23 Feb 2013

എം.കെ.ഹരികുമാര്‍ വിമര്‍ശിക്കപ്പെടുന്നു


കെ.എം.രാധ(രാധ കിഴക്കേമഠം)
                

മലയാളസാഹിത്യം ഉപജാപകസംഘങ്ങളുടെ,അക്ഷരത്തെറ്റു ആഘോഷമാക്കുന്നവരുടെ,പേരിന്റെ സവിശേഷതയില്‍ സമ്മാനം  കരസ്ഥമാക്കുന്നവരുടെ,കൃതികള്‍ ഒരിക്കല്‍പോലും വായിക്കാതെ സൗമ്യമധുരപ്രകീര്‍ത്തനങ്ങളാല്‍ പുരസ്കാരങ്ങളും പാഠപുസ്തകങ്ങളില്‍ ഇടം നേടാന്‍ ഭാഗ്യം ലഭിച്ചവരുടെ വിഹാരരംഗം!.അവാര്‍ഡിന്‍റെ അളവുകോല്‍ വ്യക്തി –സുഹൃത്ബന്ധങ്ങള്‍, രാഷ്ട്രീയം,ന്യൂനപക്ഷ-ഭൂരിപക്ഷ പ്രീണനം,അഭ്യുദയാകാംക്ഷികള്‍ പിരിവെടുത്ത് ലാഭ –നഷ്ടങ്ങള്‍ കണക്കാക്കി ലാഭത്തില്‍ മാത്രം കലാശിക്കുന്ന പരസ്പര പൂരകങ്ങളായപുരസ്കാര  കണ്‍കെട്ടു വിദ്യകള്‍,കാര്‍ഡിയാക് അറസ്റ്റ്‌ ,മാറാരോഗങ്ങളുടെ തടവറ,കുഞ്ഞു നാളുകളില്‍ തുടങ്ങി വിടാതെ ജീവിതാന്ത്യംവരെ പിന്തുടരുന്ന അസുഖങ്ങള്‍ തുടങ്ങിയ രോഗനമ്പറുകള്‍, പത്രമാധ്യമങ്ങള്‍-ചാനല്‍ പ്രതിഭകള്‍ തമ്മില്‍ ആദാന-പ്രദാനതന്ത്രങ്ങള്‍, പ്രശസ്തരുടെ പ്രായം പരിഗണിച്ച് ലഭിക്കാത്ത അവാര്‍ഡുകളുടെ കണക്കെടുപ്പിനു ശേഷം പരമ്പരാഗതരീതികളവലംബിച്ചു കേന്ദ്ര-സംസ്ഥാന സമ്മാനവീതം വെപ്പ്..........

                               അങ്ങനെ വിവിധ കാലാവസ്ഥകളില്‍ മലയാളസാഹിത്യം മൂക്ക് പൊത്തും മാലിന്യ കൂമ്പാരങ്ങളാല്‍ നശിക്കുമ്പോള്‍ പുകഴ്ത്തലല്ലാതെ ഇകഴത്തല്‍ വെറ്‌ുക്കുക സ്വാഭാവികം .സമകാലിക രാഷ്ട്രീയത്തില്‍ സംഭവിക്കുന്ന തല്ലും, ,വെട്ടും,കുത്തും  തള്ളും,തലോടലും ,ചവിട്ടു നാടകവും,ഘടകകക്ഷികളോടുള്ള അവഗണനയും,കൂറുമാറ്റവും,ബഹിഷ്കരണവും മലയാളസാഹിത്യത്തിലും സജീവം. ഫലം....രാഷ്ട്രീയമീമാംസയില്‍(പുതുതലമുറ മുന്‍പേ കൊടുത്ത വാക്കിന്റെ അര്‍ത്ഥം ശബ്ദതാരാവലി നോക്കി കണ്ടെത്തുക.)ചാണക്യനീതിശാസ്ത്രം വിജയിക്കും പോലെ കപട രചനകള്‍ പൊതുസമൂഹത്തിനു മുന്‍പില്‍ വലിയ ഒച്ചപ്പാടും ,പരിഗണനയും തത്കര്ത്താക്കള്‍ക്ക് പദവികളും ബഹുമാനവും  സുലഭമായി ലഭിക്കുന്നു,    ഫലം, ശക്തവും,തീഷ്ണവുമായ ജീവിത നേര്കാഴ്ച്ചാചിത്രങ്ങള്‍ഇരുട്ടിലേക്ക്   എന്നന്നേക്കുമായി തള്ളപ്പെടുന്നു.
                 വിശ്വമലയാള മഹോത്സവത്തിന്‍റെ ഭാഗമായി തലസ്ഥാനത്ത് സ്റ്റാചൂ ജങ്ങ്ഷനു സമീപം  പ്രമുഖ ചരിത്രാഖ്യായികാകര്‍ത്താവ്‌ സി.വി. രാമന്‍പിള്ളയുടെ പ്രതിമക്കു പകരം നോബെയില്‍ സമ്മാനജേതാവ് സി.വി.രാമന്‍റെ പ്രതിമ,മുപ്പത്തേഴു വയസ്സില്‍ അന്തരിച്ച ചങ്ങമ്പുഴ കൃഷ്ണപിള്ളക്ക് പകരം ഒരു വൃദ്ധന്റെ പ്രതിമ സ്ഥാപിച്ചവര്‍ക്കും,പുതുതലമുറക്കും മലയാളസാഹിത്യചരിത്രമോ, മുന്‍പേ പോയ പ്രതിഭാശാലികളുടെ ചിത്രം പോലും കണ്ടാല്‍ മനസ്സിലാവില്ലെന്ന് വ്യക്തം. സി.വി.രാമന്‍പിള്ളയുടെ  ‘’മാര്‍ത്താണ്ധവര്‍മ്മ, ധര്‍മരാജ,രാമരാജബഹദൂര്‍ ,പ്രേമാമൃതം വായിച്ചവര്‍,അല്ല ആ പുസ്തകതാളുകള്‍  ഒന്ന് മറിച്ചു നോക്കിയ വ്യക്തിക്ക് രൂപം പോലെ തന്നെ ഗാംഭീര്യമുള്ള രചനകളാണ്‌ സി.വിയുടെതെന്നു  ഗ്രഹിക്കാനാവും.വിശ്വമലയാള മാമാങ്കമഹോത്സവകമ്മറ്റിക്കാര്‍ സി.വി.യുടെ പ്രതിമക്കു  താഴെ രേഖപെടുത്തിയ ജീവചരിത്രകുറിപ്പിലെ അബദ്ധവാക്യങ്ങള്‍  കാണുന്ന  ഏത് മലയാളിയുടെയും ശിരസ്സ്‌  ലജ്ജാപമാനം കൊണ്ട് കുനിയും ! തീര്ച്ച. കേന്ദ്ര-സംസ്ഥാന അവാര്‍ഡു കമ്മറ്റിക്കാരും,മറ്റു വന്‍കിട-ചെറുകിട പുരസ്കാര ദാനശീലരും കൃതികള്‍ ഒറ്റ തവണ പോലും വായിക്കതെ സമ്മാനം നല്‍കുന്നു എന്ന ആക്ഷേപം ശരിയോ തെറ്റോ എന്ന് അന്വേഷിക്കുന്നവര്‍ക്ക് മറുപടിയുണ്ട് .കൃതികളിലെ ഏതെങ്കിലും കഥാപാത്രചിത്രീകരണം,സംഭവമുഹൂര്‍ത്തങ്ങള്‍ കമ്മറ്റിക്കാരോട് ചോദിക്കൂ..അപ്പോള്‍ മനസ്സിലാവും കാര്യങ്ങളുടെ സത്യസ്ഥിതി.
