മോഹൻ ചെറായി
ആരെങ്കിലും ഇങ്ങോട്ടു വന്നിട്ട് ദെവസം കൊറച്ചായീലോ- ഇതുങ്ങൾക്കൊക്കെ എന്തുപറ്റിയാവോ- കുപ്പി കിട്ടാഞ്ഞിട്ടോ ടച്ചിംഗ്സ് കിട്ടാഞ്ഞിട്ടോ -
കുപ്പിയെടുത്തു നോക്കി. മൂട്ടിലിത്തിരിയൊണ്ട് . രണ്ടു പേഗ്ഗ്, കൂടി വന്നാ മൂന്ന് . ആരെങ്കിലും വന്നിരുന്നെങ്കില് തൃപ്തിയായിട്ട് കുടിക്കേം തിന്നേം ചെയ്യാരുന്ന്. ലവൻ വന്നാ മാത്രേ കൊഴപ്പമൊള്ളൂ. ആ പുതിയ ഫാഷനിൽ മുടിവെട്ടിയവൻ- കാശെത്രവേണമെങ്കിലും തരും. പക്ഷെ കൊണ്ടു വരുന്നേന്നു കുടിക്കാനും തരൂല്ല, തിന്നാനും തരൂല്ല. അവൻ കൊണ്ടു വരുന്ന ടച്ചിംഗ്സാണെങ്കിലോ നല്ല സ്വയമ്പൻ - ചെലപ്പ നാടൻ, ചെലപ്പ ബ്രോയിലറ് ഒരു ദെവസി ഒരു ടർക്കീടെ കുഞ്ഞിനെ
അവൻ ണല്ലോരു പാചകക്കാരനാ. പക്ഷെ ഇവറ്റകളെ പപ്പും പൂടേം പറിക്കണതും പാകം ചെയ്യുന്നതൊന്നും നോക്കി കാണണത് അവനിഷ്ടമല്ല. പപ്പും പൂടേം പറിച്ചാ പിന്നെ നുമ്മ വറക്കാനാ പൊരിക്കാനാ തൊടങ്ങൂലോ- ഇവനങ്ങനല്ല. തൊലി പൊളിക്കാൻതുടങ്ങും. എന്തെല്ലാം ക്രിയകളാ.ഒടുവില് കമ്പീ കോർത്ത് പൊരിക്കും. പിന്നെയാ റോസ്റ്റ് ചെയ്യല്- ഒരു ദെവസി അവന്റെ പാചകം ഒളിച്ചു നിന്നു നോക്കി. കണ്ടു നിന്നാ കൊതി കേറും. വായില് കടത്തു വഞ്ചിയോടിക്കാൻ പാകം.
ആദ്യത്തെ ദെവസി അവന്റെ തീറ്റേം കുടീം കഴിഞ്ഞ് ബാക്കി കെട്ടിപ്പൊതിയാൻ തൊടങ്ങ്യേപ്പോ ചോയ്ച്ച്:
"ഇത്തിരി എനിക്കും താടാ"
ഔ- അവന്റെ കണ്ണുകത്തി - ഞാൻ ഏതാണ്ടു മഹാപാപം ചെയ്തപോലെ
"കാശു വേണോങ്കി ഇനീം തരാം. എന്റെ എച്ചിലു നക്കാൻ നോക്കരുത്."
ഇതും പറഞ്ഞ് ബാക്കി വന്ന കുപ്പീം എറച്ചീം പൊതിഞ്ഞെടുത്ത് അവൻ നടന്നു. പോണപോക്കില് വല്യ നോട്ടെടുത്ത് ഒരു വലിച്ചെറിയലും.
ഒരടി കിട്ടിയമാതിരിയായിപ്പോയി. എത്രപേര് ഇവിടെ വന്നിരിക്കണ്. ആരും ഇതുവരെ ഇങ്ങനെ പറഞ്ഞിട്ടില്ല. മൊഖമടച്ചാട്ടണപോലെ.............
വീട്ടീപ്പോയിർന്ന് ഇതൊന്നും കഴിക്കാൻ പറ്റാത്തവരാണ് ഈ വീട് തേടി വരുന്നത്. നാലേക്കർ റബറും തോട്ടം. നടുക്കൊരു വീട്. റബറുവെട്ടുകാരനും നോട്ടക്കാരനുമായി ഈ ഞാനും. ആരേം പേടിക്കാതെ തിന്നേം കുടിക്ക്യേം ചെയ്യാം. ആദ്യം ഒരുത്തൻ വന്ന് പമ്മിപ്പമ്മി ഇതിനൊള്ള സൗകര്യം ചോദിച്ച്. സത്യത്തിൽ പേടിയായിരുന്ന്. കാര്യം ശരി കുപ്പി ബിവറേജസീന്നു മേടിച്ചതാണെങ്കിലും പേടിക്കണോല്ലോ- പിന്നെ മൊതലാളി............ ആ പുള്ളിയെങ്ങാനിതറിഞ്ഞാ.........
