23 Feb 2013

ബി പോസിറ്റീവ്…

 ജയരാജ് ജി  നാഥ് 

ലോകത്തെ 20 ശതമാനം വാഹനാപകടങ്ങള്‍ക്കും കാരണം മദ്യപിച്ച് വാഹനം ഓടിക്കുന്നതാണ് എന്ന വാര്‍ത്ത കേട്ടാല്‍ സാധാരണക്കാര്‍ എങ്ങനെ ചിന്തിക്കും? ഇത്രയധികം അപകടങ്ങള്‍ക്ക് കാരണക്കാരനായ മദ്യത്തെ വാഹനം ഒാടിക്കുമ്പോഴെങ്കിലും മാറ്റി നിര്‍ത്താം എന്നല്ലേ. എന്നാല്‍ എല്ലാ കാര്യങ്ങളേയും വളരെ പോസിറ്റീവായി കണ്ട മഹാനായ മദ്യപന്‍ ചിന്തിച്ചത് എന്താണെന്നറിയുമോ? മദ്യപിക്കാതെ ചായയോ കാപ്പിയോ സോഫ്റ്റ് ഡ്രിങ്ക്സോ ഒക്കെ കുടിച്ച് കൊണ്ട് വാഹനം ഒാടിക്കുന്ന 80 ശതമാനം പേരും അപകടത്തില്‍പ്പെടുകയാണ്. എന്നാല്‍ മദ്യപിച്ച് വാഹനം ഒാടിക്കുന്നവരാകട്ടെ 20 ശതമാനം മാത്രമേ അപകടങ്ങളില്‍പ്പെടുന്നുളളൂ. എങ്ങനെയുണ്ട് ഇൌ ചിന്താഗതി? ഇതാണ് പോസിറ്റീവ് തിങ്കിംഗ്. ഏത് കാര്യമായാലും അവയിലെ നല്ലവശങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കുന്നതിനെയാണ് പോസിറ്റീവ് തിങ്കിംഗ് എന്ന് പറയുന്നത്. എന്തിലേയും ദോഷവശങ്ങള്‍ മാത്രം നോക്കി കാണുന്ന ചിന്താഗതിയാണ് നെഗറ്റീവ് തിങ്കിംഗ്. വീട്ടില്‍ നിന്ന് ബൈക്കില്‍ പുറപ്പെട്ട മകന്‍ തിരിച്ചെത്താന്‍ വൈകുമ്പോള്‍ അവന്‍ വല്ല അപകടത്തിലും പെട്ടോ എന്ന് ആദ്യമേ ചിന്തിക്കുന്ന അമ്മമാര്‍ നമുക്ക് ചുറ്റുമുണ്ട്.


