23 Feb 2013

ചീട്ടുകളി

അനിമേഷ്  സേവിയര്‍ 
ജില്ലാ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് പെട്ടെന്നായിരുന്നു.
തലേന്നു രാത്രി അതിനുള്ള ഒരു ലാഞ്ചനയും കണ്ടില്ല. അതുകൊണ്ട് തന്നെ ഹര്‍ത്താല്‍ ദ്രാവകം വാങ്ങാനോ ഇറച്ചിയും മീനും വാങ്ങി അതിനു കൊഴുപ്പെകുവാനോ ഞങ്ങളുടെ നാട്ടിന്‍ പുറത്തെ പലര്‍ക്കും കഴിഞ്ഞില്ല. ജോലിയ്ക്ക് പുറപ്പെടുകയും ബസില്ലെന്നറിഞ്ഞു കവലയില്‍ കൂടി നില്‍ക്കുകയും ഒരുങ്ങാന്‍ സമയം തരാത്ത ഹര്‍ത്താല്‍ ആഹ്വാനികളെ മനസ്സില്‍ തെറി പറഞ്ഞൊതുക്കുകയും ചെയ്യുന്നതിനിടയിലാണ് ഒരുത്തന്‍ പ്രസ്ഥാവനയിറക്കിയത്.
“മ്മക്ക് രണ്ടു റൌണ്ട് റമ്മി ഇരുന്നാലോ? ഒരു അമ്പതിന്റെ കൈ വച്ച് ഇരിക്കാം. എട്ടു പേരുണ്ട്.ഒരു ഫുള്ളിനുള്ള കാശ്.”
വല്യ കുഴപ്പമില്ലാത്ത നിര്‌ദ്ദെശമായതിനാലും വേറെ പ്രത്യേക പരിപാടികള്‍ നടക്കാന്‍ വഴിയില്ലാത്തതിനാലും എല്ലാവരും സമ്മതിച്ചു. പ്രകാശന്റെ പലചരക്കു കടയുടെ വരാന്തയില്‍ കളി തുടങ്ങി. കുറച്ചു കാഴ്ചക്കാരായി.. ആവേശപൂര്‍വ്വം കളി നീങ്ങി. പെട്ടെന്നാണ് പാറപ്പുറത്ത് ചിരട്ട ഉരയ്ക്കുന്ന പോലെ ഒരു ശബ്ദം മുഴങ്ങിയത്.
“ആരും ഓടരുത്.. ചീട്ടുകളി പിടിച്ചിരിക്കുന്നു.”
ശബ്ദത്തിന്റെ ഉടമയെ കണ്ട് എല്ലാവരും ഞെട്ടിത്തരിച്ചു പോയി. ഹെഡ് കൊന്‍സ്ട്ടബിള്‍ ആന്റണി. ഹര്‍ത്താലിന് സ്റ്റെഷനിലെയ്ക്കെത്താന്‍ സൈക്കിളിലാണ് വരവ്. സാധാരണ സെന്റ്‌ ജോണ് ബസില്‍ ഓസാണ് പതിവ്.
“ഹും.. കാശ് വച്ച് ചീട്ടു കളി.. അതും എന്റെ മുന്നില്‍.. നടന്നോ, എല്ലാവരും സ്റ്റെഷനിലെയ്ക്ക്..” പോലീസുകാരന്‍ മൊബൈലെടുത്തു. എസൈയെ വിളിക്കാന്‍.
“എന്റെ പോന്നു സാറേ, വെറുതെ ഒരു നേരം പോക്കിന് ഇരുന്നതാ. കാശ് വച്ചിട്ടുള്ള കളിയൊന്നുമല്ല.”
“സാറേ, ഞാന്‍ വാട്ടര്‍ അതോരിട്ടിയിലെ,… ബസു കിട്ടാണ്ടായപ്പോ ചുമ്മാ രസത്തിനു ഒന്നിരുന്നതാ..”
“വീട്ടിലറിഞ്ഞാല്‍, ഞാന്‍ ആത്മഹത്യ ചെയ്യെ ഉള്ളൂ”