ആരേം കാണാനില്ലല്ലോ...........കർത്താ
"ക്ര്ണീം"
ശരിക്കും ഞെട്ടിപ്പോയി. ആ ഞെട്ടലില് ബ്രാണ്ടി കൊറച്ച് ശിരസ്സീക്കേറി. ചൊമയോടു ചൊമ- നിർത്താതെ ചൊമ. ഏതു കാലമാടനാവോ കാലത്തേ കുന്ത്രാണ്ടമടിച്ചതു. അധികം താമസിച്ചില്ല പിന്നേം -
"ക്ര്ണീം"
കോളിംഗ് ബെല്ലാണ്. ചെന്നു ജനാല തൊറന്നു നോക്കി. ആവൂ! ലവൻ. ഇടതു കയ്യിലൊരു കോഴീം വലംകയ്യിലൊരു കുപ്പീടെ പൊതീം. വാതിലു തൊറന്നു. ആദ്യം കണ്ണീപ്പെട്ടതു ഇടംകയ്യില് തൂക്കിപ്പിടിച്ചിരിക്കണ ടച്ചിംഗ്സിനൊള്ള കോഴി. എന്തൊരു സുന്ദരി കോഴി! നല്ല വെളുത്ത കാലും, കാലില് പൂടേം, ചോന്ന ചുണ്ടും,തുടുത്ത എറച്ചീം... എന്റമ്മോ .......ലവൻ ചെയ്യണപോലെ പപ്പും പൂടേം കളഞ്ഞ് മസാല പുരട്ടി കമ്പീക്കുത്തി വറത്ത് റോസ്റ്റ് ചെയ്താ......
"ഹ: വാതിലിൽ നിന്നു മാറ്"
ലവൻ നെഞ്ചില് പതുക്കെ തള്ളി.
പെട്ടെന്നു വരുത്തിയ ചിരിയോടെ ഒഴിഞ്ഞു കൊടുത്ത് അവൻ അകത്തേയ്ക്കു കയറിയപ്പഴാ ഒരു കാര്യം കണ്ണീപ്പെട്ടത്. സംഗതി കണ്ണാണെങ്കിലും ആ എളങ്കോഴിടെ കണ്ണിനും ഒരു പ്രത്യേകത.
കർത്താവേ, എന്തായിത്? കുടിക്കാതെ- തന്നെ പറ്റു പിടിക്ക്വാണോ.... ഒഴിച്ചു വച്ച ഗ്ലാസ്സ് ഒറ്റ വലിക്കു കാലിയാക്കി. ഈ നാളിനകം ലവനടക്കും എത്രപേര് ഏതൊക്കെ തരം ടച്ചിംഗ്സുമായി കുടിക്കാൻ വന്നിരിക്കുന്നു. മറ്റുള്ളവരൊക്കെ ബാക്കി തന്നിട്ടുപോകും. ഒരു പ്രത്യേകതയും തോന്നിയിട്ടില്ല.
പക്ഷെ ഇത് .............
ഇനം ബ്രോയിലറുതന്ന്യാ - ന്നാലും എന്താ ഒരു പ്രത്യേകത ..... പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തോ ഒരിത് ..... കർത്താവേ, മനസ്സുമാറ്റാൻ ശ്രമിച്ചിട്ടും പറ്റണില്ലല്ലോ ... ആ കാൽക്കൊറക് മതീലോ .... വെളുത്ത കാലിലെ പൂടേം ചെറകും ചോന്ന ചുണ്ടും ഒന്നും മനസ്സീന്നു പോണില്ല. ബ്രോയിലറാണെങ്കിലും നടപ്പു നാടന്റെയാ ... തോലുപൊളിച്ച ഇളം കോഴിയുടെ മാംസം സ്വപ്നം പോലെ. മനസ്സീന്നു പോണില്ല. തിന്നാൻ വല്ലാത്ത കൊതി.