            ഇത്രയും കാര്യങ്ങള്‍ എഴുതാന്‍ പ്രേരണ ചില മലയാള പ്രസിദ്ധീകരണങ്ങളില്‍ നിരൂപകന്‍ എം.കെ.ഹരികുമാറിന് നേരെ ഒളിഞ്ഞും തെളിഞ്ഞും എയ്യുന്ന കൂരമ്പുകള്‍ ശ്രദ്ധയില്‍പെട്ടതുകൊണ്ട്!എം.കെ.ഹരികുമാറിന്റെ ജന്മസ്ഥലം,വിദ്യാഭ്യാസം,തൊഴില്‍,ഒന്നും തന്നെ അറിയില്ല.പക്ഷേ,അദ്ദേഹം ,കലാകൌമുദിയില്‍എഴുതുന്ന ‘’അക്ഷരജാലകം.’’വല്ലപ്പോഴും വായിക്കാറുണ്ട്.കുട്ടികൃഷ്ണമാരാരുടെ ‘’ഭാരതപര്യടനം,മലയാളശൈലിയില്‍ തുടങ്ങി എം.പി.പോള്‍,മുണ്ടശ്ശേരി, എന്റെ ഗുരുനാഥന്‍ സുകുമാര്‍ അഴീക്കോടിന്റെ രചനകള്‍ വരെ പൂര്‍ണമായും എം.കൃഷ്ണന്‍നായര്‍,എം.തോമസ്മാത്യൂ ,ആഷാമേനോന്‍,എം.ലീലാവതി,എം.കെ.സാനു ,എം.പി.അപ്പന്‍.വി.സി ശ്രീജന്‍, എം.കെ.ഹരികുമാര്‍ ,എം.എം.ബഷീര്‍,ബാലചന്ദ്രന്‍ വടക്കേടത്ത്,ഇ.പി.രാജഗോപാലന്‍ ന്നിവരുടെ രചനകള്‍ ഭാഗികമായും വായനയുടെ അറിയപ്പെടാത്ത തലങ്ങളില്‍ പ്രകാശം വിതറിയിട്ടുണ്ട്. ഇന്നത്തെ ‘’മുഖം നോക്കി കൃതികളുടെ മൂല്യം ഗണിക്കുന്ന’’ രീതിയില്‍ നിന്ന് തികച്ചും വ്യത്യസ്തമായി എം.കെ.ഹരികുമാര്‍ കഥ,കവിത,ലേഖനങ്ങള്‍ക്ക് നിഷ്പക്ഷനിരൂപണം നടത്തുന്നത് മലയാളഭാഷാസാഹിത്യത്തിനു പുത്തന്‍ഉണര്‍വും ഓജസ്സും നല്‍കും.  തീര്‍ച്ച. മുപ്പത് വര്‍ഷത്തെ ഇടവേളക്ക് ശേഷം ,വായനയുടെ ,അനുഭവത്തിന്റെ കൈത്തിരി നാളവുമായി കഥയെഴുത്തിലേക്ക് മടങ്ങിയ അദ്ധ്യാപികക്ക് ഇന്നും എന്ത് വായിച്ചാലും(സ്വന്തം രചനകളടക്കം)മാര്‍ക്കിടുന്ന പതിവുണ്ട്. ഈയിടെ ഹരികുമാറിന്റെ ‘’അക്ഷരജാലകത്തിനും സാഹിത്യ അക്കാദമി കൊടുത്ത പുരസ്കാരനോവലിനും (ഏതാണ്ട് 198 പേജുകള്‍) മാര്‍ക്ക് നല്‍കി..(ഹരികുമാറിനു 6,നോവലിന് കഷ്ടി 4,’)’എന്‍റെ,ഞാന്‍’’-ഇങ്ങനെ അനേകവട്ടം പേര്‍ത്തും പേര്‍ത്തും വാരി വിതറിയ കൃതിയില്‍ തൊട്ടടുത്ത്‌ മണലാരണ്യമുണ്ടായിട്ടും അതൊന്ന് കാണാന്‍ പോലും മിനക്കെടാതെ കൃതി എഴുതപെട്ടതെന്നു മനസ്സിലാക്കിയപ്പോള്‍ അദ്ഭുതം! അധികപറ്റെന്നു തോന്നിയവ വെട്ടി മാറ്റിയപ്പോള്‍ കനം കുറഞ്ഞ് പുസ്തകം 100 താളുകളായി മാറി..ഇവിടെയാണ് ഹരികുമാറിനെപോലുള്ള നിരൂപകരുടെ പ്രസക്തി.

