ബ്ലാക്ക്മാന്‍

ഹരി കോവിലകം 

രണ്ടു കൂട്ടുകാരുമൊത്ത് അവിചാരിതമായി രാത്രിയില്‍ നടക്കേണ്ട സാഹചര്യമുണ്ടായി . അതില്‍ ഒരുവന്‍ എവിടേയോ വച്ച് വഴിമാറി നടന്നു. ഞങ്ങള്‍ നടന്നു ഒരു ഇറക്കത്തിന്റെ ആരംഭത്തില്‍ എത്തി. ആ ഇറക്കത്തിന്റെ മധ്യത്തില്‍ രണ്ടു പെണ്‍കുട്ടികള്‍ നടന്നു പോകുന്നു. തൊട്ടു പിന്നില്‍ നരച്ചു വലിയ മീശയോട് കൂടിയ, കുടവയര്‍ ഉള്ള , കറുത്ത കോട്ടുകൊണ്ട് ശരീരം മുഴുവന്‍ മറച്ച ഒരു വലിയ രൂപം അവരെ പിന്തുടരുന്നു . സംഭവം അറിയാന്‍ ഞാനും സുഹൃത്തും വലിഞ്ഞു നടന്നു . അവന്റെ കയ്യിലെ വലിയ ടോര്‍ച്ചിന്റെ മൂട് കണ്ടതുകൊണ്ടാവണം ആ കറുത്ത രൂപം തിരിഞ്ഞു നടന്നു. അവന്‍ പെണ്‍കുട്ടികളെ അന്വേഷിച്ചു വീണ്ടും വലിഞ്ഞു നടന്നു. ഒപ്പം ഞാനും!
പക്ഷെ ആ കറുത്ത രൂപം എന്നെ കടന്നു പോയശേഷം എന്നില്‍ എന്തോ സംഭവിക്കുന്ന പോലെ തോന്നി. ഞാനും കൂട്ടുകാരനെ അനുഗമിക്കാന്‍ ശ്രമിച്ചു. പക്ഷെ രണ്ടടി നടന്നപ്പോള്‍ ചലന ഗതിമാറി ചെറു വരമ്പിലേക്കിറങ്ങി . വല്ലാത്ത തളര്‍ച്ചയും, ബോധം നഷ്ടപ്പെടുന്ന ഒരനുഭവമാണ് തോന്നിയത് . കുറച്ചു നീങ്ങിയപ്പോള്‍ തളര്‍ച്ച കാരണം വീണുപോയി. കുറേശെ സ്വബോധവും നഷ്ടമാകുന്നുണ്ടായിരുന്നു… കൂട്ടുകാരന്‍ വിളിപ്പടിന്റെ സീമയ്ക്കപ്പുറത്തെക്കായിരുന്നു. പക്ഷെ ആ ഇരുണ്ട രൂപം തിരിച്ചു പോയ ഭാഗത്ത് നിന്ന് വളരെ വേഗത്തിലുള്ള കാല്‍ പെരുമാറ്റം എനിക്ക് കേള്‍ക്കാമായിരുന്നു. അതുകൊണ്ട് തന്നെ അവിടെ നിന്നും എണീക്കണം. ഭയത്തിന്റെ ചെണ്ടാകോലുകള്‍ എന്റെ മനസ്സില്‍ ആസുര താളം തീര്‍ത്തുകൊണ്ടിരുന്നു. നഷ്ടപ്പെടുന്ന ഓര്‍മ തിരിച്ചു പിടിക്കാന്‍ വേണ്ടി എന്റെ പേര് ഞാന്‍ ഓര്‍ത്തു .
വളരെ പണിപ്പെട്ടു ഓര്‍ത്തെടുത്ത എന്റെ പേര് കയ്യില്‍ കിട്ടിയ എന്തോ കൊണ്ട് തറയില്‍ കോറി. അപ്പോള്‍ സ്വബോധം തിരിച്ചുവരവിന്റെ യാത്രക്ക് വളരെ വേഗം ഒരുങ്ങി . വളരെ പണിപ്പെട്ടു കൊണ്ടു അവിടെ നിന്ന് എണീറ്റ്‌ ആ വരമ്പിലൂടെ ഒരു കുളത്തിന്റെ അരികിലൂടെ വീണ്ടു പ്രധാന പാതയിലേക്ക്. ഞാന്‍ അവിടെ എത്തി നിമിഷങ്ങള്‍ക്കുള്ളില്‍ കൂട്ടുകാരനും അവിടെ എത്തി. ” എത്ര ശ്രമിച്ചിട്ടും ആ പെണ്‍കുട്ടികളുടെ പൊടിപോലും കാണാന്‍ കഴിഞ്ഞില്ല” ഞാന്‍ ഒന്നും പറഞ്ഞില്ല. ഞങ്ങള്‍ തിരികെ നടന്നു; വീട്ടിലേക്ക് . പോകുംവഴി അവന്‍ പറഞ്ഞു “അയാള്‍ ഇനി വല്ല കടവരാന്തയില്‍ കിടക്കുമോ? നമ്മള്‍ പോയിട്ട് എണീറ്റ്‌ പോകാന്‍ വേണ്ടി ?” “ഇല്ല, അമ്പലത്തില്‍ ഉത്സവമല്ലേ നമുക്ക് പെട്ടെന്ന് കണ്ടെത്താനാകില്ലേ? അതുകൊണ്ട് ഒരിക്കലുമില്ല”