പക്ഷേ അവൻ തരില്ല. - വൃത്തികെട്ടവൻ! എങ്കിലും ഓർക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്നു. കമ്പീക്കോർത്ത് അവനിപ്പോ ചൂടാക്കി തൊടങ്ങീട്ടുണ്ടാവും. മനസ്സിലെ ചട്ടീകെടന്ന് കോഴി തെളക്കണൂ. തെളക്കണ ശബ്ദം കേൾക്കാം. മണം പിടിക്കാൻ മൂക്കു തുറന്നു പിടിച്ചു. പറ്റണില്ല. എന്തു ചെയ്യാം. കാലുപിടിച്ചാപോലും ലവൻ തരൂല്ല - ബലമായി ശകലം എടുത്ത് തിന്നാന്നുവിചാരിച്ചാ ലവൻ ചെറുപ്പം; നല്ല ആരോഗ്യം! ലവന്റടുത്ത് നേടാൻ പറ്റൂല്ല.
പെട്ടെന്ന് ഒരാവേശം. തിന്നാൻ തന്നില്ലെങ്കിൽ പോട്ടെ - നിന്നുന്നതു കണ്ടൂടെ ... മനസ്സില് ലവൻ പോലും ണ്ടാർന്നില്ല; ആ കോഴിക്കറി മാത്രം! എറച്ചിപ്പീസുമാത്രം; അതിന്റെ ചാറുമാത്രം! താക്കോൽ പഴുതീക്കൂടെ നോക്കി.....
ഔ.... ലവൻ തിന്നേം കുടിക്കേം ചെയ്യണ്. സയ്ക്കാൻ പറ്റണില്ല. വരണ്ട് പോയ ചുണ്ട്, നാക്കുകൊണ്ട് നനച്ച്. പിന്നെ ആലോചിച്ച്:
"ഇത്തിരി തിന്നാണെന്തുവഴി"?
എത്രനേരം ആലോചിച്ച് നിന്നൂന്നറിഞ്ഞൂടാ---
ലവൻ, ദേ എഴുന്നേക്കണ് - പെട്ടെന്ന് കതകിന്റെ അടുത്ത് നിന്നു മാറി, ഒളിച്ച് നിന്ന്. ലവൻ കണ്ടാൽ........
ലവൻ പൊറത്തുള്ള കുളിമുറിലോട്ടാണു പോയത്. മൂത്രമൊഴിക്കണ ഒച്ച.
പെട്ടെന്നാണ് ഒരു ബുത്തി തോന്നീത്. ആലോചിക്കാൻ നേരമില്ല. അത്കൊണ്ട്, വേഗം അതങ്ങാട്ട് ചെയ്ത്. കുളിമുറീടെ വാതിലു പൊറത്തു നിന്നു തണ്ടിട്ടു. ആവൂ ... കേതച്ചുപോയി. ഔ....... ഇനി ലവനല്ല, ലവന്റപ്രത്തൊള്ളവൻ വന്നാ കുളിമുറി അകത്തൂന്ന് തൊറക്കാൻ പറ്റൂല്ല.
ചാരീർന്ന വാതിലു തൊറന്നു! ഔ.... മേല് കോരിയേറ്റിപ്പോയി!
കട്ടിലുമ്മേ, പ്ലേറ്റില് അവൻ തിന്ന കോഴിക്കറി!!. എന്റമ്മോ വായില് കടത്ത് വഞ്ചിയല്ല, കപ്പലുതന്നെയോടിക്കാം.
ലവന്റെ ഒരു കൈപ്പുണ്യം. ജീവിതത്തില് ഇത്രേം നല്ല കറി കഴിച്ചിട്ടില്ല. തിന്നിട്ടും തിന്നിട്ടും കൊതി തീരണില്ല. എന്നിട്ടും ടച്ചിംഗ്സ് പിന്നേം ബാക്കി! കട്ടിലില് ഷർട്ടിനടുത്ത് ലവൻ കുടിച്ച വോഡ്ക്ക കുപ്പി. ഏയ് അതു നമുക്കു പറ്റൂല്ല. പോയി ബ്രാണ്ടിക്കുപ്പീല് ബാക്കിയൊള്ളതു തീർക്കാം. എന്നട്ടു വേണം..........
കുളിമുറി തൊറക്കാൻ ലവന്റെ ഇടീം വിളീം! ചിരിവരണ്. ലവനിവടെകെടന്ന് തലകുത്തി മറിഞ്ഞാ എന്തു പ്രയോജനം? കൂക്കി വിളിച്ചാപോലും ആരും കേക്കൂല.
