23 Feb 2013

ജീവനില്ലാത്ത മണ്ണിലെ പുരുഷന്‍

ലാല്‍ജി കാട്ടിപ്പറമ്പന്‍ 

പ്രായപൂര്‍ത്തി ആയതിനു ശേഷം മാത്രം പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന മരങ്ങള്‍ നിറഞ്ഞു നിന്നിരുന്നു അവിടെ ..
അവക്കിടയിലൂടെ പൂര്‍ണ സഞ്ചാര സ്വാതന്ത്ര്യം അനുഭവിച്ച് നിറഞ്ഞു വളര്‍ന്ന കാട്ടുവള്ളികള്‍ ..
കുറ്റി ചെടികള്‍ ..
മണ്ണിനെ പുണര്‍ന്നു കിടക്കുന്ന പുല്‍ നാമ്പുകള്‍
മഞ്ഞു കാലത്ത് മാത്രം പൊഴിഞ്ഞ നേര്‍ത്ത മഞ്ഞില്‍ അവ ഇലപൊഴിക്കുകയും .. ശേഷം തളിര്‍ക്കുകയും പൂക്കുകയും ചെയ്തു
ഋതുഭേദങ്ങള്‍ക്കനുസരിച്ച് മഴയ്ക്കും, കാറ്റിനുമൊപ്പം പ്രണയിക്കുകയും , കാമിക്കുകയും , കളമൊഴിയും മുന്‍പേ , പുതു തലമുറകളെ മണ്ണിനേകുകയും ചെയ്തു …..
“ ജീവനുള്ള മണ്ണ് …..”

അളന്നു തിട്ടപെടുത്തി അതിര്‍ത്തി കല്ല്‌ നാട്ടവേ പണിക്കാരില്‍ ആരോ സ്വയം പറഞ്ഞത് അയാളും കേട്ടു
കന്നിമൂലയില്‍ തറക്കല്ല് ഇടാന്‍ ആദ്യം മുറിച്ചു മാറ്റിയത്, ഒരു പവിഴമല്ലി ആയിരുന്നു .. നിറയെ പൂത്ത ഒരു പവിഴ മല്ലി …….
പിന്നീട് അയാളുടെ സ്വപ്ന ഗൃഹത്തിന്റെ വളര്‍ച്ചക്കൊപ്പം , ഓരോ മരങ്ങള്‍ … മരങ്ങളെ പുണര്‍ന്നു വളര്‍ന്ന കാട്ടുവള്ളികള്‍ .. കുറ്റി ചെടികള്‍ ……..
ജീവനില്ലാത്ത ഒന്നിന്റെ ജനനത്തിനൊപ്പം , ജീവിച്ചു ജീവനേകുന്ന പലതും മരിച്ചു വീണു കൊണ്ടേ ഇരുന്നു ….
ഇടതൂര്‍ന്നു നിന്നിരുന്ന മരങ്ങള്‍ക്കിടയിലൂടെ , ചെറു നാണത്തോടെ വന്നിരുന്ന വെയില്‍ കിളികള്‍ ആരോ തൊടുത്ത തീയമ്പ് പോലെ മണ്ണിലേക്ക് വന്നു പതിച്ചു.
മരപ്പെയ്ത്തു മറഞ്ഞ ; പ്രണയവും, കാമവും, ജനനവും ഇല്ലാത്ത മണ്ണില്‍, വെയില്‍ കിളികളുടെ തീചിറകുകള്‍ തൂവല്‍ പൊഴിച്ചു …
അപ്പോഴൊക്കെ അയാള്‍ തിരക്കില്‍ ആയിരുന്നു
താന്‍ വാങ്ങിയ മണ്ണിനെ പുണര്‍ന്നു കിടക്കുന്ന പുല്‍ നാമ്പുകളുടെ വേരടക്കം പറിച്ചു നീക്കുന്ന തിരക്കില്‍…

പ്രണയത്തിന്റെ മൂര്‍ധന്യത്തില്‍ അവ വിട്ടു പോരാന്‍ മടിക്കവേ, പാതി അറുത്ത വേരിനു മുകളില്‍ പടര്‍ന്ന നോവിന്റെ ഉണക്കിലേക്ക് അയാള്‍ തീ പകര്‍ന്നു ….
പിന്നീടുള്ള പുലരികളില്‍ , പറിച്ചും, മുറിച്ചും മാറ്റാന്‍ ഉള്ള കൊതിയോടെ അയാള്‍ ചുറ്റുപാടും നടന്നു .. ഒരു പുല്‍നാമ്പ് പോലും ഇല്ലാത്ത മണ്ണ്
ജീവനില്ലാത്ത മണ്ണ് …!
അസ്വസ്ഥതയുടെ നിമിഷങ്ങളില്‍ എപ്പോഴോ , തന്റെ രോമാവൃതമായ കൈത്തണ്ടയില്‍ നിന്ന് അയാള്‍ ഒരു രോമം പിഴുതെടുത്തു .. നേര്‍ത്ത ഒരു നൊമ്പരത്തിനപ്പുരം പറിച്ചു നീക്കുന്നതിന്റെ സുഖം ..
പറിച്ചു നീക്കാന്‍ ഉള്ള വേരുകള്‍ കണ്ടെത്തിയതിന്റെ സന്തോഷം ….
കൈത്തണ്ടകള്‍ ….
കാല്‍ ….
രോമാവൃതമായ നെഞ്ച്…..
പറിച്ചു നീക്കാന്‍ പറ്റിയ വേരുകള്‍ തേടി അയാള്‍ അയാളിലൂടെ തന്നെ യാത്ര ചെയ്തു
നീര് വെച്ച് വിണ്ടു കീറിയ ദേഹത്തിനു മുകളിലേക് വെയില്‍ വീണു .. പിന്നെ അത് തീയായി …. അതില്‍ അയാള്‍ എരിഞ്ഞു …
ജീവനില്ലാത്ത മണ്ണില്‍ അയാള്‍ ഒരു പിടി ചാരമായി


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...