പക്ഷെ മറ്റൊരു രൂപത്തെ ഇടയ്ക്ക് എവിടെയോ കണ്ടു! ചിലപ്പോള്‍ വീണു കിടന്നിടത്തായിരിക്കും! നല്ല പൊക്കം പക്ഷെ മെലിഞ്ഞിട്ടാ അപ്പൊ അയാളോ ?നേരം പുലര്‍ന്നു. നീറ്റിയ ഉമി ഇടതു കൈ കുമ്പിളിലും പച്ചീക്കില്‍ ചെവിയുടെ മുകളിലും വച്ച് കുളിക്കനായ്‌ നടന്നു ഒപ്പം രണ്ടു കൂട്ടുകാരും.പല്ലുതേച്ച് കുളത്തിലേക്ക് ചാടി നിവര്‍ന്നപ്പോള്‍ എന്തോ നല്ല സുഖം തോന്നി! തലേന്ന് നടന്നത് അല്പം വിശദമായിത്തന്നെ അവരോടു വിവരിച്ചു.ജിജ്ഞാസയുടെ ഭാവം അവരില്‍ അലയടിച്ചു. അത് മറയ്ക്കാന്‍ ഒരുവന്‍ പറഞ്ഞു സ്വബോധം നഷ്ടപ്പെടുമ്പോള്‍ സ്വന്തം പേര് ഓര്‍ത്തെടുക്കനാകുമെങ്കില്‍ സ്വബോധം തിരികെ വരുമല്ലേ? ആ കറുത്ത രൂപത്തിന്റെ നിഗൂഡതയിലേക്ക് ഊളിയിടാന്‍; നിജസ്ഥിതി അറിയാന്‍ മൂവരും തീരുമാനിച്ചു. തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ രാത്രിക്കുവേണ്ടി കാത്തിരുന്നു.
പതുങ്ങി ഇരിക്കുകയായിരുന്ന ഞങ്ങള്‍ക്ക് മുന്നിലൂടെ വീണ്ടും ആ കറുത്ത രൂപങ്ങള്‍ കടന്നുപോയി ! ഞങ്ങള്‍ ആര്‍ത്തു വിളിച്ചു കൊണ്ടു അവയെ ഓട്ടിച്ചു. ആ രൂപങ്ങള്‍ ഒരു കൊടുങ്കാറ്റുപോലെ പിടിതരാതെ റബ്ബര്‍ തോട്ടങ്ങളും വയലുകളും താണ്ടി കാണാമറയത്തേയ്ക്ക് . ഞങ്ങളും പിന്തുടര്‍ന്നു . ആ ഓട്ടം ഒരു കുന്നിന്‍ ചെരുവിലാണ് അവസാനിച്ചത്. കിഴക്ക് വെള്ളി മേഘങ്ങള്‍ താലപ്പൊലിയേന്തി സൂര്യോദ്യത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി നില്‍കുന്നു.
വളരെ തളര്‍ച്ചയില്‍ ആയിരുന്നു ഞാന്‍ . കൂട്ടുകാര്‍ വഴികെവിടെയോ കൊഴിഞ്ഞു. ക്ഷീണത്താല്‍ മിഴിയടഞ്ഞുപോയി. തിരിച്ചറിവിന്റെ ഒരു നറുതിരി തെളിഞ്ഞു. ഞാന്‍ തേടിയ ബ്ലാക്ക്മാന്‍ എന്റെ ഉള്ളില്‍ തന്നെയാണ്. കൂടെ വന്നവര്‍ നേരത്തെ മനസിലാക്കിയാതാണോ അതോ തിരിച്ചറിവില്‍ എന്റെ ഉള്ളില്‍ അസ്തമിച്ച ഞാനറിയാത്ത ഞാന്‍ ആണോ ഈ കൂട്ടുകാര്‍ ?
***************
ഈ ചിന്തകള്‍ അവസാനിക്കുന്നത് അമ്മയുടെ വിളിയോടെയാണ് “മോനെ നേരം വെളുത്തു എണീക്ക്”

/

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?