                  ‘’എഴുത്തുകാര്‍ക്കിടയില്‍ പ്രത്യേകിച്ച് സിദ്ധികളോന്നുമില്ലത്ത ഒരു കൂട്ടരാണ് നിരൂപകരെന്ന കാര്യത്തില്‍ കവികള്‍ക്കോ, കഥാകൃത്തുകള്‍ക്കോ സംശയമില്ല”’ ഒരു ദേശീയദിനപത്രത്തിലെ ‘’കേട്ടതും കേള്‍ക്കേണ്ടതും ‘’പംക്തിയില്‍ കണ്ട വാക്കുകള്‍ എന്നെ അദ്ഭുതപ്പെടുത്തി.(അങ്ങനെ ഒരു അഭിപ്രായം എനിക്കില്ല)എത്ര തെറ്റായ ധാരണയാണ് ആ മാന്യവ്യക്തി പുലര്‍ത്തുന്നത്.2012 ജൂലായ്‌ മാസത്തില്‍ അസമിലെ കൊക്രജാര്‍,ചിരാംഗ്,ധുബ്രി ബോങ്കായി ജില്ലകളില്‍ ഉണ്ടായ കലാപങ്ങളില്‍ നാലര ലക്ഷം തദദേശീയ അസം നിവാസി ഇന്ത്യക്കാര്‍ക്ക് സ്വത്തും പാര്‍പ്പിടവും നഷ്ടപ്പെട്ട് അഭയാര്‍ത്ഥിക്യാമ്പില്‍ എത്തേണ്ടി വന്നു. (ഇപ്പോഴും അവരില്‍ ഭൂരിഭാഗവും അവിടെ തന്നെ).ബംഗ്ലാദേശി ന്യൂനപക്ഷ കുടിയേറ്റക്കാര്‍ നമ്മുടെ അയല്‍രാജ്യങ്ങള്‍ക്കൊപ്പം ചൈനയുടെ സഹായത്തോടെ  വന്അക്രമം അഴിച്ചുവിട്ടതെന്നു ദേശീയദിനപത്രങ്ങള്‍.,’’Times Now, Head lines Today,’’ചാനലുകള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്തു.പക്ഷേ ,അതെല്ലാം വെറും കള്ളങ്ങളെന്നു വരുത്തി തീര്‍ക്കാന്‍ ചില  ഭാരതീയ-കേരള കുബുദ്ധികള്‍ ഫെയ്സ്ബുക്ക് തുടങ്ങിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ വഴി മ്യാന്മാര്‍ വെള്ളപൊക്കത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പ്രദര്‍ശിപ്പിച്ചു, അസമില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള കലാപങ്ങളായി ചിത്രീകരിച്ച് ബാംഗ്ലൂര്‍,തിരുവനന്തപുരം,എന്നീ വന്‍നഗരങ്ങളില്‍  തൊഴിലെടുത്ത് ജീവിക്കാന്‍ വന്ന  ആയിരകണക്കിന് അസമീസുകള്‍ അക്രമം പേടിച്ചു ജന്മനാട്ടിലേക്ക് പലായനം ചെയ്ത കാര്യം ഓര്‍ക്കുക.(ഈ വാര്‍ത്തയില്‍ തെറ്റില്ലെന്ന് ഈയിടെ സിംഗപ്പൂര്‍,മലേഷ്യ സന്ദര്‍ശനവേളയില്‍ അസമീസുകളുമായി സംസാരിച്ചപ്പോള്‍ മനസ്സിലായി) അത്തരം തെറ്റായ ,മറ്റാരെയോ സഹായിക്കാനുള്ള ഗൂഢശ്രമങ്ങളാണ് നിരൂപകരെപറ്റിയുള്ള മാന്യ സുഹൃത്തിന്റെ ജല്പ്പനം.(അര്‍ത്ഥമില്ലാത്ത സംസാരം)!

                 സ്വയം അറിയുകയെന്ന പരിശീലനം എഴുത്തുകാര്‍ക്ക് അവശ്യം(നിശ്ചയമായിട്ടും )ആവശ്യമാണ്‌. ആധുനികലോകത്തോടൊപ്പം പ്രകാശവേഗത്തില്‍ സഞ്ചരിക്കുന്ന ചിന്താധാരകള്‍, ചുരുങ്ങിയത് അമ്പതു കൊല്ലമെങ്കിലും  മുന്നോട്ടു ചിന്തിക്കാനുള്ള കഴിവ് വേണം   വൈവിദ്ധ്യമാര്‍ന്ന നിറങ്ങള്‍ ചാലിച്ച മനുഷ്യജീവിതം പുതുമയോടെ ,ജീവസ്സുറ്റ ചിത്രങ്ങളില്‍ പകര്‍ത്താന്‍, ക്ലാസിക് കൃതികളുടെ വായനയും,അനുഭവത്തിന്റെ വേരോട്ടവും ആവശ്യമാണ് .ഖലില്‍ജിബ്രാന്‍,വിക്ടര്‍ ഹ്യൂഗോ,ദസ്തെയ്വ്സ്കി,അല്‍ബേര്‍ കാമു,ഷേക്സ്പിയര്‍, മര്‍കേസ്,പാമുക്ക്(ടിയാന്റെ കൃതിയില്‍ അദ്ഭുതം കണ്ടില്ല.എന്‍റെ അഭിരുചിയുടെ കുഴപ്പമാവാം ) ,ബിമല്‍മിത്ര,എന്തിനുചെറുശ്ശേരി,പൂന്താനം(ഇംഗ്ലീഷ് ഭാഷ വശമിമില്ലാത്ത പ്രതിഭാസമ്പന്നര്‍)ജി,പി, വൈലോപ്പിള്ളി,വയലാര്‍,ചന്തുമേനോന്‍,ആശാന്‍,വള്ളത്തോള്‍,തകഴി,പൊന്‍കുന്നം,കാരൂര്‍,ചെറുകാട്,വി.ടി., വിലാസിനി.എം.ടി, മാധവികുട്ടി ഓ.വി.വിജയനിലൂടെ തുടരുന്ന സമ്പന്നമായ മലയാള സാഹിത്യത്തെ പുതുതലമുറക്കാര്‍‘ എത്ര വിദഗ്ദ്ധമായിട്ടാണ് അക്ഷരപിശാചിനെ ജഡവാക്കുകളാല്‍ തോരണം ചാര്‍ത്തി അനുവാചകനെ കബളിപ്പിക്കുന്നത്! എം.ടി. യുടെ വാക്കുകളില്‍ ''ആധുനികത, ഉത്തര ആധുനികത, അത്യന്താധുനികത എന്നൊക്കെ പറയുന്നത് ഒരു ലേബലാണ് .ജീവനുണ്ടോ?ഇല്ലെങ്കില്‍ ഒരു ലേബലും ഒട്ടിച്ചിട്ട്‌ കാര്യമില്ല .ഇതുവരെ നമ്മള്‍ കാണാത്ത ഒരു തലം നമ്മള്‍ക്ക് കാണിച്ചുകൊടുക്കാന്‍ പറ്റുമോ എങ്കില്‍ ആ കൃതി നിലനില്‍ക്കും'' .. ഇത് സര്‍ഗധനനായ ഒരെഴുത്തുകാരന്റെ  സത്യവാചകം.ഒപ്പം ,വരും തലമുറയ്ക്ക് ഓര്‍മപെടുത്തലും.   
