മുൾച്ചെടികൾ


ദിനകരൻ പി.പി.

അമ്മതൻ മാറത്തണഞ്ഞു കിടന്നീടും
കുഞ്ഞിനുമേകണം രക്ഷയേതും.
ആരുമറിയാതൊരേകാന്ത യാമത്തിൽ
വന്നണഞ്ഞീടാമൊരാപത്തിന്ന്‌.
ഇന്നു കേട്ടീടുന്ന വർത്തമാനങ്ങളു-
മേതുമനസ്സിലുമാഴ്‌ന്നിറങ്ങും.
ഈർഷ്യയോടിന്നു ഞാൻ കേൾക്കുന്ന വാർത്തക-
ളിന്നെൻ മനസ്സിന്‌ നൊമ്പരമായ്‌.
ഉമ്മയും ചോദിച്ചണയുന്ന കുഞ്ഞിനെ-
യേറെ വിപത്തുകൾ കാത്തിരിക്കാം.
ഊനമെന്നൊന്നില്ലയിന്നീലോകത്തിനു

-
മെന്നു വന്നീടുകിലെത്ര കഷ്ടം!
ഋതുവിനോടൊത്തു മാറി വരുന്നോരീ
ലോകമിതെത്രയും ചിന്തനീയം.
എത്രയും വിസ്മയമേറുന്ന കാര്യമി-
തത്രേ, പിതാവിനെ സൂക്ഷിക്കേണം.
ഏറിവരുന്നിതുമെത്രയും ഭീകര-
മെന്നും പറയാതിരിക്കാൻ വയ്യാ.
ഐശ്വര്യദേവതയെന്നു നിനച്ചീടും
നാരിയ്ക്കുമില്ല സുരക്ഷയേതും.
ഒന്നു ചിന്തിച്ചീടാമീഗതി പോയാലീ-
ദേശത്തിനേറെ വിപത്തുമുണ്ടാം.
ഓർക്കുമ്പോളെന്നുടെ നെഞ്ചു പിളർന്നീടും;
പെൺകൊടിയായൊന്നെനിക്കുമുണ്ട്‌.
ഔദാര്യമൊന്നും ചെയ്തീടേണ്ട ലോകരേ;
പെണ്ണായ്പ്പിറന്നോർക്കു രക്ഷയേകൂ.
അംബരം സ്പർശിക്കുമാറുവളർന്നാലും
പെൺമണിമാർ നിങ്ങൾ സൂക്ഷിക്കേണം.
അമ്മയ്ക്കുപോലും വിനയായ്‌ വളരുന്ന
മുള്ളുകളേറെയുണ്ടിന്നീ പാരിൽ.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?