ശുഭകാര്യങ്ങള്‍ക്കായി വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ശകുനം നോക്കുന്നത് മിക്ക മലയാളികളുടേയും ശീലമാണ്. യാത്രക്കായി ഇറങ്ങുമ്പോള്‍ വല്ല ദുശകനുവും വന്നാലോ…. അന്നത്തെ ദിവസം പോയിക്കിട്ടും. ഇത്തരം അനുഭവങ്ങള്‍ മിക്കവര്‍ക്കും ഉണ്ടാകും. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? ദുശകുനം വല്ലതും കണ്ടാല്‍ അപ്പോള്‍ തന്നെ നമ്മുടെ മനസ് പതറി തുടങ്ങും. പിന്നീട് മനസില്‍ ടെന്‍ഷന്റെ വിളയാട്ടമായിരിക്കും. ടെന്‍ഷനോടേയും ഭയത്തോടെയും ചെയ്യുന്ന ഒരു കാര്യങ്ങളും വിജയത്തില്‍ എത്തില്ല. എന്നാല്‍ ഇത്തരം പരാജയങ്ങള്‍ക്കെല്ലാം നാം പഴിപറയുന്നതോ ദുശകുനമായി വന്ന പാവം അന്യജാതിക്കാരനെ.
ഇന്റര്‍വ്യൂവിന് പോകാനായി രാവിലെ കുളിച്ച് നൂറ് ദൈവങ്ങളേയും മനസില്‍ ധ്യാനിച്ച് വീട്ടില്‍ നിന്നിറങ്ങിയ ഉദ്യോഗാര്‍ത്ഥിയുടെ കാല്‍ കല്ലില്‍ തട്ടി ഒരല്‍പ്പം മുറിഞ്ഞെന്നിരിക്കട്ടെ. ഉണ്ടായിരുന്ന ആത്മവിശ്വാസമെല്ലാം പാടേ ചോര്‍ന്നൊലിക്കും. ആത്മവിശ്വാസമില്ലാതെ ടെന്‍ഷനിടിച്ച് ഇന്റര്‍വ്യൂ ചെയ്യുന്നയാളുടെ മുന്നില്‍ ചെന്നിരുന്നാല്‍ ജോലി ലഭിക്കുമോ? ഇത്തരം അവസ്ഥയില്‍ തങ്ങള്‍ക്കുളള കഴിവ് പൂര്‍ണമായും വിനിയോഗിക്കാനാകാതെ വരുമ്പോള്‍ പരാജയം നമ്മെ തുറിച്ച് നോക്കും. എന്നാല്‍ കല്ലില്‍ തട്ടി മറിഞ്ഞ് വീണ് തല പൊട്ടിയില്ലല്ലോ. ഇത്രയല്ലേ സംഭവിച്ചോളൂ എന്ന് കരുതി ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിച്ചിരുന്നെങ്കിലോ? ഫലം മറ്റൊന്നായേനേ. 
എന്നാല്‍ വാഹനാപകടത്തില്‍ ചതഞ്ഞരഞ്ഞ് കിടക്കുന്ന മൃതദേഹത്തില്‍ നോക്കി ഇത്രയല്ലേ സംഭവിച്ചോളു എന്ന് പറയുന്നത് അത്ര നല്ല പോസിറ്റീവ് തിങ്കിംഗ് അല്ല.
രാത്രി മുറ്റത്തേക്കിറങ്ങിയപ്പോള്‍ ഇരുട്ടത്ത് എന്തോ കടിച്ചെന്ന് സംശയം തോന്നിയ എന്റെ ഒരു പരിചയക്കാരന്‍, കടിച്ചത് പാമ്പാണെന്ന് കരുതി ഉടന്‍ തന്നെ ബന്ധുക്കളുമായി ആശുപത്രിയിലേക്ക് പോയി. എന്നാല്‍ യാത്രാമദ്ധ്യേ തന്നെ ഇയാള്‍ മരണമടയുകയും ചെയ്തു. മൃതദേഹം പരിശോധിച്ച ഡോക്ടര്‍ ശരീരത്ത് വിഷം തീണ്ടിയിട്ടില്ല എന്ന് കണ്ടെത്തുകയും മുറിവില്‍ നിന്ന് ഇൌര്‍ക്കില്‍ കഷണം കണ്ടെത്തുകയും ചെയ്തു. മരണകാരണമാകട്ടെ അനാവശ്യ ഭയം മൂലമുളള ഹൃദയാഘാതവും. ഒരു ചെറിയ തലവേദന വന്നാല്‍ അത് ബ്രെയിന്‍ ട്യൂമറാണെന്നും ഇടത് കൈ വേദനിച്ചാല്‍ ഹാര്‍ട്ട് അറ്റാക്കിന്റെ തുടക്കാമാണെന്നും വയറ്റില്‍ വേദന വന്നാല്‍ കുടലില്‍ അര്‍ബുദമാണോ എന്നും ചിന്തിച്ച് ടെന്‍ഷന്‍ അടിക്കുകയും അതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്യുന്ന മലയാളി മനസുകള്‍ക്ക് പോസിറ്റീവ് തിങ്കിംഗ് അത്ര ദഹിച്ചെന്ന് വരില്ല.
നെഗറ്റീവായുളള കാര്യങ്ങള്‍ മാത്രം ചിന്തിക്കുക എന്നത് ജീവിത വിജയത്തിന് തടസ്സം നില്‍ക്കും. മനുഷ്യന്റെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ സമാധാനപരവും സന്തോഷകരവുമായ മാനസിക അവസ്ഥ സുപ്രധാനമാണ്. സംഭവിച്ചതെല്ലാം നല്ലതിന്, സംഭവിക്കാന്‍ ഇരിക്കുന്നതും നല്ലതിന് എന്ന ചിന്തയും പോസിറ്റീവ് തിങ്കിംഗ് തന്നെയാണ്. പോസിറ്റീവ് തിങ്കിംഗിനെ നമുക്ക് ഉപകരിക്കുന്ന രീതിയില്‍ വേണം ഉപയോഗിക്കാന്‍. തിരക്ക് പിടിച്ച ആധുനിക ലോകത്ത് ടെന്‍ഷന്‍ മനഷ്യന്റെ കൂടെപ്പിറപ്പാണ്. അതോടൊപ്പം നമ്മുടെ ചിന്തകളെ ശരിയായ വിധം നയിച്ചില്ലെങ്കില്‍ അവ ടെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുക തന്നെ ചെയ്യും. അമിതമായ ടെന്‍ഷന്‍ മനുഷ്യന്റെ ആയുസ് കുറക്കും. അതിനാല്‍ ഏത് കാര്യമായാലും അവയിലെ ഗുണവശങ്ങള്‍ മാത്രം കാണുന്നത് ശീലമാക്കി സ്വന്തം കഴിവുകളെ പരമാവധി പ്രയോജനപ്പെടുത്തു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...