    ’
             സാഹിത്യസംബന്ധിയായ ഒന്നും വായിക്കേണ്ട കാര്യമില്ല,അക്ഷരപിശക് ആഭരണമെന്ന് കരുതുന്ന യുവതലമുറ കവിതയിലെ വൃത്ത-താളലയങ്ങള്‍ എന്നേ ഉപേക്ഷിച്ചു.അറിവില്ലായ്മയും,എന്ത് എഴുതിയാലും പിന്‍ബലമുണ്ടെങ്കില്‍ പ്രസിദ്ധീകരിക്കാം എന്ന ചിന്ത അവരെ കൂടുതല്‍ കൂടുതല്‍ ആത്മപപ്രശംസകരാക്കുന്നു. രാഷ്ട്രങ്ങള്‍ തമ്മില്‍ cyber  യുദ്ധം നടക്കുന്ന ഈ കാലഘട്ടത്തില്‍,ജീവന്റെ ഉത്പത്തി സംബന്ധിച്ച് സ്വിറ്റ്സര്‍ലന്‍ഡിലെ ബാസലില്‍ ഗവേഷണം നടക്കുമ്പോള്‍, എഴുത്തുകാര്‍ എത്രത്തോളം അറിവ്    തികഞ്ഞ ഗൌരവബുദ്ധിയോടെ സ്വംശീകരിക്കുന്നുവോ( ശാസ്ത്രം, സാഹിത്യം,ചലച്ചിത്രം,വിവരസാങ്കേതികത എന്തുമാവട്ടെ ) അത്രയും നല്ലത്.
               ദിശാബോധം നഷ്ടപെട്ട മലയാളസാഹിത്യത്തെ രക്ഷിക്കാന്‍ കര്‍ശനമായ വിമര്‍ശ്യ തന്ത്രങ്ങള്‍ ഹരികുമാറിനെപോലെയുള്ള നിരൂപകര്‍ അവലംബിക്കുക. കേരളത്തെ ഒട്ടാകെ വിഴുങ്ങുന്ന പ്ലാസ്റ്റിക്-സെപറ്റിക് ടാങ്ക് മാലിന്യങ്ങള്‍ നിരത്തുകളില്‍,പുഴകളില്‍ തള്ളുന്നത് കണ്ടുരസിച്ചു,,മാലിന്യനിര്‍മാര്‍ ജനം പഠിക്കാനെന്ന മട്ടില്‍ വിദേശയാത്ര കഴിഞ്ഞു വരുന്ന രാഷ്ട്രീയസുഖിമാന്‍മാരായി എഴുത്തുകാര്‍ മാറിയിരിക്കുന്നു.മാലിന്യകൂമ്പാരങ്ങള്‍ക്ക് തീ കൊളുത്തി പരിസരങ്ങളിലാകമാനം പുകയാല്‍ മൂടപെട്ട്,രാത്രി ഒന്ന് കണ്ണടക്കാനാവാതെ, ,ജനലുകള്‍ തുറക്കാനാവാതെ കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന സാധാരണക്കാരായ കേരളീയരെ അപഹസിക്കുന്ന, സമൂഹത്തെ വികലമാക്കുന്ന ഭരണകൂടത്തിന്റെ നിലപാട് തന്നെയാണ് ഇന്നിന്‍റെ വക്താക്കളെന്നു സ്വയം വിശേഷിപ്പിക്കുന്ന എഴുത്തുകാരും നിര്‍വഹിക്കുന്നത്.
              അയല്‍സംസ്ഥാനത്തെ (മൈസൂര്‍) ചവറുകള്‍ എങ്ങനെ കാര്യക്ഷമമായി സംസ്കരിക്കാമെന്ന ചിലവ് കുറഞ്ഞ മാതൃക സ്വീകരിക്കാതെ വിദേശകമ്പോളം തേടി വെറും ജാഡ കാണിച്ച് ജനത്തെ വിഡ്ഢികളാക്കുന്ന രാഷ്ട്രീയക്കാരെപോലെ എഴുത്തുകാര്‍ അകകണ്ണ് അടച്ചുവെച്ച് വിദേശ എഴുത്തുകാരുടെ രചനകള്‍ മനസ്സിലാക്കാന്‍ ത്രാണിയില്ലാതെ വാലും,മുറിയും വായിച്ച് നടത്തുന്ന രചനാ അഭ്യാസങ്ങള്‍ മലയാളത്തെ തകര്‍ക്കും. 

.           നമ്മുടെ സിനിമക്കാര്‍ എത്രയോ ഭേദം. കട്ട വിദേശ-സ്വദേശ ചലച്ചിത്രങ്ങളിലെ ഓരോ രംഗവും.എത്ര ഹൃദയഹാരിയായിട്ടാണ് അവര്‍ ചിത്രീകരിക്കുന്നത്.(ഒരു ഫെയ്സ്ബുക്ക് സുഹൃത്ത് മലയാള സിനിമ ഇന്നുവരെ കടമെടുത്ത വിദേശ-സ്വദേശ സിനിമകളുടെ ലിസ്റ്റ് അയച്ചു തന്നത് ഓര്‍ക്കുന്നു)                                                    ധാരാളംഇംഗ്ലീഷ്,ഫ്രഞ്ച്,റഷ്യന്‍,അറബിക്,സ്പാനിഷ്,ജര്‍മ്മന്‍,കൊറിയന്‍,ജാപ്പനീസ്, ഹിന്ദി,തെലുങ്ക്,കന്നഡ ഭാഷകളിലെ ചലച്ചിത്രങ്ങള്‍ കാഴ്ചവിസ്മയങ്ങള്‍ സമ്മാനിച്ചത്‌ കൊണ്ടാണ് മോഷണത്തെപറ്റി ആധികാരികമായി എഴുതിയത്.

