23 Feb 2013

വണ്ടിച്ചക്രം

ഫയസ്‌ ടി.കെ 

” ഈ വണ്ടിച്ചക്രം ഒരോര്‍മ്മപ്പെടുത്തലാണ്. പണ്ട് എന്റെ ബാപ്പ കുറേ ഉരുട്ടി നടന്നു. പിന്നെ ഞാനും അവസാനം ദേ നോക്ക് എന്റെ മോനും ഉരുട്ടി നടക്കുന്നു.” പുറത്ത് സൈക്കിള്‍ ടയര്‍ ഉരുട്ടി കളിക്കുന്ന തന്റെ ചെറിയ മോനെ ചൂണ്ടി കൊണ്ട് മുഹമ്മദ്‌ക്ക പറഞ്ഞു.
”എന്റെ ബാപ്പാക്ക് ഈ സാധനം കൊടുത്തത് ബാപ്പാന്റെ ബാപ്പയാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.”  അയാളുടെ ജീവിതത്തിലെ മറക്കാനാവാത്ത ആ വണ്ടിച്ചക്രത്തെ കുറിച്ച് പറയാന്‍ അയാള്‍ പിശുക്ക് കാണിക്കാറില്ല. സംസാരത്തില്‍ കുറച്ചു ഉദാരമനോഭാവമുള്ളയാളാണ് ഈ മുഹമ്മദ്‌ക്ക. ഈ ഉദാരമനോഭാവം മിക്കപോഴും കടയില്‍ ചായ കുടിക്കാന്‍ വരുന്ന ആളുകളുടെ സഹനശക്തിക്ക് വെല്ലുവിളിയാകാറുണ്ട്.
ഒരു കുഗ്രാമമാണത്.ട്ടാറിട്ട റോഡിനോരം ചേര്‍ന്ന് ഒരു  ചായപ്പീടിക നടത്തുകയാണ് മുഹമ്മദ്‌ക്ക. രാവിലെ പണിക്ക് പോകുന്നവരും ഒരു പണിയുമില്ലാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്നവരുമാണ് ആ കടയുടെ പ്രാണവായു. മരങ്ങളില്‍ നിന്നും ഉറ്റിവീഴുന്ന ജലത്തുള്ളികള്‍ തലേന്ന് രാത്രി നല്ലവണ്ണം പെയ്ത മഴയുടെ അവശിഷ്ടങ്ങളായിയിരുന്നു. അതുകൊണ്ടാവണം കടയില്‍ ഇന്ന് ആളു കൂടുതലുണ്ട്. തലേന്ന് മഴ ചാറ്റിയാല്‍ പോലും പണിക്കു പോകാത്തവരാണവര്‍. ചൂട് ചായക്കൊപ്പം മുഹമ്മദ്‌ക്കന്റെ ലോകവിവരങ്ങളും രുചിച്ചു ഒച്ചയും ചിരിയുമായി ഒരു പ്രഭാതം.
”അപ്പോ ആ ചക്രമാണ് മുഹമ്മദ്‌ക്കാന്റെ ജീവിതച്ചക്രം” ചായ നുണയുന്നിതിനിടയില്‍ ഗോപാലേട്ടന്‍ പറഞ്ഞു. അത് കേട്ടപ്പോള്‍ എല്ലാവരും ചിരിച്ചു. മുഹമ്മദ്ക്കാന്റെ സംസാര രീതി നാട്ടുകാരുടെ ചര്‍ച്ചാവിഷയമാണ്. ഒരുതരത്തില്‍ പറഞ്ഞാല്‍ നാട്ടുകാരുടെ ബുദ്ധിജീവിയാണ് ഈ മുഹമ്മദ്‌ക്ക. രാവിലെയായത് കൊണ്ടാവണം മണ്ണ് നിറച്ച ടിപ്പര്‍ ലോറികള്‍ ആ പീടികയുടെ മുന്നിലൂടെ പാഞ്ഞു പോകുന്നുണ്ട്. അടുത്ത നാട്ടിലെ ഏതോ വീട് പണിക്കുള്ള മണ്ണ് നിറച്ചാണ് ആ ലോറികള്‍ പായുന്നത്. ചായപീടികയിലിരിക്കുന്നവര്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതാണ് ആ ലോറികളുടെ സഞ്ചാരം.

