എന്റെ പ്രണയം

നെല്ലിപ്പിള്ളി വിനോദ് 

കണ്ണില്‍ ഇരുട്ട് കയറുന്ന പോലെ. അയല്‍പക്കത്തെ പെണ്‍കുട്ടി രസിയ, ചാച്ചന്‍ ഉടനെ വീട്ടിലേക്കു വരണം എന്ന് ഫോണിലൂടെ പറഞ്ഞതു കേട്ടപ്പോഴേക്കും തളര്‍ന്നു പോയീ. അതും വീട്ടിലെ നമ്പറില്‍ നിന്നും. ഞാന്‍ വീട്ടില്‍ നിന്നും പച്ചക്കറി വാങ്ങാന്‍ പോന്നിട്ട് കഷ്ടിച്ച് പതിനഞ്ചു മിനിട്ടേ ആവുന്നുള്ളൂ. ഇതിനിടയ്ക്ക് എന്ത് സംഭവിച്ചു. എന്തിനാ രസിയ വിളിച്ചേ. അപ്പൊ അവള്‍ എവിടെ? എന്താവും അവള്‍ക്കു സംഭവിച്ചിട്ടുണ്ടാവുക? അച്ഛനും അമ്മയ്ക്കും കൂട്ടാവേണ്ട പ്രായത്തില്‍ വിദേശത്ത് പോയ മക്കളെ കുറ്റം പറഞ്ഞതിന് ഒന്ന് വഴക്ക് പറഞ്ഞിരുന്നു. അതിനു വല്ല കടുംകൈ കാണിച്ചിരിക്കുമോ ? ഹേയ്  അതാവില്ല, ഇനി ഒരിക്കലും അങ്ങിനെ ചെയ്യില്ല എന്ന് വിവാഹത്തിന് മുന്‍പേ എനിക്ക് ഉറപ്പു തന്നതാണ്. ഇനി നെഞ്ചുവേദന വല്ലതും? പ്രഷറിന്റെ മരുന്ന് രാവിലെ കൊടുത്തതാണല്ലോ..  പിന്നെന്താവും. ഓട്ടത്തിനു വേഗത പോര എന്ന് തോന്നുന്നുണ്ട്. ഈ അറുപത്തി മൂന്നാം  വയസ്സില്‍ ഇത്ര വേഗത കിട്ടുകയുല്ലോ ആവോ.
തൊണ്ട വരളുന്നു. എന്തോ ഒരു ഊര്‍ജ്ജം മുന്നോട്ടു നയിക്കുന്നുണ്ട്‌ എന്ന് മാത്രം അറിയാം . എത്രയും വേഗം അവളെ കാണണം. എന്നിട്ട് മരിച്ചാലും വേണ്ടില്ല. അത് നേരത്തെ ഉറപ്പിച്ചതാ. അവള്‍ക്കു മുന്‍പേ പോകണം എന്നത്. അവളില്ലാത്ത ലോകത്ത് ഞാന്‍ എന്തിനു? ആര്‍ക്കു വേണ്ടി ജീവിക്കാന്‍?
തുറന്നു കിടക്കുന്ന ഗേറ്റിലെ പടികള്‍ മല കയറുന്നത് പോലെ കയറി ചെല്ലുമ്പോള്‍  വീടിന്റെ ഉമ്മറത്ത്‌ ആരൊക്കെയോ നില്‍ക്കുന്നുണ്ട്. ഒന്നും വ്യക്തമാവുന്നില്ല. പെരുമ്പറ പോലെ മിടിക്കുന്ന ഹൃദയവുമായി വീടിന്റെ പടികളില്‍ തപ്പി തടഞ്ഞു പായുകയായിരുന്നു അകത്തേയ്ക്ക്. അകത്തു ഭിത്തിയോട് ചെര്ത്തിട്ടിരിക്കുന്ന ദിവാന്‍ കട്ടിലില്‍ അവള്‍ കിടക്കുന്നുണ്ട്. പരിസരം മറന്നു അവളുടെ അടുത്തേക്ക് ഓടുമ്പോ, മറിഞ്ഞു വീണ കസേരയും പൂപാത്രവും എടുത്തു വച്ച് രസിയ ചോദിക്കുന്നുണ്ടായിരുന്നു ” ഈ ചാച്ചനു ഇത് എന്ത് പറ്റി, ചേച്ചിയമ്മ ഒന്ന് വീണു കാലു പൊട്ടി എന്ന് പറയുന്നതിന് മുന്നേ ഫോണ്‍ വച്ചു. എന്നിട്ടിതിപ്പോ എന്താ ഈ കാണിക്കുന്നേ “.  ചിരിക്കണോ കരയണോ എന്നറിയാത്ത ഒരവസ്ഥ. ദിവാനില്‍ നിന്നും അവളുടെ മുഖം കോരിയെടുത്തു നൂറു വട്ടം ഉമ്മ വയ്ക്കുമ്പോഴും പരിസരം കാണാന്‍ ആവാത്ത വിധം കണ്ണുകള്‍ ഈറനായിരുന്നു. പതിയെ മുണ്ടിന്റെ തല കൊണ്ട് കണ്ണുകള്‍ തുടച്ചു നോക്കുമ്പോ എന്റെ മടിയില്‍ കിടക്കുന്ന അവളുടെ കണ്ണുകള്‍ ധാരയായി ഒഴുകുന്നു.  ഒന്ന് ചോദിക്കണം എന്നുണ്ടായിരുന്നു, നിന്റെ ഈ കണ്ണീര്‍ കാലിലെ മുറിവിന്റെ വേദന കൊണ്ടോ? അതോ എന്റെ സ്നേഹം കണ്ടിട്ടോ? വേണ്ട എനിക്കറിയാം കഴിഞ്ഞ മുപ്പത്തി നാല് വര്‍ഷമായി എന്റെ കൂടെ ഉള്ള എന്റെ പ്രണയത്തെ..


/

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?