              ‘’മതേതരം’’മാസിക (2012 august)ഡോക്ടര്‍.അജയപുരം ജ്യോതിഷ്കുമാറുമായി ,ജയന്‍ മഠത്തില്‍ നടത്തിയ അഭിമുഖത്തില്‍(അജയപുരത്തിന്റെ കൃതികള്‍ വായിച്ചിട്ടില്ല.ക്ഷമിക്കുക)സൂചിപ്പിച്ച ചില കാര്യങ്ങള്‍ വായിച്ച് അന്തംവിട്ടു.അദ്ദേഹം വാനോളം പുകഴ്ത്തിയ എഴുത്തുകാരുടെ രചനകളിലെ എത്ര കഥാപാത്രങ്ങള്‍ അജയപുരത്തിന്റെ മനസ്സില്‍ ചലനമുളവാക്കി.?ലേഖനത്തില്‍ അജയപുരവും അദ്ദേഹത്തിനു താല്പര്യമുള്ള കലാപ്രതിഭകള്‍ക്കല്ലേ പ്രാമുഖ്യം നല്‍കിയത്? വാദത്തിനു വേണ്ടി കെ.വി.മോഹനന്‍കുമാറിനെ അദ്ദേഹത്തിന്റെ രചനകളുടെ പേരിലല്ല മറിച്ച് കോഴിക്കോട് കലക്ടര്‍ ആയതിനാല്‍,  മറ്റു ചിലരെ പ്രമുഖ പത്രസ്ഥാപനങ്ങളില്‍ പത്രാധിപത്യം വഹിക്കുന്നതിനാലും  താങ്കളുടെ ലിസ്റ്റില്‍ ഇടം കൊടുത്തെന്നു ആരെങ്കിലും ആക്ഷേപം ഉന്നയിച്ചാല്‍ അത് ശരിയല്ലെന്ന് തെളിയിക്കണമെങ്കില്‍ അവരുടെ മൊത്തം കൃതികളെപറ്റി താങ്കള്‍ക്കു അവഗാഹം ഉണ്ടായേ പറ്റൂ. സമകാലികരായ കഥയെഴുത്തുകാരുടെ അതേ റേഞ്ചില്‍ തന്നെ കഥകളെഴുതാന്‍ കഴിയുമെന്ന ആത്മവിശ്വാസമുള്ളവരെ  തികച്ചും  നിരാശരാക്കുകയാണ് അജയപുരം ജ്യോതിഷ്കുമാര്‍ അടക്കമുള്ള നിരൂപകരുടെ മനോഭാവം?ഓ...അവാര്‍ഡും,പത്രാസും,പത്ര-ചാനല്‍ എഴുന്നള്ളിപ്പും ഇല്ലാത്തതാവാം കാരണം? സന്തോഷം.

            മലയാളസാഹിത്യത്തിന്റെ ഇന്നത്തെ ദുരവസ്ഥക്ക് കാരണം  ഒന്നും പഠിച്ചില്ലെങ്കിലും ജയിക്കുമെന്ന വികല വിദ്യാഭ്യാസനയം (എന്‍ജിനീയറിങ്ങിനു നൂറില്‍ പത്ത് മാര്‍ക്ക് മതി പാസ്സാവാനെന്നു കേട്ടു)പോരാ...വിദ്ധ്യാര്‍ത്ഥികളെ എങ്ങനെ നിരക്ഷരരാക്കാം എന്നത് സര്‍ക്കാര്‍ തീരുമാനമെന്ന് അര്‍ത്ഥശങ്കക്കിടം നല്‍കാത്ത ഒരു സത്യവാക്യം കേള്‍ക്കൂ...പ്ലസ്‌ടു കുട്ടികളുടെ പബ്ലിക്പരീക്ഷയുടെ ഉത്തരകടലാസ്സുകളില്‍ ഇംഗ്ലീഷില്‍ “Father”എഴുതേണ്ടതിനു പകരം”Achan”എഴുതുന്നതില്‍ നിന്ന് പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരത്തകര്‍ച്ച അടുത്തറിയാം.മലയാളം വായിക്കാനറിയാത്ത,ശരി വാക്ക് എഴുതാന്‍ അറിയാത്ത പുതുതലമുറ വരുംകാല മലയാളഭാഷയുടെ ദുരന്തത്തിന്റെ ചിനഹങ്ങള്‍.’’കുശഗ്രഹബുദ്ധി ‘’‘’യുടെ അര്‍ത്ഥം തേടി അലയുന്ന പുതുമലയാളവക്താക്കളോട്’’അത് തെറ്റ്.കുശാഗ്രബുദ്ധി –ശരി.ദര്‍ഭമുനപോലെയുള്ള ബുദ്ധി = അതിബുദ്ധി എന്ന് ശരി അര്‍ത്ഥമെന്ന് തിരുത്തി കൊടുക്കാന്‍ പോലും ആരുമില്ല )  ഇന്നത്തെ തലമുറയില്‍  വിദ്യ തേടുന്നവര്‍ സാഹിത്യം വായിക്കാന്‍ താല്പര്യമുള്ളവരല്ല.,മെച്ചപ്പെട്ട തൊഴിലന്വേഷകരാണ്.മലയാളം ബിരുദാനന്തരബിരുദം ജയിച്ചവര്‍ക്ക്‌ പോലും മാതൃഭാഷ ബാധ്യതയായി മാറുന്നു

            തീവണ്ടി യാത്രക്കിടയില്‍ ഒരു വനിതാഡോക്ടര്‍ പ്ലസ്2 കഴിഞ്ഞ് മെഡിസിന്‍ പ്രവേശന പരീക്ഷ പാസ്സായി വരുന്ന കുട്ടികളെ (സംവരണം,അല്ലാതെയും)പഠിപ്പിക്കാന്‍ പേടിയാണെന്ന് പറഞ്ഞു.കുട്ടികളുടെ സാമാന്യമായ അറിവില്ലായ്മയാണ് അവരെ അങ്ങനെ പറയാന്‍ പ്രേരിപ്പിച്ചത്.
