻ വാർദ്ധക്യത്തിലും പണിയെടുക്കേണ്ട ഗതികേടാണ്‌ ഇന്ത്യയിലെ മാതാപിതാക്കൾക്കുള്ളത്‌. അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായി തങ്ങളെ പഠിപ്പിച്ച്‌ വലിയവരാക്കിയ മാതാപിതാക്കൾക്കും കുടുംബത്തിനും ഭാരമായി കഴിയേണ്ടി വരുന്ന യുവാക്കൾ ആത്മഹത്യയുടെ വക്കിലാണ്‌.
കാർഷികാനുബന്ധവ്യവസായങ്ങൾ വളർത്തുവാനും അതിനാവശ്യമായ വിജ്ഞാനം നൽകും വിധത്തിൽ, വിദ്യാഭ്യാസ സമ്പ്രദായം പരിഷ്ക്കരിക്കുവാനും കഴിഞ്ഞിരുന്നുവേങ്കിൽ തൊഴിലില്ലായ്മ ഇത്രയും രൂക്ഷമാവുകയില്ലായിരുന്നു. ഇന്ത്യക്കാരന്റെ അടിസ്ഥാന തൊഴിലായ 'കൃഷി' അക്ഷരം പഠിച്ചവന്‌ കഷായമായതാണ്‌ നമുക്ക്‌ പറ്റിയ ഗതികേട്‌. കാർഷികവൃത്തിയെ സ്നേഹിക്കാനും അതിനെ ആധുനിക ജീവിതശൈലിയുമായി പൊരുത്തപ്പെടുത്തുവാനും ഉതകും വിധത്തിലുള്ള വിദ്യാഭ്യാസ സമ്പ്രദായമായിരുന്നു ഇന്ത്യയ്ക്ക്‌ വേണ്ടിയിരുന്നത്‌. ദൗർഭാഗ്യവശാൽ അതുണ്ടായില്ലെന്ന്‌ മാത്രമല്ല, അവനവന്റെ മണ്ണിനേക്കാൾ സായിപ്പിന്റെ പത്രാസിനെ നമ്മൾ ഇഷ്ടപ്പെടുകയും ചെയ്യുന്നു.
പഞ്ചവത്സര പദ്ധതികൾ പലത്ത്‌ കഴിഞ്ഞിട്ടും തൊഴിലില്ലായ്മ കുറയ്ക്കുന്നതിൽ നാം പരാജയപ്പെട്ടു. എന്നുമാത്രമല്ല 1951 ൽ 2.44 ലക്ഷം അഭ്യസ്തവിദ്യർ തൊഴിലില്ലാത്തവരായി ഉണ്ടായിരുന്നത്‌ 1972 ആയപ്പോഴേക്കും 32.78 ലക്ഷമായി പെരുകുകയും ചെയ്തു. തൊഴിലിനോടുള്ള നമ്മുടെ സമീപനത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്‌. വെള്ളക്കോളർ ഉദ്യോഗം ഒഴിച്ചുള്ള തൊഴിലിനോട്‌ നമ്മൾ പുലർത്തുന്ന അവജ്ഞ ഒരിക്കലും ന്യായീകരിക്കാനാവില്ല. ഏതു തൊഴിലിനും അതിന്റേതായ മാന്യതയുണ്ട്‌. ദൈവവിശ്വാസം കഴിഞ്ഞാൽ ആവശ്യമുള്ളത്‌ തൊഴിലിനോടുള്ള വിശ്വാസമാണെന്ന്‌ ആരോ പറഞ്ഞത്‌ ഈ അവസരത്തിൽ സ്മരണീയമാണ്‌.
കൃഷിക്ക്‌ തൊഴിലാളികളെ കിട്ടാനില്ലെന്നുള്ളത്‌ ഒരു യാഥാർത്ഥ്യമാണെന്ന്‌ നമുക്കൊക്കെ അറിയാം. ഈ സാഹചര്യത്തിൽ കഴിയുന്നതും കൃഷി യന്ത്രവൽക്കൃതമാക്കാൻ ശ്രദ്ധിക്കണം. ഇന്ന്‌ കൃഷിയുടെ ഏത്‌ ഘട്ടത്തിലും യന്ത്രങ്ങളെ ആശ്രയിക്കാം. നിലമൊരുക്കി ഉഴവുനടത്തുന്നതുമുതൽ കറ്റ മെതിച്ച്‌ നെല്ല്‌ അരിയാക്കുന്നതുവരെ ഇന്ന്‌ യന്ത്രങ്ങൾ ചെയ്യുന്നുണ്ട്‌. കർഷകരെ ചെറിയ യൂണിറ്റുകളായി തരംതിരിച്ച്‌ കാർഷിക വൃത്തിയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാം.
