നമ്മള്‍


എം എന്‍ പ്രസന്നകുമാര്‍ 

ഇവിടെയീപ്പകലില്‍ ഞാനൊറ്റയല്ലെന്നു
ചിലനേരമെങ്കിലും കാറ്റു ചൊല്ലും 
ഇവിടെയീയിരവില്‍ ഞാനൊറ്റയല്ലെന്നു 
ചില നേരമെങ്കിലും ,ഈ ഗന്ധമോതും .
ആലിലത്താലിയായെന്റെ ഹൃത്തില്‍ 
മൃദുല നൊമ്പരം വിരിയിച്ച നേരം 
ഒരു നിലാക്കുളിരുപോലെന്റെയുള്ളില്‍ 
നെറുകയില്‍ പെരുവിരല്‍ തൊട്ട നേരം .
മിഴിയില്‍ നിന്നകലാതെ,ചിരിയൊട്ടുമലിയാതെ
ഇഴ പട്ടു പോകാതെ യാത്ര ചെയ്തൂ നാം 
ഈ വലം തോളിലാ മൃദുലമാം വിരല്‍ പകുത്ത 
ഇളം ചൂടിലഴലലിഞ്ഞൊന്നിച്ചു നാം .
പകലിലേകാന്ത നിമിഷങ്ങളെന്നോടു
ചകിതമാവാന്‍ കുറുമ്പൊരുക്കീടിലും 
പതിയെ നിന്‍ ശ്വാസതാളങ്ങളാല്‍,കാതില്‍ 
നിറയുന്ന സൗഖ്യമെന്‍ മിഴി വിടര്‍ത്തും 
ഈ മണല്‍ത്തരിയിലെന്‍ പദയാത്രയില്‍ 
നീറുന്ന പരിഭവച്ചിന്തു കേള്‍ക്കാം 
പുഴയോടു ചൊല്ലേണ്ട കാര്യമാവാം 
പതിയെയെന്‍ കാതില്‍ ഇവര്‍ തരുന്നൂ.
ഹൃദയരേണുക്കളാലലസമായ് നാം 
ജീവിതച്ചുവരില്‍ വരച്ചിട്ട പ്രണയ ചിത്രം 
ഏകാന്ത വേളയിലെന്നുടല്‍ ചേര്‍ന്നു
മധുരതരമെന്നിലേക്കലിയുന്ന പോല്‍ 
ഒരു നൊമ്പരം അമൃതായി വിങ്ങി വിങ്ങി
മടിയിലെ പിഞ്ചിലേക്കൊഴുകാന്‍ തിടുങ്ങുമ്പൊള്‍ 
അരികിലിക്കാതിലായമരുന്ന മധുമൊഴി,
സ്മൃതിച്ചെപ്പുമായ് മൃദുലം തലോടി നില്‍ക്കും 
ഒരുമിച്ചു തുഴയുന്ന ജീവിതത്തോണിയി -
ലിക്കണ്ണില്‍ ചിരമിളമുറ മാത്രമാവോരും 
അവരിലേക്കമരുമെന്‍ കരതലോം 
അരികില്‍ നീയായ് മരുവുന്നു പ്രിയതേ!
കൂടൊഴിഞ്ഞകലുവാന്‍ സമയമായെന്നു
കരള്‍ പകുത്തെന്നോടു ചൊല്ലാതെ ചൊല്ലി നീ
നീര്‍മണിത്തുള്ളിയില്‍ നോവു ചാലിച്ചു,
വിധിയിട്ടൊരകലത്തെ ഞാന്‍ മറച്ചൂ.
ഇനിയെത്ര ദൂരമെന്‍ യാത്രയെങ്കിലും 
നീയിഴുകി സാന്ദ്രമായൊരെന്നോര്‍മ്മയും 
നിന്റെ ഗന്ധം ചുമക്കുമിക്കാറ്റുമിക്കുളിരും 
എന്നില്‍ നീയെന്നതകലാതെ നമ്മളാകും

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?