         എം.കെ.ഹരികുമാര്‍ വിമര്‍ശകനല്ല. നിരൂപകന്‍ മാത്രം.പരുഷ,,ക്രൂര,അയഥാര്‍ത്ഥ്യ -അസ്വാഭാവിക ‘’എം.കൃഷ്ണന്‍നായര്‍ വിമര്‍ശശൈലി’’ക്ക് പകരം മൃദുല നിരൂപണരീതിയാണ് എം.കെ.ഹരികുമാര്‍ സ്വീകരിക്കുന്നതെന്ന് ‘’അക്ഷരജാലകം’’ വായിക്കുന്ന സഹൃദയര്‍ക്കു മനസ്സിലാവും. അതുപോലും സഹിക്കാനാവാത്ത എഴുത്തുകാര്‍ക്കൊപ്പം നിന്ന് എം.കെ.ഹരികുമാറിനെ കല്ലെറിയുന്നതില്‍ എന്തര്‍ത്ഥം?ഹരികുമാറിനു കഥയും,കവിതയു വായിച്ച് നിരൂപണം നടാത്താന്‍ കഴിവുണ്ടെന്ന് വിശ്വസിക്കുന്നവര്‍ കേരളത്തിലുണ്ട്.എം.കൃഷ്ണന്‍നായരുടെ വിമര്‍ശനത്തില്‍ അസ്വഭാവികതയുണ്ടെന്ന് ചില കഥകളുടെ വിലയിരുത്തലില്‍ നിന്ന് മനസ്സിലാക്കാം
 മുന്നണിരാഷ്ട്രീയ അജണ്ടകള്‍ക്കപ്പുറം. നിഷ്പക്ഷനിലപാടില്‍  സ്വാതന്ത്ര്യത്തിന്‍റെ വിശാലകാഴ്ചപുറങ്ങളില്‍ ജീവിതത്തിന്റെ വര്‍ണ്ണചിത്രങ്ങള്‍ വരച്ചു വിഹരിക്കുന്നവര്‍ക്ക് എന്നും അനാദരവ്, ലഭിക്കുന്നുവെന്ന് സുഗതകുമാരിയെ വിശ്വമലയാള മഹോത്സവ കമ്മറ്റി അദ്ധ്യക്ഷപദവിയില്‍ നിന്ന് നീക്കിയതു മികച്ച ഉദാഹരണം.അതുപോലെയാണ് അര്‍ഹിക്കുന്ന രചനകളെ പിന്തള്ളി കപട സാഹിത്യം പൂത്തുലയുന്നതും.     
          ഇനി എം.കെ.ഹരികുമാറിനെതിരെ ഡോക്ടര്‍ അജയപുരം ജ്യോതിഷ്കുമാര്‍ എയ്യുന്ന വിഷാസ്ത്രങ്ങള്‍ ...’’എം.കെ.ഹരികുമാര്‍ ഇപ്പോള്‍ എം.കൃഷ്ണന്‍ നായര്‍ക്കു പഠിച്ചുകൊണ്ടിരിക്കുകയാണ്.(സാര്‍,ഇതെന്തു മലയാളമെന്ന് വിവരിക്കാമോ?)എം.കൃഷ്ണന്‍നായരെ പഠിക്കുകയെന്നല്ലേ  ശരി വാചകം?. കൃഷ്ണന്‍നായര്‍ക്കുണ്ടായിരുന്ന സൌന്ദര്യശിക്ഷണവും, നര്‍മ്മബോധവും,യുക്തിചിന്തയും,വായനാനുഭവമൊന്നും ഹരികുമാറിനില്ല.(അത് എങ്ങനെ താങ്കള്‍ക്കു മനസ്സിലായി?തെളിയിക്കൂ.)
               എം.ടി. യുടെ വാക്കുകളില്‍ എഴുത്തുകാര്‍ തമ്മില്‍ സംവാദം നടക്കണം.(അപ്പോഴറിയാം എത്രത്തോളം അറിവും, പരിചയവും.അവരുടെ കൈവശമുണ്ടെന്ന്)എഴുത്തുകാര്‍ മാത്രമല്ല വി.സി.ശ്രീജനും, രാജാകൃഷ്ണനും, ഇ.പി.രാജഗോപാലനും, താങ്കളും,എം.കെ.ഹരികുമാറും ഒരു മേശക്കു ചുറ്റും ഇരുന്ന് എത്ര കൃതികള്‍ വായിച്ചു  എന്ന് ചര്‍ച്ച  ചെയ്യുക. അവയില്‍നിന്നു ലഭിച്ച ഉള്‍കാഴ്ച ,സൌന്ദര്യബോധം,സാംസ്കാരിക അവബോധം ഒക്കെ എഴുത്തുകാര്‍ക്ക് പകര്‍ന്നു നല്‍കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.)!’’ഒറ്റ വാക്കും,പക്ഷി നോട്ടവും കൊണ്ട്  ഇഷ്ടമില്ലാത്തവരെ കുറ്റം പറയാനാണ് ഹരികുമാര്‍ സ്ഥിരം പംക്തിയെ ഉപയോഗിക്കുന്നത്.’’  