നാളികേര വികസനത്തിലും ശ്രദ്ധ പതിപ്പിക്കണം. നാളികേരത്തിന്റെ ആഭ്യന്തര- വിദേശ ഉപഭോഗം പ്രതിവർഷം വർദ്ധിച്ചു വരികയാണ്‌. നാളികേരകൃഷിക്ക്‌ ഉപയുക്തമായ എല്ലാ സ്ഥലങ്ങളും അതിന്‌ ഉപയോഗപ്പെടുത്തണം. വികസനം അല്ലെങ്കിൽ സർവ്വനാശം എന്നതാകട്ടെ കേരളീയരുടെ മുദ്രാവാക്യം.  കക്ഷി രാഷ്ട്രീയത്തിന്റെ സങ്കുചിത ചിന്തകളിൽ നിന്നും മോചനം നേടി ഒത്തൊരുമിച്ചു പ്രവർത്തിച്ചാൽ, ഇന്നും കേരളത്തിന്‌ വികസനത്തിൽ അത്ഭുതം സൃഷ്ടിക്കാൻ സാധിക്കും. അതിന്‌ ഉരുക്കുപോലുള്ള ഇച്ഛാശക്തിയും ഭാവനയും ആവശ്യമാണ്‌.  അതുണ്ടായാലേ കേരളം രക്ഷപ്പെടൂ.
നാണ്യവിളകളുടെ നാടാണ്‌ കേരളം. കേരളത്തിലെ മുഖ്യനാണ്യവിളകൾ നാളികേരം, റബ്ബർ, കാപ്പി, തേയില, ഏലം, കുരുമുളക്‌, കശുവണ്ടി, അടയ്ക്ക എന്നിവയാണ്‌. ഇന്ത്യയിൽ 92 ശതമാനം റബ്ബറും 72 ശതമാനം നാളികേരവും കേരളത്തിലാണ്‌ ഉത്പാദിപ്പിക്കപ്പെടുന്നത്‌. കാപ്പി 6,000 ടണ്ണും, തേയില 68,000 ടണ്ണും കുരുമുളക്‌ 64,000 ടണ്ണുമാണ്‌ ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നത്‌.
കേരളത്തിലെ കാർഷികമേഖല ഇന്ന്‌ നാഥനില്ലാത്ത കുടുംബം പോലെയായിരിക്കുന്നു. ഉള്ളകർഷകർ അസംതൃപ്തരാണ്‌. ഇവിടെ ഉത്പാദിപ്പിക്കുന്ന നാണ്യവിളകൾക്ക്‌ ന്യായമായ വില ലഭിക്കുന്നില്ല. അതു കൊണ്ട്‌ തന്നെ പലരും ആത്മഹത്യ ചെയ്യുന്നു. കൃഷിസ്ഥലങ്ങളിൽ പലതിലും മണിമാളികകൾ നിർമ്മിക്കുന്നു. ആളുകൾ ഭീകരവാദത്തിലേക്ക്‌ തിരിയുന്നു.  കർഷകരെ ഉദ്ധരിക്കേണ്ടവർ തന്നെ കോടിക്കണക്കിന്‌ രൂപയുടെ അഴിമതികൾ നടത്തി ഇരുമ്പഴികളിലേക്ക്‌ പോകുന്നു. വൃദ്ധജനങ്ങൾ പെരുകുന്നു. തൊഴിൽ ചെയ്യുവാനുള്ള യുവജനങ്ങൾ വെള്ളക്കോളർ ജോലിയിലേക്ക്‌ പോകുന്നു.ഇവിടെയുള്ളവർ സ്ത്രീ പിഡനം നടത്തിയും മാലപൊട്ടിച്ചും മറ്റും വിധ്വംസക പ്രവർത്തനങ്ങൾ നടത്തിയും ജീവിതം പരമാനന്ദമാക്കുന്നു. അടിയന്തിരമായി എന്തെങ്കിലും നടത്തിയില്ലെങ്കിൽ അടുത്ത തലമുറ തെങ്ങ്‌ എന്ന കൽപവൃക്ഷം ഇവിടെ കൃഷി ചെയ്തിരുന്നുവേന്ന്‌ വിശ്വസിക്കുവാൻ പ്രയാസപ്പെടും. അതോടൊപ്പം കേരം കൂട്ടിയുള്ള കേരളം എന്ന പേരും അപ്രത്യക്ഷമാകും. അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്ന്‌ പ്രാർത്ഥിക്കുന്നു.


'നടക്കുന്ന കമ്പ്യൂട്ടർ', പാലാട്ടിൽ വീട്‌, കൂവപ്പടി പി.ഒ., പെരുമ്പാവൂർ വഴി, പിൻ - 683544

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...