മുൻവശത്തെ മുറിയിലോട്ട് നടന്നു. ബ്രാണ്ടിക്കുപ്പിയെടുത്തു നേരെ തൊള്ളേലോട്ടൊഴിച്ച്. എന്തു വെള്ളം, എന്തു ഗ്ലാസ്സ്! കുപ്പി സ്റ്റൂളുമ്മെ വച്ചപ്പ ദാ പത്രം കെടക്കുന്നു. മത്തങ്ങ വലിപ്പത്തില് ചൊമന്ന മഷീല് അതില് തലവാചകം;
"മാനഭംഗത്തിന് വധശിക്ഷയെന്നു മന്ത്രി"
- വെറും മന്ത്രിയല്ല കേന്ദ്രൻ! പത്രം കെടന്നു ചിരിക്കണു. അതില് മന്ത്രീടെ കരയണമോന്ത- താഴോട്ട് വായിച്ചപ്പ-
നിന്നനെലേല് വെയർത്തു- കർത്താവേ കുടിച്ചേന്റെ പറ്റ്, കേറണേനു പകരം എറങ്ങാണല്ലോ- ബാവി നമ്മടെ മുമ്പിലു വന്നു നിന്നു ഭൂതായിട്ട് പല്ലിളിക്കണ്. ഇനി നുമ്മ എന്തു ചെയ്യും? ചിന്തിക്കും. ചിന്തിക്കാണ്ടു പറ്റൂല്ലല്ലാ.
അവന്റെ ഇടീം വിളീം കാരണം തലയില് കാര്യങ്ങളു മിന്നാൻ സമയം എടുത്ത്.....
ഒരു പ്ലാസ്റ്റിക് ചരടു കിട്ടീർന്നെങ്കി പണി പറ്റിക്കാർന്നു. കുളിമുറീടെ അപ്രത്തെ ചായ്പു മുറീലു കാണും- കുളിമുറിവാതിലിലെ ഇടീം തൊഴീം മുമ്പത്തേക്കാൾ കൊറഞ്ഞിട്ടുണ്ട്. നടക്കണ ഒച്ച കേട്ടപ്പ അതു പിന്നേം കൂടി
"ഫ.....മുണ്ടാണ്ടു കെടക്കട ശവമേ"
ഹാവൂ - ഇടി നിന്നു. കാണാതെ കാലുപിടിക്കണ വർത്തമാനം . അന്വേഷിച്ചാ കണ്ടെത്തുംന്നാണല്ലോ മിശിയാ തമ്പുരാൻ പറഞ്ഞേക്കണെ-ചായ്പില് അന്വേഷിച്ചു.ചരടു കണ്ടെത്തി. കർത്താവിന് സുദി. പാകത്തിന് വണ്ണോം നീളോം. നടക്കണ വഴി തന്നെ അതുകൊണ്ടൊരു കുടുക്കൊണ്ടാക്കി - മുറീക്കടന്നപ്പത്തന്നെ കതക് കുറ്റീട്ട് . ഹൗ എന്താദ്..... മുട്ടു വെറക്കണ്. അവന്റെ വോഡ്ക്കക്കുപ്പീട്ത്ത് മടുമടാ കുടിച്ച്. ഹായ് ഓക്കാനിക്കാൻ വരണ്. കർത്താവേ, ചതിക്കല്ലേ . കുടുക്ക് ടച്ചിംഗിന്റെ കഴുത്തിലിട്ട് വലിച്ചു മുറുക്കാൻ നോക്കുമ്പ ആ കണ്ണ് -
അതിലോട്ടു നോക്കുമ്പ കയ്യും കാലും തളരണ്. പക്ഷെ മന്ത്രീടെ പ്രസ്താവന.....ബുത്തി ഏതാ? തൂക്കുമരത്തീക്കെടന്ന് ആടണതാ തെളിവു കൊടുക്കാതിരിക്കണതാ?
കോഴീനെ കൊണ്ട്വന്നവനും ഈ ടച്ചിംഗ്സും, കുപ്പീം ഒക്കെ തെളിവാവൂലോ......കണ്ണ് കണ്ട് സഹതാപം തോന്നി കുടുക്കില് കഴുത്തു വെച്ചു കൊടുക്കണാ? പ്ലാസ്റ്റിക് ചരടിന്റെ രണ്ടു വശവും രണ്ടു കൈയിലായി പിടിച്ചു നിന്ന് ആലോചിച്ച്-
വേണോ? വേണ്ടേ!
അപ്പളും ലവൻ കുളിമുറീക്കെടന്ന് ഇടീം വിളീം തൊടർന്നു കൊണ്ടേയിരുന്ന്......