               കഷ്ടം! മലയാളഅക്ഷരങ്ങള്‍  കൂട്ടി വായിക്കാന്‍ പോലും അറിയാത്ത പുതുതലമുറക്ക് മുന്‍പില്‍ ,ഭാഷ നശിക്കുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം ഉപജാപക പുരാണം കൊണ്ട് എന്ത് നേട്ടം?എന്നും കഴുകി വൃത്തിയാക്കാന്‍ സാധിക്കാത്തത് കൊണ്ട് കിടക്കവിരികള്‍ പൊള്ളും വെയിലത്തിട്ടു ഉണക്കിയാല്‍ അണുക്കള്‍ നശിച്ചു വീണ്ടും ഉപയോഗിക്കാമെന്ന്  അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.അതുപോലെ ശബ്ദതാരാവലിയുടെ സഹായത്തോടെ വാക്കുകള്‍ പരിഷ്ക്കരിച്ചു നൂതന ശൈലി പിന്തുടരേണ്ട, ഇരമ്പും കടലില്‍ മുങ്ങിപ്പോവും മലയാളത്തെ രക്ഷിച്ച് വരുംതലമുറക്ക് മാര്‍ഗദര്‍ശനം നല്‍കേണ്ട നിരൂപകര്‍ പരസ്പരം വാളോങ്ങുന്നത് ചില നിക്ഷിപ്ത താല്പര്യമുള്ള എഴുത്തുകാരെ സംരക്ഷിക്കാനെന്നു ആരെങ്കിലും  ചിന്തിച്ചുപോയാല്‍ അവരെ കുറ്റപെടുത്താനാവില്ല.
               കഴിഞ്ഞ ദിവസം എം.ടി.യുടെ ‘മുറപ്പെണ്ണ്,വൈശാലി,നീലത്താമര ,’’,ലോഹിതദാസിന്റെ ''ഭൂതകണ്ണാടി''ഒപ്പം, james cameron’’ സംവിധാനം  ചെയ്ത  “’Titanic’’ ഉം കണ്ടു.ഈ ചലച്ചിത്രങ്ങളെല്ലാം തന്നെ വര്‍ഷങ്ങള്‍ക്കു മുന്‍പ് കണ്ടിട്ടുണ്ട്‌.അവയുടെ ചാരുതയ്ക്ക്  വര്‍ത്തമാനകാലത്തും ഒരു പോറലും ഏറ്റിട്ടില്ലെന്ന് അനുഭവപ്പെട്ടു .’’നീലത്താമര’’പഴയത്,ചില മാറ്റങ്ങളോടെ അവതരിപ്പിച്ചത് എത്ര മനോഹരം .പക്ഷേ പദ്മരാജന്റെ ‘’രതിനിര്‍വ്വേദ’’ത്തിന്‍റെ  ഭാവതീവ്രതയുടെ ഒരംശം പോലും ‘’നവനിര്‍വേദ’’ത്തില്‍ കണ്ടില്ല.( ഒരു പക്ഷെ എന്റെ അഭിരുചി കുറവാകാം) ‘’’Titanic’’നോട്‌ സാമ്യമുള്ള കപ്പല്‍ചേതത്തിന്‍റെ കഥ പറയുന്ന’’Poseidon” ചലച്ചിത്രത്തില്‍ “’Titanic”ന്‍റെ കാലാംശത്തിനു  ഗുണമേന്മ അനുഭവപ്പെട്ടില്ല. വര്‍ഷങ്ങളായി, മികച്ച പുസ്തകങ്ങളിലൂടെ,നല്ല സിനിമകളിലൂടെ  ഉന്മാദിനിയായി സഞ്ചരിക്കുന്നവളുടെ പരിചയമാണ് ഇത്തരം  നിഗമനങ്ങളിലെത്താന്‍ പ്രേരിപ്പിക്കുന്നത്. അതേ അനുഭവസമ്പത്ത് തന്നെയാണ് എം.കെ.ഹരികുമാര്‍ ആര്‍ക്കും വക്കാലത്ത് പിടിക്കാതെ കൃതികളുടെ ഗുണ-ദോഷ വിചിന്തനത്തിലൂന്നി നിരൂപണം നിര്‍വഹിക്കുന്നുവെന്നു എഴുതാന്‍ എന്നെ പ്രേരിപ്പിക്കുന്നത്.മണ്ടനും,മടിയനും, ബുദ്ധിശാലിയും ഇല്ലാത്ത എല്ലാവരും ബുദ്ധിമാന്മാരെന്നു മുദ്രകുത്തുന്ന ഇന്നത്തെ പൊതുവിദ്യാഭ്യാസരീതി മലയാളത്തെ ശോഷിപ്പിക്കും.സര്‍ഗശേഷിയുളളവരുടെ കൃതികള്‍ ഒറ്റനോട്ടത്തില്‍ നല്ല അനുവാചകര്‍ക്കു മനസ്സിലാവും.ദുഷ്ട-ഉണക്ക രചനകളും!
                  മഹാരാജാക്കന്മാര്‍ (മാര്‍ത്താണ്ഡവര്‍മ്മ ഉള്‍പ്പെടെ) കുറ്റവാളികളെ തുറകയറ്റുകയോ (നാട് കടത്തല്‍)ചാട്ടവാറു കൊണ്ട് അടിച്ചു ശിക്ഷിക്കുകയോ പതിവുണ്ട്.എന്റെ രചനകള്‍ എം.കെ.ഹരികുമാര്‍ അടക്കമുള്ള നിരൂപകര്‍ ഇഴ കീറി തെറ്റുകുറ്റങ്ങള്‍ കണ്ടെത്തി കൂരമ്പുകള്‍ വര്‍ഷിക്കട്ടെ.നന്നെങ്കില്‍ അതും പരാമര്‍ശിക്കട്ടെ.സ്വാഗതം.മലയാളത്തിലെ ചില വാചാടോപക്കാര്‍ സ്വന്തം രചനകള്‍ അമൂല്യമെന്ന് സ്വയം തീരുമാനിച്ച് അഖിലേന്ത്യാതലത്തിലുള്ള ചില ധനികരുടെ സഹായത്തോടെ ഇന്ത്യക്ക് അകത്തും,പുറം രാജ്യങ്ങളിലും വെച്ച് പുരസ്കാരങ്ങള്‍ വാങ്ങി തിളങ്ങുന്നത്  ശരിയല്ലെന്ന് ,കൃതികളുടെ മാറ്റ് നോക്കി അംഗീകാരം നല്‍കണമെന്ന് അഭിപ്രായപെട്ടപ്പോള്‍ ലഭിച്ച നിന്ദ ചാട്ടവാറടിയെക്കാള്‍ അസഹ്യം.       ..   