തുടങ്ങിയ വിലാപങ്ങളില്‍ ആന്റണിപ്പോലീസിന്റെ മനസ്സ് ഒന്നലിഞ്ഞു എന്ന് കണ്ടപ്പോ രമേശന്‍ സംഭവം ഏറ്റെടുത്തു.
“സാറ് ഇവരെയൊക്കെ അറിയണതല്ലേ? ഞങ്ങളൊക്കെ അത്തരക്കാരാണോ?”
“അല്ല, എന്നാലും”
“അതൊക്കെ വിട് സാറേ, സാറ് വേണേല്‍ എന്റെ കയ്യില്‍ ഇരുന്നോ, ഞാന്‍ വീട്ടീ പോവാ”
“ഏയ്‌, എനിക്ക് സ്റ്റേഷനീ പോണം”
“ഉവ്വ, അവിടെ സാറ് ചെന്നിട്ടു വേണം മല മറിക്കാന്‍, സാറ് ഈ കയ്യങ്ങോട്ടു വാങ്ങിച്ചേ.”
പോലീസുകാരന്‍ രമേഷിന്റെ കൈ ഒന്ന് പാളി നോക്കി. ലൈഫ്, സെക്കണ്ട്, ഒരു ജോക്കര്‍, ചാന്‍സ്..ആഹ.
വേണ്ട എന്ന ഭാവം മുഖത്ത്‌ വരുത്തി, ചീട്ടു ഏറ്റു വാങ്ങി. തൊപ്പിയൂരി ചുവരിലെ ആണിയില്‍ തൂക്കി പോലീസുകാരന്‍ കളിയില്‍ ചേര്‍ന്നു. രണ്ടു റൌണ്ട് പോയി വന്നപ്പോലെയ്ക്കും ഗെഡി കമഴ്ത്തി. രണ്ടു പേര്‍ ഔട്ട്‌. മൂന്നു പേര് നിര്‍ബന്ധമായും കളിക്കേണ്ട അവസ്ഥയില്‍ എത്തി നില്‍ക്കുന്നു. താന്‍ ലീസ്റ്റ് പോയന്റില്‍ ആണെന്ന് കണ്ടു മനസ്സിലെ സന്തോഷം ഒതുക്കി വച്ച് പോലീസുകാരന്‍ ചോദിച്ചു.
“എത്രയ്ക്കാടാ കളി?”
“അമ്പത് രൂപെയുള്ളൂ”
“വല്ല പത്തിരുന്നൂറ്റംപതിനും കളിചൂടാര്‍ന്നില്ലെടോ? ഇത് ഒരു മാതിരി പിള്ളേര്‍, മിട്ടായിക്ക് കളിക്കുന്ന പോലെ”
“അല്ല അതിനു ഞങ്ങള്‍..”
“സാരല്ല്യ, അമ്പതെങ്കില്‍ അമ്പത് .. മൊത്തം മുന്നൂറ്റമ്പത്.. ഹും. ചീട്ടിറക്ക്”
ചീട്ടു വന്നു, ഒരു രക്ഷയുമില്ല. സ്കൂട്ട്‌ ചെയ്യാന്‍ മനസിലുറ പ്പിക്കുമ്പോള്‍ രണ്ടാമതിരിക്കുന്നവന്‍ ഒരു ചീട്ടു വലിച്ചെടുത്തു ഒറ്റ കമഴ്ത്ത്! ഓപ്പന്‍ റമ്മി.. പോലീസുകാരനടക്കം നാല് പേര്‍ ഔട്ട്‌! കാണികളുടെ ആരവത്തിനിടയില്‍നിന്നു അന്റണിപ്പോലീസ് ചമ്മിയ മുഖവുമായി എണീറ്റു.
തൊപ്പിയെടുത്ത് തലയില്‍ ഫിറ്റ് ചെയ്തു, തൊണ്ട ഒന്ന് ശരിയാക്കി
എന്നിട്ട് പാറപ്പുറത്ത് വീണ്ടും ചിരട്ടയുരച്ചു..
“ആരും ഓടരുത്..
ചീട്ടുകളി വീണ്ടും പിടിച്ചിരിക്കുന്നു!”


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...