”ഈ ഭൂമി നികത്തല്‍ നിയമത്തിനൊക്കെ ഇപ്പൊ എന്ത് വില അല്ലേ ?” ലോറികളെ നോക്കി ഗോപലേട്ടന്‍ പറഞ്ഞു.
” നമ്മുടെ നിയമങ്ങള്‍ക്ക് മണ്ണിന്റെ വിലപോലുമില്ലല്ലോ”
” എടാ അഷറഫേ ആ ലോറിയൊക്കെ പോകുമ്പോള്‍ കുറച്ച് മാറി നിന്നോ” റോഡില്‍ ചക്രം ഉരുട്ടി കളിക്കുന്ന മകനെ നോക്കി മുഹമ്മദ്‌ക്ക പറഞ്ഞു. ഓര്‍മകളെ വല്ലാതെ താലോലിക്കുന്ന ആളാണ് മുഹമ്മദ്‌ക്ക.തന്റെ ഉപ്പയും ഉപ്പാന്റെ ഉപ്പയും സൂക്ഷിച്ചിരുന്ന പല സാധനങ്ങളും ഓര്‍മയിലെ കണ്ണികള്‍ പോലെ അയാള്‍ ഇന്നും നിധിപോലെ സൂക്ഷിക്കുന്നു. മനസ്സില്‍ പഴയകാല ഓളങ്ങള്‍ തിരതല്ലി വരുമ്പോളാണ് വളരെ സരസമായി അയാള്‍ ഓര്‍മകളെ വിശദീകരിക്കുന്നത്. ഈ വണ്ടി ചക്രവും ആ ഓര്‍മയിലെ കണ്ണിയാണ്. മനസ്സിലെ ചിന്തകള്‍ക്ക് പലപ്പൊഴും സ്ഥിരസ്വഭാവം ഉണ്ടാവാറില്ലല്ലോ. അതുപോലെ അയാളുടെ ഓര്‍മകളില്‍ ചിലപ്പോള്‍ നോവിന്റെ കണങ്ങളും കടന്നു വരാറുണ്ട്. ജീവിതത്തിലെ കഷ്ടപ്പാടിന്റെ നിമിഷങ്ങളെ ഇനിയൊരു നല്ലകാലത്തിന് വേണ്ടി വകഞ്ഞു മാറ്റാന്‍ അയാള്‍ക്ക്‌ പ്രതീക്ഷ നല്‍കിയ മൂത്ത മകന്‍ അമീനിന്റെ വേര്‍പാട് അയാളുടെ മനസ്സില്‍ ഒരു നോവായി എരിഞ്ഞു നില്‍ക്കുന്നു. എന്നെന്നേക്കുമായി അവന്‍ പോയോ അതോ ഇനിയൊരു തിരിച്ചുവരവ്‌ ? അതെ. അവന്‍ സ്വപ്നം തേടി മരുഭൂമിയിലേക്ക് യാത്ര ചെയ്തതായിരുന്നു. ഇപ്പൊ വര്‍ഷം ഒമ്പതായി. ഇനിയും തിരിച്ചു വരും എന്നപ്രതീക്ഷ ഉള്ളിലൊതുക്കി മകന്റെ വേര്‍പാടിനെ കണ്ണീരാക്കി മാറ്റുന്ന തന്റെ ഭാര്യയെ അയാള്‍ സമാധാനിപ്പിക്കും. സരസമായിത്തന്നെ.
”ഓന്‍ ഏതെങ്കിലും അറബി പെണ്ണിനെയും കെട്ടി സുഖമായി കഴിയുന്നുണ്ടാകും” അങ്ങിനെ പറയുമ്പോളും അയാളുടെ ഉള്ളം വിങ്ങുന്നുണ്ടാകും. ഇനിയുള്ള അയാളുടെ ജീവിതത്തിന് പ്രതീക്ഷയുടെ കണം നല്‍ക്കുന്നത് ഇളയ മകന്‍ അഷ്റഫാണ്. ആ പ്രതീക്ഷ ഒരു വണ്ടിച്ചക്രം പോലെ പുറത്ത് കറങ്ങികൊണ്ടിരിക്കുന്നു.

ചായപ്പീടികയില്‍  ആളുകള്‍ വന്നുപോയിക്കൊണ്ടിരിന്നു. അതുപോലെ ആ മണ്ണിട്ട റോഡിലൂടെ സൈക്കിളും മോട്ടോര്‍ സൈക്കിളും ഓട്ടോറിക്ഷയും ലോറികളും അങ്ങോട്ടുമിങ്ങോട്ടും ഓടിത്തുടങ്ങി. മഴയുടെ കുളിര് മാറി അന്തരീക്ഷം പതുക്കെ തിരക്കിന്റെ ചൂടിലേക്ക് മാറിത്തുടങ്ങി.
‘ഇനിയിപ്പോ ഇന്ന് മഴയുണ്ടാകുമോ ?’
‘കോലം കണ്ടിട്ട് വൈകീട്ട് പെയ്യാന്‍ സാധ്യതയുണ്ട്.’  മഴയെകുറിച്ച് ആരൊക്കെയോ കടയില്‍ സംസാരിച്ചു കൊണ്ടിരിക്കുന്നു. മുഹമ്മദ്‌ക്ക കടയിലെ ഓരോ പണികളില്‍ ഏര്‍പ്പെട്ട് കൊണ്ടിരിക്കുകയാണ്. ദൂരെ നിന്നും ഒരു ലോറി നല്ല വേഗത്തില്‍ വരുന്നുണ്ട്. അതിവിടെ നിര്‍ത്തിയാല്‍ പത്ത് മുപ്പതു രൂപയുടെ കച്ചവടം ഉണ്ടാകും. അയാള്‍ മനസ്സിലോര്‍ത്തു. അതവിടെ നിര്‍ത്താതെ പോയി. കൂടെ ‘ഉമ്മാ’ എന്നൊരു കരച്ചിലും. എന്തോ സംഭവിച്ചു! കടയിലുള്ള എല്ലാവരും പുറത്തേക്കോടി. കൂടെ മുഹമ്മദ്‌ക്കയും. പിന്നെ കണ്ട കാഴ്ച്ചയില്‍ അയാളവിടെ അറിയാതെ ഇരുന്നുപോയി. ചോരയില്‍ കുളിച്ച തന്റെ മകന്‍ ആഷ്റഫിന്റെ ശരീരം ! അവന്‍ കളിച്ചുകൊണ്ടിരുന്ന അവന്റെ വണ്ടിച്ചക്രം നിയന്ത്രിക്കാന്‍ ആളില്ലാതെ ദൂരേക്ക്‌ ഉരുണ്ടു പോകുകയാണ്..

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...