തല്പരകക്ഷികള്‍ കൂട്ടത്തോടെ . സാഹിത്യസദസ്സുകളില്‍, സാഹിത്യ അക്കാദമിയില്‍ എനിക്ക് ഫത്‌വ
(വിലക്ക്- പുറപ്പെടുവിച്ചു..വളരെ നല്ല  കാര്യം   
                     വിശ്വപ്രസിദ്ധമായ ''Troy"', സിനിമയില്‍ കരുത്തുറ്റ കഥാപാത്രത്തെ(എസ്കിലസ്)അവതരിപ്പിച്ച   ബ്രാഡ്പി ഐശ്വര്യാറായ്ക്കൊപ്പം ബോളിവുഡ്  സിനിമകളില്‍.അഭിനയിക്കണമെന്നും,ഐറ്റം നമ്പര്‍ ചെയ്യാന്‍ ഇഷ്ടമെന്നും സൂചിപ്പിക്കുക വഴി ഇന്ത്യന്‍ സിനിമ ആഗോളതലത്തില്‍ ശദ്ധിക്കപ്പെടുന്നു(.slumdog millionaire സിനിമ)  ഒരിക്കലും ഓസ്‌കാര്‍ ലഭിക്കാന്‍ യോഗ്യമല്ലെന്ന അമിതാഭിന്‍റെ  കാഴ്ച്ചപ്പാട് തന്നെയാണ് എനിക്കും)ബഷീര്‍,തകഴി,എം.ടി,മാധവികുട്ടി നിരയില്‍ കൃതികള്‍ക്ക് ലഭിച്ച ലോകശ്രദ്ധ പുതുതലമുറക്കാര്‍ അഭിലഷിക്കുന്നുവെങ്കില്‍ രചനകളില്‍ കൈയടക്കം പാലിച്ച്,അതിശയങ്ങള്‍ ഒളിപ്പിക്കുക. അതിനവരെ സജ്ജമാക്കുകയെന്ന ദൌത്യമാണ് എം.കെ.ഹരികുമാര്‍ അടക്കമുള്ള നിരൂപകര്‍ ഏറ്റെടുക്കേണ്ടത്.
മറ്റൊരു സാഹിത്യകാര്‍മികന്‍റെ വാക്കുകള്‍ ശ്രവിക്കൂ:-
-''സാഹിത്യരംഗം സത്യം മാത്രം വിളിച്ചുപറയുന്ന,സ്വജീവിതം എഴുതുന്നവരുടെതായിട്ടുണ്ട്.അത് അനഭിലഷണീയതയിലേക്ക് വിരല്‍ ചൂണ്ടുന്നു.''  ആത്മകഥാംശമുള്ള കൃതികളും,ലേഖനങ്ങളും  എഴുതി ആവോളം ഖ്യാതി നേടി,സകല അവാര്‍ഡു കമ്മറ്റിയിലും ഇടം നേടി ഇഷ്ടക്കാര്‍ക്ക് മാത്രം അവസരങ്ങളും, പുരസ്കാരങ്ങളും  തരപെടുത്തുന്നതില്‍ വിദഗ്ധന്‍.അദേഹത്തിന് അപ്രിയരായവരെല്ലാം പുറത്ത്.എന്തായാലും ,എം.കെ.ഹരികുമാര്‍ അക്കാര്യത്തില്‍ വ്യത്യസ്തനെന്നു നിരൂപണം വായിച്ചാല്‍ അറിയാം.

രാഷ്ട്രീയക്കാരനെങ്കിലും,പിണറായി വിജയന്‍ ചൂണ്ടയില്‍ കൊളുത്തിയിട്ട വാക്കുകള്‍  സവിശേഷ ശ്രദ്ധ നേടുന്നു.:-"'കമ്യൂണിസ്റ്റ് അനുഭാവിയെന്നു പറഞ്ഞാല്‍ തനിക്കുണ്ടാകാനിടയുള്ള പൊതു സ്വീകാര്യതക്ക് ഇടിവ് തട്ടുമോ എന്ന് ഭയക്കുന്ന ചില സാഹിത്യകാരന്മാരെങ്കിലും ഇന്നുണ്ട് എന്നുള്ളത് സത്യം. കമ്യൂണിസ്റ്റ് അനുഭാവിയേ അല്ല എന്ന് സാക്ഷ്യപ്പെടുത്തി വലതുപക്ഷ സ്വീകാര്യത ഉറപ്പാക്കാന്‍ വ്യഗ്രതപ്പെടുന്ന എഴുത്തുകാരുമുണ്ട്.കഴിഞ്ഞ എല്‍ഡിഎഫ്  മന്ത്രിസഭ അധികാരത്തില്‍ വന്ന  ശേഷം അഞ്ചു വര്‍ഷം ഭരണകൂടത്തിനൊപ്പംകൂടി സര്‍ക്കാര്‍ ചിലവില്‍ സകല പാരിതോഷികങ്ങളും,സാഹിത്യ യാത്രകളും നടത്തിയ   കലാസാഹിത്യപ്രതിഭകള്‍ ടി.പി. ചന്ദ്രശേഖരന്‍ വധത്തോടെ, കൂട്ടത്തോടെ ഭരണപക്ഷത്ത് ചേക്കേറിയത് ഓര്‍ക്കുക.ആര് തെറ്റ് ചെയ്താലും ശിക്ഷിക്കപെടണമെന്ന നിഷ്പക്ഷ ചിന്താഗതിയുള്ള എഴുത്തുകാര്‍ പുറത്ത് !
                  ചുരുക്കത്തില്‍,ശുദ്ധ-സുതാര്യ പദഘടനയല്ലാത്തതോ,പരുക്കനോ ഒന്നും തന്നെ വായിക്കുകയില്ലെന്ന ദൃഡപ്രതിജ്ഞയെടുത്ത പുതുതലമുറ ഗൌരവ വായന കൈവിട്ടു എന്നര്‍ത്ഥം.ഫ്രഞ്ച് എഴുത്തുകാരന്‍ ജീന്‍പോള്‍ സാത്രെ ആത്മകഥയിലെ (‘’The words’’) സൂചിപ്പിച്ച  ആശയം ‘’I began my life as I shall no doubt end it amidst books.”’ആധുനിക തലമുറ പിന്തുടരുക. നല്ല പുസ്ത്കങ്ങള്‍ വായിക്കുകയെന്ന യജ്ഞം തുടങ്ങുക.
.



എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...